ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘ഉപനയനം’ (ശ്രീരമണ തിരുവായ്മൊഴി)
രണ്ടു ദിവസം മുമ്പ് കാലത്തെ ഉപനയനം കഴിഞ്ഞ പുത്രനെയും കൊണ്ട് ഒരാള്‍ ഭഗവാന്റെ സന്നിധിയില്‍ വന്നു നമസ്കരിച്ചു പോയി. അയാള്‍ പോയപ്പോള്‍ “ഉപനയന സാരാംശം എന്താണ് എന്ന് ഒരു ഭക്തന്‍ ഭഗവാനോട് ചോദിച്ചു. ഭഗവാന്‍ ചിരിച്ചു കൊണ്ട് ഈവിധം അരുള്‍ ചെയ്തു. “ഉപനയനമെന്നാല്‍ കേവലം മൂന്ന് തന്ടിലുള്ള നൂല്‍ കഴുത്തില്‍ ധരിക്കുക മാത്രമല്ല. ഈ രണ്ടു കണ്ണ് മാത്രമല്ല ഹേ! മൂന്നാമതൊരു കണ്ണുണ്ട് എന്ന് ധരിപ്പിക്കലാണ്. അത് ജ്ഞാന നേത്രമാണ്. ആ കണ്ണ് തുറന്നു സ്വസ്വരൂപത്തെ കാണുക എന്ന് ബോധന കൊടുക്കുന്നു എന്നാണര്‍ത്ഥം. ഉപനയനമെന്നാല്‍, ഇനി ഒരു കണ്ണ്, ആ കണ്ണ് തുറക്കണം എന്ന് ബോധിപ്പിക്കുന്നു. അതിന്നായി പ്രാണായാമം ശീലിപ്പിക്കുന്നു. പിന്നീട് ബ്രഹ്മോപദേശം ചെയ്തു, സഞ്ചി തൂക്കികൊണ്ട് ഭിക്ഷയ്ക്കു പോക എന്ന് പറയുന്നു. മാതൃഭിക്ഷയാണ് പ്രഥമ ഭിക്ഷ. പിതാവ് ബ്രഹ്മോപദേശം ചെയ്താല്‍, മാതാവ് മൂന്ന് പിടി അരി കൊടുക്കുന്നു. എന്തിനെന്നാല്‍, പിതാവ് ചെയ്ത ഉപദേശം മനനം ചെയ്യാനായി ഭിക്ഷാടനം ചെയ്തു, ഗുരുകുലവാസം ചെയ്തു ജ്ഞാനനേത്രം തുറന്നു ആത്മാനുഭൂതി അനുഭവിക്കേണം എന്നാണ് ഉപനയനതിന്റെ താല്പര്യം. പ്രസ്തുത ആ വിഷയം മറന്നു. പ്രാണായാമം എന്നത് വിരല്‍ കൊണ്ട് മൂക്കില്‍ ദ്വാരം മൂടി അഭിനയിക്കുകയോ, ബ്രഹ്മോപദേശം എന്നത് പുതു വസ്ത്രം കച്ചകെട്ടിയുടുക്കുകയോ ചെവിയില്‍ ഗുസഗുസ ശബ്ദിക്കുകയോ, ഭിക്ഷയെന്നത് അരി കൊണ്ട് സഞ്ചി നിറക്കുകയോ ആയി പരിണമിച്ചിരിക്കുന്നു. ഉപദേശം ചെയ്യുന്ന പിതാവിന്നും ചെയ്യിപ്പിക്കുന്ന ഗുരുവിന്നും ഉപനയന തത്വം അറിയാതിരിക്കുമ്പോള്‍, ആ ബാലന്മാര്‍ക്ക് എന്തറിയും!
അത് മാത്രമല്ല, ഗുരുകുലവാസം കൊണ്ട് വിജ്ഞാനം ആര്ജിച്ചതില്‍ പിന്നെ, മനസ്സ് വിഷയത്തില്‍ ചെല്ലുമോ, ഇല്ലയോ എന്ന് പരിശീലനം ചെയ്യാനായ്ക്കൊണ്ട് സ്വഗൃഹതിലെക്കയക്കുമത്രെ ഗുരുക്കള്‍. സ്വഗൃഹത്തില്‍ അല്പദിവസം താമസിച്ചു. വിരാഗിതരായ് കവടികെട്ടി കാശി യാത്രക്ക് പോകണം. കന്യ ദാനതിന്നു ആള്‍ വരും “പാണിഗ്രഹണം ചെയ്യാം” ‘പരിഗ്രഹിക്ക്’ എന്ന് വരം കൊടുക്കുമത്രേ. വിരാഗിയായവന്‍ കേള്‍ക്കാതെ പോകുകയും, രാഗമുള്ളവന്‍ തിരിച്ചു വന്നു കന്യാദാനം സ്വീകരിക്കുകയും ചെയ്യും. ഇങ്ങിനെ ഒക്കെയാണ് ഉപനയനസാരം ഇപ്പോള്‍ അതെല്ലാം പോയി. കാശിയാത്ര എന്ന് പറഞ്ഞു കൊണ്ട് കസവ് ദോത്തി കെട്ടി കണ്ണുകളില്‍ മഷി തേച്ചു നെറ്റിയില്‍ തിലകമിട്ടു പാദത്തില്‍ മഞ്ഞള്‍ പൂശി ശരീരം മുഴുവന്‍ ഗന്ധം തേച്ചു കഴുത്തില്‍ പൂമാലകള്‍ അണിഞ്ഞു കുടയും ചെരുപ്പുമായി ശ്രിന്കാരത്തില്‍ നടന്നു വാദ്യ ഘോഷത്തോടെ പുറപ്പെടുന്നു. ബന്ധുക്കള്‍ വന്നു പെണ്ണിനെ തരാമെന്ന് പറഞ്ഞാല്‍, “റിസ്റ്റ്” വാച്ച് വേണം, മോട്ടോര്‍ സൈക്കിള്‍, കാര്, അത്, ഇത് ഒക്കെ കിട്ട്യിയാല്‍ വിവാഹം ചെയ്യാമെന്ന് ഏല്‍ക്കുന്നു. ചോദിച്ചതെല്ലാം കന്യകയോട് കൂടി കിട്ടിയാല്‍ കല്യാണം കഴിച്ചു, ഉടനെ ഫോട്ടോ എടുക്കലും വിരുന്നു ഭോജനം നടത്തലും മുതലായ കാലക്ഷേപവും തുടങ്ങുന്നു. ഭിക്ഷയെന്നത് പണസഞ്ചി നിറക്കല്‍. കാശി യാത്രയും ആഡംബരവും എല്ലാം മാറിയിരിക്കുന്നു, അത്ര തന്നെ.
28-6-47