ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

സ്കന്ദാശ്രമഗമനം (ശ്രീരമണ തിരുവായ്മൊഴി)

സ്കന്ദാശ്രമത്തില്‍ വിരുന്നുസല്‍ക്കാരത്തിനു ഭഗവാന്‍ ഭക്തജനസമേതം പുറപ്പെടുവാന്‍ നിശ്ചയിച്ച സന്മുഹൂര്‍ത്തം നാളെയാകുന്നു. അതിനാല്‍ ഇന്നു സോദരസോദരീമണികള്‍ പ്രയാണസന്നാഹകോലാഹലത്തിലാണ്. ഭഗവാന്‍ മാത്രം ഒരു വികല്പ്പവുമില്ലാതെ ഗാംഭീരതയിലിരിക്കുന്നു. എല്ലാവരും പുറപ്പെട്ടുപോകുമ്പോള്‍ പുറപ്പെടണം. വേണ്ടെങ്കില്‍ വേണ്ട. ഭഗവാനെന്തുവേണം ? കാശോ കെട്ടുകളോ ശേഖരിയ്ക്കണമോ ? കമണ്ഡലം, വടി, കൗപീനം, ടൌവ്വല്‍ ഇത്ര മാത്രമാണ് ഭഗവാന്റെ ഉപകരണങ്ങള്‍. വിചാരിച്ച ക്ഷണത്തില്‍ തയ്യറാകാം. “കൗപീനവന്ത:ഖലു ഭാഗ്യവന്ത:” എന്നു ശങ്കരാചാര്യര്‍ വര്‍ണ്ണിച്ചത് ഇത്തരം മഹാനുഭാവന്മാരെയാണ്. ഈ ആശ്രമം, ഈ കാര്യക്രമം, ഈ ഭക്തന്മാര്‍, ഈ കോലാഹലം എല്ലാം പരന്മാര്‍ക്കുവേണ്ടി മാത്രമായ് നടക്കുന്നു എന്നല്ലാതെ ഭഗവാനെന്തു വേണം! കരുണാമയനായതുകൊണ്ട് നമുക്കുവേണ്ടി ബന്ധം നടിച്ചു ഇരിക്കുന്നെന്നല്ലാതെ മറ്റെന്തൊന്നാണ്! ഇല്ലെങ്കില്‍ സങ്കല്പപമാത്രയില്‍ സപ്തസമുദ്രങ്ങള്‍ കടന്നു സ്വേച്ഛയില്‍ പോകില്ലയൊ ? ഈ വിധം ഇരിയ്ക്കുന്നതു നമ്മുടെ ഭാഗ്യം സഹോദരാ!

25-11-’45