ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ഉള്ള വസ്തു ഒന്ന്’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നു മദ്ധ്യാഹ്നം. ഒരു, മുസല്‍മാന്‍ കുറച്ചാളുകളോടുകൂടി വന്നു. വരവു കണ്ടാല്‍ ചോദ്യത്തിന്നു വന്നമാതിരിയുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ചോദ്യം തുടങ്ങി. “അള്ളാവി”നെ എങ്ങിനെ കാണും ? ഏതുവിധത്തില്‍ കാണും ? എന്നാണ് പ്രശ്നം. ഭഗവാന്‍ യഥാപ്രകാരം, “ഇതൊക്കെ വിമര്‍ശിക്കുന്ന നീ ആരാണ് ? “ആദ്യം അത് അറിയുക. പിന്നീടു ‘അള്ളാ’വിനെ അറിയും.

ഈ വടി ‘അള്ളാ’വാണെന്നു ധ്യാനിച്ചാല്‍ അത് ‘അള്ളാ’വായിക്കാണപ്പെടുമോ ? ഏതു വിധത്തില്‍ കാണാന്‍ കഴിയും, എന്നു പിന്നേയും ആ യുവാവ് ചോദിച്ചു. “എപ്പോഴും നശിക്കാത്ത സത്യപദാര്‍ത്ഥത്തിന്നാണ് ‘അള്ളാ’ എന്ന പേര്‍. ആദ്യം നിന്നെ നീ അറിയുക എന്നാല്‍ സത്യം കാണാന്‍ കഴിയും. അപ്പോള്‍ ‘അള്ളാ’വിനെ എങ്ങിനെ അറിയും, കാണും എന്ന ചോദ്യമുണ്ടാവുകയില്ല”എന്നരുളി. അതോടെ അയാളുടെ ചോദ്യം അവസാനിച്ചു. അയാള്‍ പോയപ്പോള്‍ ഹാളില്‍ ഉള്ളവരെ നോക്കി, കേട്ടുവോ ! “അള്ളാവിനെ കാണണമത്രെ. ഈ കണ്ണുകൊണ്ടാണൊ കാണുക, ഈ കണ്ണാല്‍ എങ്ങിനെ കാണ്മാന്‍ സാധിക്കും ? ”

ഇന്നലെ ഒരു ഹിന്ദു “ഓങ്കാരമെന്നാല്‍ ഈശ്വരന്റെ പേരാണൊ ? എന്നു ഭഗവാനൊടു ചോദിച്ചു. “ഓങ്കാരമാണ് ഈശ്വരന്‍, ഈശ്വരന്‍ തന്നെ ഓങ്കാരവും. ഓങ്കാരം തന്നെ സ്വരൂപമെന്നതും ചിലര്‍ സത്യവസ്തുവിനും ഓങ്കാരമെന്നു പറയുന്നു. ശക്തിയെന്നും, ശിവനെന്നും, യേശുവെന്നും, അള്ളാവെന്നും പറയുന്നു. പേര്‍ഏതായാലും ശരി, “ഉള്ള വസ്തു ഒന്നുമാത്രമാണ്”എന്നു ഭഗവാനരുളി.

നാലഞ്ചുദിവസംമുമ്പ് ആരുടെയൊ പ്രശ്നത്തിനെ പുരസ്കരിച്ചുകൊണ്ട് ആശ്രമഭക്തന്മാരിലൊരാള്‍ ഭഗവാനോടീവിധം ചോദിച്ചു: “ആനന്ദം ലയമെന്നു പറഞ്ഞുവല്ലോ! പിന്നെ ധ്യാനം, സമാധി, സമാധാനം എന്നാലെന്ത് ? “ആനന്ദത്തില്‍ അവസാനിക്കയില്ല. ആനന്ദത്തെ അനുഭവിക്കാന്‍ ഒരാള്‍ വേണമല്ലോ. ആ ഉള്ള വസ്തുവിനെ അറിയണ്ടായൊ ? അറിഞ്ഞില്ലെങ്കില്‍ അതു ധ്യാനമെങ്ങിനെയാകും ? അനുഭവിക്കുന്നവനെ അറിഞ്ഞാല്‍ അവന്‍ തന്നെ താനായിത്തീരും. താന്‍ താനായ്ക്കഴിഞ്ഞാല്‍ അതു തന്നെ ധ്യാനമായ്ത്തീരും. ധ്യാനമെന്നാല്‍ സ്വരൂപമെന്നര്‍ത്ഥം, അതുതന്നെ സമാധിയും, സമാധാനവും” എന്നരുളി ഭഗവാന്‍.

3-6-46