മനീഷാപഞ്ചകം ശ്ലോകം മൂന്ന് – വ്യാഖ്യാനം
ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകംഎന്ന വേദാന്തപ്രകരണ ഗ്രന്ഥത്തിന് ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്.
ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോര്‍
നിത്യം ബ്രഹ്മനിന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാം സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷ്യാ മനീഷാ മമ.
ഗുരോഃവാചാ = ഗുരുവചനം ശ്രവിച്ച്, അഖിലം വിശ്വം = ഇക്കാണുന്ന പ്രപഞ്ചം മുഴുവന്‍, ശശ്വത് നശ്വരമേവ = സദാ നശിച്ചുകൊണ്ടിരിക്കുന്നതുതന്നെയാകുന്നു, നിശ്ചിത്യ = തീരുമാനിച്ചിട്ട്, നിര്‍വ്യാജശാന്താത്മനാ = കളങ്കമറ്റ ശാന്തമനസ്സോടുകൂടി, നിത്യം നിരന്തരം = നിത്യവും ഇടതിങ്ങിനില്ക്കുന്നതുമായ, ബ്രഹ്മ വിമൃശതാ = ബ്രഹ്മവസ്തുവിന വിചാരം ചെയ്തറിയുന്നയാള്‍, സംവിന്മയേ പാവകേ = സത്യബോധമാകുന്ന ജ്ഞാനാഗ്നിയാല്‍, ഭൂതംഭാവി ച ദുഷ്കൃതം = സഞ്ചിതവും ആഗാമിയുമായ കര്‍മ്മസഞ്ചയത്തെ, പ്രദഹതാ = ദഹിപ്പിച്ചുകൊണ്ട്, സ്വവപു: സ്വന്തം ശരീരം, പ്രാരബ്ധായ സമര്‍പ്പിതം = പ്രാരബ്ധാനുഭവത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇതി ഏഷാ = ഇക്കാര്യം, മമ മനീഷാ = എന്റെ ഉറച്ച തീരുമാനമാണ്.
ഗുരൂപദേശംവഴി ഇക്കാണുന്ന പ്രപഞ്ചം മുഴുവന്‍ സദാ നശ്വരംതന്നെയാണെന്നു തീരുമാനിച്ച്, നിഷ്ക്കളങ്കഹൃദയത്തോടുകൂടി ശാശ്വതവും ഇടതിങ്ങിനില്ക്കുന്നതുമായ ബ്രഹ്മത്തെ വിചാരം ചെയ്തറിയുന്നയാള്‍ ജ്ഞാനാഗ്നിയില്‍ സഞ്ചിതവും ആഗാമിയുമായ കര്‍മ്മസഞ്ചയത്തെ എരിച്ചുകളഞ്ഞിട്ട് സ്വശരീരത്തെ പ്രാരബ്ധാനുഭവത്തിന്നായി വിട്ടുകൊടുക്കുന്നു. ഇത് എന്റെ ഉറച്ച തീരുമാനമാണ്.
കാണപ്പെടുന്ന പ്രപഞ്ചദൃശ്യങ്ങളെല്ലാം നിശ്ചയമായും നശ്വരമാണ്. ഗുരൂപദേശത്തില്‍ നിന്ന് ഇതു വ്യക്തമായി ധരിക്കണം. നിത്യമായ ബ്രഹ്മസത്തയെ ഇടതടവില്ലാത്ത വിചാരം ചെയ്യണം. ശമദമാദികള്‍കൊണ്ട് ചിത്തത്തെ നിഷ്ക്കളങ്കമാക്കി ശാന്തതലത്തിലെത്തിക്കണം. ഇത്രയുമായാല്‍ ഉള്ളില്‍ ജ്ഞാനാഗ്നി ജ്വിലിച്ചുവരും. അതില്‍പ്പെട്ട് സഞ്ചിതവും ആഗാമിയുമായ കര്‍മ്മങ്ങള്‍ ദഹിച്ചു ചാമ്പലാകും. ശരീരത്തെ പ്രാരാബ്ധകര്‍മ്മം അനുഭവിക്കാനായി നിസ്സങ്കോചം നിയോഗിക്കുകയും ചെയ്യാം. എനിക്ക് നിസ്സംശയമായും ബോദ്ധ്യപ്പെട്ടിട്ടുള്ള വസ്തുതകളാണിവയൊക്കെ.
കഴിഞ്ഞ രണ്ടു പദ്യങ്ങളില്‍ ബ്രഹ്മസ്വരൂപവും പ്രപഞ്ചസ്വരൂപവും വ്യക്തമായി ചര്‍ച്ചചെയ്തു കഴിഞ്ഞു.ബ്രഹ്മസ്വരൂപത്തില്‍ ബുദ്ധിയുറച്ചവന്‍ ആരായാലും ഗുരുതന്നെയാണെന്നു പ്രഖ്യാപിച്ചു. ഇത്ര വിശിഷ്ടമായ ബ്രഹ്മാനുഭൂതി കൈവരാനുള്ള ഉപായവും അനുഭുതി സ്വരുപവുമാണ് പ്രസ്തുതമായ മൂന്നാമത്തെ പദ്യത്തില്‍ പ്രതിപാദിക്കുന്നത്. സത്യാനുഭൂതി കൊതിക്കുന്ന ഒരാള്‍ വിശ്വത്തിന്റെ നശ്വരത മനസ്സിലാക്കി ലോകഭോഗങ്ങളില്‍ വിരക്തനായിത്തീരുകയാണ് ആദ്യമായി വേണ്ടത്. പ്രപഞ്ചം സത്യവും സുഖകരവുമാണെന്നു കരുതുന്നയാള്‍ക്ക് പിന്നെ മറ്റൊരു സത്യത്തെ അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. വൈരാഗ്യത്തില്‍ ആരംഭിക്കുന്ന സത്യാന്വേഷണം വൈരാഗ്യത്തില്‍ തീക്ഷണതയനുസരിച്ചു വളര്‍ന്നു ശക്തിപ്പെടുകയും ചെയ്യുന്നു. താന്‍ തല്ക്കാലം അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോകവും ഇനി കര്‍മ്മംകൊണ്ടു നേടിയെടുക്കാവുന്ന സ്വര്‍ഗ്ഗാദിവിശിഷ്ടലോകങ്ങള്‍ വേറെയുണ്ടെങ്കില്‍ അവയുമൊക്കെ വ്യക്തമായും നശ്വരമാണെന്നറിയണം. പ്രപഞ്ചദൃശ്യങ്ങളുടെ ഈ സര്‍വതോന്മുഖമായ നശ്വരത ഒരു സാമാന്യബുദ്ധിക്ക് എങ്ങനെ ഗ്രഹിക്കാന്‍ കഴിയും? യുക്തികൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്തയാള്‍ ഗുരുപദേശം പൂര്‍ണ്ണമായി വിശ്വസിക്കണം. സത്യത്തെ സാക്ഷാത്കരിച്ച് സര്‍വസ്വരൂപമായി അനുഭവിച്ചിട്ടുള്ള ആത്മനിഷ്ഠന്മാര്‍ സര്‍വപ്രപഞ്ചവും മരുമരീചികപോലെ അവിദ്യാകല്പിതങ്ങളായ മിഥ്യാപ്രതിഭാസങ്ങളാണെന്നു സംശയേലേശ്യമന്യേ പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മാനുഭൂതിയില്‍ ബുദ്ധി ഉറയ്ക്കുതോറും ഒരാള്‍ക്ക് സ്വയം വെളിപ്പെടുകയും ചെയ്യും. ഭാഗവതം ഏകാദശസ്കന്ധത്തില്‍ സത്യജിജ്ഞാസുവായ ഉദ്ധവര്‍ക്ക് ഭഗവാന്‍ ഇതേമട്ടില്‍ പ്രപഞ്ചവൈരാഗ്യവും നിസ്സംഗത്വവും ഉപദേശിക്കുന്നുണ്ട്. ഭഗവാന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
പ്രത്യക്ഷേണാനുമാനേനാഗമേനാത്മസമവിദാ
ആദ്യന്തവദസദ്ജ്ഞാത്വാ നിസ്സംഗോ വിചരേദിഹ
ഒരാള്‍ക്കു തന്റെ ചുറ്റുപാടും കാണപ്പെടുന്നതൊക്കെ നിരന്തരം ജനിച്ചു മരിക്കുന്നത് നേരിട്ടുകണ്ട് പ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കാം. ബുദ്ധിയുള്ളവന് കര്‍മ്മജന്യമായി എന്തു രൂപരിണാമം എവിടെയുണ്ടായാലും അതൊക്കെ ക്ഷണികമാണെന്ന് ഊഹിച്ചറിയാനും കഴിയും. ഇതു രണ്ടും കഴിയാത്തവര്‍ ശ്രുതിവാക്യങ്ങളില്‍ക്കൂടി സത്യദര്‍ശികളുടെ അരുളപ്പാടുകളില്‍ വിശ്വസിച്ചു പ്രപഞ്ചം മിഥ്യയാണെന്നു ധരിക്കണം. ഇതൊന്നുമില്ലെങ്കില്‍ അവനവനില്‍ത്തന്നെ ആത്മാനാത്മവിവേചനം ചെയ്ത് ആത്മാവല്ലാത്തതൊക്കെ അസത്യമാണെന്നറിയണം. ഏതു വിധമായാലും ആദിയും അന്തവുമുള്ളതെല്ലാം വാസ്തവത്തില്‍ ഇല്ലാത്തവയാണെന്നു ധരിക്കാന്‍ ഒരു പ്രയാസവുമില്ല. ഇതുറപ്പായി ബോദ്ധ്യപ്പെട്ടാല്‍ പിന്നെ ഒന്നേ ചെയ്യാനുള്ളു. അന്നന്നു വന്നുചേരുന്ന ലോകകാര്യങ്ങള്‍ തികച്ചും നിസ്സംഗനായി നിറവേറ്റുക. ഈ കര്‍മ്മപരിപാടിതന്നെയാണ് മനീഷാപഞ്ചകം മൂന്നാം പദ്യത്തില്‍ ആചാര്യഭഗവത്പാദരും നിര്‍ദേശിക്കുന്നത്.
പ്രപഞ്ചം നശ്വരമാണെന്ന് അടിക്കടി ബോദ്ധ്യപ്പെടുന്നതോടെ പിന്നെയുണ്ടാകുന്ന ഒരേ ഒരു ചിന്ത ശാശ്വതമായി ഇവിടെ വല്ലതുമുണ്ടോ എന്നുള്ളതാണ്. ശാശ്വതമായ ഒരു പരമകാരണത്തിലല്ലാതെ അശാശ്വതമായ ഒന്നും പ്രതിഭാസിക്കാന്‍ പറ്റുകയില്ല. ഇതു നിയമമാണ്. അല്പമൊരു വിശകലനശക്തിയുണ്ടെങ്കില്‍ ഈ നിയമം ആര്‍ക്കും മനസ്സിലാക്കാവുന്നതുമാണ് ശാശ്വതമായ ഒരു സത്യം നൈമഷികങ്ങളായ പ്രതിഭാസങ്ങള്‍ക്ക് അധിഷ്ഠാനമായി ഉണ്ടെന്നുള്ള വസ്തുത ഒന്നുമാത്രമാണ് ഈ ജിവിതത്തെ അര്‍ത്ഥവത്താക്കിത്തീര്‍ക്കുന്നത്. അല്ലെന്നുവന്നാല്‍ സൗരയൂഥഘടകങ്ങളുള്‍പ്പെട്ട എല്ലാ ജീവിതങ്ങളും അവസാനത്തില്‍ തികച്ചും ഉപയോഗശൂന്യങ്ങളെന്ന് തീരുമാനിക്കേണ്ടിവരും. ഒരു സത്യജിജ്ഞാസു താനുള്‍പ്പെട്ട സകലത്തിന്റെയും നശ്വരത മനസ്സിലാക്കി ഇടവിടാതെ ശാശ്വതസത്യത്തെ അനുസന്ധാനം ചെയ്യേണ്ടതാണ്. ഭാഗ്യവശാല്‍ ഭാരതീയരായ ഋഷിശ്വരന്മാര്‍ ആ സത്യസ്വരൂപനെ നേരിട്ടു കണ്ടനുഭവിച്ചുകൊണ്ട് അനുഭവത്തിന്റെ സ്വഭാവം വെളിപ്പെടുത്തിത്തന്നിട്ടുമുണ്ട്. നിത്യമായ ബ്രഹ്മസത്ത സച്ചിദാനങ്ങളുടെ ഘനീഭബതരൂപമാണ്. അദ്വയമായ ആ ബ്രഹ്മസത്തയുടെ അന്വേഷണം ഇല്ലായ്മയില്‍ നിന്ന് ഉണ്മയിലേക്കും ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കും മരണത്തില്‍നിന്നും അമൃതത്ത്വത്തിലേയ്ക്കുമുള്ള പ്രയാണമാണ്. സത്യാന്വേഷണത്തിന് ശക്തികൂടിയാല്‍ ചിത്തം വിഷയവാസനകളകന്ന് നിര്‍മ്മലമായിത്തീരും. ചിത്തം ഇങ്ങനെ ഉപശമിക്കുന്നതോടെ സത്യാനുഭൂതിക്ക് ശക്തിയും കൂടും. ചിത്തത്തിലുള്ളവാകുന്ന വിഷയോപശമം മാത്രമാണ് സത്യദര്‍ശനത്തിനുള്ള ഉപായം. ഉപാസനകളും നാമജപങ്ങളും ആരാധനകളും ധ്യാനമനനങ്ങളും വിഷയോപശമം നേടാനുള്ള ഉപായങ്ങള്‍മാത്രം. കളങ്കങ്ങള്‍ അകന്നാല്‍ സ്വതഃസിദ്ധമായ ആത്മസ്വരൂപം സ്വയം പ്രകാശിക്കും. ഇതൊക്കെ മനസ്സില്‍ കണ്ടുകൊണ്ടാണ്. “നിര്‍വ്യാജശാന്താത്മാവായി നിരന്തരം ബ്രഹ്മാനുസന്ധാനത്തിലേര്‍പ്പെടണ”മെന്ന് ആചാര്യന്‍ ആവശ്യപ്പെടുന്നത്.
വിഷയോപശമവും ബ്രഹ്മാനുസന്ധാനവും സാധകന്റെ ഹൃദയത്തില്‍ ജ്ഞാനദീപ്തിയെ വളര്‍ത്തുന്നു. ജ്ഞാനം സാധകനില്‍ സ്വതഃസിദ്ധമാണ്. അരണിയില്‍ അഗ്നിയെന്നപോലെ. തീയുണ്ടാക്കാനായി കൂട്ടിയുരയ്ക്കുന്ന തടിക്കക്ഷ്ണങ്ങളാണല്ലോ അരണി. അരണി കൂട്ടിയുരച്ചാല്‍ അഗ്നിയുണ്ടാകും. അരണിയില്‍ നേരത്തെതന്നെ അഗ്നിയുള്ളതുകൊണ്ടാണ് ഉരസല്‍കൊണ്ടതു പ്രത്യക്ഷപ്പെടുന്നത്. അരണയിലെ ഘനമായ ജഡത്വം അഗ്നിയെ മറച്ചിരുന്നുവെന്നേയുള്ളു. അതുപോലെ സാധകന്റെ ഉള്ളിലെ ഘനീഭൂതമായ ജഡത്വം ജ്ഞാനത്തെ മറയ്ക്കുന്നു. മനസ്സിന് ഈ ജഡത്വം എങ്ങനെ വന്നുചേര്‍ന്നു? ഫലേച്ഛയോടുകൂടിയുള്ള കര്‍മ്മാനുഷ്ഠാനം കൊണ്ട് അട്ടിയട്ടിയായി വളരുന്ന വാസനാസഞ്ചയം തന്നെയാണ് ചിത്തത്തെ തമോമയമാക്കി ഘനീഭവിപ്പിക്കുന്നത്. തല്ക്കാലജീവിതത്തില്‍ പ്രകടമാകാതെ ചിത്തത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടികിടക്കുന്ന വാസനാസഞ്ചയം തന്നെയാണ് ഭൂതകാലദുഷ്കൃതം അഥവാ സഞ്ചിത കര്‍മ്മം. നശിപ്പിക്കപ്പെടാത്തിടത്തോളംകാലം അസംഖ്യം ജന്മങ്ങള്‍ക്ക് ഈ സഞ്ചിതകര്‍മ്മം കാരണമായിത്തീരും. വിത്തു കിടന്നാല്‍ മുളയ്ക്കാതെ തരമില്ലല്ലോ. ഈ ജന്മത്തില്‍ പ്രകടമാകാതെ വാസനകള്‍ ഇരുണ്ടുകൂടി ഘനീഭവിച്ചു കിടക്കുന്ന ഒറു തമോമണ്ഡലം മനസ്സിനുണ്ടെന്ന് മനോനിയന്ത്രണം ശീലിച്ചവര്‍ക്കൊക്കെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മനസ്സിന്റെ സ്വരൂപവും പ്രവര്‍ത്തനവിധവും നേരിട്ടു പരീക്ഷിച്ചുറപ്പിച്ചിട്ടുള്ളതുകൊണ്ടാണ് മനസ്സുണ്ടായിരിക്കുന്നതുവരെ ജനനമരണങ്ങള്‍ തുടരേണ്ടിവരുമെന്ന് വേദാന്തം ഘോഷിക്കുന്നത്. പരീക്ഷിച്ചുറപ്പിക്കപ്പെട്ട ശാസ്ത്രതത്ത്വങ്ങളെ ആ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ അവിശ്വസിക്കുന്നവര്‍ സ്വയം പതിക്കുമെന്നല്ലാതെ ശാസ്ത്രത്തിനതുകൊണ്ട് ഒന്നും വരാനില്ല, തമോമയമായ വാസനാമണ്ഡലം ജന്മങ്ങളെയുളവാക്കി ഫലേച്ഛയോടുകൂടിയ കര്‍മ്മങ്ങള്‍ക്ക് ഇടമരുളുകയാണെങ്കില്‍ ആ കര്‍മ്മങ്ങള്‍ ഭാവിയില്‍പിന്നെ ഒരു കര്‍മ്മപരമ്പരയ്ക്കുള്ള വാസനകളെ വീണ്ടു സൃഷ്ടിച്ചുവെന്നുവരാം. ഇതാണ് ഭാവികര്‍മ്മം അഥവാ ആഗാമി കര്‍മ്മം. സഞ്ചിതകര്‍മ്മം ജന്മങ്ങളെ ഉണ്ടാക്കുന്നു. ജന്മങ്ങള്‍ ആഗാമികര്‍മ്മങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഈ പ്രക്രിയ അവസാനമില്ലാതെ തുടര്‍ന്നു പോകും. ഇതിന് ഒരേ ഒരു പോവഴിയേയുള്ളൂ. സര്‍വ്വഥാ കര്‍മ്മവിമുക്തമായ ബ്രഹ്മസത്തയെ ശരണം പ്രാപിക്കുക. അരണികള്‍ കൂട്ടിയുരസുന്നതുപോലെ വിഷയഗ്രാഹിയും സത്യാന്വേഷണ തത്പരവുമായ മനസ്സുകള്‍ കൂട്ടിയുരസണം. ധ്യാനമനനങ്ങളാണ് ഈ ഉരസല്‍ പ്രക്രിയ. ഉരസല്‍ ശക്തിപ്പെടുന്നതോടെ ബ്രഹ്മജ്ഞാനമാകുന്ന അഗ്നി ജ്വലിക്കാന്‍ തുടങ്ങും. അരണിയില്‍ തീയുണ്ടായാല്‍ തീയുണ്ടാക്കിയ അരണിതന്നെയാണ് ആദ്യം എരിഞ്ഞു ചാമ്പലാകുന്നത്. അതുപോലെ ബ്രഹ്മജ്ഞാനം ജ്വലിക്കാന്‍ തുടങ്ങിയാല്‍ അതില്‍ അജ്ഞാനജന്യമായ മനസ്സ് സ്വയം എരിഞ്ഞുനശിക്കുന്നു. സഞ്ചിതകര്‍മ്മങ്ങളുടെയും ആഗാമികര്‍മ്മങ്ങളുടെയും ആവാസകേന്ദ്രവും ഭാവിജന്മങ്ങള്‍ക്കെല്ലാം വിത്തുമായിട്ടുള്ള മനസ്സിന്റെ തമോമണ്ഡലം ജ്ഞാനാഗ്നിയില്‍ പൂര്‍ണ്ണമായും എരിഞ്ഞടങ്ങുന്നു. ജ്ഞാനത്തിനും കര്‍മ്മത്തിനും തമ്മിലുള്ള ബന്ധം അഗ്നിക്കും വിറകിനും തമ്മിലുള്ള ബന്ധമാണ്. വിറക് അഗ്നിയെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്. നേരെമറിച്ച് സ്വയം നശിച്ച് തന്നില്‍ ഒളിഞ്ഞിരുന്ന അഗ്നിയെ പ്രകടമാക്കുകയാണ് ചെയ്യുന്നത്. അതുപോലെ കര്‍മ്മം നശിച്ച് സ്വയം ഉദയം ചെയ്യേണ്ടതാണ് ജ്ഞാനം “ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ” എന്നു പ്രഖ്യാപിക്കുന്ന ആചാര്യഭഗവത്പാദര്‍ ഇതെല്ലാം ആ വരിയില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു വെന്നറിയേണ്ടതാണ്. ഭഗവാന്‍ ഗീതയില്‍ പ്രഖ്യാപിക്കുന്നതു നോക്കുക.
യഥൈധാംസി സമിദ്ധോ ഗ്നിഃ
ഭസ്മസാത്കുരുതേ ര്‍ജ്ജുന
ജ്ഞാനാഗ്നിഃസര്‍വ്വകര്‍മ്മാണി
ഭസ്മസാത്കുരുടേ തഥാ. (ഗീ. 4.37)
ജ്വലിക്കുന്ന അഗ്നി വിറകിനെ എരിച്ചു ചാമ്പലാക്കുന്നു. അര്‍ജ്ജുന, അതുപോലെ ജ്ഞാനാഗ്നി എല്ലാ കര്‍മ്മങ്ങളേയും ഭസ്മീകരിക്കുന്നു.
നിത്യാനിത്യവിവേചനം ചെയ്തു; ധ്യാനമനനാദികള്‍ അനുഷ്ഠിച്ചു; ജ്ഞാനാഗ്നി ഉള്ളില്‍ ജ്വലിച്ചുയര്‍ന്നു; ഭൂതഭാവികര്‍മ്മങ്ങള്‍ ഒടുങ്ങുകയും ചെയ്തു. ഇനിയോ? ഈ ചോദ്യത്തിനുത്തരമാണ് ആചാര്യസ്വാമികള്‍ ഒടുവിലത്തെ വരിയില്‍ പ്രഖ്യാപിക്കുന്നത്, മേല്‍വിവരിച്ച കാര്യങ്ങള്‍ നേടിക്കഴിഞ്ഞയാളാണ് ജീവന്മുക്തന്‍. മാംസമയമായ ശരീരവും പേറി ജീവിച്ചിരിക്കുന്നു എങ്കിലും എല്ലാ ശരീരബന്ധങ്ങളില്‍ നിന്നും മോചനം നേടി ജീവിക്കുന്നയാളാണ് അദ്ദേഹം. ഒരു ജീവന്മുക്തന്റെയും ശരീരം പല കര്‍മ്മങ്ങളും ചെയ്യുന്നതായി കാണുന്നുണ്ടല്ലോ എന്നു ചിലര്‍ സംശയിച്ചേക്കാം. ആത്മദര്‍ശനം നേടി ആത്മരതിയും ആത്മതൃപ്തനുമായി കഴിയുന്ന ജീവന്മുക്തന്‍ ശരീരംകൊണ്ട് നിരന്തരം പ്രവര്‍ത്തിച്ചുവെന്നുവരാം. എന്നാല്‍ ആ ശരീരചലനങ്ങളൊന്നും അദ്ദേഹത്തെ അണുമാത്രവും ബാധിക്കുന്നില്ല. വേദാന്തം കണ്ടെത്തിയിട്ടുള്ള ഗൂഢമായ ഒരു ജീവിതരഹസ്യമാണിത്. ആത്മാവിനെ അന്വേഷിക്കൂ. ആത്മസത്തയെ വേണ്ട വണ്ണം അറിഞ്ഞുതുടങ്ങിയാല്‍ അതില്‍ നിന്നും ഒടുങ്ങാത്ത ആനന്ദവും ശാന്തിയും സ്വതന്ത്രമായി ലഭിക്കും. ആത്മാനന്ദത്തില്‍ മുഴുകിക്കൊണ്ടു നിരന്തരം ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനും കഴിയും. ആ പ്രവര്‍ത്തിയൊന്നും ബന്ധകാരണമായി ഭവിക്കുകയുമില്ല. ഇവിടെയാണ് കര്‍മം യോഗമായി മാറുന്നത്. ഏതെങ്കിലും ചില കര്‍മ്മങ്ങളുടെ അനുഭവത്തിനു വേണ്ടിയാണല്ലോ ഒരു ശരീരം രൂപം കൊള്ളുന്നത്. ആത്മാനുഭവം നേടിക്കഴിഞ്ഞാലും ഏതു പ്രത്യേക കര്‍മ്മാനുഭവത്തിനുവേണ്ടിയാണോ തത്കാലശരീരം രൂപം കൊണ്ടത്, ആ ശരീരത്തിന് അതനുഭവിച്ചു തീര്‍ക്കേണ്ടിവരും. ഇതിനെയാണ് പ്രാരബ്ധകര്‍മ്മം എന്നു പറയുന്നത്. അനുഭവിക്കുവാന്‍ തുടങ്ങിയപ്പോയ കര്‍മ്മമെന്നര്‍ത്ഥം. പ്രാരബ്ധകര്‍മ്മം വില്ലില്‍ നിന്നും വിട്ട അമ്പുപോലെയാണ്. ഒരു പശുവിനെ പുലിയാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് അമ്പു വിട്ടുവെന്നിരിക്കട്ടെ; അമ്പു വിട്ടുകഴിഞ്ഞശേഷം അതു പശുവാണെന്നറിയാന്‍ കഴിഞ്ഞു. പക്ഷെ ഫലമില്ലല്ലോ. അമ്പ് ലക്ഷ്യത്തില്‍ തറയ്ക്കുകതന്നെ ചെയ്യും. അതുപോലെ ചില കര്‍മ്മങ്ങള്‍ അനുഭവിക്കാനായി ഒരു ശരീരം സ്വീകരിച്ചു. അധികം താമസിയാതെ ആത്മാവിനെ അറിഞ്ഞു കര്‍മ്മങ്ങളുടെ നിഷ്പ്രയോജനത വെളിപ്പെടുകയും ചെയ്തു. പക്ഷെ തുടങ്ങിയ കര്‍മ്മം അനുഭവിച്ചുതീര്‍ത്തേ പറ്റൂ. അതുകൊണ്ട് ജീവന്മുക്തന്‍ സ്വശരീരത്തെ പ്രാരബ്ധകര്‍മ്മാനുഭവത്തിനായി വിട്ടുകൊടുക്കുന്നു. ആശരീരത്തിനെന്തൊക്കെ സംഭവിച്ചാലും തനിക്കൊരു നഷ്ടവുമില്ലെന്ന് ജ്ഞാനി വ്യക്തമായറിയുന്നു. ശരീരനാശം എങ്ങനെ സംഭവിച്ചാലും അവര്‍ക്കൊന്നുമില്ല. അരോഗദൃഢഗാത്രനായി ശരീരം വെടിഞ്ഞാലും, കഠിനരോഗങ്ങള്‍ ബാധിച്ച് ചീഞ്ഞളിഞ്ഞ് അതുപേക്ഷിക്കപ്പെട്ടാലും വേദനകൊണ്ട് പിയുമ്പോള്‍ അതു നഷ്ടമായാലും ജീവന്മുക്തന് അതില്‍ ഒരസ്വാസ്ഥ്യവുമില്ല. മഹത്തായ ഒരനുഭവരഹസ്യമാണിത്. ഇതറിയാതെയാണ് അവതാരപുരഷന്മാര്‍ക്കും രോഗം വരുന്നുണ്ടല്ലോ അവരും വേദന അനുഭവിക്കുന്നതായി കാണുന്നുണ്ടല്ലോ എന്നൊക്കെ ചിലര്‍ ശങ്കിച്ചുപോകുന്നത്. എന്ത് കര്‍മ്മാനുഭവത്തിനു വേണ്ടി തത്കാലശരീരം തുടങ്ങിയോ അത് അവര്‍ അനുഭവിച്ചുതീര്‍ക്കുന്നു. രോഗമാണെങ്കില്‍ രോഗം, വേദനയാണെങ്കില്‍ വേദന. പക്ഷെ ഈ രോഗവും വേദനയൊന്നു ആനന്ദസ്വരൂപമായ ആത്മാവിനെ ഭാവി ബന്ധങ്ങളില്‍ അകപ്പെടുത്തി ക്ലേശിപ്പിക്കുകയില്ലെന്ന് അവര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഒരു ജീവന്മുക്തന്റെ പ്രാരബ്ധകര്‍മ്മാനുഭവരഹസ്യം വാസനാമയമായ കര്‍മ്മബന്ധങ്ങളില്‍പ്പെട്ടുഴലുന്ന ഒരാള്‍ക്ക് ഗ്രഹിക്കുവാനോ സാദ്ധ്യമല്ല. ഇരുകൂട്ടരുടെയും കര്‍മ്മത്തെ ഭഗവാന്‍ വിവരിക്കുന്നത് നോക്കുക:
യുക്തഃ കര്‍മ്മഫലം ത്യക്ത്വാ
ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരേണ
ഫലേ സക്തോ നിബദ്ധ്യതേ. (ഗീത- 5.12)
ജീവന്മുക്തന്‍ ശരീരംകൊണ്ട് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചാലും മനസ്സുകൊണ്ട് കര്‍മ്മഫലമുപേക്ഷിച്ച് ആത്മനിഷ്ഠമായ ഒടുങ്ങാത്ത ശാന്തി അനുഭവിക്കുന്നു. ആത്മാന്വേഷണം നടത്താത്ത അജ്ഞാനി മനസ്സുകൊണ്ട് കര്‍മ്മഫലത്തെ മുറുകെപിടിച്ച് ഒടുങ്ങാത്ത കര്‍മ്മ പ്രവാഹത്തില്‍ ഒഴുകുന്നു. ആത്മദര്‍ശനം കൊണ്ടു മാത്രമേ കര്‍മ്മമുക്തി സാദ്ധ്യമാവൂ. ജീവന്മുക്തന്റെ ഈ കര്‍മ്മാനുഭവരഹസ്യം സംശയാതീതമായി തനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നാണ് ആചാര്യന്‍ ‘പ്രരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ’ എന്നവരിയില്‍ പ്രഖ്യാപിക്കുന്നത്. ശ്രീശങ്കരഭഗവത്പാദരെപ്പോലെ ജീവന്മുക്തനായിരുന്നുകൊണ്ട് ഇത്രയേറെ കര്‍മ്മം ചെയ്ത മറ്റൊരു വ്യക്തി ഉണ്ടോയെന്നു സംശയമാണ്. നമുക്കും ആ ആചാര്യന്റെ പാദങ്ങളെത്തന്നെ പിന്‍തുടരാം.
ഈ ഗ്രന്ഥം പൂര്‍ണ്ണമായി പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്. ഈ കൃതിയെ അധികരിച്ച് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി ഈ വെബ്സൈറ്റില്‍ നിന്നും ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സൗകര്യത്തില്‍ കേള്‍ക്കാവുന്നതുമാണ്. [മനീഷാപഞ്ചകം – MP3, PDF Download]