ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘അജപതത്വം’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്ന് കാലത്തേ എട്ടു മണിക്ക് ഒരു കാഷായാംബരധാരി വന്നു “ഭഗവാനെ! മനോനിഗ്രഹത്തിന്നു അജപമന്ത്രം ജപിക്കുന്നത്‌ നല്ലതാണോ ? ഓംകാരം നല്ലതാണോ ? ഉപയോഗകാരി അത് പറഞ്ഞു തരണം” എന്ന് ചോദിച്ചു. “അജപം എന്നാല്‍ എന്തോന്നാണെന്ന് ആണ് നിങ്ങളുടെ ഭാവം ? സോഹം, സോഹം എന്ന് വായാല്‍ ഉച്ചരിച്ചാല്‍ അജപമാകുമോ ? അജപമെന്നത് വാക്കാലുച്ചരിക്കാതെ തന്നില്‍ താനെ നടക്കും ജപതിനെ അറിയുകയാനെന്നു അറിയണം. ശരിയായ ജപതത്വം ഗ്രഹിക്കാതെ വിരലെണ്ണിക്കൊണ്ട് ജപമാല ഉരുട്ടിക്കൊണ്ടും വായകൊണ്ട് സോഹം, സോഹം എന്ന് അക്ഷരലക്ഷം ജപിക്കയാണെന്ന് ഭാവിക്കുന്നു. ജപത്തിന്നു മുമ്പ് “പ്രാണായാമെ വിനിയോഗ: ” എന്ന് പറഞ്ഞിട്ടുണ്ട്. ആദ്യം പ്രാണായാമം ചെയ്തു മന്ത്രം ജപിക്കേണം എന്നാണര്‍ത്ഥം. പ്രാണായാമം എന്നത് വായ മൂടലാണ് എന്നല്ലേ ? പ്രാണനിരോധം കൊണ്ട് പഞ്ച ഭൂതങ്ങളെ ബന്ധിച്ചാല്‍, ഉള്ള തത്വം ബാക്കി നില്‍ക്കും, അത് അഹം, അഹം എന്ന് സദാ ജപിച്ചു കൊണ്ടിരിക്കും. അതാണ് ‘അജപം’. ആ തത്വം അവഗതം ചെയ്യുക, അജപമാകുന്നതല്ലാതെ വായാലെ ജപിക്കുന്നത്‌ അജപമെങ്ങിനെയാകും ? ഇടവിടാത്ത ആജ്യധാര പോലെ താനായി ജപിച്ചു കൊണ്ടിരിക്കുന്ന സത്യവസ്തു സദ്ദര്‍ശനമാണ്. അജപഗായത്രി എല്ലാം ഉപനയന കാലത്തില്‍ അംഗ ന്യാസ, കരന്യാസാദി ദിഗ്ബന്ധങ്ങളാല്‍ പ്രാണായാമം ഉപദേശിച്ചു, അഭ്യാസ പരിപാകാനുസാരം ‘അജപത്തെ ജപിക്കു, എന്ന് പറയും. അതൊന്നും ആലോചിക്കാതെ എന്തോ അജപം, അജപം എന്ന് പറയുന്നു. ഓംകാരവും അത് പോലെ തന്നെ. “ഓം” എന്നത് സര്‍വത്ര നിറഞ്ഞ പരിപൂര്‍ണ്ണ വസ്തുവാണ് അല്ലെ ? അത് വാക്കാലെ എങ്ങനെ ഉച്ചരിക്കും ? “ഓമിത്യേകാക്ഷരം ബ്രഹ്മം അദ്വിതീയം സനാതനം. ” ഈ സൂത്രം ഗ്രഹിക്കാതെ മൂലാധാരത്തില്‍ ഗണപതിക്ക്‌ ഇത്ര ആയിരം ജപം, തദിതര ചക്രാദികള്‍ക്കിത്ര, ബ്രഹ്മാവിന്നിത്ര, വിഷ്ണുവിന്നും സദാ ശിവന്നും ഇത്ര ആയിരം എന്ന് കണക്കില്ലാതെ ഗ്രന്ഥങ്ങള്‍ എഴുതി വെച്ചിരിക്കുന്നു. ജപിക്കുന്നതാരാണ്‌ ? എന്ന് ചിന്തിച്ചറിഞ്ഞു ഇരുന്നുവെങ്കില്‍, ജപം ഏതാണ് എന്നറിയും. ജപിക്കുന്നതാരാണെന്ന് അന്വേഷിച്ചു പിടിക്കാന്‍ നോക്കിയാല്‍ ആ ജപം താനായി ഇരിക്കുന്നുണ്ടാകും” എന്നരുള്‍ ചെയ്തു ഭഗവാന്‍.

“വായിനാലുള്ള ജപത്തിന്നു ഫലമില്ലേ ? എന്നൊരാള്‍ ചോദിച്ചു. “ഇല്ലെന്നാര്‍പറഞ്ഞു ? അത് ചിത്ത ശുദ്ധിക്ക് കാരണമാകും. ജപിക്ക, ജപിക്ക, പരിപക്വതയുളവായി എപ്പോഴെങ്കിലും ശരിയായ മാര്‍ഗ്ഗം കാണും. നല്ലതായാലും ചീത്ത ആയാലും ചെയ്തതൊന്നും വൃഥാ പോകയില്ല. ഒന്നിനേക്കാള്‍ വേറെ ഒന്നുയര്‍വ്വ് എന്നത് അധികാരി ഭേദമനുസരിച്ച് പറയേണ്ടിയിരിക്കുന്നു. ”

21-6-47