ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

ഓം ശ്രീ ഗണേശായ നമ:
“ശ്രീരമണതിരുവായ്മൊഴി ലേഖാവലി”

രചയിത്രി:-ശ്രീമതി സൂരിനാഗമ്മ
(തര്‍ജ്ജമാവകാശി കെ. കെ. മാധവിഅമ്മ)

സദ്ഗുരു വന്ദനം

” അന്തര്യശ്ചബഹിര്‍ വിധൂതതിമിരം ജ്യോതിര്‍മ്മയം ശാശ്വതം
സ്ഥാനം പ്രാപ്തവിരാജതെ വിനിമതമജ്ഞാനമുന്
മൂലംപശ്യന്‍ വിശ്വമപീതമുല്ലസതിയൊവിശ്വസ്യപാരെപര
തസ്മൈശ്രീരമണായലോകഗുരുവേ ശോകസ്യ ഹന്ത്രേനമ:”

(ശ്രീരമണസ്ത്രോവലിയില്‍നിന്ന്)

ശ്രീഅരുണാചലം
21-11-1945

(1) പിതാവിനെ പുത്രന്‍ വണങ്ങുന്നു.

മിനിഞ്ഞാന്ന് പൗര്‍ണ്ണമി ദിവസം ഇവിടെ കാര്‍ത്തിക ദീപോത്സവം ആഘോഷപൂര്‍വ്വമായി കഴിഞ്ഞു. ഇന്നലെ കാലത്ത് ശ്രീ അരുണാചലേശ്വരന്‍ ഗിരിപ്രദക്ഷിണാര്‍ത്ഥം പരിവാരസമേതം, ഭേരിമൃദംഗാദികളോട് കൂടി പുറപ്പെട്ടു രമണാശ്രമത്തെ സമീപിച്ചപ്പോള്‍, ചിന്നസ്വാമി(സര്‍വ്വാധികാരി) ഭക്തവൃന്ദസഹിതം ഫലപുഷ്പാദികളാല്‍ ശ്രീഅരുണാചലേശ്വരനെ ആരാധിച്ചു. തത്സമയം ശ്രീഭഗവാന്‍ ഗോശാലഭാഗത്തായി പൊയ്ക്കൊണ്ടിരിയ്ക്കെ, ആ മഹല്‍ വൈഭവം കണ്ടു, അടുത്തുള്ള ഒരു തിണ്ണമേല്‍ ഇരുന്നു. അരുണാചലേശ്വരനെ ആരാധിച്ച കര്‍പ്പൂരാദി പ്രസാദം ഭക്തന്മാര്‍ ഭഗവാന്റെ സന്നിധിയില്‍ കൊണ്ടുവന്നു. ശ്രീഭഗവാന്‍, ആ പ്രസാദമെടുത്തു ശിരസ്സില്‍ ധരിച്ചു കൊണ്ട് “അപ്പക്കു പിള്ള അടക്കം”(പിതാവിനെ പുത്രന്‍ വണങ്ങുന്നു) എന്ന് പതുക്കെ പറഞ്ഞു.

ആ വാക്കുകള്‍ പറയുമ്പോള്‍, ഭക്തപാരവശ്യം കൊണ്ട് ഭഗവാന്റെ കണ്ഠം രുദ്ധമായി. ആ സമയം ഭഗവാന്റെ മുഖവിലാസം കണ്ടാല്‍ “ഭക്തിപൂര്‍ണ്ണതയാണ് ജ്ഞാനം” എന്ന മഹത് വാക്യം ദൃഢീകരിയ്ക്കുന്നു. ഭഗവാന്‍ ശിവപുത്രനായ “സ്കന്ദാംശസംഭ്രതരാ”ണെന്ന “ഗണപതിമുനി”വചനം ദൃഢപ്പെടുത്തുന്നു. ശരീരാധികളെല്ലാം ഈശ്വരസന്താനങ്ങളാണെങ്കിലും, മഹാജ്ഞാനികളായാലും ഈശ്വരനെ വണങ്ങുമെന്നു ബോധിപ്പിയ്ക്കുന്നതായി സ്ഫുരിയ്ക്കുന്നു. മഹാത്മാക്കളുടെ വാണി എത്ര്‍അര്‍ത്ഥവത്താണെന്നു പറയുവാന്‍ സാദ്ധ്യമല്ല. ഇവിടെ നടക്കുന്ന പ്രഭാഷണം കുറിച്ചെടുക്കണമെന്നു സഹോദരന്‍ പറയുന്നു. ഈ രമണീയവാണി എങ്ങിനെ എഴുതുവാനാണ് ? എന്തൊന്നായിട്ടു വിസ്തരിയ്ക്കും ? ഗ്രഹിക്കുവാന്‍ കഴിവുള്ള മേധാസമ്പത്തുണ്ടെങ്കില്‍ വാക്കുമാത്രമ്മണോ! നോട്ടം, നില്പ്പ്, നടത്തം, കിടത്തം, ഉച്ഛ്വാസനിച്ഛാസങ്ങള്‍ എന്നുവേണ്ട സര്‍വ്വവും അര്‍ത്ഥഗര്‍ഭമായിട്ടുള്ളവയാണ്. സോദരാ! ഇനിക്കതൊക്കെ ഗ്രഹിക്കാനുള്ള സാമര്‍ത്ഥ്യമുണ്ടോ ? ഭഗവാനില്‍ ഭാരമേല്പ്പിച്ചു” അണ്ണാന്‍ കുഞ്ഞിനും തന്നാലാക” എന്നതുപോലെ ലേഖനം തുടരുന്നു.

എന്ന്, സോദരീനാഗമ്മ
22-11-’45