ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നേക്ക് മൂന്നു ദിവസമില്ലാതെ ആ യുവാവ് വിരാമമില്ലാതെ, ചോദ്യങ്ങള്‍ തുടങ്ങീട്ടു. ശ്രീ ഭഗവാന്‍ സഹനശക്തിയോടുകൂടി തന്റെ ബോധന വിശദീകരിച്ചു കൊണ്ടിരുന്നു. ഇന്നു കാലത്തേ ഒമ്പതു മണിക്കു പിന്നെയും ആരംഭിച്ചു ആ യുവാവ്. സര്‍വ്വം താനാണെന്ന് പറഞ്ഞുവെല്ലൊ. ആ സര്‍വ്വം താനായി ഭവിക്കുക എങ്ങിനെയാണ് ? എന്ന് ചോദിച്ചപ്പോള്‍ ശ്രീഭഗവാന്‍. “സര്‍വ്വം എന്നാലെന്താണ് ? നീ ആരാണ് ? നീ ആരാണെന്ന് മുമ്പെ അറിയു, പറയു, എന്നാല്‍ സര്‍വ്വം സംഗതി ആലോചിക്കാം. ഇത്ര ദിവസവും എത്രയോ ചോദ്യങ്ങള്‍ ചെയ്യുന്നതല്ലതെ “നീ ആര്‍ ! എന്ന എന്റ ചോദ്യത്തിന്നു ഇതു വരേയ്ക്കു ഉത്തരം പറഞ്ഞില്ലല്ലൊ. ആ പ്രയത്നം തീരെയില്ല, എന്താണ് ചോദ്യം ചോദിക്കേണ്ടു എന്ന് ആലോചിച്ചുകൊണ്ടേയിരുന്നാല്‍ തടുക്കാന്‍ സാധിക്കാത്തപ്രവാഹംപോലെ പോയ്ക്കൊണ്ടിരിക്കും. ഇതിന്നു അവസാനമുണ്ടാകയില്ല. തന്നെ വിചാരിച്ചു അറിഞ്ഞുവെങ്കിലെ ശാന്തിയുണ്ടാകൂ. ആ പ്രയത്നം വിട്ടു അവരെങ്ങിനെ ! ഇവരെങ്ങിനെ ! അതെന്താണ്, ഇതെന്താണ് എന്നാലോചിച്ചു ചോദ്യം ചെയ്തുകൊണ്ടിരുന്നതുകൊണ്ട് എന്താണ് ലാഭം ? ഇതൊക്കെ വൃഥാ പ്രയത്നം” എന്നരുളി. . .

“തന്നെ അറിയുവാന്‍ ഗുരുവും സാധനകളും വേണ്ടെ ? “എന്നു ചോദിച്ചു ആ യുവാവ്. “നിനക്കെന്തിനു ഗുരു ? സാധന എന്തിന് ? ഗുരു എന്തു ചെയ്യുവനാണ് ? പറഞ്ഞ മാര്‍ഗ്ഗത്തില്‍ പോയാലല്ലെ ഗുരു സഹായം ? സാധന എന്നു പറയുന്നു. എന്തിനു സാധന ? എന്തിനു സാധന എന്നു ഞാന്‍ ചോദിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ല. വെറുതെ ചോദ്യങ്ങള്‍ ചോദിച്ചു സമയം കളയുന്നു. ഏതോ ഒരു മാര്‍ഗ്ഗമായി പോകയല്ലാതെ പ്രശ്നപരമ്പരയില്‍ ഉത്സാഹം കാണിച്ചിട്ടെന്തു പ്രയോജനം ? നീ ഭക്ഷണം കഴിച്ചാല്‍ നിനക്ക് വയറുനിറയുകയല്ലാതെ മറ്റൊരാള്‍ ഭക്ഷിച്ചാല്‍ നിനക്കു വയറു നിറയുമോ ? അതെങ്ങിനെ, ഇതെങ്ങിനെ എന്ന ചോദ്യങ്ങള്‍ചെയ്തു കൊണ്ട് കാലം കഴിച്ചിട്ടെന്താണ് പ്രയോജനം ? തന്നില്‍ താനടങ്ങി ഉള്ളുണര്‍ന്നാലുള്ള സുഖമുണ്ടൊ ഈ ചോദ്യങ്ങളില്‍ ? ആ പ്രയത്നം വിട്ടു സുഖം ഏതാണ് ? സുഖം ഏതാണ് ? എന്നു ചോദിച്ചുകൊണ്ട് ആകാശവും ഭൂമിയും തിരയുന്നു. ഈ തിരയുന്നതും ഈ ചോദ്യംചെയ്യുന്നതും ആരാണ് എന്ന ആദ്യം ചോദിക്കണം ഇങ്ങിനെ തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല” എന്നരുളി. . . . . .

ഇതിനിടയില്‍ മറ്റൊരാള്‍ “ജീവന് കര്‍മ്മം എങ്ങിനെയുണ്ടായി ? ” എന്നൊരു ചോദ്യം “അസ്സല്‍ ! ജീവന്‍ എന്നതു ആരാണ്, ഏതാണ് എന്നാദ്യം നിര്‍ണ്ണയിച്ചാല്‍ കര്‍മ്മം എങ്ങിനെയുണ്ടായി എന്നു പിന്നീടാലോചിക്കാം. ജീവന്‍ എന്നതു എന്താണോ, അറിയുകയില്ല. ആ ജീവന്നു കര്‍മ്മം എങ്ങിനെയുണ്ടായി ? ആ കര്‍മ്മം ജീവനെ തൊട്ടു നില്‍ക്കുന്നോ അകന്നു നില്‍ക്കുന്നൊ എന്നൊക്കെയാണ് ചിന്തിക്കുന്നത്. ഈ പുറത്തേയ്ക്ക് വിജ്രംഭിക്കുന്ന മനസ്സിനെ അന്തര്‍മ്മുഖമാക്കിയാല്‍ ഈ പ്രശ്നങ്ങളൊന്നും തന്നെ വരികയില്ല എന്നരുളി ഭഗവാന്‍ .

27-8-46