ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘ഉള്ളത്’ (ശ്രീരമണ തിരുവായ്മൊഴി)
ഇന്നലെ മദ്ധ്യാഹ്നം ഭഗവാന്‍ ഒരു മലയാള പുസ്തകം വായിക്കുകയായിരുന്നു. സമീപമിരുന്ന ഒരാള്‍ “വാസിഷ്ഠമാണോ” എന്ന് ചോദിച്ചു.
ഭഗവാന്‍- “അതെ”
വേറൊരു പണ്ഡിതന്‍ വാസിഷ്ഠ കഥയെക്കുറിച്ച് ഭഗവാനോട് പ്രസംഗിച്ച് കൊണ്ട് “സ്വാമീ! ജ്ഞാനോവാര്‍ജ്ജനത്തിന് അനേക പ്രതിബിംബങ്ങള്‍ ഉണ്ടല്ലോ ? ” എന്ന് ചോദിച്ചു.
സോഫയില്‍ ചാഞ്ഞു കിടന്ന ഭഗവാന്‍ എഴുന്നേറ്റിരുന്നു. “അതെ ഉണ്ട്. അതിനാണ് ഭൂത, ഭവിഷ്യദ്വര്‍ത്തമാന പ്രതിബിംബങ്ങളെന്ന് പറയുന്നത്. ആ പ്രതിബിംബത്തിന് ഉപനിഷത്തിലും, വാസുദേവമനനത്തിലും ഒരു കഥ പറഞ്ഞിട്ടുണ്ട്.
അതായത് ബഹുകുടുംബിയായ ഒരു ബ്രാഹ്മണന്‍ ജീവനാര്‍ത്ഥം ഒരു എരുമയെ മേടിച്ചു. പാല്‍, തൈര്‍ മുതലായവ വിക്രയം ചെയ്ത് ഭാര്യാമക്കളെ പുലര്‍ത്തിക്കൊണ്ടിരുന്നു. ആ എരുമയെ കടല, പരുത്തിക്കൊട്ട മുതലായവകള്‍ തീറ്റി രക്ഷിച്ചു. ‘തദേകനിഷ്ഠ’നായിരുന്നുകൊണ്ടിരിക്കെ, കുറേക്കാലം ചെന്നപ്പോള്‍ അയാളുടെ ഭാര്യാമക്കള്‍ മരിച്ചു. അതിനുശേഷം അത്യധിക പ്രേമത്തോടെ തന്റെ സര്‍വ്വസ്വവും ആ എരുമയാണെന്ന് കരുതി രക്ഷിച്ചുകൊണ്ടിരിക്കെ ആ എരുമയും കാലഗതിയെ പ്രാപിച്ചു. അങ്ങനെ ഏകാകിയായിത്തീര്‍ന്ന ആ ബ്രാഹ്മണന്‍ സംസാരത്തില്‍ വിരാഗിയായിത്തീര്‍ന്ന് സന്ന്യാസം സ്വീകരിച്ച് ഒരു സദ്ഗുരുവിന്റെ സാന്നിധ്യത്തില്‍ ശ്രവണാദികളഭ്യസിച്ചു.”
കുറേ ചെന്നപ്പോള്‍ ഗുരു ശിഷ്യനെ വിളിച്ചു. “എന്താ കുറേ നാളായി ശ്രവണം ചെയ്തു വരികയാണല്ലോ ? കൃതകൃത്യനായോ ? ” എന്ന് ചോദിച്ചു.
ആ വിപ്രന്‍ മുമ്പു നടന്ന കഥകളെല്ലാം പറഞ്ഞു. “സ്വാമീ, അക്കാലത്ത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പോഷണത്തിന്നാധാരമായ ആ എരുമയെ പ്രേമിച്ചവനാണ് ഞാന്‍. അത് എന്നോ മരിച്ചു പോയി. എങ്കിലും ഈ ശ്രവണമനന നിദിധ്യാസകാലത്ത് ആ എരുമ സാക്ഷാത്കാരമായി നില്‍ക്കുന്നുവല്ലോ. എന്താണ് ചെയ്യേണ്ടത് ? ” എന്ന് അറിയിച്ചു.
ആ സദ്ഗുരു പൂര്‍വ്വ വാസനാപ്രതിബന്ധമാണിതെന്ന് നിശ്ചയിച്ച് ഒരു യുക്തിയില്‍ ‘മകനെ ! ബ്രഹ്മത്തിന് അസ്തി, ഭാതി, പ്രിയം എന്നു പറയുന്നു. അസ്തി എന്നത് ഉള്ളത്. ഭാതി എന്നാല്‍ പ്രകാശിക്കുന്നത്, പ്രിയമെന്നാല്‍ പ്രിയം തന്നെ. ആ എരുമ നിനക്ക് പ്രിയമായതിനാല്‍ അതും ബ്രഹ്മം തന്നെ. അതിന് നാമരൂപാദികളുണ്ട്. നിനക്കുമുണ്ട്. നീ ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നു വച്ചാല്‍, നിന്റെ നാമരൂപങ്ങളും, എരുമയുടെ നാമരൂപങ്ങളും വിട്ട് ധ്യാനിക്കൂ. ” എന്നു പറഞ്ഞു. അങ്ങനെ രണ്ടും വിട്ടു ധ്യാനിച്ചപ്പോള്‍ ആ ബ്രാഹ്മണന് ജ്ഞാനമുളവായി. അതാകുന്നു പൂര്‍വ്വവാസനാ പ്രതിബന്ധങ്ങള്‍. വാസ്തവത്തില്‍ “ഉള്ളത്” (ആത്മാവ്) ഒന്നു മാത്രമേയുള്ളൂ. അത് എപ്പോഴും, എവിടെയും, എല്ലാവരിലും, എല്ലാ വസ്തുക്കളിലുമുള്ളതാണ്.
ഇതാ പക്ഷിയുണ്ട്, അതാ പലകയുണ്ട്, അതാ മനുഷ്യനും ഉണ്ട് എന്നു പറയുന്നു. നാമരൂപങ്ങളുടെ ഭേദമെന്നല്ലാതെ “ഉള്ളത്” എന്നത് സാര്‍വ്വത്രികമായ് ഉള്ളതല്ലയോ ? അതാണ് ‘അസ്തി’. ഇതുണ്ടെന്നു പറയുവാന്‍ കാണുന്നവനൊരുത്തനുണ്ടാകണം. ആ കാണുന്ന അറിവാണ് ‘ഭാതി’. അതു കാണണം, ഇത് കേള്‍ക്കണം എന്നതുണ്ടെങ്കിലല്ലേ കാണുകയും, കേള്‍ക്കുകയും ? അതാണ് ‘പ്രിയം’. ഇത് മൂന്നും സഹജസ്വരൂപലക്ഷണമാണ്. ഇതിനെയാണ് സച്ചിദാനന്ദമെന്നും പറയുന്നത്. ”
“പ്രിയവും കൂടി സഹജമാണങ്കില്‍ ഏതിനെക്കണ്ടാലും പ്രിയമുണ്ടാകേണമല്ലോ ? പാമ്പ്, പുലി മുതലായവയെ കണ്ടാല്‍ പ്രിയമുണ്ടാകുന്നില്ലല്ലോ ? ” എന്ന് പറഞ്ഞു ഒരുവന്‍.
ഭഗവാന്‍- “നമുക്കുണ്ടാകയില്ലായിരിക്കാം. ഏതു ജാതിക്ക്, ആ ജാതിയില്‍ പ്രിയമല്ലേ ? പാമ്പിനെക്കണ്ടാല്‍ പാമ്പിന് പ്രിയം, പുലിയെക്കണ്ടാല്‍ പുലിക്ക് പ്രിയം ഇങ്ങനെ ഓരോന്നിലും പ്രിയമെന്നതുണ്ട്”
“സിനിമാചിത്രം കാണുന്ന ‘തിരശ്ശീല’ എപ്പോഴും ഉണ്ട്. അതാണ് ‘അസ്തി’ . ചിത്രം കാണിക്കുന്നവനും, കാണിക്കുന്ന വിളക്കും ‘ഭാതിയും’ പ്രിയവുമാണ്. നാമരൂപങ്ങളോട് കൂടിയ ചിത്രങ്ങള്‍ വരികയും പോവുകയും ചെയ്യുന്നു . അവയെക്കണ്ട് ഭ്രമിക്കാതെ, അവയെ നീക്കം ചെയ്താല്‍ ശേഷിക്കുന്ന ‘തിരശ്ശീല’സ്ഥിരമായി നില്‍ക്കുന്നു . ആവരണമാകുന്ന മങ്ങിയ ദീപംകൊണ്ടാണ് തിരശ്ശീലക്കുമീതെ ചിത്രങ്ങള്‍ കാണപ്പെടുന്നത്. ആവരണരഹിതമായ പ്രകാശമേറിയ ദീപംവരുമ്പോള്‍ ചിത്രങ്ങള്‍ കാണാതെയകുന്നു. എല്ലാം പ്രകാശമാകുന്നു. അതുപോലെ മനസ്സെന്ന മങ്ങിയ ദീപംകൊണ്ട് നോക്കുമ്പോള്‍, നാനാവിധമായ ഈ പ്രപഞ്ചങ്ങള്‍ ഗോചരീഭവിക്കുന്നു. ആത്മജ്ഞാനമാകുന്ന പ്രകാശമേറിയ ദീപം ജ്വലിക്കുമ്പോള്‍ എല്ലാം ഒരേ പ്രകാശമയം. അത്രതന്നെ ! എന്നരുള്‍ ചെയ്തു ഭഗവാന്‍.
26-9 -47