ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)

നാലഞ്ചു നാള്‍ മുമ്പ് ഈ നഗരത്തില്‍ വൈശ്യസംഘ സമാവേശം നടന്നു. ആന്ധ്രദേശത്തിലെ വൈശ്യപ്രമുഖര്‍ അനേകം പേര്‍ വന്നിരുന്നു. അതില്‍ പ്രമുഖനായ ഒരാള്‍ ഭഗവാനോട് “സ്വാമീ! ദൈവം ജീവനാണ് എങ്കില്‍ ജീവനുണ്ടാകുന്ന ദുഃഖം ദൈവത്തിന്നും ബാധിക്കുമോ ? ഇല്ലയോ ? എന്ന് ചോദിച്ചു, ” ഈ ചോദിക്കുന്നത് ആരാണ്, ജീവനോ ദൈവമോ ? ” ” ജീവന്‍ തന്നെ ഭഗവാന്‍ – ആ ജീവനാരാണ് ? എങ്ങിനെയുള്ളതാണ് ? എവിടെ നിന്നുണ്ടായി ? എവിടെ ലയിക്കുന്നു എന്ന് വിചാരിച്ചറിയുമ്പോള്‍ ജീവനെന്നു പറയുന്നവന്‍ തന്നെ ദൈവവും ആകും. അപ്പോള്‍ ആ ജീവന്നുണ്ടാകുന്ന ദുഃഖം ദൈവത്തിനെ ബാധിക്കുമോ ഇല്ലയോ എന്നറിയാം. അറിഞ്ഞാല്‍ പിന്നെ ഒരു ബാധയുമില്ല. “അതറിയുന്നില്ലല്ലോ ? എന്ന് പറഞ്ഞു അയാള്‍. ഭഗവാന്‍ “അതിനെ അറിയുവാന്‍ പ്രയത്നം ആവശ്യമില്ല. നിദ്രയില്‍ നിങ്ങള്‍ ഉണ്ടല്ലോ ? എന്നാല്‍ ഈ ദൃശ്യമെല്ലാം ഇല്ലാതെയാകുന്നുവല്ലോ. എഴുന്നേല്‍ക്കുമ്പോള്‍ എല്ലാം ഉണ്ടാകുന്നു. നിങ്ങള്‍ നിദ്രയിലുണ്ട്. ഉണര്‍ന്നപ്പോഴുമുണ്ട്. മേലെ വരുന്നതെല്ലാം നീക്കി കളയണം” ഭക്തന്‍ എങ്ങിനെ നീക്കിക്കളയും ? താന്‍ ഉള്ളതുപോലെ ഇരുന്നാല്‍ അത് താനെ നീങ്ങിക്കൊള്ളും. ചലനമില്ലാതിരിക്കയാണ് തന്റെ സത്യസ്വഭാവം. ഉള്ളത് ഉള്ള പോലെ കണ്ടാല്‍ ഇല്ലാത്തതു ഇല്ലാതായി തീരും”. എന്നരുളി ഭഗവാന്‍.

അങ്ങിനെ കാണുവാനുള്ള മാര്‍ഗമേതാണ് ? “താന്‍ ആരാണ് ? തന്റെ യഥാര്‍ത്ഥ സ്ഥിതി ഏതാണ് ? എന്ന് വിചാരിക്കുകയാണ് മാര്‍ഗം” “ആ വിചാരം എങ്ങിനെ ഉണ്ടാകും ? ” ഭഗവാന്‍ ഹൂ! ഹൂ! എന്ന് വെറുതേ ഇരുന്നു. അയാള്‍ അല്പം കഴിഞ്ഞു “ശരി; ഇത് തന്നെ മാര്‍ഗം” എന്ന് പറഞ്ഞു സമീപസ്ഥര്‍ തടുത്തിട്ടും നില്‍ക്കാതെ ഭഗവാന്റെ പാദം സ്പര്‍ശനം ചെയ്തു, വൈശ്യ സംഘത്തോടെ തിരിച്ചു പോയി. അയാള്‍ പോയപ്പോള്‍, ഭഗവാന്‍ അടുത്തുള്ളവരോടായി “ചോദ്യം അറിയാഞ്ഞിട്ടല്ല, നമ്മളെ പരീക്ഷിക്കാന്‍ ചോദിക്കയാണ് “പാദം സ്പര്‍ശിച്ചു, കാര്യം നിര്‍വഹിച്ചു ” എന്ന് പുറപ്പെട്ടു പോയി. ഇനി എന്ത് വേണം ? ” ഇങ്ങിനെ ഓരോന്നിലും തൃപ്തിപ്പെടുന്നു. ” എന്നരുളി ഭഗവാന്‍.

നെല്ലൂരില്‍ നിന്ന് വന്ന ഒരു ധനവാന്‍ ‘റെഡ്ഡി’ സ്വാമീ! ആനന്ദമാണ് ആത്മാവ് എന്ന് പറയുന്നുവല്ലോ ? ആനന്ദമെന്നത് ദുഖരഹിതമായതല്ലയോ. എന്നാല്‍, ജീവന്‍ ആനന്ദം അനുഭവിക്കുമ്പോള്‍ ദുഃഖം അറിയാതിരിക്കുമോ ? ” ദുഖമുണ്ടെങ്കിലല്ലേ ആനന്ദം ഉള്ളു ? ഇത് ദുഖമാണെന്ന് അറിഞ്ഞാലല്ലേ അത് ആനന്ദമാണെന്നറിയുകയുള്ളൂ. വിചാരമുള്ളവരേയ്ക്കും രണ്ടും ഉണ്ട്; ആത്മാവ് സുഖ ദുഖാതീതം ആണ്, എന്നാലും ആത്മാവിന്നു സുഖമെന്നാണ് പേര്. സദസത്തുക്കള്‍ക്ക് അതീതം സത്ത്, ജ്ഞാനാജ്ഞാനാതീതം ജ്ഞാനം, വിദ്യാവിദ്യാതീതം വിദ്യ. ഇതേ വിധത്തില്‍ എന്തെന്തൊക്കയോ പറയുന്നു. പറയാനെന്തുണ്ട് ? ” എന്നരുളി ഭഗവാന്‍.

18-7-47