ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകംഎന്ന വേദാന്തപ്രകരണ ഗ്രന്ഥത്തിന് ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്.

ആത്മസത്തയെ മറച്ചിരിക്കുന്ന ജഡസങ്കല്പങ്ങളും വികാരങ്ങളും ഒന്നൊന്നായി അകലുന്നതോടുകൂടി ആ ആനന്ദനിധി കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരും. ഒടുവില്‍ സങ്കല്പങ്ങളെല്ല‍ാം നിശ്ശേഷം മാറി സത്യം അന്വേഷകന്റെ സ്വരൂപമായിത്തീരുകയും ചെയ്യും. ഉജ്ജ്വലമായ ഈ സത്യാനുഭവരഹസ്യമാണ് ‘മനീഷാപഞ്ചക’ത്തിലെ അവസാനശ്ലോകത്തില്‍ വിവരിക്കുന്നത്.

യത്സൗഖ്യ‍ാംബുധലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാഃ
യച്ചിത്തേ നിതര‍ാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍ന്നിര്‍വൃതഃ
യസ്മിന്‍ നിത്യസുഖ‍ാംബുധൗ ഗളിതധീര്‍ബ്രഹ്മൈ ന ബ്രഹ്മവിദ്
യഃ കഞ്ചിത് സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ.

യത് സൗഖ്യാബുധിലേശലേശതഃ = ഏതൊരു സുഖസമുദ്രത്തില്‍ നിന്നും ലേശലേശം നുകര്‍ന്നിട്ടാണോ; ശക്രദായഃ നിര്‍വൃതാഃ = ഇന്ദ്രാദിലോകപാലന്മാര്‍ ആനന്ദനിര്‍വൃതരായി ക്കഴിഞ്ഞുകൂടുന്നത്; നിതാരം പ്രശാന്തകലനേ = പ്രപഞ്ചസങ്കല്പങ്ങള്‍ അത്യന്തം ഉപശമിച്ച; ചിത്തേ = ഹൃദയത്തില്‍; യല്ലബ്ധ്വാ = യാതൊരു സത്യത്തെ കണ്ടറിഞ്ഞിട്ടാണോ; മുനിഃനിര്‍വൃത = സത്യദര്‍ശി മൗനാനന്ദത്തില്‍ ആണ്ടിരിക്കുന്നത്; യസ്മിന്‍ നിത്യസുഖ‍ാം ബുധൗ = ആ നിത്യസുഖസമുദ്രത്തില്‍; ഗളിതധീഃ = ബുദ്ധി അലിഞ്ഞുചേര്‍ന്ന ആള്‍; ബ്രഹ്മവിത്ന = അദ്ദേഹത്തെ ബ്രഹ്മത്തെ അറിയുന്നയാള്‍ എന്നല്ല പറയേണ്ടത്, ബ്രഹ്മ ഏവ = ബ്രഹ്മം തന്നെയാണ്; യഃ കശ്ചിത് = അങ്ങനെയൊരാളുണ്ടെങ്കില്‍; സഃസുരേന്ദ്രവന്ദിതപദഃ അദ്ദേഹം ഇന്ദ്രനാല്‍പോലും വന്ദിക്കപ്പെടേണ്ട പാദങ്ങളോടുകൂടിയ ആളാണ്; നൂനം മമ മനീഷാ = ഇതന്റെ സുനിശ്ചിതമായ തീരുമാനമാണ്.

ഏതൊരു സുഖസമുദ്രത്തിന്റെ ലേശലേശം നുകര്‍ന്നിട്ടാണോ ഇന്ദ്രാദിലോകപലാകന്മാര്‍പോലും ആനന്ദനിര്‍വൃതരായികഴിഞ്ഞുകൂടുന്നത്, ലോകസങ്കല്പങ്ങള്‍ പൂര്‍ണ്ണമായി ഉപശമിച്ച ചിത്തത്തില്‍ ഏതൊന്നിനെ സാക്ഷാത്കരിച്ചിട്ടാണോ സത്യദര്‍ശി മൗനാനന്ദത്തില്‍ ആണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തില്‍ ബുദ്ധി അലിഞ്ഞു ചേര്‍ന്നയാളെ ബ്രഹ്മത്തെയറിയുന്നയാളായിട്ടല്ല സാക്ഷാല്‍ ബ്രഹ്മമായിത്തന്നെയാണ് കരുതേണ്ടിയിരിക്കുന്നത്. അങ്ങനെയൊരാളുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പാദത്തില്‍ ഇന്ദ്രന്‍പോലും കുമ്പിട്ടു നമിക്കുന്നു. ഇതെന്റെ ഉറച്ച തീരുമാനമാണ്.

ബ്രഹ്മസ്വരൂപം അനന്തമായ ആനന്ദസമുദ്രമാണ്. ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍പോലും അതിന്റെ ലേശലേശം ആസ്വദിച്ചാണ് സുഖനിര്‍വൃതി അടയുന്നത്. വികാരസങ്കല്പചലനങ്ങളെ പൂര്‍ണ്ണമായി ഉപശമിപ്പിക്കാന്‍ കഴിവുള്ള യോഗി ആ സത്യസ്വരൂപത്തെ സ്വഹൃദയത്തില്‍ത്തന്നെ സാക്ഷാത്കരിച്ചനുഭവിച്ചാനന്ദിക്കുന്നു. ക്രമേണ ബുദ്ധി പൂര്‍ണ്ണമായും ബ്രഹ്മാനന്ദസമുദ്രത്തില്‍ അലിഞ്ഞുചേര്‍ന്നേകീഭവിക്കുന്നു. ഈ നിലയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ബ്രഹ്മത്തെ അറിയുകയല്ല ബ്രഹ്മസ്വരൂപമായിത്തന്നെ തീരുകയാണ്. ഈ നിലയിലെത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ഇന്ദ്രന്‍പോലും അദ്ദേഹത്തിന്റെ പാദങ്ങളില്‍ തലകുനിച്ച് നമിക്കുന്നു. ഇതെനിക്ക് ഉറപ്പായി ബോദ്ധ്യം വന്നിട്ടുള്ള വസ്തുതയാണ്.

ആത്മസ്വരൂപം ആനന്ദമാണ്. ആര് എവിടെ എന്ത് സുഖമനുഭവിച്ചാലും അത് ആത്മസ്വരൂപത്തില്‍ നിന്നും പകര്‍ന്നുകിട്ടുന്നതുമാണ്. തൈത്തിരീയോപനിഷത്തില്‍ ബ്രഹ്മാന്വേഷണതത്പരനായി ചെല്ലുന്ന പുത്രനായ ഭൃഗുവിനോടു പിതാവായ വരുണന്‍ ഇക്കാര്യം സംശയലേശമെന്യേ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആനന്ദത്തില്‍നിന്നാണ് എല്ലാ പ്രപഞ്ചദൃശ്യങ്ങളും രൂപം കൊള്ളുന്നത്; ആനന്ദത്തിലാണ് അവ നിലനിന്നുപോരുന്നത്; തിരികെ ആനന്ദത്തില്‍ത്തന്നെ അവയെല്ല‍ാം ലയിക്കുകയും ചെയ്യും. അന്തിമമായി വരുണന്‍ ഭൃഗുവിനു കാട്ടിക്കൊടുക്കുന്ന ബ്രഹ്മപ്രപഞ്ചരഹസ്യം ഇതാണ്. ‘ആനന്ദം ബ്രഹ്മണോ വിദ്വാന്‍ ന ബിഭേതി കദാചന’. ബ്രഹ്മാനന്ദം എന്തെന്നറിയുന്നയാള്‍ ഒന്നുകൊണ്ടും ഒരിക്കലും ഭയപ്പെടുന്നില്ല. അത്യന്തം സാധാരണമെന്നു കരുതപ്പെടുന്ന ലോകസുഖങ്ങള്‍പോലും ആനന്ദനിധിയായ ആത്മാവിനെ അനാവൃതമാക്കി അനുഭവിക്കുന്നവതന്നെയാണ്. വെറും ക്രത്രിമങ്ങളായ ഉപായങ്ങള്‍ സ്വീകരിച്ച് ലോകജീവികള്‍ വല്ലപ്പോഴും ഒരു നിമിഷനേരത്തേയ്ക്ക് ആത്മസാന്നിദ്ധ്യത്തിലെത്തി സുഖിക്കുന്നു. ഉപായം ഇല്ലാതാകുന്നതോടെ വീണ്ടും ആത്മാവ് ആവൃതമായിപ്പോകുന്നതുകൊണ്ട് സുഖവും നഷ്ടമാകുന്നു. ലോകസുഖങ്ങളില്‍ പരമമായ സുഖം അനുഭവിക്കുന്നത് സ്വര്‍ഗ്ഗാധിപതിയായ ഇന്ദ്രനാണെന്നാണല്ലോ കരുതപ്പെടുന്നത്. ഇന്ദ്രനുപോലും സുഖാനുഭവത്തിന് കൃത്രിമമായ ഉപായങ്ങളുടെ സഹായം തേടേണ്ടിയിരിക്കുന്നതിനാല്‍ ഉണ്ടായി മറയുന്ന നൈമിഷികസുഖംമാത്രമേ അനുഭവിക്കാന്‍ കഴിയുന്നുള്ളു. അപ്സരസ്സുകളുടെ നൃത്തമോ ഗന്ധര്‍വ്വന്മാരുടെ ഗാനമോ ഒക്കെ ഉള്ളപ്പോള്‍ ഇന്ദ്രന്റെ ആത്മസ്വരൂപം ചില നിമിഷങ്ങളില്‍ അല്പമൊന്നനാവൃതമായി ആനന്ദം കിട്ടിയെന്നു വര‍ാം. സാധാരണ ലൗകികര്‍ ഇന്ദ്രന്റെ ആനന്ദം മഹത്തായി കണക്കാക്കുന്നു. സൂക്ഷമവിശകലനത്തില്‍ അതും നൈമിഷികമാണെന്നു കാണാന്‍ വിഷമമില്ല. കൃത്രിമമായ ഉപായംകൊണ്ടു അനാവൃതമായി ഇന്ദ്രനുപകര്‍ന്നു കിട്ടുന്ന ന‌ൈമിഷികമായ ആത്മാനന്ദം ഇത്ര മഹത്താണെങ്കില്‍ ആവരണം പാടെ മാറി സദാ സ്വച്ഛമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആത്മാനന്ദത്തിന്റെ കഥയെന്തായിരിക്കും? അതു ഘനീഭവിച്ച അനന്തമായ ഒരു സുഖസമുദ്രംതന്നെയായിരിക്കുമെന്ന് പറയേണ്ടതില്ല. ആ സുഖസമുദ്രത്തിന്റെ ലേശലേശം മാത്രമേ ഇന്ദ്രാദികള്‍ക്കുപോലും ലഭിക്കുന്നുള്ളുവെന്നുള്ളതും തീര്‍ച്ച. ബുദ്ധിയുള്ള ഒരാള്‍ പല കൃത്രിമോപായങ്ങളും കൊണ്ട് ആത്മാവിനെ അനാവൃതമാക്കുമ്പോള്‍ ലഭിക്കുന്ന വിഷയാനന്ദത്തിന്റെ സ്വരൂപം വിശകലനം ചെയ്തു പഠിച്ച് ആകൃത്രിമമായിത്തന്നെ ആത്മാവിനെ എന്നെന്നേയ്ക്കുമായി ആവരണം മാറ്റി അനുഭവിക്കാനുള്ള യത്നത്തില്‍ ഏര്‍പ്പെടേണ്ടതാണ്. മനീഷാപപഞ്ചകം ഒടുവിലത്തെ ശ്ലോകത്തില്‍ ആദ്യമായി ഇന്ദ്രാദികള്‍പോലും ബ്രഹ്മാനന്ദസമുദ്രത്തിലെ ലേശലേശം നുകര്‍ന്നാണ് നിര്‍വൃതിയടയുന്നതെന്ന് ആചാര്യസ്വാമികള്‍ പറയുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ അദ്ദേഹം അതില്‍ ധ്വിനപ്പിച്ചിരിക്കുകയാണ്.

ആവരണം എന്നെന്നേയ്ക്കുമായി അകന്ന് സഹജമായ ആത്മാനന്ദം ആര്‍ക്കാണ് ലഭിക്കുക? ഈ ചോദ്യത്തിനുത്തരമാണ് അടുത്ത വരി. സങ്കല്പങ്ങളെയും വികാരങ്ങളെയും പൂര്‍ണ്ണമായി ഉപശമിപ്പിച്ച് സൃഷ്ടികാര്യങ്ങളില്‍പ്പെട്ടുഴലാതെ കഴിയുന്ന മുനിക്ക് ശാശ്വതമായ ആത്മാനന്ദത്തിന്റെ കവാടം തുറന്നുകിട്ടുന്നു. തത്ത്വജ്ഞാനം, സങ്കല്പനാശം, വാസനാക്ഷയം ഇവ ഒരുമിച്ചഭ്യസിക്കുന്ന ഒരാള്‍ക്കുമാത്രമെ നിതര‍ാം പ്രശാന്തകലനമായ ചിത്തം അചിരേണ കൈവരൂ. അദ്വയമായ ആത്മസത്തയാണ് നിത്യമെന്നും ഇക്കാണുന്ന നാമരൂപങ്ങളൊക്കെ അതിലുളവാകുന്ന മിഥ്യാപ്രതിഭാസങ്ങളാണെന്നും മനനം ചെയ്തറിയണം. എന്നിട്ട് ഒരു സത്യാന്വേഷി നിത്യജീവിതത്തിലെ എല്ലാ ചലനങ്ങളിലും സത്യബോധം അനുഭവിച്ചറിയാന്‍ ശ്രമിക്കുകയും വേണം. ഇതാണ് തത്ത്വജ്ഞാനം. സത്യഭാവനയ്ക്ക് തടസ്സമായി വരാവുന്ന സങ്കല്പങ്ങള്‍ക്കൊന്നും ഉണ്ടായി വികസിക്കാന്‍ ഉള്ളില്‍ ഇടമനുവദിക്കാതിരുന്നാല്‍ മനോനാശത്തിന്റെ ആദ്യഘട്ടം സിദ്ധമാകും. സങ്കല്പങ്ങളെ അവയുടെ അങ്കുരാവസ്ഥയില്‍ത്തന്നെ തിരിച്ചറിയാനും തടഞ്ഞ് നശിപ്പിക്കാനും കരുത്തുണ്ടാകണം. എങ്കിലേ മനോനാശം ഫലവത്തായിതീരൂ. സങ്കല്പനാശം കൊണ്ടും മനസ്സ് പൂര്‍ണ്ണായി ക്ഷയിക്കുന്നില്ല. അബോധാതലത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന വാസനപടലങ്ങളാണ് മനസ്സിന്റെ ബീജം. നിരവധി പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മങ്ങളില്‍ക്കൂടി സമാര്‍ജ്ജിച്ചതാണതൊക്കെ. ഫലേച്ഛയോടുകൂടി ചെയ്യുന്ന ഏതൊരു കര്‍മ്മവും വാസനരൂപം കൈകൊണ്ട് കര്‍ത്താവിന്റെ സൂക്ഷമശരീരമായി വര്‍ത്തിക്കുന്നു എന്ന വേദാന്ത സിദ്ധാന്തം അലംഘനീയമായ ഒരു പ്രപഞ്ചനിയമമാണെന്നറിയേണ്ടതാണ്. ഭാഗവതത്തില്‍ ഒരിടത്ത് നാരദന്‍ പ്രാചീന ബര്‍ഹിസ്സെന്ന ക്ഷത്രിയനോട് ഇങ്ങനെ പറയുന്നു.

യേനാവാരഭതേ കര്‍മ്മ തേനാവാമുത്ര തത്പുമാന്‍
ഭൂങ് ക്തേ ഹ്യവ്യവധാനേന ലിങ്ഗേന മനസാ സ്വയം (ഭ. 4.29.60)

കര്‍മ്മം തുടരുന്നിടത്തോളം ലിംഗശരീരം ജീവനെ വിട്ടുപോകുന്നില്ല. ചുരുക്കത്തില്‍ പുറമേയനുഷ്ഠിക്കുന്ന കര്‍മ്മങ്ങളുടെ സൂക്ഷമരൂപമാണ് ലിംഗശരീരമെന്നര്‍ത്ഥം. സങ്കല്പരൂപത്തില്‍ വികസിച്ചും വാസനാരൂപത്തില്‍ ലയിച്ചും വര്‍ത്തിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് ലിംഗശരീരമെന്ന് വിളിക്കുന്നത്. ഒരു ജീവി ഇഹലോകത്ത് ഏത് ലിംഗശരീരത്തെ ആശ്രയിച്ചാണോ ചലിക്കുന്നത് അതേ ലിംഗശരീരവും പേറിത്തന്നെയാണ് ആ ജീവി പരലോകത്തെത്തുന്നത്. ലിംഗശീരരങ്ങളുടെ ഗുണ‍ാംശങ്ങളില്‍ കൂടുതല്‍ കുറവുകളുണ്ടാകാമെന്നല്ലാതെ സംസാരബന്ധം തുടരുന്നിടത്തോളം ലിംഗശരീരത്തിന് നാശമുണ്ടാകുന്നില്ല. മഹത്തായ ഈ ജീവിതരഹസ്യം, വിസ്മരിച്ചു പോകുന്നതുകൊണ്ടാണ് മനുഷ്യന്‍ എല്ലാ ദുര്‍വ്വാസനകള്‍ക്കും വഴങ്ങിപ്പോകുന്നത്. അപ്പോള്‍ ഒന്നൊന്നായി അബോധതലത്തില്‍ അടിഞ്ഞുക്കൂടിക്കിടക്കുന്ന വാസനകളെയും പൊന്തിച്ചുകൊണ്ടുവന്ന് നശിപ്പിക്കുമ്പോള്‍ മാത്രമേ ‘നിതരം പ്രശാന്തകലനത്വം’ കൈവരൂ. ഒരു സാധകന്റെ മനസ്സ് ഏകാഗ്രപ്പെട്ട് ധ്യാനത്തില്‍ ഉറയ്ക്കുന്നതോടുകൂടി സവികല്പസമാധിദശകള്‍ ആരംഭിക്കുന്നു. സവികല്പസമാധിദശകള്‍ നിത്യവും നിയമേന പര‌ിശീലിക്കുന്ന യോഗിക്ക് വാസനാപടലങ്ങള്‍ പൊന്തിവന്ന് വിവിധരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ച മറയുന്ന കാഴ്ച അദ്ഭുതത്തോടും ആനനന്ദത്തോടും നോക്കിക്കാണാന്‍ കഴിയും. പ്രതിദിനം മാറിമാറി വരുന്ന ഈ കാഴ്ചകളാണ് ഒരു യോഗിക്ക് തന്റെ പൂര്‍വ്വജന്മങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധം പോലും ഉളവാക്കിക്കൊടുക്കുന്നത്. പുതുതായി വാസനാപടലമൊന്നും ഇനി പൊന്തിവരാനില്ലായെന്ന് പൂര്‍ണ്ണനിശ്ചയം വരുന്നതുവരെ സവികല്പസാമധിപരിശീലനവും ആത്മവിചാരവും തുടര്‍ന്നുപോകേണ്ടതാണ്. തത്ത്വജ്ഞാനവും സങ്കല്പനാശവും വാസനാക്ഷയവും ഇങ്ങനെ പ്രതിദിനം പരസ്പരം സഹായിച്ച് വളര്‍ന്ന് പുഷ്ടിപ്രാപിക്കേണ്ടതാണ്. അങ്ങനെ ചിത്തം പൂര്‍ണ്ണമായി ഉപശമിക്കുന്ന ഒരു ഘട്ടം വന്നുചേരും. ഇതാണ് യോഗാരൂഢനില അഥവാ ചിത്തത്തിന്റെ പൂര്‍ണ്ണമായ സമനില. ചിത്തം ഈ സമനിലയെ പ്രാപിക്കുന്നതോടെ യോഗിക്ക് ഇടതടവില്ലാത്ത ബ്രഹ്മാനുഭൂതി കൈവരുന്നു. ഇങ്ങനെയുള്ള യോഗി സൃഷ്ടിയെ ജയിക്കുന്നുവെന്നാണ് ഭഗവാന്‍ ഗീതയില്‍ പറയുന്നത്.

ഇഹൈവ തൈര്‍ജ്ജിതഃ സര്‍ഗ്ഗോ
യേഷ‍ാം സാമ്യേ സ്ഥിതം മനഃ
നിര്‍ദ്ദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (ഗീതഃ 5.19)

മനസ്സ് സമനിലയെ പ്രാപിച്ചിട്ടുള്ളവര്‍ ഈ ജീവിതത്തില്‍ത്തന്നെ സൃഷ്ടിയെ ജയിക്കുന്നു. ചിത്തത്തിന്റെ നിര്‍ദ്ദോഷമായ സമസ്ഥിതിതന്നെയാണ് ബ്രഹ്മസ്വരൂപം. അതുകൊണ്ട് അങ്ങനെയുള്ളവര്‍ സദാ ബ്രഹ്മത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നവരാണ്. മഹത്തായ ഈ സത്യാനുഭൂതിരഹസ്യമാണ് ആചാര്യസ്വാമി ശ്ലോകത്തിന്റെ രണ്ടാമത്തെ വരിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വാസനാനാശം കൊണ്ടുള്ള സമനില ചിത്തത്തിന് കൈവന്ന് ഇടതടവില്ലാത്ത ബ്രഹ്മാനുഭാതി ലഭ്യമായാല്‍പോലും പ്രാരബ്ധകര്‍മ്മഹേതുവായ ചിത്തം കുറേക്കാലത്തേയ്ക്കുകൂടി നിലനിന്നുവെന്നുവര‍ാം. ജീവന്മുക്തന്റെ ചിത്തം വേവിച്ചുണക്കിയ വിത്തുപോലെയാണെന്നാണ് സത്യദര്‍ശികള്‍ വിവരിക്കുന്നത്. ജന്മഹേതുകമായ ബീജാവസ്ഥ പിന്നീടൊരിക്കലും അതിനുകൊണ്ടാകുന്നില്ല. ചിത്തമുള്ളപ്പോള്‍ത്തന്നെയും ‘താന്‍ ബ്രഹ്മസ്വരൂപമാണ്’ എന്ന അനുഭവത്തിന് ഹാനിയും തട്ടുന്നില്ല. അതു സാധാരണക്കാര്‍ക്ക് ബോദ്ധ്യമാകന്‍ വിഷമമുള്ള മഹത്തായ ഒരനുഭവരഹസ്യമാണ്. പ്രാരബ്ധത്തെ ഭുജിച്ചുമാത്രമേ ക്ഷയിപ്പിക്കാന്‍ പറ്റൂ. ഭോഗംകൊണ്ടു ജീവന്മുക്തന്റെ പ്രാരബ്ധചിത്തം ക്ഷയിച്ചുക്ഷയിച്ചുവരുന്നു. അങ്ങനെ ക്ഷയിക്കുന്ന ചിത്തം ക്രമേണ പൂര്‍ണ്ണമായും ബ്രഹ്മസുമുദ്രത്തില്‍ ഗളിതധീയായി ഭവിക്കുന്നു. അതോടെ ബ്രഹ്മസ്വരൂപത്തില്‍ നിന്നും ഭിന്നമായയാതൊരു നിലനില്പും തന്നിലലില്ലെന്ന് അനുഭവിച്ചറിയാനും കഴിയുന്നു. ഈ നിലയിലുള്ള സ്വരൂപാനുഭവത്തില്‍ മുഴുകിയിരിക്കുന്ന ഒരു ജ്ഞാനിയെ ബ്രഹ്മവേദിയെന്നു പറയുന്നത് ശരിയല്ല. അദ്ദേഹത്തെ ബ്രഹ്മസ്വരൂപമായിത്തന്നെ കണക്കാക്കേണ്ടതാണ്. ബ്രഹ്മജ്ഞാനം ആരംഭിച്ചു വളര്‍ന്നു വികസിച്ചു പരിപക്വമായിപൂര്‍ണ്ണത പ്രാപിക്കുന്നത് ഈ നിലയിലാണ്. ഈ പ്രക്രിയ ഭഗവാന്‍ ഗീതയില്‍ ഒരെറ്റ ശ്ലോകത്തില്‍ എത്ര മനോഹരമായി പ്രതിപാദിക്കുന്നുവെന്നുനോക്കുക. യജ്ഞദാനാദികള്‍കൊണ്ടോ വേദാദ്ധ്യയനം കൊണ്ടോ ദേഹത്തെ ദണ്ഡിപ്പിക്കുന്ന കഠിനതപസ്സുകള്‍കൊണ്ടോ ഭഗവാനെ ലഭിക്കുന്നതല്ല. ഇക്കാര്യം വ്യക്തമായിട്ടു ഭഗവാന്‍ പറയുന്നു.

ഭക്ത്യാ ത്വനന്യയാശക്യ
അഹമേവം വിധോ ര്‍ജ്ജുന
ജ്ഞാതും ദ്രഷ്ടും ചതത്ത്വേന
പ്രവേഷ്ടും ച പരന്തപ. (ഗീ. 11.54)

‘അര്‍ജ്ജുന, സര്‍വ്വാര്‍പ്പണബുദ്ധിയുള്ള ഇടതടവില്ലാത്ത ഭക്തികൊണ്ടുമാത്രമേ എന്നെ ഈ രൂപത്തില്‍ അറിയാന്‍ പറ്റൂ. അത്തരം നിരന്തരാനുസന്ധാനരൂപിണിയായ ഭക്തിയുണ്ടെങ്കില്‍ അറിയുവാന്‍ മാത്രമല്ല എന്നെ കാണുവാനും കണ്ടുകണ്ട് ഒടുവില്‍ ഞാനായിത്തന്നെ തീര്‍ന്ന് എന്നില്‍ കടന്നുകയറി ലയിക്കുവാനും സാധിക്കും’ മേലുദ്ധരിച്ച ഗീതാശ്ലോകത്തിന്റെ ഒരു വിശദീകരണം തന്നെയാണ് മീഷാപഞ്ചകത്തിലെ അവസാന പദ്യം. ഛാന്ദോഗ്യപനിഷത്തിലെ തത്ത്വമസി എന്ന മഹാവാക്യത്തിന്റെ അനുഭവനിഷ്ഠമായ വിവരണംതന്നെയാണിത്. വിഷയാനന്ദം, യോഗാനന്ദം ആത്മാനന്ദം, ബ്രഹ്മാനന്ദം ഇവയുടെ ഉത്കൃഷ്ടരൂപങ്ങളാണ് ശ്ലോകത്തിലെ ഓരോ വരിയിലും വിവരിച്ചിരിക്കുന്നതെന്നും കാണാന്‍ പ്രയാസമില്ല. വിഷയാനന്ദം ഈ നിലയില്‍ ബ്രഹ്മാനന്ദത്തിലെത്തിച്ചേരേണ്ടതാണെന്നുള്ള ഒരു നിര്‍ദ്ദേശവും ഇവിടെ ചിത്താശുദ്ധിയുള്ളവര്‍ക്ക് ധ്വനിച്ചു കേള്‍ക്കാന്‍ കഴിയും.

ലേശമാത്രമായ ഇന്ദ്രന്റെ വിഷയാനന്ദം മാറിമാറി പൂര്‍ണ്ണബ്രഹ്മാനന്ദമായി വികസിക്കുന്ന പ്രക്രിയ ന‍ാം കണ്ടുവല്ലോ. അപ്പോള്‍ ഇന്ദ്രാനന്ദവും ബ്രഹ്മാനന്ദവും ബിന്ദുവും സമുദ്രവും പോലെ ഭേദമുള്ളവയാണ്. അതുകൊണ്ടുതന്നെ ഒരു ബ്രഹ്മജ്ഞാനിയുടെ മുമ്പില്‍ ഇന്ദ്രന്‍ അണുപ്രായനാണെന്നു തെളിയുന്നുവെല്ലോ. ആ സ്ഥിതിക്കു ബ്രഹ്മനിഷ്ഠന്‍ സുരേന്ദ്രവന്ദിതപദനായത്തീരുന്നതില്‍ ഒട്ടുംതന്നെ അതിശയിക്കാനില്ല.

വേദാന്തം പ്രപഞ്ചം മിഥ്യയാണെന്നു പറയുവാന്‍ മാത്രമുള്ള ഒരു ശാസ്ത്രമാണെന്നു മന്ദബുദ്ധികള്‍ ധരിച്ചുപോകാറുണ്ട്. മനുഷ്യനോട് ‘നീ ഈശ്വരനാണ്’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞു തെളിയിച്ച് ആ വസ്തുത അവനെ അനുഭവിപ്പിക്കാനുള്ളതാണ് വേദാന്തം മനീഷാപഞ്ചകം പോലെയുള്ള ചെറുകൃതികള്‍ മനഃപാഠമാക്കി ഉരുവിടുകയും മനനം ചെയ്യുകയും ചെയ്യുമെങ്കില്‍ ഒരാള്‍ അചിരേണ ബ്രഹ്മനിഷ്ഠനായിത്തീരുന്നതാണ്. മനുഷ്യനില്‍ ഒളിഞ്ഞുകിടക്കുന്ന ഈശ്വരത്വം അറിഞ്ഞനുഭവിക്കാന്‍ എല്ലാവരേയും ജഗദീശ്വരന്‍ കാരുണ്യംപൊഴിച്ച് അനുഗ്രഹിക്കുമാറാകട്ടെ.

ഈ ഗ്രന്ഥം പൂര്‍ണ്ണമായി പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്. ഈ കൃതിയെ അധികരിച്ച് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി ഈ വെബ്സൈറ്റില്‍ നിന്നും ശ്രവിക്ക‍ാം, ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സൗകര്യത്തില്‍ കേള്‍ക്കാവുന്നതുമാണ്. [മനീഷാപഞ്ചകം – MP3, PDF Download]

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ