ശൃണ്വതഃ ശ്രദ്ധയാ നിത്യം ഗൃണതശ്ച സ്വചേഷ്ടിതം
കാലേന നാതിദീര്‍ഘേണ ഭഗവാന്‍ വിശതേ ഹൃദി (2-8-4)
പ്രവിഷ്ടഃ കര്‍മ്മരന്ധ്രേണ സ്വാനാം ഭാവസരോരുഹം
ധുനോതി ശമലം കൃഷ്ണഃ സലിലസ്യ യഥാശരത് (2-8-5)
ധൌതാത്മാ പുരുഷഃ കൃഷ്ണപാദമൂലം ന മുഞ്ചതി
മുക്തസര്‍വ്വപരിക്ലേശഃ പാന്ഥസ്സ്വ ശരണം യഥാ (2-8-6)
പരീക്ഷിത്തുരാജാവ് ശുകമുനിയോടു ചോദിച്ചു:
അല്ലയോ മഹര്‍ഷേ, എങ്ങിനെയാണ് നാരദന്‍ ബ്രഹ്മാവിന്റെ ആജ്ഞയനുസരിച്ച് ഭാഗവതകഥകള്‍ അവതരിപ്പിച്ചത്? ഈ ദിവ്യവിജ്ഞാനം ആദ്യമായി ആര്‍ക്കാണദ്ദേഹം പറഞ്ഞുകൊടുത്തത്? എങ്ങിനെയാണ് ഞാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പാദാരവിന്ദത്തിങ്കല്‍ ശ്രദ്ധപതിപ്പിക്കേണ്ടത്? മരണമടുത്തിരിക്കുന്ന സമയത്ത് ഭഗവല്‍പ്പാദങ്ങള്‍ മനസിലുറച്ചിരിക്കാന്‍ ഞാനെന്താണു ചെയ്യേണ്ടത്?
ഭഗവല്‍ക്കഥകള്‍ കേട്ടുകൊണ്ടിരിക്കുന്നു ഒരുവന്റെ ഹൃദയത്തില്‍ ഭഗവാന്‍ കടന്നുചെല്ലുമ്പോള്‍ ചെവികളിലൂടെ തന്റെമാത്രം പ്രത്യേകതയായ മാസ്മരികതയോടെ നിന്തിരുവടി കടന്നുചെന്ന് ഭക്തഹൃദയങ്ങളില്‍ പ്രവേശിച്ച് അവന്റെ സകല പാപങ്ങളും ഇല്ലായ്മ ചെയ്യുന്നു. ഇങ്ങിനെ സംശുദ്ധമാക്കപ്പെട്ട ഹൃദയത്തിനുടമയായയാള്‍ ഒരിക്കലും ആ പാദാരവിന്ദങ്ങളെ ഉപേക്ഷിക്കില്ല. യാത്ര ചെയ്തു ക്ഷീണിച്ചവന്‍ സത്രത്തെ ഉപേക്ഷിക്കാത്തതു പോലെയാണത്.
പഞ്ചഭൂതങ്ങളുമായി ബന്ധമില്ലാത്ത ഈ വസ്തുക്കള്‍ എങ്ങിനെ പരസ്പരം ബന്ധപ്പെടുന്നു? ഇതിനൊരു കാരണമുണ്ടോ?. അതോ ഇതെല്ലാം ആകസ്മികം മാത്രമോ? എന്താണ് ബന്ധം? എന്താണ് മോചനം? എങ്ങിനെയാണ് ഒരുവന്‍ തന്റെ ആത്മസത്തയില്‍ പിടിച്ചു നിലകൊളളുന്നത്?
മനുഷ്യാവയവങ്ങള്‍പോലെയാണ് ഭഗവദവയവങ്ങള്‍ എന്നപറഞ്ഞുവല്ലോ. നിന്തിരുവടി, മനുഷ്യന്റെ രൂപഭാവത്തിലാണോ ഉളളത്? എന്താണുഭഗവാന്റെ സത്യസ്വരൂപം? സ്വനിര്‍മ്മിതമായ മായാശക്തിയില്‍ നിന്നു പുറത്തുവരുമ്പോഴും ഭഗവല്‍ രൂപമെന്താണ്? ഭഗവദവയവങ്ങള്‍ (കൈകാലുകള്‍) വിവിധ ലോകങ്ങളെ ഉള്‍ക്കൊളളുന്നു എന്നം അവ വിവിധലോകങ്ങള്‍ തന്നെയാണെന്നും അവിടുന്ന് പറഞ്ഞുവല്ലോ. ഈ വസ്തുതയെ ഒന്നു വിവരിച്ചു തന്നാലും.
സൃഷ്ടിസംഹാരചക്രത്തിന്റെ നീളം, കാലം ഇവയെ വിശദമാക്കിത്തന്നാലും. എങ്ങിനെയാണീ ലോകമുണ്ടായത്? എങ്ങിനെയാണു ലോകത്ത് ജീവജാലങ്ങളുണ്ടായത്? അവ വ്യത്യസ്ത സ്വഭാവരൂപഗുണങ്ങളാര്‍ജ്ജിക്കുന്നുതെങ്ങിനെയാണ്? ചാക്രികയുഗങ്ങള്‍ക്ക് വ്യത്യസ്ഥ സ്വഭാവ വിശേഷതകള്‍ ഉണ്ടോ?
വിവിധ സമൂഹതലങ്ങളും മനുഷ്യര്‍ അനുഷ്ടിക്കേണ്ട കടമകള്‍ എന്തെല്ലാം? ജീവിതത്തിലെ പല ഘട്ടങ്ങളില്‍ എന്തൊക്കെയാണു മനുഷ്യന്‍ അനുഷ്ടിക്കേണ്ടത്? എങ്ങിനെയാണു നാം ആ വിശ്വപുരുഷനെ പൂജിക്കേണ്ടത്? യോഗാഭ്യാസമാര്‍ഗ്ഗങ്ങളേവ? ധാര്‍മ്മീക ജീവിതവും അതില്‍നിന്നുണ്ടാകുന്നു ആനന്ദവും എങ്ങിനെ കൈകാര്യം ചെയ്യണം?. ഭഗവന്‍, അവിടുന്ന് സത്യമറിഞ്ഞ വിജ്ഞാനികളില്‍ അഗ്രഗണ്യനാണല്ലോ. അവിടുന്നാണ് എനിക്കിതെല്ലാം പറഞ്ഞു തരാന്‍ ഏറ്റവും ഉത്തമന്‍. എന്തുകൊണ്ടെന്നാല്‍ അങ്ങീ വിജ്ഞാനമെല്ലാം നേരിട്ടു മനസിലാക്കിയ ആളാണല്ലോ. മറ്റുളളവര്‍ കേട്ടകഥകളെ വിവരിച്ചുതരുന്നവര്‍ മാത്രമത്രെ.
സൂതന്‍ പറഞ്ഞു:
പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായി ശുകമഹര്‍ഷി ഭാഗവതകഥ വിവരിക്കാന്‍തുടങ്ങി. ഈ കഥ ഭഗവാന്‍സ്വയം ബ്രഹ്മാവിനു വിവരിച്ചു കൊടുത്തത്താണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF