ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
ഭക്തിരുചി (ശ്രീരമണ തിരുവായ്മൊഴി)
[ എച്ചമ്മ എന്ന ഭക്ത ഭഗവാന്‍ മലയില്‍ വസിക്കുന്ന കാലത്തിലെ ശ്രീഭഗവാനു നിത്യഭിക്ഷ കൊടുക്കുക പതിവുണ്ടായിരുന്നു. ആശ്രമം സമൃദ്ധിയായപ്പോഴും എച്ചമ്മയുടെ മരണം വരെ ആ ഭിക്ഷാന്നം മുടക്കീട്ടില്ല ]എച്ചമ്മയുടെ പദാര്‍ത്ഥങ്ങളില്‍ വെന്തും വേകാതേയും നയരും പൊടിയുംഉണ്ടായിരിക്കും. പദാര്‍ത്ഥരുചിയേക്കാള്‍ ഭക്തിരുചി അധികമായ് പരിഗണിക്കുന്ന ഭഗവാന്‍ അതൊന്നും നോക്കാറില്ല. മറ്റുള്ളവര്‍ക്ക് വലിയ ആക്ഷേപവുമാണ്. കുറെക്കാലം മുമ്പുകാലത്തെ കായ്കറി നുറുക്കുന്നതില്‍ ഭഗവാനും പങ്കെടുക്കും ആ സമയം ചിലര്‍ എച്ചമ്മയുടെ ഭിക്ഷാന്നത്തെകുറിച്ചു പരിഹാസമായ് പ്രസ്താവിച്ചപ്പോള്‍, കേട്ടു, കേട്ടു, ഭഗവാന്‍ “നിങ്ങള്‍ക്ക് നല്ലതായ് തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ തിന്നണ്ട. എനിക്കു നല്ല രുചിയുണ്ട്. ഞാന്‍ തിന്നുകൊള്ളാം” എന്നരുളി.
പിന്നൊരുനാള്‍ എച്ചമ്മ എവിടേക്കൊ പോയിരിക്കയാല്‍ പത്തുനാള്‍ ആരെക്കൊണ്ടൊ ഭിക്ഷ കൊടുത്തയപ്പിച്ചിരുന്നു. വിളമ്പുന്നവര്‍ എച്ചമ്മയുടെ ഭിക്ഷ വിളമ്പാന്‍ മറന്നു. മറ്റു പദാര്‍ത്ഥങ്ങളെല്ലാം വിളമ്പി തീര്‍ന്നു [ എല്ലാവര്‍ക്കും വിളമ്പി ഒടുവില്‍ ഭഗവാനു വിളമ്പുകയാണ് പതിവ്. എല്ലാവരോടും ഭക്ഷിക്കാനാജ്ഞ നല്‍കി താനും ഭക്ഷിക്കും ]. ഭഗവാന്‍ ഇടതു ‘കയ്യ്’ താടിയെ താങ്ങി വലതു ‘കയ്യ്’ ഇലയിലും അമര്‍ത്തി ഇരുപ്പായി. എല്ലാവര്‍ക്കും ആജ്ഞ നല്‍കുന്നുമില്ല. താന്‍ ഭക്ഷിക്കുന്നുമില്ല. സകലരും അന്യോന്യം നോക്കി ഇരുപ്പായി. കാരണം ആര്‍ക്കും മനസ്സിലാകുന്നില്ല. “എന്തു പിഴകള്‍ പറ്റി” എന്ന് പാകശാലയില്‍ “ഗുസഗുസ” പറഞ്ഞുകൊണ്ടിരിക്കെ, എച്ചമ്മയുടേ ഭിക്ഷ വിളമ്പിയില്ലെന്നോര്‍മ്മവരികയും വിളമ്പുകയും ചെയ്തപ്പോള്‍ യഥാപ്രകാരം എല്ലാവരോടും സംജ്ഞ കാണിച്ചു താനും ഭക്ഷിച്ചു. ഏതൊരു ദരിദ്രഭക്തനായാലും എന്തു ജാതിയായാലും ഭക്തിയോടുകൂടി കൊണ്ടുവരുന്ന, പച്ചക്കടലയായിരുന്നാലും പഞ്ചഭക്ഷ്യപരമാന്നത്തേക്കാള്‍ പ്രീതിയോടെ, കുചേലന്റെ കയ്യിലെ അവില്‍ തിന്ന കൃഷ്ണഭഗവാനെപോലെ തിന്നുക പതിവാണ് ഭഗവാന്‍.
22-1-’46