ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ഉള്ള ദിക്കില്‍ തന്നെ ഇരിക്കു’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്ന് കാലത്തെ ഒമ്പതെകാല്‍ മണിക്ക് ഭഗവാന്‍ പുറത്തു പോകാന്‍ എഴുന്നേല്‍ക്കുമ്പോള്‍ നൂതനാഗതനായ ആ ആന്ധ്ര യുവാവ് ഭഗവാനെ സമീപിച്ചു, “സ്വാമി! ഞാന്‍ തപസിന്നു വന്നവനാണ്. അതിന്നു ഏതു സ്ഥലമാണ്‌ യോഗ്യമായിട്ടുള്ളതെന്നു എനിക്ക് നിശ്ചയമില്ല. എവിടെയാണ് ഇരിക്കെണ്ടതെന്നു ഭഗവാനരുളി ചെയ്‌താല്‍ അവിടെ ഇരുന്നു കൊള്ളാം.” എന്ന് പറഞ്ഞു. ഭഗവാനൊന്നും പറഞ്ഞില്ല. ആ മനുഷ്യന്‍ അങ്ങിനെ നിന്ന് കൊണ്ടിരുന്നു. ഭഗവാന്‍ കാലു തിരുമ്മിക്കൊണ്ട് കുലുങ്ങി കുലുങ്ങി ചിരിച്ചു കൊണ്ടിരുന്നു. എന്തെങ്കിലും പറയുമ്പോള്‍ കാത്തിരുന്നു. വടിയും എടുത്തു എഴുന്നേറ്റു കൊണ്ട് അനുചരരെ നോക്കി. “ഏതു സ്ഥലത്താണ് ഇരിക്കേണ്ടത് എന്ന് ചോദിച്ചാല്‍ എന്താണ് പറയേണ്ടത് ? ഏതു സ്ഥലത്താണ് താനുള്ളത് ആ സ്ഥലത്തില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത്” “ഉള്ള ദിക്കില്‍ തന്നെയിരിക്കു” എന്നരുള്‍ ചെയ്തു ഭഗവാന്‍ എഴുന്നേറ്റു പോയി.

ആ യുവാവ് ഖിന്ന വദനന്‍ ആയി ഉള്ള സ്ഥലത്ത് തന്നെയിരിക്കു എന്ന് പറഞ്ഞതെന്താണ്. മഹാത്മാവ് യോഗ്യതയുള്ള സ്ഥലം നിര്‍ണ്ണയിച്ചു തരുമെന്ന് കരുതി വളരെ ദൂരത്തില്‍ നിന്ന് ദ്രവ്യ വ്യയം നോക്കാതെ വന്നിട്ട് “ഏതു സ്ഥലതാണോ താനുള്ളത് ആ സ്ഥലത്ത് തന്നെയിരുന്നു കൊള്ളൂ എന്നാണല്ലോ പറഞ്ഞത്. ഞാനിപ്പോള്‍ ഈ സോഫക്കു അടുത്തല്ലേ ഉള്ളത്, ഇവിടെ ഇരിക്കേണം എന്നാണോ അര്‍ഥം ? ഇതിന്നാണോ ചോദിച്ചത് എന്ന് വ്യസനിച്ചു. ഒരു ഭക്തന്‍ അയാളെ സമീപിച്ചു, “അയ്യോ! ഭഗവാന്‍ എന്തരുളിയാലും ആ വാക്കില്‍ യഥാര്‍ത്ഥമുണ്ടാകും. ‘ഞാന്‍’ എന്ന അഹംവൃത്തി ഏതു സ്ഥലത്തു നിന്ന് ഉത്ഭവിക്കുന്നുവോ, ആ സ്ഥലമാണ് തന്റെ സ്ഥാനം. ആ സ്ഥാനമറിഞ്ഞ് അവിടെയിരിക്കുന്നതാണ് തപസ്സ്. അതുകൊണ്ട് ‘ഞാന്‍’ ആരാണ് എന്ന് അറിയണമെന്നല്ലാതെ ഏതു സ്ഥലത്തിരുന്നാലെന്താണ് ? എന്നാണ് അരുള്‍മൊഴിയുടെ സാരാംശം.” എന്നു പറഞ്ഞ് അയാളെ സമാധാനപ്പെടുത്തി.

ഇന്നലെ ഒരാള്‍ ഇതുപോലെത്തന്നെ, ” സ്വാമീ ആത്മാവിനെ ഏതുവിധത്തില്‍ അറിയും ? ”

ഭഗവാന്‍- “ആത്മാവിലാണല്ലോ നിങ്ങളുള്ളത്. അറിയാനെന്തുണ്ട് ? ”

ഭക്തന്‍- “ആത്മാവില്‍ ഞാനുണ്ടെന്നു പറയുന്നു. അത് എവിടെയാണുള്ളത് ? ”

ഭഗവാന്‍- “നിങ്ങളുടെ ഹൃദയത്തിലുണ്ട്. നിങ്ങള്‍ ആ ഹൃദയത്തിലിരുന്നുകൊണ്ട് നോക്കിയാലും. ”

ഭക്തന്‍- “എന്റെ ഹൃദയത്തില്‍ എനിക്കിരിക്കാന്‍ സ്ഥലമില്ലല്ലോ ? ”

ഭഗവാന്‍ സമീപമിരിക്കുന്ന രാമചന്ദ്രരോട്, “ഇത് കേള്‍ക്കൂ! ആത്മാവ് എവിടെയുണ്ടെന്നന്വേഷിച്ച് കഷ്ടപ്പെടുന്നു. എന്താണ് പറയേണ്ടത് ? ഉള്ളതു തന്നെ ആത്മാവാണ്. അത് സര്‍വ്വത്ര നിറഞ്ഞതുമാണ്. അതിനെയാണ് ഹൃദയമെന്ന് പറയുന്നതയ്യാ! എന്നു പറയുമ്പോള്‍ എന്റെ ഹൃദയത്തില്‍ എനിക്ക് നില്‍ക്കാന്‍ എനിക്ക് സ്ഥലമില്ല. എന്തു ചെയ്യും ? എന്ന് പറയുന്നു. ഇല്ലാത്തതും നശിക്കുന്നതുമായ വാസനകളെക്കൊണ്ട് ഹൃദയം നിറഞ്ഞിരിക്കുന്നു. അതിനു പ്രയാസം ഒട്ടുമില്ല. തനിക്ക് അവിടെ സ്ഥലമില്ല എന്നു പറയുന്നത്, ഒരു വലിയ ഗൃഹം പണിത് അതിലിരിക്കാന്‍ സ്ഥലമില്ലെന്നു പറയുന്നതു പോലെയുണ്ട്. സാമാനങ്ങള്‍ (ഗൃഹത്തിലേയും ഹൃദയത്തിലേയും) എടുത്തു നീക്കിയാല്‍ സ്ഥലം എന്തു കൊണ്ടുണ്ടാകയില്ല ? തനിക്ക് ശരീരം തന്നെ ഭയങ്കര സാമാനമാണ്. ആ ശരീരത്തിനെ തൊട്ടും തൊടാതെയും വേണ്ടുന്നതും വേണ്ടാത്തതുമായ സാമാനങ്ങള്‍ കൊണ്ട് മുറികളില്‍ (ഇന്ദ്രിയങ്ങളില്‍) നിറച്ച് സ്ഥലമില്ലെന്നു പറയുന്നു. തന്‍റേതല്ലാത്ത വാസനാ സാമഗ്രികളെല്ലാം ഹൃദയത്തില്‍ നിറച്ച് തനിക്ക് തന്നെ കാണാനിരിക്കാനായി സ്ഥലമില്ലെന്ന് ആവലാതിപ്പെടുന്നു. വാസനകളെല്ലാം അടിച്ച് തുടച്ച് വാരിക്കളയൂ. അപ്പോള്‍ സ്ഥലം കാണും. സര്‍വ്വത്ര നിറഞ്ഞതല്ലയോ ആത്മാവ്. ഇങ്ങനെ ചെയ്താല്‍ താനൊന്നു വേറെയായി കാണ്മാനുണ്ടാകയില്ല. തപസ്സിന് സ്ഥലമെവിടെ ? ഒന്നും പ്രയത്നിക്കാതെ തന്നെ തപസ്സാകും. കണ്ണുകളടച്ച് സൂര്യനില്ലെന്ന് പറയുന്നതു പോലെയാണ് തന്നെക്കാണാനും, തന്നിലിരിക്കാനും സ്ഥലമില്ലെന്നു പറയുന്നത്. എന്ത് ചെയ്യാനാണ് ?

11-9-1947