ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
വന്ന വഴിക്കു തന്നെ പോകുവിന്‍ (ശ്രീരമണ തിരുവായ്മൊഴി)
മറ്റൊരു ദിവസം ഒരു ആന്ധ്രയുവാവു വന്നു “സ്വാമീ! ഞാന്‍ മോക്ഷലബ്ധിക്കായി അനേക വേദാന്ത ഗ്രന്ഥങ്ങള്‍ എത്രയോ വായിച്ചു മാര്‍ഗ്ഗമന്വേഷിച്ചും നോക്കി. ഓരോന്നിലും ഓരോവിധമായി പറയുന്നു. അനേകം മഹാത്മാക്കളെയും കണ്ടു. അവരും ഓരോരുത്തരും ഓരോ മാര്‍ഗ്ഗമുപദേശിക്കയാല്‍ സ്ഥിരതയില്ലാതെ ഭഗവാന്‍ സന്നിധിയില്‍ വന്നിരിക്കുകയാണ്. ഞാന്‍ ഏതുമാര്‍ഗ്ഗത്തിലാണ് പോകേണ്ടത് ? പറഞ്ഞുതരുവിന്‍” എന്നു ചോദിച്ചു.
ഭഗവാന്‍ മന്ദഹാസം ചെയ്തു, “ശരി, നല്ലതു വന്ന വഴിക്കുതന്നെ പോകുവിന്‍” എന്നരുളി. എല്ലാവരും ചിരിച്ചു. ഭഗവാന്‍ പുറത്തുപോയപ്പോള്‍ ആ സാധു യുവാവ് പ്രത്യുത്തരമൊന്നുമില്ലാതെ ഖിന്നവദനനായി ആശ്രമവാസികളോടു “അയ്യോ! ഞാന്‍ ചിലവ് ചെയ്തു കഷ്ടപ്പെട്ടു വലിയ ആഗ്രഹത്തോടെ വന്നു. “വന്നവഴിക്കു തന്നെ പോകു, എന്നു പറയുന്നുവല്ലൊ ഭഗവാന് . ഇതെന്തൊരു ന്യായമാണ് ? ഇതു പരിഹാസമാണോ ? ” എന്ന വ്യസനത്തോടെ പറഞ്ഞു. അപ്പോള്‍ ഒരാള്‍ (ഭഗവാന്റെ വാക്കിലെ അന്തരാര്‍ത്ഥം) അയ്യാ! അതു പരിഹാസമല്ല. യഥാര്‍ത്ഥ വാക്കാണ്. ശരിയായ സമാധാനമാണുപദേശിച്ചത്. “ഞാന്‍ ആര്‍” എന്ന വിചാരണയാണ് മോക്ഷത്തിന്നു സുലഭമായ മാര്‍ഗ്ഗമെന്നാണ് ഭഗവാന്റെ സിദ്ധാന്തം. “ഞാന്‍ ഏതു മാര്‍ഗ്ഗത്തിലാണു പോകേണ്ടത് എന്നു നിങ്ങള്‍ ചോദിച്ചതു കൊണ്ട് ആ ഞാന്‍ ഏതു വഴിക്കു വന്നുവോ ആ വഴിക്കു പോയാല്‍ മോക്ഷം ലഭിക്കുമെന്നാണ് ഭഗവാന്റെ വാക്കിന്നു അര്‍ത്ഥം. പരിഹാസമായ് ചൊന്നാലും മഹാത്മാക്കളുടെ വാക്യം യഥാര്‍ത്ഥത്തെ സ്ഫുരിപ്പിക്കുന്നതായിരിക്കും”എന്നു പറഞ്ഞു. “ഞാന്‍ ആര്‍” എന്ന ഒരു പുസ്തകവും കൊടുത്തപ്പോള്‍ ആ യുവാവിന്നു ആ വാക്കു ഉപദേശമായി ഗ്രഹിച്ചു ഭഗവാനെ നമസ്കരിച്ചു പോയി. ഈ വിധം പരിഹാസത്തിലൊ ധര്‍മ്മോക്തിയിലൊ സാവധാനത്തില്‍ ഭഗവാന്‍ എപ്പോഴും ബോധിപ്പിച്ചുകൊണ്ടെയിരിക്കും. ഞാന്‍ അവിടെ വന്ന ആദ്യത്തില്‍ ഇടക്കിടക്കു വീട്ടുകാര്യമോര്‍ത്തു പോകാന്‍ തുനിഞ്ഞു. ആരുമില്ലാത്ത സമയം നോക്കി ഭഗവാനെ സമീപിച്ചു, “പോയാല്‍ അവിടെതന്നെ നിന്നുപോകുമൊ എന്ന ഭയം തോന്നുന്നു ഭഗവാനെ!” എന്നു പറഞ്ഞാല്‍ “എല്ലാം വന്ന് നമ്മളില്‍ വീഴുകയാണ്. നാം എവിടെപോയി വീഴും” എന്നരുളും ഭഗവാന്‍. പിന്നെ ഒരു ദിവസം “ഈ ബന്ധം ഇനിയും വിടുന്നില്ലല്ലൊ ഭഗവാനെ!” എന്നു പറഞ്ഞപ്പോള്‍ “വരുന്നതു വന്നു കൊള്ളട്ടെ, പോകുന്നതു പോട്ടെ നിങ്ങള്‍ക്കെന്താണ് ? എന്നരുളി. ആ “ഞാന്‍” എന്നതു ശരിയായി കാണ്മാന്‍ കഴിഞ്ഞുവെങ്കില്‍ നമുക്ക് ഏതു ബാധയുമില്ലല്ലൊ ?
2-12-’45