ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകംഎന്ന വേദാന്തപ്രകരണ ഗ്രന്ഥത്തിന് ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്.

സ്വസ്വരൂപമായ ബ്രഹ്മഭാവം അറിയായ്കകൊണ്ടാണ് പ്രപഞ്ചം ഉണ്ടെന്ന് തോന്നുന്നത്. പൂര്‍ണ്ണമായ ആത്മബോധം ഉദയം ചെയ്യുന്ന നിമിഷം അതില്ലാതാകും. മനസ്സിനേയും വാക്കിനേയും കടന്നു നില്ക്കുന്നതും നിത്യശുദ്ധവും നിത്യമുക്തവുമാണ് ബ്രഹ്മസ്വരൂപം. ശാശ്വതമായ ആ പരബ്രഹ്മവസ്തുതന്നെയാണ് ഞാന്‍. ഉജ്ജ്വലമായ ഈ സാക്ഷാത്കാരദശയാണ് ‘മനീഷാപഞ്ചക’ത്തിലെ രണ്ട‍ാം പദ്യം വിവരിക്കുന്നത്. ഇപ്രകാരമുള്ള സാക്ഷാത്കാരം ഉറപ്പായി നേടിയ ആളാണല്ലോ സ്ഥിതപ്രജ്ഞന്‍ അഥവാ ജീവമുക്തന്‍. ജനനംകൊണ്ട് ചണ്ഡാലനായാലും ബ്രാഹ്മണനായാലും സ്ഥിതപ്രജ്ഞത സിദ്ധിച്ചയാള്‍ പരമാചാര്യന്‍തന്നെയാണ് പ്രസ്തുതപദ്യം പ്രഖ്യാപിക്കുന്നത്. ഇനി നമുക്ക് പദ്യമൊന്നു വായിക്ക‍ാം.

ബ്രഹൈ്മവാഹമിദം ജഗച്ച സകലം ചിന്മാത്രവിസ്താരിതം
സര്‍വ്വം ചൈതദവിദ്യയാ ത്രിഗുണയാശേഷം മയാ കല്പിതം
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മ്മലേ
ചണ്ഡാലോസ്തു സ തു ദ്വിജോസ്തു ഗുരുരിത്യേഷാ മനീഷാ മമ.

അഹം ബ്രഹ്മ ഏവ = ഞാന്‍ ബ്രഹ്മം തന്നെയാണ്; ഇദം നിഖിലം ജഗത് ച = ഈ മുഴുവന്‍ ജഗത്തും; ചിന്മാത്രവിസ്താരിതം = ബോധസത്തയുടെ തന്നെ പ്രകടരൂപമാണ്; ഏതത്സര്‍വ്വം = പലതായിക്കാണുന്ന ഈ സര്‍വ്വവും, അശേഷം = സമ്പൂര്‍ണ്ണമായി;ത്രിഗുണയാ = സത്ത്വം, രജസ്സ്, തമസ്സ് എന്ന മുന്നു ഗുണങ്ങളോടുകൂടിയ; അവിദ്യയാ = അവിദ്യവഴിയായി, മയാകല്പിതം = എന്നാല്‍തന്നെ സങ്കല്പിച്ചു കാണപ്പെടുന്നതാണ്; സുഖതരേ = അതിരറ്റ സുഖസ്വരൂപവും; നിത്യേ = അഴിവില്ലാത്തതും; പരേ = പ്രപഞ്ചത്തിന്റെ പരമകാരണവും; നിര്‍മ്മലേ = കളങ്കമറ്റതും ആയ ബ്രഹ്മവസ്തുവില്‍; യസ്യ = ഏതൊരാള്‍ക്ക്;ഇത്ഥം ദൃഢാ മതിഃ = ഇപ്രകാരം ഉറപ്പായ ബുദ്ധിവന്നുചേരുന്നുവോ; സഃതുചണ്ഡലാഃ അസ്തു = അയാള്‍ ചണ്ഡാളനായിക്കൊള്ളട്ടെ; ദ്വിജഃഅസ്തു = അഥവാ ബ്രഹ്മണനായിക്കൊള്ളട്ടെ; ഗുരുഃഗുരുവാണ്; ഇതിഏഷാ = ഇക്കാര്യം; മമ മനീഷാ = എന്റെ ഉറപ്പുറ്റ നിശ്ചയമാണ്.

ഞാന്‍ ബ്രഹ്മംതന്നെയാണ്. ഇക്കാണുന്ന മുഴുവന്‍ ജഗത്തും ബോധസത്തയുടെ തന്നെ പ്രകടരൂപമാണ്; പലതായിക്കാണപ്പെടുന്ന ഈ പ്രപഞ്ചം മുഴുവന്‍ ത്രിഗുണാത്മികയായ അവിദ്യ വഴിയായി എന്നാല്‍ സങ്കല്പിച്ചു കാണപ്പെടുന്നതാണ്. അതിരറ്റ സുഖസ്വരൂപവും അഴിവില്ലാത്തതും, പ്രപഞ്ചത്തിന്റെ പരമകാരണവും കളങ്കമറ്റതുമായ പ്രഹ്മത്തില്‍ ഏതൊരാള്‍ക്ക് ഇപ്രകാരം ഉറപ്പായ ബുദ്ധി വന്നു ചേരുന്നുവോ അയാള്‍ ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആകട്ടെ, ഗുരുവാണ്. ഇത് എന്റെ ഉറപ്പുറ്റ നിശ്ചയമത്രേ.

ഞാന്‍ ബ്രഹ്മസ്വരൂപന്‍തന്നെയാണ്. ഈ ജഗത്തുമുഴുവനും ആ ജ്ഞാനമൂര്‍ത്തിയുടതന്നെ പ്രകടനമാണ്. ഭിന്നങ്ങളായിക്കാണപ്പെടുന്ന നാമരൂപങ്ങള്‍ ത്രിഗുണാത്മികയായ അവിദ്യുടെ കല്പനകളും ആനന്ദസ്വരൂപവും നിത്യവും നാമരൂപരഹിതവും പവിത്രവുമായ ഈ സത്യസ്ഥിതി ഉറപ്പായി ആര്‍ക്കുകൈവന്നിട്ടുണ്ടോ അയാള്‍ ശരീരം കൊണ്ടു ചണ്ഡാലനായാലും വേണ്ടില്ല ബ്രാഹ്മണനായാലും വേണ്ടില്ല, ഗുരുവാണ്. ഇതെന്റെ സുനിശ്ചിതമായ തീരുമാനമത്രേ.

ബ്രഹ്മസ്വരൂപമാണ് താനെന്നറിഞ്ഞു. ജഗത്തും പൂര്‍ണ്ണമായി ആ സച്ചിദാനന്ദമൂര്‍ത്തിയാണെന്നു വെളിപ്പെട്ടു. ഈ സാക്ഷാത്കാരത്തോടെ വര്‍ത്തിക്കുന്ന ഒരു ജീവന്മുക്തന്റെ മുന്‍പിലും നാമരൂപങ്ങള്‍ പ്രതിഭാസിച്ചുവെന്നുവര‍ാം. പക്ഷെ അവ ഒരിക്കലും ഒരു സ്ഥിതപ്രജ്ഞന് ബന്ധകാരണങ്ങളായിത്തീരുന്നില്ല. മരുഭൂമിയിലെ കാനല്‍ജലം മിഥ്യയാണെന്നു ശാസ്ത്രീയമായി തെളിഞ്ഞുവെന്നിരിക്കട്ടെ ഈ വസ്തുത ധരിച്ചിട്ടുള്ളയാള്‍ക്കും മദ്ധ്യാഹ്നത്തില്‍ മരുഭൂമിയിലേയ്ക്കു നോക്കിയാല്‍ വെള്ളം അലയടിക്കുന്നതായി തോന്നിയെന്നുവര‍ാം. എന്നാല്‍ ആ വെള്ളം കുടിക്കുവാന്‍ അയാള്‍ ഒരിക്കലും ഓടിയണയുകയില്ല. ഈ അറിവ് ഇല്ലാത്ത മാന്‍പേടകള്‍ മൃഗതൃഷ്ണയെ പിന്‍തുടര്‍ന്നു ദാഹം വര്‍ദ്ധിച്ചു നിലംപതിക്കുകയും ചെയ്യും. അതുപോലെ പ്രാരബ്ധഫലമായ ശരീരം നിലനില്ക്കുന്നിടത്തോളം ജീവന്മുക്തനും നാമരൂപങ്ങള്‍ പ്രതിഭാസിച്ചുവെന്നു വര‍ാം. പക്ഷെ അവ ഒരിക്കലും അദ്ദേഹത്തിന് ബന്ധകാരണമായിത്തിരുന്നില്ല. നിത്യനായ ചേതനനില്‍ അധ്യാസരൂപിണിയായ അവിദ്യയുടെ രജോമണ്ഡലം. ആനന്ദത്തെയും പ്രസ്ഫൂരിപ്പിക്കുന്ന സ്നേഹികാരണ്യാദി അതിസൂക്ഷ്മജഡാധ്യാസമാണണ് അവിദ്യയുടെ സത്ത്വമണ്ഡലം. പഞ്ചഭൂതാത്മകമായ ജഗത്തിലും വ്യക്തിയിലും ഈ സൂക്ഷമസ്ഥൂലജഡാദ്ധ്യാസങ്ങള്‍ വേര്‍തിരിച്ചു കാണാന്‍ കഴിയും. ആകാശം അതി സൂക്ഷ്മമായ സത്ത്വജഡമാണെങ്കില്‍ വായു കൂറെക്കൂടി സ്ഥൂലരൂപം പ്രാപിച്ച രാജസജഡമാണ്. ജഡപ്രതിഭാസങ്ങളുടെ ഈ താരതമ്യമാണ് ഗുണമണ്ഡലങ്ങള്‍ക്കാധാരം. ബാഹ്യജഡപ്രപഞ്ചം നേരിട്ട് പരമാത്മസത്തയില്‍ ത്രിഗുണാത്മികയായ അവിദ്യയുടെ അധ്യാരോപമാണ്. വ്യക്തിഗതമായ സുഖദുഃഖങ്ങളും കര്‍ത്തൃത്വഭോക്തൃത്വങ്ങളും വ്യക്തിശരീരഗതങ്ങളായ അഹംബോധത്തില്‍ അവിദ്യാകല്പിതങ്ങളാണ്. അവിദ്യയുടെ വേര്‍തിരിഞ്ഞുള്ള ഇത്തരം ജഡാദ്ധ്യായസങ്ങളെ ആകെ സമാഹരിക്കുന്നതാണ് “സര്‍വ്വം ചൈതദവിദ്യയാത്രിഗുണയാ ശേഷം മയാ കല്പിതം” എന്ന രണ്ടാമത്തെ വരി. അവിദ്യാമണ്ഡലത്തില്‍നിന്നു നോക്കുമ്പോള്‍ കര്‍ത്താവും ഭോക്താവും ഗുണമണ്ഡലങ്ങളും എല്ല‍ാം ഭിന്നമാണെന്നു തോന്ന‍ാം. നിത്യശുദ്ധബുദ്ധമുക്തസ്വഭാവനായ ചേതനന്റെ തലത്തിലെത്തുമ്പോള്‍ അവിടെ ജഡാദ്ധ്യാസങ്ങളെല്ല‍ാം അസ്തമിക്കുന്നു. ആ അദ്വയാ നന്ദസത്തയെ സാക്ഷാദനുഭവിക്കുന്നയാള്‍ അരായാലും അഭിവന്ദ്യമായ ആചാര്യപദവിക്ക് അര്‍ഹന്‍തന്നെ.

ഈ ഗ്രന്ഥം പൂര്‍ണ്ണമായി പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്. ഈ കൃതിയെ അധികരിച്ച് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി ഈ വെബ്സൈറ്റില്‍ നിന്നും ശ്രവിക്ക‍ാം, ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സൗകര്യത്തില്‍ കേള്‍ക്കാവുന്നതുമാണ്. [മനീഷാപഞ്ചകം – MP3, PDF Download]