ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘സാധന സാക്ഷാല്‍ക്കാരം’ (ശ്രീരമണ തിരുവായ്മൊഴി)

മിനിഞ്ഞാന്ന് രാത്രി മദ്രാസില്‍ നിന്ന് ഒരു വിദ്യാസമ്പന്നന്‍ വന്നു. മദ്ധ്യാഹ്നം മൂന്നുമണിക്ക് ഭഗവാനെ സമീപിച്ചു ഈവിധം ചോദിച്ചു. “ഭഗവാന്‍ എപ്പോഴെങ്കിലും സാധന ചെയ്ത കാലമുണ്ടായിരുന്നുവോ ? ” “സാധനയോ ? ” എന്തിന്നുവേണ്ടി സാധന ? സാധന ചെയ്യുവാനായിട്ടു എന്താണുള്ളത് ? ഇതേപോലെ ഇരിക്കുകതന്നെ സാധന. എപ്പോഴും ഇതേ ഇരിപ്പെ ഉണ്ടായിട്ടുള്ളൂ. അന്ന് കണ്ണുകള്‍ മൂടിയിരുന്നിരുന്നു. ഇന്ന് തുറന്നുമിരിക്കുന്നു. ഇത്ര തന്നെ ഭേദം. ഇപ്പോഴുള്ളത് തന്നെ അപ്പോഴുമുണ്ട്‌. അപ്പോഴുള്ളത് തന്നെ ഇപ്പോഴുമുണ്ട്. “ഞാന്‍” അല്ലാതെ വേറെ ഒന്നുണ്ടെങ്കിലല്ലേ സാധന ആവശ്യമുള്ളൂ” എന്നരുളി. “നിത്യനായ തന്നെ കാണാതെ അനിത്യമായ ശരീരാദികളില്‍ ഭ്രമിക്കുന്നുവെന്ന ആ ഭ്രമം ഇല്ലാതാക്കുവാന്‍ സാധന അത്യാവശ്യമാണെന്ന് അല്ലാതെ തന്നെ കണ്ടറിഞ്ഞവനു തനിക്കന്യമായി ഒന്നും തന്നെ കാണുകയില്ല. പിന്നെ സാധന ഏതിന്നുവേണ്ടി ? ”

“ഗുരു ഇല്ലെങ്കില്‍ ജ്ഞാനം ലഭിക്കയില്ലെന്നു അനേക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടല്ലോ ? ” എന്നൊരാള്‍ ചോദിച്ചു. “പറഞ്ഞിട്ടുണ്ട്. മനോവ്യാപാരം കൊണ്ട് ശരീരാദികള്‍ താനാണെന്ന് കരുതി ഭ്രമിക്കുന്നവര്‍ക്ക്, ആ ഭ്രമം പോകാനായി ഗുരുവും സാധനകളും അത്യാവശ്യമാണ്” എന്നരുളി.

ഉപാസനാപരന്മാര്‍ക്കു സാധന കൊണ്ട് ഇഷ്ടദേവത സാക്ഷാല്‍ക്കാരം പറയുന്നുവല്ലോ അതിന്റെ താല്പര്യം എന്താണ് ? “എന്നൊരാള്‍ ചോദിച്ചു. “എപ്പോഴുമുള്ളത് ഏതാണോ അതാണ് സാക്ഷാല്‍ക്കാരം. താന്‍ എപ്പോഴും സാക്ഷാത് ആയി തന്നെയുണ്ടല്ലോ പിന്നെ കാര്യം ഏതാണ് ? “കാരണമായത് തന്നെ കാര്യം. സത്യമായതും നിത്യമായതും എല്ലാറ്റിന്നും കാരണമായതും ഏതോ അത് താനാണെന്ന് അറിഞ്ഞിരിക്കയാണ് സാക്ഷാല്‍ക്കാരം. സാക്ഷാത് ആയ താന്‍ തന്നില്‍ നിന്നുളവായ സങ്കല്പത്താല്‍ രൂപനാമാദികള്‍ കല്പിച്ചു ധ്യാനിച്ചാല്‍, എവിടെ നിന്നോ ഇഷ്ട ദേവത ഇറങ്ങി വന്നു സാക്ഷാത്കരിക്കുമത്രേ. സാക്ഷാത് ഉള്ള തന്നെ കാണാതെ, ഏതോ ദേവത സാക്ഷാല്‍ക്കാരതിന്നായി, ഈ ക്ഷണിക ദൃശ്യത്തിനു എത്രയോ പ്രയത്നം ചെയ്യുന്നു. പലവിധത്തിലും മനോവ്യാപാരം വളര്‍ത്തിക്കൊണ്ടു വരുന്നു. മിണ്ടാതെ താന്‍ ഉള്ളത് പോലെയിരുന്നു പ്രയത്നിച്ചാല്‍, ഒരു ബാധയുമില്ല. ”

സാക്ഷാല്കാരമെന്നത്, ഭാവനാതീതസത്ഭാവ സ്ഥിതിയാണെന്ന് ഭഗവാന്‍ ഇത്ര സ്പഷ്ടമായ് ബോധിപ്പിച്ചു, നമുക്ക് ബോധമുണ്ടാകുന്നില്ല എന്ന വ്യസനം തോന്നി എനിക്ക് ഇതിന്നിടയില്‍, ” ആ ഭാവനാതീത സദ്ഭാവ സ്ഥിതി ഭഗവാന്നു സഹജമാണ് എന്നല്ലാതെ എന്നെപ്പോലെ ഉള്ളവര്‍ക്ക് സാധന ഇല്ലാതെ സാധ്യമാകുമോ ? ” എന്നൊരാള്‍ ചോദിച്ചു. ” അതെ അയ്യ! അതെ! സാധന അത്യാവശ്യം തന്നെ. എന്നാല്‍ എന്തിനാണ് സാധന എന്ന് എപ്പോഴും ചിന്തിച്ചു നോക്കു! താന്‍ സര്‍വത്ര നിറഞ്ഞവനാണ്. അതിന്നു പ്രയത്നിച്ചു എവിടുന്നെങ്കിലും കൊണ്ട് വരേണ്ട പണിയില്ല തന്നില്‍ തന്നെ ഉണ്ട്. തനിക്കു തടസ്സമായ് നില്‍ക്കുന്ന ശരീരാദി ഭ്രാന്തികളെ നീക്കം ചെയ്യുകയെ വേണ്ടൂ. പ്രത്യക്ഷമായ തന്നെ കാണാതെ, ഈ കാണപ്പെടുന്ന അസത്യമായ ശരീരാദിപ്രപഞ്ചം സത്യമാണെന്ന് വിചാരിക്കുന്നതു കൊണ്ട് ഭ്രാന്തിയുളവാകുന്നു. ഈ ഭ്രാന്തി ഇല്ലാതാക്കുവാന്‍ ആണ് സാധന പറഞ്ഞിട്ടുള്ളത് എന്നല്ലാതെ തന്നെ താനറിയുവാന്‍ സാധന എന്തിനാണ് ? വിചാര മാര്‍ഗ്ഗം കൊണ്ട് സുലഭമായി സ്വസ്ഥാനത്തെത്താം. ”

24-4-47