ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

ധര്‍മ്മം വേറെ, ധര്‍മ്മസൂക്ഷ്മം വേറെ(ശ്രീരമണ തിരുവായ്മൊഴി)

ഭഗവല്‍സന്നിധിയില്‍ പല ക്ഷേത്രങ്ങളില്‍ നിന്നും പ്രസാദവും, തീര്‍ത്ഥങ്ങളും കൊണ്ടുവരിക പതിവുണ്ട്. അങ്ങിനെ വന്നാല്‍ ഭഗവാന്‍ അദരവോടെ സ്വീകരിച്ചു, ഇതാ, തിരുച്ചന്തൂര്‍ ‍സുബ്രഹ്മണ്യസ്വാമി വന്നിരിക്കുന്നു. മധുരമീനാക്ഷിഅമ്മ വന്നിരിക്കുന്നു. ഇതാ, രാമലിംഗേശ്വരന്‍ വന്നിരിക്കുന്നു, എന്നിങ്ങനെ അതാത് സ്ഥലത്തുള്ള ദേവന്മാരുടെ പേര്‍ പറഞ്ഞു ആ വിഭൂതിപ്രസാദം സ്വീകരിച്ചുകൊണ്ടിരിക്കും. ചിലര്‍ ഗംഗാതീര്‍ത്ഥം, ഗൗതമി, വാരി, എന്നും, കാവേരി എന്നും ഏതേതു തീര്‍ത്ഥങ്ങളൊക്കെയൊ ഭഗവല്‍സന്നിധിക്കു കൊണ്ടു വരികയും ഭഗവാന്‍, അതാ, ഗംഗ വന്നിരിക്കുന്നു, ഇതാ ഗൗതമി വന്നിരിക്കുന്നു, ഇതു കൃഷ്ണ, അതു കാവേരി എന്ന് എത്രയും ആദരവില്‍ ആ തീര്‍ത്ഥങ്ങള്‍ സേവിക്കുമ്പോള്‍ ആദ്യകാലങ്ങളില്‍ ഇനിക്കത്ഭുതം തോന്നാറുണ്ട്. എല്ലാ ദേവതകള്‍ക്കും അതീതമായ്, സര്‍വ്വ തീര്‍ത്ഥങ്ങള്‍ക്കും മൂലമായ് സാക്ഷി മാത്രമായ് വിലസും മഹാതത്വമായി രമണരൂപമെടുത്ത ഭഗവാനു ഈ തീര്‍ത്ഥപ്രസാദം മഹാ കാര്യമായി കൊണ്ട് വന്നു കൊടുക്കുന്ന ഈ ജനങ്ങള്‍ക്ക്‌ ഭ്രാന്തുണ്ടോ എന്ന് വിചാരിക്കാറുണ്ട്. ഈയിടെ സാഗര തീര്‍ത്ഥം കൊണ്ട് വന്നു ഒരാള്‍.

ഭഗവന്‍ അത്യാദരവോടെ മന്ദഹാസമുഖാരവിന്ദരായി അതാ സാഗര്‍ വന്നിരിക്കുന്നു. എല്ലാ നദികളും വന്നിരിക്കുന്നുവെങ്കിലും ഇത്ര കാലമായിട്ടു ഇവര്‍ ‍വന്നിട്ടില്ല. ഇതാണ് ആദ്യ വരവ്. വളരെക്കാലമായിട്ടു വന്നതാണ്‌. ഇങ്ങു തരുവിന്‍” എന്ന് പറഞ്ഞു ആ തീര്‍ത്ഥം സേവിച്ചു. ആ വാക്ക് കേട്ട് കൊണ്ടിരുന്ന എനിക്ക് പൂര്‍വകഥകള്‍ ഓരോന്നായി ഓര്‍മ്മവന്നു. ആദ്യമുണ്ടായ അഭിപ്രായങ്ങളെല്ലാം മാറിപ്പോയി. ഇങ്ങനെയുള്ള മഹാപുരുഷന്മാരെ സേവിക്കുവാനായിക്കൊണ്ട് സര്‍വ തീര്‍ത്ഥങ്ങളും, സപ്തസമുദ്രങ്ങളും, സകല ദേവതകളും വന്നു പാദാ ക്രാന്തര്‍കളായി നിന്ന് സേവിക്കുകയാണെന്ന് എത്രയോ പുരാണങ്ങളില്‍ വായിച്ചു. അതിശയോക്തിയില്‍ എഴുതിയതായിരിക്കാം, വിഗ്രഹങ്ങളും നദികളും നടന്നു വരുമോ, കാലുകള്‍ ഉണ്ടോ എന്ന് വിചാരിക്കാറുണ്ട്. ഭഗവാന്‍ ആഗ്രഹിക്കാതെ തന്നെ ഈ പവിത്ര തീര്‍ത്ഥങ്ങളും, വിഭൂതിപ്രസാദങ്ങളും ഭക്തന്മാര്‍ കൊണ്ടുവരുമ്പോള്‍ “ഇതാ അവര്‍വന്നിരിക്കുന്നു, അതാ ഇവര്‍വന്നിരിക്കുന്നു” എന്ന് സ്വയം ഭഗവദ് വാണി അരുളുമ്പോള്‍ കേട്ടു, കേട്ടു ധര്‍മ്മം വേറെ ധര്മ്മസൂക്ഷ്മം വേറെ, എന്നത് പോലെ മഹാത്മാക്കളുടെ സന്നിധിയില്‍ നടക്കുന്ന വിഷയങ്ങള്‍ അതി സൂക്ഷ്മത്തില്‍ പരിശീലനം ചെയ്തതല്ലാതെ ആ ധര്‍മ്മസൂക്ഷ്മം കാണുകയില്ലെന്നു നിശ്ചയിച്ചു. ഭഗവാന്‍ എല്ലാ സാധനങ്ങളും ആദരവോടെ സ്വീകരിച്ചു ഇന്നത്തെ, അതാതിന്റെ സേവ സ്വീകരിച്ചു എന്നായിട്ടര്‍ത്ഥം കാണണം. ഈ അര്‍ഥം സാഗരതീര്‍ത്ഥം വന്നപ്പോള്‍ എനിക്ക് തോന്നി. അതിന്നു മുമ്പ് എന്നെ ആവരണം ചെയ്ത സന്ദേഹങ്ങള്‍ എല്ലാം നീങ്ങിപ്പോയി. “ഗംഗായംഘോഷ:” എന്നതു ഗംഗയില്‍ നഗരമുണ്ടെന്നല്ല. ഗംഗാതീരത്തില്‍ നഗരമുണ്ടെന്നര്‍ത്ഥം കാണണം. അതുപോലെ ഇതെല്ലാം ആലോചിച്ചു നോക്കുമ്പോള്‍ സൂക്ഷ്മാര്‍ത്ഥം അറിയുവാന്‍ കഴിയും. നമ്മുടെപൂര്‍വ്വികന്മാര്‍ എഴുതിയതില്‍ ഒന്നുപോലും അസംഭവമല്ലെന്നു തോന്നുന്നു. ആലോചിക്കാനുള്ള സൂക്ഷ്മത വേണം. ഭഗവാന്റെ ഗിരി ജീവിതത്തില്‍, പുലി വന്ന സന്ദര്‍ഭത്തില്‍ ‘സിദ്ധസംഗത്തില്‍ ചേര്‍ന്നവരാരൊക്കെയോ എന്നെക്കണുവാനായി ബഹുരൂപത്തില്‍ വരുന്നുണ്ടായിരിക്കാം അതുകൊണ്ടു ആരെയും ഉപദ്രവിക്കരുതു എന്ന് ശ്രീഭഗവാന്‍ അരുള്‍ ചെയ്തിരിക്കുന്നു.

21-1-’46