ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘സര്‍വസമത്വം’ (ശ്രീരമണ തിരുവായ്മൊഴി)

കഴിഞ്ഞ വേനല്‍ക്കാലം വൈകുന്നേരം ഇരിക്കുവാന്‍ സൗകര്യത്തിന്നു വേണ്ടി ഹാളിന് പുറത്തുഭാഗം പന്തല്‍ പണിതു. ആ പന്തലില്‍ പടിഞ്ഞാറു ഭാഗത്തായി രാമച്ച വേരുകൊണ്ടുള്ള തട്ടി കെട്ടി അതിന്നടുതായി ഭഗവാന്റെ സോഫയും സോഫയുടെ കിഴക്ക് ഭാഗത്തായി പുരുഷന്മാരും ഭഗവാന്‍ ദക്ഷിണാഭിമുഖമായി ദക്ഷിണാമൂര്‍ത്തിയെ പോലെയും ഇരുന്നിരിക്കും. ഭഗവാന്റെ പാദത്തിന്നെതിരായി ഞങ്ങള്‍ സ്ത്രീകള്‍ ഇരിക്കുകയാണ്. എന്റെ ദൃഷ്ടി നേരെ നോക്കിയാല്‍ ഭഗവദ് പാദാരവിന്ദ ദര്‍ശനം. പിന്‍ഭാഗം തിരിഞ്ഞാല്‍ ശോഭനമായ പൂന്തോട്ടം. മുകളില്‍ നോക്കിയാല്‍ അരുണാചല ശിഖര ദര്‍ശനം. എന്റെ ഭാഗ്യം എന്താണെന്നാണ് പറയേണ്ടത് !

ഒരു ദിവസം വൈകുന്നേരം നാലേമുക്കാല്‍ മണിക്ക് പുറത്തു പോയ ഭഗവാന്‍ വരുന്നതിനു മുമ്പേ കാര്‍മേഘം കൊണ്ടു ഇരുട്ട് തോന്നുകയാല്‍ രാമച്ചവേര് കൊണ്ടുള്ള തട്ടി സേവകന്‍ കയറ്റിക്കെട്ടി. ഭഗവന്‍ വന്നിരുന്നു പത്തു നിമിഷം കഴിഞ്ഞപ്പോള്‍ വെയില്‍ തിര നീങ്ങിയത് പോലെ പ്രകാശിച്ചു. പോക്കുവെയില്‍ ആണെങ്കിലും ഉഷ്ണകാലമാകയാല്‍ എല്ലാവര്‍ക്കും ചൂടുകൊണ്ട് അല്പം കഷ്ടമുണ്ടായി. കൗപീനം മാത്രം ധരിച്ച ഭഗവാനില്‍ ആ വെയില്‍ തട്ടിയപ്പോള്‍ സഹിക്കാതെ സേവകന്മാരില്‍ ഒരുവനായ വൈകുണ്ഡവാസി പതുക്കെ ഭഗവാന്റെ പിന്നാലെയുള്ള തട്ടിതാഴ്ത്തി. ഭഗവാന്‍ കണ്ടിരിക്കയില്ലെന്നാണ് അയാളുടെ ധാരണ. വേദപാരായണം നടക്കുകയാല്‍ ഭഗവാന്‍ കണ്ടതായി നടിച്ചില്ല. പാരായണം കഴിഞ്ഞതും കോപഭാവത്തില്‍ പറഞ്ഞു. “നോക്കുക! ഇവരുടെ ചേഷ്ടകള്‍. എന്റെ ഭാഗത്തുള്ള തട്ടിമാത്രം താഴ്ത്തി. മറ്റുള്ളവരൊക്കെ മനുഷ്യരല്ലെന്നുണ്ടോ ? മറ്റുള്ളവര്‍ക്ക് വെയില്‍കൊണ്ടാല്‍ തരക്കേടില്ല, സ്വാമിക്ക് മാത്രം കൊണ്ടുകൂട, സ്വാമിക്ക് പ്രത്യേകത. എങ്ങിനെയായാലെന്താണ് ? എന്റെ സ്വാമിത്വം നിലനിര്‍ത്തുന്നു. ഇങ്ങിനെയൊക്കെ ചെയ്താലേ സ്വാമിയാകയുള്ളൂ. വെയില്‍ കൊണ്ടു കൂടാ, കാറ്റ്തട്ടാന്‍ പാടില്ല, വെളിച്ചം കണ്ടുകൂടാ, തിരിഞ്ഞുകൂട, മറിഞ്ഞു കൂടാ, കാല്‍, കയ്യുകള്‍ മടക്കി സോഫയില്‍ ഇരിക്കേണം ഇതാണ് സ്വാമിത്വം. ഇതിനു വല്ല ലോഭം വരുമോ എന്ന് കരുതി ഇത്രയും ജനങ്ങള്‍ക്കിടയില്‍ എന്നെ പ്രത്യേകിച്ച് കാണിച്ചു സ്വാമിത്വം നിലനിര്‍ത്തുന്നു ഏതുവിധത്തിലെങ്കിലും” എന്നരുള്‍ ചെയ്തു.

പാവം ! ആ സേവകന്‍ ഭയപ്പെട്ടു യഥാപ്രകാരം ആ തട്ടി കയറ്റിക്കെട്ടി. സന്ധ്യാര്‍ക്കകിരണം ഭഗവാന്റെ ദേഹത്തില്‍ തട്ടി ആ പ്രകാശത്തില്‍ ചന്ദനത്തിരിയുടെ വാസനയും കലര്‍ന്ന് എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു. ഭഗവാന്റെ പാദ പത്മങ്ങളില്‍ നമസ്ക്കരിച്ചു എല്ലാവരും എഴുന്നേറ്റു.

14-8-46