ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘അസ്തി, ഭാതി, പ്രിയം’ (ശ്രീരമണ തിരുവായ്മൊഴി)
ഇന്നലെ കാലത്തെ പത്തുമണിക്ക് ഒരു പാര്‍സി ഡോക്ടര്‍ ഒരു കത്തു ശ്രീരമണമഹര്‍ഷിയ്ക്കു കൊടുത്തു. ശ്രീഭഗവാന്‍ ആ കത്ത് ഒരു ഭക്തനെ കൊണ്ടു വായിപ്പിച്ചു. “പ്രശ്നവും, പ്രത്യുത്തരവും എല്ലാം താന്‍ തന്നെ എഴുതിയിരിക്കുന്നവല്ലൊ? ഇനി പറയാനെന്തുണ്ട്? ” എന്നരുളി.
അത് വായിച്ചവര്‍ ഭഗവാനെ നോക്കി, “അസ്തി ഭാതിപ്രിയം എന്നെഴുതിരിക്കുന്നുവല്ലൊ; അര്‍ത്ഥമെന്താണ്?” എന്നു ചോദിച്ചു.
“അസ്തി, എന്നാല്‍ സത്യമായുള്ളത്, ഭാതി എന്നാല്‍ പ്രകാശിക്കുന്നത്, “പ്രിയം” എന്നാല്‍ ആനന്ദസ്വരൂപമെന്നര്‍ത്ഥം; സത്ത്, ചിത്തം, ആനന്ദം തന്നെയാണ് അസ്തി, ഭാതി, പ്രിയം എന്നു പറയുന്നതും. എല്ലാം ഒന്നുതന്നെ.
“‘ആത്മാവ് നാമരൂപമാകയാല്‍ ജ്ഞാനാതീതഭക്തിയാല്‍ ധ്യാനിക്കാമോ?’ എന്നുണ്ടല്ലോ ആ കത്തില്‍, അതെന്താണ്?” എന്നുചോദിച്ചു ആ ഭക്തന്‍ .
ധ്യാനിക്കണമെങ്കില്‍ ദ്വൈത്വം ഏര്‍പ്പടേണമല്ലൊ. ധ്യാനിക്കുന്നവനെന്നും, ധ്യാനിക്കേണ്ടതെന്നും രണ്ടാകണ്ടേ? ‘ആത്മ’നാമരൂപരഹിതമെന്നത് സത്യം തന്നെ. നാമരൂപരഹിമായതിനെ ധ്യാനിക്കുന്നത് എങ്ങനെയാണ്? ജ്ഞാനാതീതഭക്തി എന്നാല്‍ , സാക്ഷിമാത്രമായ താനല്ലയോ? താനാണു കണ്ണു, ആ കണ്ണ് സര്‍വ്വത്ര നിറഞ്ഞിരിക്കുന്നു. ഒരേകണ്ണ്. പിന്നെ ധ്യാനിക്കേണ്ടതു ഏതിനെ? ധ്യാനിക്കുന്നവനാര്? സര്‍വ്വത്ര നിറഞ്ഞ ആ കണ്ണുതന്നെ അസ്തി, ഭാതി, പ്രിയം, സത്ത്, ചിത് ആനന്ദം പിന്നെയുമെന്തൊക്കയോ ആയിതീരുന്നു. എത്രയോ പേരുകള്‍ . ഉള്ള വസ്തു ഒന്നു (ഏകം) ഭഗവാന്‍ അരുളി.
20-4-46