ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നലെ കുംഭകോണത്തില്‍ നിന്ന് രണ്ടു പണ്ഡിതന്മാര്‍ വന്നിരിക്കുന്നു. അവര്‍ ‍ഇന്ന് കാലത്ത് ഒമ്പത് മണിക്ക് ഭഗവാനെ സമീപിച്ചു “സ്വാമീ! പോയ്‌ വരട്ടെ! മനശാന്തിയുണ്ടാകാന്‍ അനുഗ്രഹിക്കേണമെന്നു പ്രാര്‍ഥിക്കുന്നു” എന്ന് പറഞ്ഞു. ഭഗവാന്‍ ശിരസ്സാംഗ്യത്താല്‍ അനുവാദം നല്‍കി, അടുത്തുള്ള രാമചന്ദ്രരെ നോക്കി ‘ശാന്തി’ യാണ് സ്വരൂപം. അതിന്നുളവാകുന്നവയെല്ലാം നീക്കംചെയ്താല്‍ ബാക്കി നില്‍ക്കുന്നത് ശാന്തി തന്നെ. ഉണ്ടാകുവാന്‍ ഇനി എന്തുണ്ട് ? ഉളവാകുന്നത് എല്ലാം ഇല്ലാതാക്കണം. അത്രയേ പ്രയത്നിക്കേണ്ടൂ. പക്വ ചിത്തര്‍ ആണെങ്കില്‍ ‘ശാന്തി’യാണ് സ്വരൂപം എന്ന് മാത്രമേ പറയേണ്ടതുള്ളൂ. ജ്ഞാനമുളവാകും. അപക്വ ചിത്തന്മാര്‍ക്ക് ശ്രവണ മനനാദികള്‍ ആവശ്യമുണ്ടെന്നല്ലാതെ പക്വ ചിത്തര്‍ക്ക് അത് ആവശ്യമില്ല. ദൂര ദേശത്തിലുള്ളവര്‍, രമണാശ്രമത്തിലേക്ക് എങ്ങിനെ പോകണമെന്ന് ചോദിച്ചാല്‍, ഇന്ന വണ്ടിയില്‍ കയറി ഇന്ന സ്ഥലത്തിറങ്ങി ആ വഴിയൂടെ ഈ വഴിയൂടെ എന്നൊക്കെ പറഞ്ഞു മനസിലാക്കണം. തിരുവണ്ണാമല രമണാശ്രമത്തില്‍ എത്തിചേര്‍ന്നവര്‍ക്കു, ഇതാ, ഹാളില്‍ ഇരിക്കുന്നു മഹര്‍ഷി എന്ന് മാത്രം പറഞ്ഞാല്‍ മതി. കണ്ടു കൊള്ളും, പിന്നെ നീങ്ങേണ്ട പണിയില്ല. ”

“ശ്രവണ മനനാദികള്‍ എന്നാല്‍ വേദാന്ത ഗുരു വാക്യ ശ്രവണാദികളാണോ ? എന്ന് ഒരാള്‍ ചോദിച്ചു. “ അതെ, എന്നാല്‍ ഒന്നുണ്ട്. ഈ ബാഹ്യ ശ്രവണ മനനാദികള്‍ അല്ലാതെ, അന്തര ശ്രവണ മനനാദികള്‍ ഉണ്ട്. അവ, മനപരിപാക വശാല്‍ സ്ഫുരിക്കണം, ആന്തര ശ്രവണം ചെയ്യുന്നവര്‍ക്ക് സന്ദേഹങ്ങള്‍ ഉണ്ടാകുന്നില്ല.

“ആന്തര ശ്രവണം എന്നാല്‍ എന്താണ് ? എന്ന് ചിലര്‍ ചോദിക്കുമ്പോള്‍, സദാ ഹൃദയത്തില്‍ അഹ,മഹമെന്നു ഭാസീതമായ ആത്മ സ്ഫുരണ അറിയുകയാണ് ആന്തര ശ്രവണമെന്നും, അതില്‍ സ്ഥിരത വെക്കുവാന്‍ അഭ്യാസം ചെയ്യുക മനനവും ആണെന്നും അതില്‍ താനായ് നില്‍ക്കുകയാണ് നീദി ധ്യാസമെന്നും” ശ്രീ ഭഗവാന്‍ അരുള്‍ ചെയ്തു.

“ഭഗവദ്രചിതമായ ഹൃദയ കുഹര മദ്ധ്യേ” എന്ന ശ്ലോകം ചോടെ ചേര്‍ക്കുന്നു.

“ഹൃദയകുഹരമധ്യെ കേവലം ബ്രഹ്മമാത്രം
ഹ്യഹമഹമിതി സാക്ഷാദാത്മാരൂപേനഭാതീ
ഹൃദിവീശമനസാസ്വം ചീന്വതാമജ്ജതാവ
പവനചലനരോധാദാത്മനീഷ്ടോഭവത്വം ”

3-9-’47