മിനിഞ്ഞാന്ന് ഒരു ആന്ധ്രായുവതി ഭര്‍ത്താവിനോടു കൂടെ ഭഗവത് സന്നിധിയിലേക്ക് വന്നു. “ഭഗവാനേ, ഞാന്‍ ചില വേദാന്ത ശ്രവണവും ധ്യാനവും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ആനന്ദമുളവാകുകയും കണ്ണില്‍ ആനന്ദജലം ഒഴുകുകയും ചെയ്യും. ചിലപ്പോളങ്ങനെ ഉണ്ടാകുന്നില്ല. അത് എന്തുകൊണ്ടാണ് ? ”
ഭഗവാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, “ആനന്ദം എപ്പോഴും ഉള്ളതാണ്. ഒരിക്കല്‍ ഉണ്ടായി പിന്നൊരിക്കല്‍ ഇല്ലാതാവില്ല. ആ വന്നുപോയ്ക്കൊണ്ടിരിക്കുന്നതെല്ലാം മനഃകല്പിതങ്ങളാണ്. അതിനെ ലക്ഷ്യം വയ്ക്കരുത്. രോമാഞ്ചമുളവാകുന്ന ആ ആനന്ദം വിട്ടുപോകുമ്പോള്‍ പിന്നെയും ആ അനുഭവം വേണമെന്നാഗ്രഹിക്കുന്നു. എന്ത് കൊണ്ടാണ് ? ആനന്ദം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിങ്ങളുണ്ടെന്ന് സമ്മതിക്കാമോ ? അത് ശരിക്കറിഞ്ഞാല്‍ ഇതൊന്നും തന്നെ ഉണ്ടാവില്ല. ”
ഭക്തന്‍- “അതറിയുവാനെന്തെങ്കിലുമൊരു പ്രയത്നം വേണ്ടെ ? ”
ഭഗവാന്‍- “വേറെ ഒന്നുണ്ടങ്കിലല്ലേ ? എല്ലാം താന്‍ മാത്രമാണല്ലോ ? അറിയുന്നതെന്താണ് ? അറിയേണ്ടതെന്താണ് ? ”
ഉത്തരമില്ല. ഭഗവാന്‍ അനുഗ്രഹദൃഷ്ടിയില്‍ നോക്കി “വാസനാബലം അധികരിച്ചിരിക്കുന്നു. ഹും. . ഇനി എന്തു ചെയ്യാം ? ”
അതിന്നിടയില്‍ വന്നുചേര്‍ന്ന ഒരുവന്‍ ഒരു കത്തു ഭഗവാനെ സമര്‍പ്പിച്ചു. ഭഗവാനത് വായിച്ചു. “ചിത്തശാന്തിയല്ലയോ മോക്ഷം ? ” എന്ന് ഇതില്‍ എഴുതിയിരിക്കുന്നു. “ചോദ്യത്തില്‍ തന്നെ ഉത്തരം അടങ്ങിയിട്ടുണ്ട്. ഇനി പറയേണ്ടതൊന്നുമില്ല. ” എന്നരുളി.
“എന്താഹേ, ചിത്തമെന്നാലെന്താണെന്ന് താങ്കള്‍ക്കറിയാമോ ? ” എന്നൊരു മദ്ധ്യസ്ഥന്‍ ചോദിച്ചു. “മനസ്സ്” എന്നയാള്‍ ഉത്തരം പറഞ്ഞു.
“പിന്നെന്തുണ്ട് മനസ്സാക്ഷി തന്നെയാണ് മോക്ഷം എന്ന് നിങ്ങളുടെ കത്തില്‍ തന്നെയുണ്ടല്ലോ” എന്നരുളി ഭഗവാന്‍.
ഭക്തന്‍- “ആ മനസ്സ് ചിലപ്പോള്‍ നിര്‍മ്മലമായും ചിലപ്പോള്‍ ചഞ്ചലമായുമിരിക്കുന്നു. ചാഞ്ചല്യമുണ്ടാവാതിരിക്കാന്‍ എന്താണുപായം ? ”
ഭഗവാന്‍- “ആരുടെ ചിത്തത്തിനാണീ ചാഞ്ചല്യം ? ഈ ചോദിക്കുന്നതാരാണ് ? ”
ഭക്തന്‍- “എന്റെ ചിത്തത്തിനു തന്നെ. ഞാന്‍ തന്നെ ചോദിക്കുന്നതും. ”
ഭഗവാന്‍- “അതുശരി, ‘ഞാന്‍’ എന്നൊരുവനുണ്ടല്ലേ ? ശാന്തി എന്നതും ഇടക്കിടക്ക് താങ്കള്‍ക്ക് അനുഭവമുണ്ട്. അതുകൊണ്ട് ‘ശാന്തി’ എന്നത് ഉള്ള വസ്തു (ആത്മാവ്) ആണെന്ന് തീര്‍ച്ചയാണ്. വിചാരമെന്നതാണ് മനസ്സ്. ആ വിചാരമില്ലാതാക്കിയാല്‍ ചാഞ്ചല്യമില്ലാതാകും. ചാഞ്ചല്യമില്ലാതായാല്‍ ശാന്തിയാണല്ലോ ഉള്ളത്. ഉള്ളതിനെ പ്രാപിക്കാന്‍ പ്രയത്നം എന്തിനാണ് ? വിചാരമില്ലാതാക്കുവാനാണ് പ്രയത്നിക്കേണ്ടത്. മനസ്സ് ചലിക്കുമ്പോള്‍ വിചാരം കൊണ്ട് അപ്പോഴപ്പോള്‍ മനസ്സ് മാറ്റുവാനുള്ള അഭ്യാസം ശീലിക്കണം. ആ വിധം ചെയ്തു കൊണ്ടിരുന്നാല്‍ ശാന്തി മാത്രമായിത്തീരും. അതുതന്നെ ആത്മാവ്, അതുതന്നെ മോക്ഷം, അതുതന്നെ ഞാന്‍”
“യതോ യതോ നിശ്ചരതിമനശ്ചഞ്ചലമസ്തിരം
തതഃസ്ഥതോ നിയമ്യ ആത്മന്യേവ വശം നയേത്” (ഭഗവദ് ഗീത)
25-09-1947
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘ചിത്തശാന്തി തന്നെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)