ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
അഹംസ്ഫുരണ (ശ്രീരമണ തിരുവായ്മൊഴി)
ഹൃഷികേശാനന്ദനെന്ന ഒരു ബംഗാളി കാഷായാംബരധാരി ഇന്നലെ ഇവിടെ വന്നിരുന്നു. ഇന്നു കാലത്തെ എട്ടുമണിമുതല്‍ പതിനൊന്നുമണി വരെ ഭഗവാന്‍ അദ്ദേഹവുമായി ആദ്ധ്യാത്മികപ്രഭാഷണം ചെയ്തുകൊണ്ടിരുന്നു. അമൃതമയമായ വാണി തടസ്സമില്ലാത്ത ഗംഗാപ്രവാഹം പോലെയായിരുന്നു. ആ മഹാപ്രവാഹത്തെ വര്‍ണ്ണിക്കുക സാദ്ധ്യമല്ല. ആവാച്യാമൃതം ഭക്തി എന്ന കരതലത്താല്‍ എടുത്തു തൃപ്തി വരുവോളം പാനം ചെയ്കതന്നെവേണം. കടലാസ്സില്‍ കുറിച്ചെടുക്കുവാന്‍ സാധ്യമാകുമൊ ?
ഭഗവാനു ചെറുപ്പത്തില്‍ മധുരയില്‍വെച്ചു മരണാനുഭവത്തില്‍ ഉണ്ടായ അനുഭവത്തെകുറിച്ചു പറയുമ്പോള്‍ ആ മൂര്‍ത്തിയേ കാണ്മാനയികൊണ്ടു ഈ രണ്ട് കണ്ണുകളും, ആ അമൃതവാക്യശ്രവണത്തിനായി ഈ രണ്ടു കര്‍ണ്ണങ്ങളും പോരാതെ വന്നു. കേള്‍ക്കുന്നവരുടെ യോഗ്യതയ്ക്കനുസരിച്ച് കേള്‍പ്പിയ്ക്കുന്നവര്‍ക്ക് ഉത്സാഹം വര്‍ദ്ധിയ്ക്കുക സഹജമാണല്ലൊ. ഹൃഷികേശാനന്ദരുടെ പ്രശ്നത്തിന്നു ഭഗവാന്റെ പ്രത്യുത്തരം വിപുലമായി എഴുതേണ്ടതായിരുന്നു. സ്ത്രീകള്‍ ഇരിയ്ക്കുന്ന സ്ഥലം കുറെ ദൂരെയാകയാല്‍ എല്ലാം ഇനിയ്ക്കു വിസ്തരിച്ച് കേള്‍ക്കാന്‍ സാധിച്ചില്ല. ചിലതുമാത്രം ഗ്രഹിച്ചു. അതായതു “മരണാനുഭൂതിയില്‍ സകലേന്ദ്രിയസംചലനം നിന്നുവെങ്കിലും “അഹംസ്ഫുരണതനക്കുതാനായി” തന്നില്‍ പ്രകാശിച്ചപ്പോള്‍ അതാണ് “ഞാന്‍” അല്ലാതെ ഈ ജഡശരീരം ഞാനല്ല എന്നുതോന്നി. ഈ സ്വസ്ഫുരണ ഒരിയ്ക്കലും നശിക്കാത്തതും, ഏതിനെയും സ്പര്‍ശിക്കാത്തതും താനായി പ്രകാശിയ്ക്കുന്നതുമാകുന്നു. ഈ ശരീരം ദഹിപ്പിച്ചാലും ആ സ്വസ്ഫുരണ നശിക്കയില്ല. അതൊകൊണ്ട് അതാണു “ഞാന്‍” എന്ന് സ്പഷ്ടമായി അന്നു തന്നെ അറിഞ്ഞു. ഇങ്ങനെ പലതും പറഞ്ഞുവെങ്കിലും ഇനിയ്ക്കൊന്നും വിസ്തരിച്ചു കേള്‍ക്കാന്‍ സാധിച്ചില്ല. ഇതിനു മുമ്പും ഇത്തരം സംഭാഷണങ്ങളെത്രയെ നടന്നിരുന്നു. എത്ര എത്ര മാണിക്യങ്ങളും നാം വിട്ടുകളഞ്ഞു എന്നു ഇപ്പോള്‍ ആലോചിക്കുകയാണ്. ശ്രദ്ധ വെക്കാതിരുന്ന എന്റെ ഉദാസീനതക്കു മാപ്പ് തന്നാലും. . .
25-11-’45