ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘ആത്മസ്വരൂപം – ചിരഞ്ജീവികള്‍’ (ശ്രീരമണ തിരുവായ്മൊഴി)
മിനിഞ്ഞാന്നു രാമശാസ്ത്രികള്‍ ഇവിടെ വന്നിരിക്കുന്നു. അയാള്‍ ഭഗവാനോട് ചോദിച്ചു, “സ്വാമീ! പരമായ ആത്മസ്വരൂപം കോടി സൂര്യപ്രഭാസിതമാണെന്നു പറയുന്നുവല്ലൊ സത്യമാണോ ? ” “അതു തന്നെ കോടിസൂര്യകാന്തിയുള്ളതുതന്നെ എന്ന് വിചാരിക്കാം. എങ്ങിനെ നിര്‍ണ്ണയിക്കുവാനാണ് ? ഈ കണ്ണുകള്‍കൊണ്ട് ഒരു സൂര്യനെ നോക്കുവാന്‍ സാധിക്കുന്നില്ലല്ലോ, കോടിസൂര്യനെ എങ്ങിനെ കാണ്മാന്‍ കഴിയും ? ആ കണ്ണു വേറെയാണ്. ആ കണ്ണുകൊണ്ട് കാണ്മാന്‍ സാധിക്കുമ്പോള്‍, ആ പരാല്പരമായ ആത്മസ്വരൂപത്തിന്നു ഏതു പേരെങ്കിലും വച്ചുകൊള്ളുക. കോടിസൂര്യന്മാരോ കോടി ചന്ദ്രന്മാരോ ഏതൊ ഒന്ന്”. . . . . .
ഇതുപോലെ അന്നൊരുനാള്‍ “അശ്വഥാമാ, വിഭീഷണാദികള്‍ എല്ലാം ചിരഞ്ജീവികളെന്നും, അവരിപ്പോഴും എവിടെയോ ഉണെന്നും പറയുന്നുവല്ലൊ, സത്യം തന്നയൊ ? “എന്നു ചോദിച്ചപ്പോള്‍, “ആ! ഹാ! സത്യം തന്നെ. ചിരഞ്ജീവികളെന്നാല്‍ നിങ്ങളുടെതാല്പര്യം ? എപ്പോഴും നശിക്കാത്ത സ്ഥിതി ഏതോ അതു അറിഞ്ഞവരെന്നാണ്. തന്റെ സത്യസ്ഥിതി അറിഞ്ഞവര്‍ക്ക് മരണമേത്; ജനനമേത് ? അവര്‍ ചിരഞ്ജീവികളായി എപ്പോഴും എവിടെയും ഉണ്ട്. നമ്മള്‍ ഇപ്പോള്‍ അവരെ കുറിച്ചു സംസാരിക്കുന്നു. അതുകൊണ്ട് അവര്‍ഇവിടെ ഉള്ളതുപോലെയല്ലെ ? അങ്ങിനെ എപ്പോഴും എല്ലാവരും സ്മരിച്ചിരുന്നാല്‍ അവിടെ തന്നെയുണ്ടായിരിക്കും, അവരൊക്കെ കീര്‍ത്തികായകരാണ്. ചിരഞ്ജീവിത്വമെന്നാല്‍, പാഞ്ചഭൗതികമായ ഈ ജഡശരീരമാണൊ ? ഇതിനെ അവര്‍ ലക്ഷ്യം വെയ്‌ക്കയില്ല. ബൊമ്മ ഗൃഹങ്ങള്‍പോലെ, ബ്രഹ്മകല്പങ്ങളിലുള്ള കല്പിത ചിത്രങ്ങള്‍ക്കു സ്ഥിരത്വം കല്പിക്കുക സാധ്യമാകുമൊ ? “എന്നരുളി ഭഗവാന്‍.
11-4-46.