ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘വൃന്ദാവനം’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നു കാലത്ത് ഉത്തരദേശക്കാരനായ ഒരാള്‍ ഭഗവാനു ഒരു കത്തു കൊടുത്തു. “വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്റെ സത്യസ്വരൂപം ദര്‍ശിച്ചാല്‍ എന്റെ കഷ്ടങ്ങള്‍ തീരുമോ ? ഭഗവാനെ ദര്‍ശിച്ച് എന്റെ ഭാരമെല്ലാം അര്‍പ്പിക്കണമെന്നുണ്ട്” എന്നാണ് ആ കത്തിലെ സാരം. ഭഗവന്‍ വായിച്ചു നോക്കി. “അതിനെന്താണ്. അങ്ങിനെ ചെയ്തുകൊള്ളുക. ഭാരം ഭഗവാനില്‍ അര്‍പ്പിച്ചാല്‍ ഭഗവാന്‍ നോക്കിക്കൊള്ളും. ഇപ്പോള്‍ ആ ചിന്ത എന്തിനാണു നിങ്ങള്‍ക്ക് ? എന്നരുളി.

ഭക്തന്‍ – ശ്രീകൃഷ്ണ ഭഗവാന്റെ സത്യസ്വരൂപം കാണാന്‍ വൃന്ദാവനത്തില്‍ പോകണമോ ? എവിടെയിരുന്നു ധ്യനിച്ചാലും മതിയോ ? ”

ഭഗവാന്‍ – തന്റെ യഥാര്‍ത്ഥമറിഞ്ഞു തനെവിടെയിരുന്നാലും അവിടെയാണ് വൃന്ദാവനം. അല്ലാതെ എവിടെയോ വൃന്ദാവനം ഉണ്ടെന്ന് വെച്ച് തേടി പോകേണ്ട ആവശ്യമില്ല . പോകേണം എന്ന് തീവ്രമായ അഭിലാഷമുണ്ടെങ്കില്‍ പോകണമെന്നല്ലാതെ പോയില്ലെങ്കില്‍ ലാഭമില്ല എന്ന നിബന്ധന ഒന്നുമില്ല.

“അഹമാത്മാ ഗുഢാകേശ! സര്‍വഭൂതാശയസ്ഥിത:|
അഹമാദിശ്ച്ച മദ്ദ്യം ച ഭൂതാനാമന്ത ഏവച|| ”
(ഭഗവ‍ദ്ഗീത)

എന്നതുപോലെ താന്‍ ഉള്ള ദിക്കില്‍ വൃന്ദാവനം. താന്‍ ആരാണ്, തന്റെ സ്ഥിതി ഏതാണ് എന്നു വിചാരിച്ച അറിയുന്നപക്ഷം താന്‍തന്നെ കൃഷ്ണനാകും. സകല വിഷയ വാസനകളും തന്നില്‍ ലയിപ്പിക്കാനാണ് ഭഗവാനില്‍ ഭാരമര്‍പ്പിക്കുക എന്നത്. അങ്ങിനെ ചെയ്‌താല്‍ പിന്നെ നമ്മുടെ ഭാരമെല്ലാം ഭഗവാന്റെതുതന്നെയാണ്‌ എന്നു ഭഗവാന്‍ അരുളിച്ചെയ്തു.

ഒരു ശാസ്ത്രികള്‍ “സ്വാമീ! ഗീതയില്‍; “വിവിക്ത ദേശ സേവിത്വരതിര്‍ജ്ജനസംസദി” എന്നു പറഞ്ഞിട്ടുണ്ടല്ലോ. വിവിക്തദേശമെന്നാലെന്താണ് ? എന്നു ചോദിച്ചു. ”

ഭഗവാന്‍ :– പരമാത്മവല്ലാതെ വേറെ ഒന്നുമില്ലാതെയുള്ളതാണ് വിവിക്തദേശം ‘അരതീര്‍ജ്ജനസംസദി’ എന്നത് വിഷയാദികളില്‍ചേരാതെയിരിക്കയാണ്.
വിഷയങ്ങളാണ് ജനസമൂഹം. അങ്ങിനെയുള്ള ജനസമൂഹമില്ലത്തതാണ് വിവിക്തദേശം. ”

ഭക്തന്‍ :– ഭഗവാനരുളിയ “വിവിക്തദേശം അപരോക്ഷമെന്നാണല്ലെ അര്‍ഥം ? എന്നാല്‍ ഗുരുപദിഷ്ട്ടമാര്‍ഗ്ഗാനുവര്‍ത്തിയായ് വിവിക്തദേശത്തില്‍അതായത്, ജനങ്ങളില്ലാത്ത സ്ഥലത്തില്‍ ഇരുന്നു സാധനചെയ്താലല്ലേ ആ അപരോക്ഷസ്ഥിതി ഉളവാക്കുക ? ” എന്നു ചോദിച്ചു. ഭഗവാന്‍ – അത് ശരി തന്നെ. വാസുദേവമനനം മുതലായ ഗ്രന്ഥശ്രവണംകൊണ്ടോ ഗുരുസാന്നിദ്ധ്യത്താലോ ശ്രവണ മനനാദികളഭ്യസിച്ച്‌, പരോക്ഷജ്ഞാനം നേടി പിന്നെ സാധന കൊണ്ട്‌ പരിപക്വചിത്തനായി അപരോക്ഷജ്ഞാനം സമ്പാദിക്കേണ്ടതാണ്. വിചാരധാരയില്‍ അപരോക്ഷം എപ്പോളുമുള്ളതാണ്. പ്രതിബന്ധങ്ങളാണ് പരോക്ഷം. ആ പ്രതിബന്ധങ്ങള്‍ നീക്കിക്കളയുകയല്ലാതെ അപരോക്ഷം ലഭിക്കുവാന്‍ പ്രയത്നിക്കേണ്ട ആവശ്യമില്ല. ഏതായാലും വസ്തുജ്ജനാര്‍ത്ഥമായ ശ്രവനാദികളും പ്രതിബന്ധ നിവാരനാര്‍ത്ഥമായ ശ്രവണാദികളും ഒന്നുതന്നെ. ത്രിവിധപ്രതിബന്ധങ്ങള്‍ നീങ്ങിയവര്‍ ചലനരഹിതമായ ദീപംപോലെയും, നിസ്തരംഗജലധിപോലെയുമിരിക്കുമെന്നുപറയാം. രണ്ടും സത്യമാണ്. തന്നെ താന്‍കാണുമ്പോള്‍ ചലനമറ്റ ദീപംപോലെയും എല്ലാം താനായി കാണുമ്പോള്‍ നിസ്തരംഗജലധിപോലെയുമാണു. ”

22 -10 -’47