ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

ബ്രഹ്മാസ്ത്രം (ശ്രീരമണ തിരുവായ്മൊഴി)

ഇന്നലെയോ മിനിഞ്ഞാന്നോ ഒരു യുവാവ് സൈക്കിളില്‍ നിന്ന് എവിടെ നിന്നോ വന്നിരിക്കുന്നു. ഹാളില്‍ കാല്‍ മണിക്കൂര്‍ ഇരുന്നു ഭഗവാന്റെ സമീപത്തുചെന്നു “ഓങ്കാരം കടന്നാല്‍ എവിടെ ലയിക്കും ? ” എന്നു ചോദിച്ചു. ഭഗവാന്‍ മന്ദഹാസവദനരായ് ” ഓ! ഹോ! അങ്ങിനെയൊ, നീ ഇപ്പോള്‍ എവിടുന്നു വരുന്നു ? എവിടേക്കു പോകുന്നു! എന്താണറിയേണ്ടത് ? അസ്സല്‍, നീ ആര്‍ ? ഇതൊക്കെ ആദ്യം പറയു. പിന്നീട് ഓങ്കാരത്തിനെക്കുറിച്ചു ചോദ്യം ചെയ്യുക” ‘അതെനിക്കു നിശ്ചയമില്ല’. നീ ഉണ്ടെന്നുള്ള കാര്യം സ്പഷ്ടമല്ലേ ? ആ ‘നീ’ എങ്ങിനെയാണുള്ളത് ? നിന്റെ സ്വരൂപമെന്താണ് ? അതൊക്കെ ആദ്യം അറിയുക. അറിഞ്ഞാല്പിന്നെ ചോദ്യങ്ങള്‍ ചോദിക്കുക. “ഓങ്കാരം എവിടെ ലയിച്ചാല്‍ നമുക്കെന്താണ്. ലയിച്ചതില്‍പിന്നെ എന്തുണ്ടായാല്‍ നമുക്കെന്താണ് ? നീ എവിടെ ലയിക്കുന്നു ? എങ്ങിനെ വരുന്നു ? നിന്റെ സ്ഥിതിഗതികള്‍ ആദ്യം അറിഞ്ഞിരുന്നാല്‍ ബാക്കി സംഗതി പിന്നീടാലോചിക്കാം”എന്നു ഭഗവാന്‍ പറഞ്ഞപ്പോള്‍ ഉത്തരമില്ലാതെ പോയി. പൃശ്ചകക്ക് ഇതിനേക്കാള്‍ ബ്രഹ്മാസ്ത്രമെന്താണുള്ളത് ? ഒരു പ്രാവശ്യം പ്രയോഗിച്ചാല്പിന്നെ സംസാരിക്കാന്‍ സാദ്ധ്യമല്ല. കാവ്യകണ്ഠഗണപതിമുനി ഭഗവദ്സന്നിധിയില്‍ താമസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ കപാലിശാസ്ത്രി, ഭഗവാനോട് വല്ലതും ചോദിക്കാന്‍ തുടങ്ങുമ്പോള്‍ അപേക്ഷിക്കുമത്രെ. ഭഗവാന്‍ ബ്രഹ്മാസ്ത്രമുപയോഗിക്കുകയില്ലെങ്കില്‍ ഞാന്‍ ഒന്നു ചോദിക്കാം” എന്ന്. ഭഗവാന്‍ എപ്പോഴും പ്രഭാഷണമദ്ധ്യത്തില്‍ “നീ ആര്‍” എന്ന് ചോദിക്കുക പതിവാണ്. “വന്നു ബ്രഹ്മാസ്ത്രം ഇനി എന്തു ചെയ്യും”എന്ന് കപിലശാസ്ത്രി പറയുമത്രെ. ചോദ്യത്തിന്നു വരുന്നവര്‍ക്കു ഉത്തരമില്ലാത്ത ബ്രഹ്മാസ്ത്രമാണിത്. ഒരു പ്രാവശ്യം പ്രയോഗിച്ചാല്പിന്നെ ചോദ്യമില്ല [ സ്ഥാനം കാണിച്ചുകൊടുക്കുകയാണ് ഭഗവാന്‍, അല്ലെങ്കില്‍ യഥാര്‍ത്ഥം ഉപദേശിക്കുകയാണു ചെയ്യുന്നത്. വളവുതിരുവുള്ള മാര്‍ഗ്ഗോപദേശം ഭഗവാന്റെ പക്കലില്ല ]

26-1-’46