ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ജപതപാദികള്‍’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നലെ ഒരു സല്‍ബ്രാഹ്മണന്‍ ഇവിടെ വന്നു. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളും രുദ്രാക്ഷമാലയും കണ്ടാല്‍ മന്ത്രജപപാരായണനാണെന്നു തോന്നിക്കും. ഭഗവാന്‍ വിരൂപാക്ഷിഗുഹയില്‍ ഉള്ളപ്പോള്‍ ഒരുതവണ ദര്‍ശനത്തീന്നു വന്നിരുന്നുപോല്‍. ഇന്നു മദ്ധ്യാഹ്നം ഭഗവാനെ സമീപിച്ചു ” സ്വാമീ ! പഞ്ചാക്ഷരമൊ, താരകമൊ ഏതെങ്കിലും ജപിച്ചു കൊണ്ടിരുന്നാല്‍, സുരപാനാദിദോഷങ്ങള്‍ ഹരിക്കുമോ ? ” എന്നു ചോദിച്ചു. “എന്താണ് നിങ്ങളുടെ ഉദ്ദേശ്യം ? “എന്നു ചോദിച്ചു. ഭഗവാന്‍ “മേല്പറയപ്പെട്ട മന്ത്രങ്ങള്‍ ജപിക്കുന്നവര്‍, ജാരത്വ, സുരാപാനാദികള്‍ചെയ്താല്‍, ആ മന്ത്രജപം കൊണ്ടു ഈ ദോഷങ്ങള്‍ ഹരിക്കാന്‍ സാധിക്കുമൊ ? ഈ പാപങ്ങള്‍ അവരെ അടുക്കാതിരിക്കുമൊ ? എന്ന് പിന്നെയും തര്‍ക്കിച്ചു ചോദിച്ചു.

“ഞാന്‍ ജപിക്കുന്നു എന്ന ഭാവം ഇല്ലാതെയിരുന്നാല്‍ മേല്‍പറഞ്ഞ കാരണത്താലുണ്ടായ ദോഷമൊന്നും അവരെ ബാധിക്കയില്ല. ‘ഞാന്‍’ ജപിക്കുന്നു എന്നഭാവം ഉള്ളപ്പോള്‍ ദുരഭ്യാസത്താലുളവായ പാപം മാത്രം എന്തുകൊണ്ട് അനുഭവിക്കയില്ല ? “എന്നരുളി ഭഗവാന്‍. “ഈ പുണ്യം ആ പാപത്തെ ഹരിക്കയില്ലെ ? എന്നു ചോദിച്ചു ആ ബ്രാഹ്മണന്‍. ഞാന്‍ ചെയ്യുന്നു എന്ന അഹങ്കാരം ഉള്ളവരേക്കും ഏതിനും ഏതിനും അത് അനുഭവച്ചുതീരണം. ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഇല്ലെങ്കില്‍, തനിക്ക് ഒന്നും ബാധിക്കയില്ല. താന്‍ ആരാണെന്നറിഞ്ഞാലല്ലാതെ ‘ഞാന്‍’ ചെയ്യുന്നു എന്ന ഭാവം പോകയില്ല. തന്നെ താനെന്നറിഞ്ഞവന്ന് ജപം ഏത് ? തപം ഏത് ? പ്രാരബ്ധവശാല്‍ ശരീരയാത്രനടക്കുന്നു എന്നല്ലാതെ, അവന്‍ ഒന്നിനേയും ഇച്ഛിക്കുന്നില്ല. പ്രാരബ്ധം എന്നത് ഇച്ഛാപ്രാരബ്ദം, അനിച്ഛാപ്രാരബ്ധം, പരേച്ഛാപ്രാരബ്ദം ഇങ്ങിനെ മൂന്നുവിധത്തിലാണല്ലൊ. തന്നത്താനറിഞ്ഞ തത്വജ്ഞനു ഇച്ഛാപ്രാരബ്ദം ഇല്ലതന്നെ. അനിച്ഛാ, പരേച്ഛാ രണ്ടു മാത്രമെയുള്ളു. അവരെന്തു ചെയ്താലും പരന്മാര്‍ക്കുവേണ്ടി ചെയ്യുന്നു. പ്രാരബ്ധാനുസരണമായ് ചെയ്യേണ്ട പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ചെയ്യു എന്നല്ലാതെ അതിന്റെ ഫലം അവരെ ബാധിക്കുകയില്ല. അങ്ങിനെയുള്ളവര്‍ എപ്പോഴും ലോകത്തെ അനുസരിച്ചു നടക്കുകയല്ലാതെ തെറ്റുകള്‍ ഒന്നും തന്നെ ചെയ്യുകയില്ല. “എന്നു യുക്തിയുക്തമായി അരുള്‍ ചെയ്തു ഭഗവാന്‍.

9-6-46