വേദങ്ങളുടെ സാരമായ ഉപനിഷത്തുക്കള്‍ ഭാരതീയ ചിന്താധാരകളെ മറ്റെന്തിനെക്കാളും സ്വാധീനിച്ചിട്ടുണ്ട്. അതിഗഹനമായ വിഷയങ്ങളെ സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാക്കാനായി ധാരാളം കഥകളും ഉപകഥകളും ഉപനിഷത്തുക്കളില്‍ കാണാം. മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കഥകള്‍ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെ സരളമായി ആവിഷ്കരിക്കുകയും ജനങ്ങളെ ധാര്‍മ്മിക ജീവിതത്തിനു പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ആയിരത്തില്‍പ്പരം ഉപനിഷത്തുക്കള്‍ ഉണ്ടെന്നു പറയപ്പെടുന്നെങ്കിലും ഇന്ന് ഇരുനൂറ്റമ്പതോളം ഉപനിഷത്തുക്കള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ജ്ഞാനത്തിന്റെ കൊടുമുടിയായ വേദോപനിഷത്തുക്കളെക്കുറിച്ച് സാമാന്യജനങ്ങള്‍ക്ക്‌ അറിവ് കുറഞ്ഞു വരുന്ന ഈ കാലത്ത് മഹത്തായ ഉപനിഷത്തുക്കളെ അടുത്തറിയാനും അതിന്റെ ദര്‍ശനം മനസ്സിലാക്കി അതിനെ പിന്തുടര്‍ന്ന് ജീവിതത്തെ ധന്യമാക്കാന്‍ എല്ലാപേരെയും സഹായിക്കുകയും ചെയ്യും ഈ ‘ഉപനിഷത്ത് കഥകള്‍’.

നചികേതസ്സ്, ജനകന്‍, യാജ്ഞവല്‍ക്യന്‍, ഉദ്ദാലകന്‍ ശ്വേതകേതു തുടങ്ങിയ അനേകം മഹാഋഷിമാരുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളാണ് ഈ കഥകളിലെ പ്രതിപാദ്യം. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്ക് കൂടി മനസ്സിലാകുന്ന വിധത്തിലാണ് ഈ കഥകള്‍ രചിച്ചിരിക്കുന്നത്. ബൃഹദാരണ്യകോപനിഷത്ത്, മഹോപനിഷത്ത് , ശുകരഹസ്യോപനിഷത്ത്, ഐതരേയോപനിഷത്ത് , കലിസന്തരണോപനിഷത്ത് എന്നിങ്ങനെ വിവിധങ്ങളായ ഉപനിഷത്തുക്കളില്‍ നിന്നും തിരഞ്ഞെടുത്ത മനോഹരമായ ഈ കഥകള്‍ ഭാരതത്തിന്റെ മഹത്തായ ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം ഭാവിയിലും ഏറ്റവും പ്രസക്തമായിരിക്കും.

നിലമ്പൂര്‍ ശ്രീരാമാനന്ദാശ്രമത്തിലെ സ്വാമി ധര്‍മാനന്ദ സരസ്വതി ക്രോഡീകരിച്ച ഈ ഉപനിഷത്ത് കഥകള്‍ ശ്രേയസില്‍ ഓരോന്നായി പ്രസിദ്ധീകരിക്കുന്നു.