അര്‍ജ്ജുനവിഷാദയോഗം 20-30 – ജ്ഞാനേശ്വരി ഭഗവദ്ഗീത
ജ്ഞാനേശ്വരി – ആമുഖം വായിക്കുക.
ശ്ലോകം 20
അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ
ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസംപാതേ
ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യ
മിദമാഹ മഹീപതേ
അര്‍ത്ഥം:
ഹേ മഹാരാജാവേ, അനന്തരം ഹനുമാനാകുന്ന കൊടിയടയാളത്തോടുകൂടിയ അര്‍ജ്ജുനന്‍ യുദ്ധോദ്യുക്തരായ ദുര്യോധനാദികളെ കണ്ടിട്ട് ആയുധം പ്രയോഗിക്കേണ്ട സമയമായപ്പോള്‍ വില്ല് ഉയര്‍ത്തിപ്പിടിച്ചു ശ്രീകൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.
ഭാഷ്യം:
ധൃതരാഷ്ട്രസൈന്യം വീണ്ടും ശക്തമായി. സേനാനായകന്മാര്‍ സേനയുടെ നിയന്ത്രണം ഏറ്റെടുത്തു. അവര്‍ എല്ലാവിധ കരുതലോടും തയാറെടുപ്പോടുംകൂടി മുന്നോട്ടു കുതിച്ചു. അപ്പോള്‍ അസ്ത്രപ്രയോഗത്തിന് സമയമായി എന്ന് മനസ്സിലാക്കിയ അര്‍ജ്ജുനന്‍ ആമോദത്തോടെ തന്റെ വില്ല് അനായാസേന കൈയില്‍ എടുത്തു. എന്നിട്ട് ഹൃഷികേശനായ കൃഷ്ണനോട് പറഞ്ഞു:
ശ്ലോകം 21
അര്‍ജ്ജുന ഉവാച:
സേനയോരുഭയോര്‍മ്മദ്ധ്യേ
രഥം സ്ഥാപയമേച്യുത
ശ്ലോകം 22
യാവദേതാന്‍ നിരീക്ഷേഹം
യോദ്ധു കാമാനവസ്ഥിതാന്‍
കൈര്‍മയാ സഹ യോദ്ധവ്യം
അസ്മിന്‍ രണസമുദ്യമേ.
ശ്ലോകം 23
യോത്സ്യമാനാനവേക്ഷേഹം
യ ഏതേത്ര സമാഗതാഃ
ധാര്‍ത്തരാഷ്ട്രസ്യ ദുര്‍ബുദ്ധേഃ
യുദ്ധേ പ്രിയചികീര്‍ഷവഃ
അര്‍ത്ഥം:
ഹേ അച്യുത, ദുഷ്ടബുദ്ധിയായ ദുര്യോധനന്റെ പ്രീതിക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ ഇച്ഛയോടുകൂടി ആരെല്ലാം ഈ യുദ്ധക്കളത്തില്‍ വന്നിരിക്കുന്നുവോ അവരെയും ഈ യുദ്ധാരംഭത്തില്‍ ഞാന്‍ ആരോടെല്ലാം യുദ്ധം ചെയ്യണമോ അവരെയും അതിന് പുറമെ ഇപ്പോള്‍ യുദ്ധത്തിനായി ഒരുമ്പെട്ടവരെയും ഞാന്‍ നല്ലവണ്ണം നോക്കിക്കണ്ടറിയുന്നതുവരെ രണ്ടു സൈന്യങ്ങളുടെയും നടുവില്‍ എന്റെ രഥത്തെ നിര്‍ത്തിയാലും.
ഭാഷ്യം:
അച്യുതാ, എന്റെ രഥം രണ്ടു സൈന്യങ്ങളുടെയും ഇടയിലേക്ക് നയിച്ചു അതിന്റെ മദ്ധ്യത്തില്‍ കൊണ്ടുപോയി നിര്‍ത്തുക. യുദ്ധം ചെയ്യാന്‍ ഇവിടെ ആഗതരായിരിക്കുന്ന എല്ലാ യോദ്ധാക്കളേയും ഞാനൊന്നു കാണട്ടെ. ആരോടാണ് യുദ്ധം ചെയ്യേണ്ടതെന്ന് എനിക്കറിയണം. കൗരവര്‍ യുദ്ധക്കൊതിയന്മാരും ചതിയന്മാരുമാണ്. അവര്‍ ദുരാഗ്രഹികളാണ്. യുദ്ധം ചെയ്യുന്നതിനുള്ള ആശ അവര്‍ക്ക് ഉണ്ടെങ്കിലും ധൈര്യം കുറവാണ്. അവര്‍ക്ക് യുദ്ധത്തിന് അഭിരുചിയുണ്ടെങ്കിലും അതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരാണ്.
ശ്ലോകം 24
ഏവമുക്തോ ഹൃഷീകേശോ
ഗുഡാകേശേന ഭാരത,
സേനയോരുഭയോര്‍മദ്ധ്യേ
സ്ഥാപയിത്വാ രഥോത്തമം
ശ്ലോകം 25
ഭീഷ്മദ്രോണ പ്രമുഖതഃ
സര്‍വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ത്ഥ, പശ്യൈതാന്‍
സമവേതാന്‍ കുരൂനിതി
ശ്ലോകം 26
തത്രാപശ്യത് സ്ഥിതാന്‍ പാര്‍ത്ഥഃ
പിതൃനഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍
പുത്രാന്‍ പൗത്രാന്‍ സഖീംസ്തഥാ
ശ്ലോകം 27
ശ്വശുരാന്‍ സുഹൃദശ്‍ചൈവ
സേനയോരുഭയോരപി.
താന്‍ സമീക്ഷ്യ സ കൗന്തേയഃ
സര്‍വാന്‍ ബന്ധൂനവസ്ഥിതാന്‍
കൃപയാ പരയാവിഷ്ടോ
വിഷീദന്നിദമബ്രവീത്
അര്‍ത്ഥം:
സഞ്ജയന്‍ പറഞ്ഞു:
അല്ലയോ ധൃതരാഷ്ട്ര മഹാരാജാവേ,
അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ രണ്ടു സേനകളുടെയും മദ്ധ്യത്തില്‍, ഭീഷ്മര്‍, ദ്രോണര്‍ , മുതലായ എല്ലാ രാജാക്കന്മാരുടെയും മുന്നിലായി ശ്രേഷ്ഠമായ തേരിനെ നിര്‍ത്തിയിട്ട് ‘ഹേ അര്‍ജ്ജുന, ചേര്‍ന്ന് നില്ക്കുന്ന ഈ കൗരവസൈന്യത്തെ കണ്ടാലും’ എന്നുപറഞ്ഞു.
അപ്പോള്‍ അവിടെ അര്‍ജ്ജുനന്‍ രണ്ടു സൈന്യങ്ങളിലും നില്‍ക്കുന്ന പിതാക്കന്മാരെയും മുത്തച്ഛന്മാരേയും ഗുരുക്കന്മാരേയും അമ്മാവന്മാരേയും സഹോദരന്മാരെയും പുത്രന്മാരെയും പൌത്രന്മാരെയും സഖികളെയും അപ്രകാരം തന്നെ സുഹൃത്തുക്കളെയും ഭാര്യാപിതാക്കന്മാരെയും കണ്ടു. ആ അര്‍ജ്ജുനന്‍ യുദ്ധക്കളത്തില്‍ നില്‍ക്കുന്ന എല്ലാ ബന്ധുജനങ്ങളെയും കണ്ടിട്ട് വളരെ ദയയോടുകൂടിയാണ് ദുഖിതനുമായി താഴെ പറയും പ്രകാരം പറഞ്ഞു.
ഭാഷ്യം:
സഞ്ജയന്‍ പറഞ്ഞു:
അര്‍ജ്ജുനന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഭഗവാന്‍ കൃഷ്ണന്‍ രഥം ഇരുസൈന്യങ്ങളുടെയും മദ്ധ്യത്തിലേക്ക് നയിച്ചു. ഭീഷ്മരുടെയും ദ്രോണരുടേയും മറ്റും മുന്നിലായി രഥം നിര്‍ത്തി. അര്‍ജ്ജുനന്‍ ഭീഷ്മദ്രോണാദികളെയും മറ്റു ബന്ധുക്കളെയും രാജാക്കന്മാരെയും മുഖത്തോടു മുഖം കണ്ടു. അവന്‍ ചുറ്റുപാടും തിരിഞ്ഞു മുഴുവന്‍ സൈന്യത്തെയും വീക്ഷിച്ചു. മനക്ഷോഭംകൊണ്ടു കുഴങ്ങി. അവന്‍ പറഞ്ഞു.
നോക്കുക, ഇവരെല്ലാം നമ്മുടെ ബന്ധുക്കളും പൂര്‍വ്വജന്മരുമാണ്.
ഇതു കേട്ടപ്പോള്‍ കൃഷ്ണന്‍ നിമിഷനേരത്തേക്ക് വിസ്മയാകുലനായി. അദ്ദേഹം സ്വയം പറഞ്ഞു.
അര്‍ജ്ജുനന്റെ മനസ്സില്‍ എന്താണെന്ന് ആര്‍ക്കറിയാം. ഏതായാലും വളരെ വിചിത്രമായിരിക്കുന്നു.
എല്ലാംജീവികളുടെയും നിയന്താവെന്ന നിലയില്‍ അര്‍ജ്ജുനന്റെ മനോഗതം എന്താണെന്നറിവുള്ള കൃഷ്ണന്‍ തല്‍ക്കാലം ഒന്നും പറയാതെ മൌനം പാലിച്ചതേയുള്ളൂ.
അവിടെ അണിനിരന്നു നില്‍ക്കുന്ന പിതാക്കന്മാരെയും മുത്തച്ഛന്മാരേയും ആചാര്യന്മാരെയും അമ്മാവന്മാരേയും സഹോദരന്മാരെയും പുത്രന്മാരെയും പൌത്രന്മാരെയും ഭാര്യാപിതാക്കന്മാരെയും അര്‍ജ്ജുനന്‍ കണ്ടു. അക്കൂട്ടത്തില്‍ വിഷമസന്ധിയില്‍ താന്‍ സഹായിച്ചിട്ടുല്ലാവരും ചെറുപ്പക്കാരും മുതിര്‍ന്നവരുമായ തന്റെ ബന്ധുക്കളും ഉണ്ടായിരുന്നു.
ഒരേ ഗോത്രത്തിലുള്ളവര്‍ ഇരുഭാഗത്തും യുദ്ധം ചെയ്യുന്നതിന് തയ്യാറായി നില്ക്കുന്നത് കണ്ടപ്പോള്‍ പാര്‍ത്ഥന്റെ ചിത്തം കുഴഞ്ഞുമറിഞ്ഞു. ഹൃദയം പരിതപ്തമായി. ഈ സ്വഭാവഭേദത്തില്‍ പ്രധിക്ഷേധിച്ചു അവന് സ്വതസിദ്ധവും വീരോചിതവുമായ അവന്റെ നെഞ്ചുരപ്പ് അവനെ വിട്ടുപിരിഞ്ഞു. സുന്ദരിയും സുശീലയും അഭിജാതയുമായ ഒരു പത്നി തന്റെ പതിയോടു മറ്റൊരുവള്‍ക്കുണ്ടാകുന്ന അനുരാഗം ഒരിക്കലും പൊറുക്കുകയില്ല. തീവ്രമായ യാതനകള്‍കൊണ്ടു ജിതേന്ദ്രിയനായ ഒരു യോഗി വ്യാമോഹങ്ങളില്‍പ്പെട്ടാല്‍ അദ്ദേഹത്തിന്റെ തപോധനം നഷ്ടപ്പെടും. മന്ത്രോച്ചാരണത്തില്‍ തെറ്റുപറ്റുന്ന മന്ത്രവാദിയെ പിശാച് പീഡിപ്പിക്കും. അര്‍ജ്ജുനന്റെ സ്ഥിതിയും അതുപോലെയായി. അവന്റെ ഹൃദയം ആര്‍ദ്രഭാവത്തിന് അടിമപ്പെട്ടപ്പോള്‍ അവന്റെ കിടയറ്റ പൗരുഷം അവനെ കൈവെടിഞ്ഞു.
ചന്ദ്രരശ്മികള്‍ തട്ടുമ്പോള്‍ ജലം ചൊരിയുന്ന ചന്ദ്രകാന്തക്കല്ലില്‍നിന്നെന്നപോലെ അര്‍ജ്ജുനന്റെ ഹൃദയത്തില്‍നിന്നു കനിവിന്റെ ജലകണങ്ങള്‍ ഊര്‍ന്നിറങ്ങി.അത്യധികമായ കാരുണ്യംകൊണ്ട് അവശനായ അവന്‍ വിഷാദംപൂണ്ട് അരവിന്ദാക്ഷനോട് പറഞ്ഞു.
ശ്ലോകം 28
ദൃഷ്ട്വേമം സ്വജനം കൃഷ്ണ
യുയുത്സും സമുപസ്ഥിതം
ശ്ലോകം 29
സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി
വേപഥുശ്‍ച ശരീരേ മേ
രോമഹര്‍ഷശ്‍ച ജായതേ
ശ്ലോകം 30
ഗാണ്ഡീവം സ്രംസതേ ഹസ്താത്
ത്വക്‌ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ
അര്‍ത്ഥം:
ഹേ കൃഷ്ണ! യുദ്ധം ചെയ്യാനാഗ്രഹിച്ചു മുന്നില്‍ നില്ക്കുന്ന ഈ സ്വജനത്തെ കണ്ടിട്ട് എന്റെ അവയവങ്ങള്‍ തളരുന്നു. വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരത്തില്‍ വിറയലും രോമാഞ്ചവും ഉണ്ടാക്കുന്നു.
കയ്യില്‍ നിന്നു വില്ല് വഴുതിപ്പോകുന്നു. ദേഹം മുഴുവന്‍ ചുട്ടുനീറുകയും ചെയ്യുന്നു. നേരെ നില്‍ക്കാന്‍പോലും എനിക്ക് ശക്തിയില്ലാതായിരിക്കുന്നു. എന്റെ മനസ്സ് ഭ്രമിക്കുന്നതായും തോന്നുന്നു.
ഭാഷ്യം:
അല്ലയോ കൃഷ്ണാ, ഭഗവാനെ, എന്റെ മുന്നില്‍ കാണുന്നവരെല്ലാം എന്റെ ഗോത്രത്തില്‍പ്പെട്ട സ്വജനങ്ങളാണ്. അവര്‍ യുദ്ധത്തിനു തയ്യാറായി നില്ക്കുന്നുവെന്നത് ശരിതന്നെ. എങ്കിലും അവരുമായി യുദ്ധം ചെയ്യുന്നത് ഉചിതമാണോ? എനിക്ക് ഒന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. എന്റെ മനസ്സ് വിഭ്രാന്തികൊണ്ട് ചുറ്റിക്കറങ്ങുന്നു. എന്റെ ഓര്‍മ്മശക്തി നശിച്ചതുപോലെ തോന്നുന്നു. എന്റെ ശരീരാവയവങ്ങള്‍ തളരുന്നു. മുഖം ഉണങ്ങി വരളുന്നു. എന്റെ ദേഹത്ത് വിറയലും രോമാഞ്ചവും ഉണ്ടാകുന്നു.എന്റെ കൈകള്‍ക്ക് വില്ല് പിടിക്കാനുള്ള ശക്തിതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഗാണ്ഡീവം എന്റെ കയ്യില്‍നിന്നു വഴുതിപ്പോകുന്നു.
സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറയുകയാണ്: അര്‍ജ്ജുനന്‍ ഒരിക്കല്‍ പരമശിവനെത്തന്നെ ജയിച്ചതാണ്. നിവാതകവചന്മാരെ ഒറ്റയ്ക്ക് ഒടുക്കിയതാണ്. സാധാരണയായി നിര്‍ദ്ദയവും കര്‍ക്കശവും വജ്രസമാനം കാഠിന്യമുള്ളതുമായ ഒരു മനസ്സിന്റെ ഉടമയുമാണ്. എന്നിട്ടും അവന്റെ ഹൃദയം അനുകമ്പകൊണ്ട് ആര്‍ദ്രമായിരിക്കുന്നത് വിചിത്രമായിരിക്കുന്നു.
ഏത് കാഠിന്യമേറിയ മരത്തെയും തുളച്ചു കയറാനുള്ള കരുത്ത് വണ്ടിനുണ്ട്. എന്നാല്‍ തന്റെ പ്രേമഭാജനമായ കൂമ്പിയ താമരപ്പൂവില്‍ അകപ്പെട്ടു കഴിഞ്ഞാല്‍, ആ പൂവിന്റെ മൃദുലമായ ഇതളുകള്‍ തുളച്ചു പുറത്തിറങ്ങാന്‍ കഴിയാതെ ഉള്ളില്‍ത്തന്നെയിരുന്നു അതിന്റെ ജീവന്‍ ഒടുങ്ങുന്നു. അതുപോലെ ഹൃദ്യമായ സ്നേത്തിന്റെയും സ്നിഗ്ധമായ ബന്ധുത്വത്തിന്റെയും കെട്ടുപാടില്‍ നിന്നു പുറത്തിറങ്ങുക പ്രയാസകരമാണ്. അതാണ് മായാവൈഭവം. ഇതില്‍നിന്നും മോചനം നേടാന്‍ ബ്രഹ്മാവിനുപോലും സാദ്ധ്യമല്ല.
യുദ്ധസന്നദ്ധരായി വന്നുനില്ക്കുന്ന സ്വജനങ്ങളെ കണ്ട അര്‍ജ്ജുനന്‍ ആത്മാഭിമാനം വിസ്മരിക്കയാല്‍ യുദ്ധത്തിനുള്ള കാരുണ്യാതിരേകം ഉണ്ടായത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല.