ഒരു വര്‍ഷത്തിന്നുമുമ്പായിരിക്കണം രാമചന്ദ്രറാവു (ആയുര്‍വ്വേദവൈദ്യന്‍) ഭഗവാനു ദേഹാരോഗ്യത്തിനുള്ള മരുന്നുണ്ടാക്കുവാന്‍ സാധനങ്ങളുടെ കുറിപ്പു ഭഗവാനെ കാണിച്ചു. ഭഗവാന്‍ ആദരവോടെ വാങ്ങി വായിച്ചു, ബുദ്ധിമാനായ ബാലനെപോലെ മരുന്നുകളുടെ ഗുണഗണാദികള്‍ വര്‍ണ്ണിച്ചു ” ആര്‍ക്കാണയ്യ! ഈ മരുന്ന് ” ? എന്നു ചോദിച്ചു. “ഭഗവാനു തന്നെ” “ശരി ശരി; കാശെവിടുന്നുണ്ടാക്കും ? ആരോട് ചോദിക്കാനാണ് ” എന്നു മന്ദഹാസവദനരായ് പറഞ്ഞു. “ഇതൊക്കെയും ആരുടെതാണ് ഭഗവാന്‍” എന്നൊരാള്‍ ചോദിച്ചപ്പോള്‍, “ഓഹോ! ശരി; എനിക്കെന്തുണ്ട് ? കാലണ വേണമെങ്കില്‍ സര്‍വ്വാധികാരിയോട് ചോദിക്കണം. ആര്‍ ചോദിക്കും ? മണി അടിക്കുമ്പോള്‍ ചെന്നാല്‍ ഒരു പിടി ചോറുതരും എല്ലാവരോടുംചേര്‍ന്നു അതു തിന്നിട്ടുവരും. താമസിച്ചു പോയാല്‍ ഭക്ഷണവുമില്ല, എന്നു പറഞ്ഞാലൊ എന്ന ഭയത്തില്‍ ആ വിളമ്പലില്‍ അവസാനത്തെ മുമ്പനാണ് ഞാന്‍” എന്നരുളി ഭഗവാന്‍.
ആ വൈദ്യന്‍ വിറയ്ക്കുന്ന തൊഴുകയ്യോടെ “സ്വാമീ! വെറുതെ സാധങ്ങളുടെ പേര്‍ കാണിച്ചു എന്നെയുള്ളു എല്ലാം ഞാന്‍ തയ്യാറാക്കും” എന്നു പറഞ്ഞപ്പോള്‍, “ശരി അയ്യ! നിങ്ങള്‍ തന്നെ ഉണ്ടാക്കും ഇതെനിക്ക് നല്ലതാണെങ്കില്‍ ഇവിടെ ഉള്ളവര്‍ക്കെല്ലാം നല്ലതല്ലെ. എനിക്ക് തന്നതുപോലെ എല്ലവര്‍ക്കും കൊടുക്കാമോ ? എന്നു ചോദിച്ചു ഭഗവാന്‍. “ഞങ്ങള്‍ക്കൊക്കെ എന്തിനാണ് ബാബു ! എന്നു മറ്റു ഭക്തന്മാര്‍ പറഞ്ഞപ്പോള്‍” നടന്നു പ്രവൃത്തി എടുക്കുന്നവര്‍ക്കു ബലം വേണ്ടാ എങ്കില്‍ തിന്നു വെറുതെയിരിക്കുന്ന എനിക്ക് മാത്രം വേണമോ ? മതി, മതി പോകുവിന്‍. എന്നരുളി ഭഗവാന്‍.
ഡാക്ടര്‍ ശ്രീനിവാസറാവു ഒരു തവണ “ബലകരമായ ഇംഗ്ലീഷ്മരുന്നുകള്‍ ഉണ്ട് അതു കഴിച്ചാല്‍ നന്നു” എന്നു പറഞ്ഞു. “അതെ നല്ലതുതന്നെ നിങ്ങളൊക്കെ ധനവാന്മാരാണ്; ഏതു വേണമെങ്കിലും കഴിക്കാം. ഞാനൊരു ഭിക്ഷക്കാരന്‍. അത്തരം വിലപിടിച്ച മരുന്നുകള്‍ എനിക്കെങ്ങനെ വരും ? “ഭഗവാന്‍ ഒന്നും വേണ്ടന്നു വെക്കുന്നതല്ലാതെ കഴിക്കുമെങ്കില്‍ തനിയെ വന്നു വീഴില്ലെ ? പോകട്ടെ മരുന്നില്ലെങ്കില്‍ ആഹാരപദാര്‍ത്ഥമെങ്കിലും ബലകരമായതു കഴിച്ചുകൂടെ ? അരവിന്ദഘോഷിനെ നോക്കു! പാലും പഴങ്ങളും ബാദം മുതലായവകള്‍ തിന്നു ബലവാനായിരിക്കുന്നു. അദ്ദേഹത്തിന്റെ ഭോജനം പ്രത്യേകമാണ്” എന്നു ഡോക്ടര്‍ പറഞ്ഞു. “അതെ, അദ്ദേഹത്തിനു ലക്ഷം ഉണ്ട്. എനിക്കെന്തുണ്ട് ? ദരിദ്രനാരായണന്‍ ഞാനൊരുത്തനാണോ ? എന്റേതു വലിയ സംസാരം എല്ലാവര്‍ക്കും പഴങ്ങളും പാലും ബാദവും എങ്ങിനെ വരും ? ”
“പ്രത്യേകത” എന്നതു ശ്രീഭഗവാനു തീരെ പാടുള്ളതല്ല. ആരെങ്കിലും തീന്‍പദാര്‍ത്ഥം കൊണ്ടുവന്നാല്‍ എല്ലാവര്‍ക്കും കൊടുത്തു തനിക്കു കിട്ടിയില്ലെങ്കില്‍ സംതൃപ്തിയോടെയിരിക്കുമെന്നല്ലാതെ, ഭഗവാനു കൊടുത്തു മറ്റുള്ളവര്‍ക്കുകൊടുക്കാതിരുന്നാല്‍ തന്നെ അപമാനിച്ചതുപോലെയിരിക്കുമെന്നു ശ്രീഭഗവാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. വഴിയില്‍ നടക്കുമ്പൊള്‍ എതിരില്‍ വരുന്നവര്‍ അകന്നു നില്‍ക്കുന്നതു കൂടി സഹിക്കാതെ താന്‍ തന്നെ നീങ്ങി അവര്‍ക്കു വഴിവിട്ടു താന്‍ നടക്കുകയല്ലാതെ ഒരടി മുന്നില്‍ വക്കുന്നതില്‍ ഭഗവാന്‍ സമ്മതിക്കയില്ല. ആ സമത്വത്തില്‍ ആ ത്യാഗത്തില്‍ സഹസ്രാംശമെങ്കിലും അഭ്യസിച്ചു ശീലിച്ചാല്‍ നാം ധന്യവാന്മാരാകും
ഭഗവാന്റെ അഭിപ്രായം അറിയാതെ എന്നെപോലെയുള്ള മന്ദമതികള്‍ ആഹാരവിഷയത്തില്‍ പ്രത്യേകത കാണിച്ചാല്‍, ക്ഷമാമൂര്‍ത്തിയാകയാല്‍ വളരെ സഹിക്കുമെങ്കിലും അമിതമായാല്‍ കോപത്തോടെ, “എന്തു ചെയ്യുവാന്‍ ? അവരുടെ കയ്യ് മീതെയാണ്. എന്റെ കയ്യ് കീഴെയും. അവര്‍ തരുന്നവര്‍, ഞാന്‍ തിന്നുന്നവനും. പറഞ്ഞപോലെ കേട്ടു തരുന്നതു തിന്നുകൊള്ളണം. സ്വാമിത്വമെന്നാല്‍ ഇതൊക്കെയാണെന്നു നിങ്ങളും പഠിച്ചു കൊള്ളണം! കേട്ടുവോ ? ” എന്നു പറയും. ഇതിനേക്കാള്‍ വലിയ ശിക്ഷ എന്തുണ്ട് ?
29-11-’61