ഉപനിഷത്ത് കഥകള്‍

ജബാലയുടെ പുത്രനായ സത്യകാമന്‍ ഗൗതമമഹര്‍ഷിയുടെ ശിഷ്യനായി ആദ്ധ്യാത്മികവിദ്യ അഭ്യസിച്ചു. ഗുരുവിന്റെ ഉപദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ചു. നിത്യാനുഷ്ഠാനങ്ങളും അഗ്‍ന്യുപാസനയും നടത്തി. ശിഷ്യന്മാരില്‍ ഉത്തമനായ സത്യകാമന്‍ ബ്രഹ്മജ്ഞാനം നേടി. ആത്മാനുഭൂതി അനുഭവിച്ച് ആശ്രമത്തില്‍ ആനന്ദത്തോടെ വസിച്ച അദ്ദേഹം ഗുരുവിനെപ്പോലെതന്നെ പ്രസിദ്ധനായി. മഹര്‍ഷിയായി. സത്യകാമമഹര്‍ഷി!

ആശ്രമങ്ങളില്‍നിന്ന് ആശ്രമങ്ങളിലേയ്ക്ക് സത്യകാമന്റെ ചരിതവും പെരുമയും പരന്നു. സംശയനിവാരണത്തിനായി പലരും സത്യകാമമഹര്‍ഷിയെ ആശ്രയിച്ചു. എല്ലാവരുടേയും സംശയങ്ങളെ നിവാരണം ചെയ്യാനും ധാരാളംപേരെ ആദ്ധ്യാത്മികമായ ഉപദേശത്തിലൂടെ ധാര്‍മികജീവിതത്തിന്റെ അത്യുന്നതിയിലെത്തിക്കുവാനും സത്യകാമമഹര്‍ഷിക്കു സാധിച്ചു. അതോടെ നാനാദേശങ്ങളിലും അദ്ദേഹത്തിന്റെ പുകള്‍ പരന്നു. അദ്ദേഹത്തിന് നാടെങ്ങും ഭക്തന്മാരും ശിഷ്യന്മാരുമുണ്ടായി.

കാലം കടന്നുപോയി.

ഇപ്പോള്‍ സത്യകാമമഹര്‍ഷിയുടെ ആശ്രമത്തില്‍ ധാരാളം മുമുക്ഷുക്കള്‍ വന്നു പോകാറുണ്ട്. ജിജ്ഞാസുക്കളായ അനേകം വിദ്യാര്‍ത്ഥികള്‍ ദിനം തോറും അദ്ദേഹത്തിന്റെ ആശ്രമത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. ആദ്ധ്യാത്മിക സാധകന്മാരുടെ ആശാകേന്ദ്രമായി മാറി അവിടം. ധാരാളം വിദ്യാര്‍ത്ഥികള്‍ ബ്രഹ്മചാരികളായി വസിക്കാനും വേദപഠനം, സംസ്കൃതപഠനം, ഉപാസന തുടങ്ങിവയ്ക്കുമായി എത്തിച്ചേര്‍ന്നു.

ഒരു ദിവസം.

ഉപകോസലന്‍ എന്നൊരു ബാലന്‍ ബ്രഹ്മവിദ്യതേടി ആശ്രമത്തിലെത്തി. സത്യകാമമഹര്‍ഷിയെ കണ്ടു. ശിഷ്യത്വം സ്വീകരിച്ചു. ബ്രഹ്മചാരിയായി ആശ്രമത്തില്‍ വസിക്കാനാരംഭിച്ചു.

ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ യോഗ്യതക്കനുസരിച്ചാണ് ബ്രഹ്മജ്ഞാനം ഉപദേശിച്ച് നല്കിയിരുന്നത്. ഒരിക്കല്‍ ഗുനാഥന്‍ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചുതരുമെന്ന പ്രതീക്ഷയോടെ ഉപകോസലന്‍ ആശ്രമത്തില്‍ വസിച്ചു.

വര്‍ഷങ്ങള്‍ പലത് കടന്നു പോയി.

അവനോടൊപ്പം ആശ്രമത്തില്‍ വന്നവരൊക്കെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വഗൃഹത്തിലേയ്ക്കു മടങ്ങുകയോ സന്ന്യാസം സ്വീകരിക്കുകയോ ചെയ്തു. ഗുരുനാഥന്‍ അവര്‍ക്കെല്ലാം ബ്രഹ്മവിദ്യ ഉപദേശിച്ചു നല്‍കിയിരുന്നു.

എന്നാല്‍ ഉപകോസലനുമാത്രം സത്യകാമമഹര്‍ഷി ആത്മജ്ഞാനം പകര്‍ന്നു നല്‍കിയില്ല. അവന്റെ ഉപനയനം നടന്നിട്ട് കാലമിത്രയധികം കഴിഞ്ഞിട്ടും സമാവര്‍ത്തനം നടത്താന്‍ ഗുരുനാഥന്‍ അനുവദിച്ചുമില്ല, മാത്രമല്ല, അവനെ അത്യധികം ദുഃഖിതനും നിരാശാനുമാക്കത്തക്കവിധമായിരുന്നു ഗുരുനാഥന്‍ പെരുമാറിയത്.

ഗുരു അവന്റെ നേരെ തികച്ചും ഉദാസീനഭാവത്തില്‍ പെരുമാറി.

എങ്കിലും ഗുരുവിന്റെ അനുഗ്രഹത്തിനായി അവന്‍ ക്ഷമയോടെ കാത്തിരുന്നു. പ്രതീക്ഷ കൈവെടിഞ്ഞില്ല. ഒരു സുപ്ര ഭാതത്തില്‍ ഗുരുകാരുണ്യം തനിക്കുണ്ടാകുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അതിനായി കാത്തിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഋതുക്കള്‍ ഒന്നൊന്നായി വന്നുപോയി. ആശ്രമഭൂവില്‍ നട്ടുനനച്ച വൃക്ഷങ്ങള്‍ വളര്‍ന്നു വലുതായി. പലതവണ പൂക്കുകയും ഫലം കായ്ക്കുകയും ചെയ്തു.

ഉപകോസലന്‍ ആശ്രമത്തിലെത്തിയിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനിയും ഗുരുവിന്റെ ഭാഗത്തുനിന്ന് യാതൊരനക്കവുമില്ല. ഓരോ പ്രഭാതത്തിലും അവന്‍ ഉണരുന്നത് ഏറെ പ്രതീക്ഷകളുമായിട്ടാണ്. പകല്‍ അസ്തമിക്കുമ്പോള്‍ അവന്‍ നിരാശനാകും. ഗുരു തന്നെ പഠിപ്പിക്കാത്തതിനെക്കുറിച്ചോര്‍ത്ത് മനസ്സു വിഷമിക്കും. ചിലപ്പോള്‍ അസ്തമന സൂര്യനെ നോക്കി കണ്ണീരൊഴുക്കി വിതുമ്പും.

നിരാശ, ജീവിതം വ്യര്‍ത്ഥമാണെന്ന് അവന്‍ തോന്നിത്തുടങ്ങി. ഇനി സഹിക്കവയ്യ. കാത്തു നില്‍ക്കാനുള്ള ശേഷിയില്ല.

ഏറെ ദുഃഖംതോന്നിയ ഒരു ദിവസം ഉപകോസലന്‍ ഗുരു പത്നിയുടെ അടുത്തെത്തി. തന്റെ ഹൃദയം നിറഞ്ഞുനിന്ന സങ്കടമെല്ലാം കണ്ണീരോടെ തുറന്നു പറഞ്ഞു. ആ അമ്മ പുത്രതുല്യനായ അവനെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിരുന്നു. പാവം കുട്ടി.

അവന്‍ ഒന്നു നിശ്ചയിച്ചു.

അന്നു രാത്രി, അഗ്നിഗോത്രവും വേദാധ്യയനവുമൊക്കെക്കഴിഞ്ഞ് മറ്റ് പുതിയ ബ്രഹ്മചാരിമാര്‍ നിദ്രയെ പ്രാപിച്ചനേരം. സത്യകാമഋഷി വിശാലമായ ആശ്രമമുറ്റത്ത് ശാന്തഗംഭീരമായ ഭാവത്തില്‍ സ്വസ്ഥനും സന്തുഷ്ടനുമായി ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് ഗുരുപത്നി സാവധാനം പോകുന്നത് ഉപകോസലന്‍ കണ്ടു.

അവര്‍ ശാന്തമായി സംസാരിക്കുന്നതു കണ്ടപ്പോള്‍ ഉപകോസലന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.

ആശ്രമകാര്യങ്ങള്‍ പലതും പറഞ്ഞതിനിടയില്‍ ഉപകോസലന്റെ കാര്യവും വന്നു.

ഗുരുപത്നി പറഞ്ഞു:

“പാവം ഉപകോസലന്‍! അവന്‍ അങ്ങേയ്ക്കു വേണ്ട ശുശ്രൂഷകളെല്ലാം നിഷ്ഠയോടെ ചെയ്യുന്നു. ശരിയായി അഗ്നി ഉപാസനയും അനുഷ്ഠിക്കുന്നു. സദാചാരത്തില്‍ അവനാണ് ഏറ്റവും മാതൃക. പഠിക്കുന്ന കാര്യത്തിലും മിടുക്കന്‍. ഇവിടെ വന്നിട്ട് കാലങ്ങളും ഏറെയായി. അങ്ങ് അവനെ എന്തേ, സമാവര്‍ത്തനം ചെയ്യുന്നില്ല. കുട്ടി! അവനാകെ ദുഃഖിതനാണ്. എങ്കിലും അവന്‍ എല്ലാം ചെയ്യും.”

ഇതു കേട്ടിട്ട് സത്യകാമന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു ഭാവവ്യത്യാസവും ആ മുഖത്തുണ്ടായില്ല. പിറ്റേന്ന് അതിരാവിലെ തന്നെ തീര്‍ത്ഥയാത്രയ്ക്കായി പുറപ്പെടുകയും ചെയ്തു.

പിറ്റേന്നും പതിവുപോലെ ഉപകോസലന്‍ പ്രഭാതത്തിലെഴുന്നേറ്റ് കുളിച്ചു. ശുദ്ധനായി, ഹോമകുണ്ഠത്തില്‍ അഗ്നിജ്വലിപ്പിച്ചു. ജപധ്യാനാദികള്‍ നടത്തി.

താന്‍ അഗ്നിയെ നിത്യവും ശാസ്ത്രവിധിപ്രകാരം മൂന്നു ഭാവത്തിലും ഉപാസിച്ചു പോരുന്നു. എന്നിട്ടും ഫലമെന്ത്? ഒന്നും കാണുന്നില്ല.

വ്യാകുലതയോടെ അഗ്നിയെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് ഉപകോസലന്‍ ഇരുന്നു. അവന്റെ ദൈന്യത കണ്ട് അഗ്നിക്ക് അവനില്‍ കാരുണ്യം തോന്നി.

ഹോമകുണ്ഡത്തില്‍ നിന്ന് ജ്വലിച്ചുയര്‍ന്നു നിന്ന അഗ്നിനാമ്പുകള്‍ക്കിടയില്‍ അഗ്നിഭഗവാന്റെ പ്രത്യക്ഷസാന്നിധ്യമുണ്ടായി.

കണ്‍മുമ്പില്‍ അഗ്നിഭഗവാന്റെ തേജസാര്‍ന്ന രൂപം കണ്ട് ഉപകോസലന്‍ ഭയഭക്തി ബഹുമാനങ്ങളോടെയും സന്തോഷത്തോടെയും കണ്ണീര്‍ വാര്‍ത്തുകൊണ്ട് പലതവണ നമസ്ക്കരിച്ചു.

അഗ്നി പറഞ്ഞു:

“ഉപകോസല! ബ്രഹ്മചാരിയായ നീ എന്നെ ദിവസവും മൂന്നു ഭാവത്തില്‍ നിഷ്ക്കര്‍ഷയോടും നിഷ്ഠയോടും ഇത്രയധികം കാലം ഉപാസിച്ചു പോന്നു. അതുകൊണ്ട് ഞാന്‍ നിനക്ക് ബ്രഹ്മവിദ്യ പറഞ്ഞുതരാം. ശ്രദ്ധയോടെ പഠിച്ചാലും. ചിന്തിച്ചാലും ചിന്തിച്ചു ബോധ്യപ്പെട്ടാലും. പ്രാണന്‍ ബ്രഹ്മമാണ്!”

ഉപകോസലന്‍ ശ്രദ്ധിച്ചു കേട്ടു. കേട്ടതിനെക്കുറിച്ച് ചിന്തിക്കാനും തുടങ്ങി..

അഗ്നി വീണ്ടും ഉപദേശിച്ചു.

“ഉപകോസാല, ‘കം’ ബ്രഹ്മമാണ്. ‘ഖം’ ബ്രഹ്മമാണ്.”

അഗ്നിയുടെ വാക്കിന്റെ അര്‍ത്ഥമെന്തെന്ന് ഉപകോസലനു മനസ്സിലായില്ല.

അതുകൊണ്ട് അവന്‍ അതിഗഹനമായി ചിന്തിച്ചു. ‘കം’ എന്നതിന് ആനന്ദമെന്നാണ് അര്‍ത്ഥം.’ഖം’ എന്നതിന്റെ അര്‍ത്ഥം ആകാശമെന്നുമാണ്. ആകാശവും ആനന്ദവും തമ്മിലെന്ത് ബന്ധം? ഉപകോസലന് ഒന്നും വ്യക്തമായില്ല. പക്ഷേ ഉപകോസലന്‍ സാധാരണ വിദ്യാര്‍ത്ഥിയായിരുന്നില്ല. നിശ്ചയദാര്‍ഢ്യവും ശ്രദ്ധയും കഠിനാധ്വാനവും സഹനശക്തിയും പരിശ്രമശീലവും കൈമുതലായ ബ്രഹ്മചാരിയാണ്.

ആകാശവും ആനന്ദവും തമ്മിലുള്ള ബന്ധത്തിന്റെ പൊരുളറിയാന്‍ ഗാഢചിന്തയില്‍ മുഴുകി. മനസ്സ് ഏകാഗ്രമാക്കി, മറ്റൊരു ചിന്തയില്ല. ഒടുവില്‍ അവനത് മനസ്സിലായി.

ഹൃദയമാണ് ആനന്ദത്തിന്റെ അനുഭവസ്ഥാനം. അപ്പോള്‍ ആകാശമെന്നത് സാധാരണ കാണുന്ന ബാഹ്യാകാശമല്ല. ഹൃദയാകാശമാണ്. ബ്രഹ്മം അഥവാ ഈശ്വരന്‍ വസിക്കുന്നത് ഹൃദയാകാശത്തിലാണ്. ആകാശത്തെ വിഭജിക്കാന്‍ ആര്‍ക്കുമാവില്ല. അത് എല്ലാത്തിന്റേയും അകവും പുറവും നിറഞ്ഞു നില്‍ക്കുന്നതാണ്. അതു പോലെ ബ്രഹ്മവും നമ്മുടെ അകവും പുറവും നിറഞ്ഞു നില്‍ക്കുന്നു. ഈശ്വരനെ സാക്ഷാത്ക്കരിക്കുമ്പോള്‍ നമുക്ക് ആനന്ദമുണ്ടാകും.

പ്രാണനിലാണ് നാം നിലനില്ക്കുന്നത്. പ്രാണനാണ് ജീവന്റെ ചലനത്തിനു കാരണം. പ്രാണനില്ലാതെ ഒരുവന് ജീവിക്കാനാവില്ല. ഇക്കാരണത്താലാണ് പ്രാണനെ ബ്രഹ്മമെന്നു പറഞ്ഞത്.

മനനത്തിലൂടെ ഉപകോസലന്‍ ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കി. ബ്രഹ്മത്തെ അറിഞ്ഞ അവന് ബ്രഹ്മാനുഭൂതിയുടെ ഫലമായ നിത്യാനന്ദം അനുഭവപ്പെട്ടു. അത്യാഹ്ലാദവും ശാന്തിയും അവനുണ്ടായി.

തീര്‍ത്ഥാടനം കഴിഞ്ഞ് സത്യകാമമര്‍ഷി ആശ്രമത്തില്‍ മടങ്ങിയെത്തി. ഉപകോസലന്റെ തേജസ്സുറ്റ മുഖം കണ്ടമാത്രയില്‍ സത്യകാമന് കാര്യം പടികിട്ടി. തന്റെ ശിഷ്യന് ആത്മജ്ഞാനം ലഭിച്ചിരിക്കുന്നു!

“ഉപകോസല, നിന്നെക്കണ്ടിട്ട് ആ ജ്ഞാനം നേടിയതുപോലെ തോന്നുന്നു. ആരാണ് ബ്രഹ്മവിദ്യ നിനക്ക് ഉപദേശിച്ചു നല്കിയത്?”

“ഗുരോ, അങ്ങിവിടെ ഇല്ലാതിരിക്കുമ്പോള്‍ മറ്റാരാണ് എന്നെ ഉപദേശിക്കുക” എന്ന് ഉപകോസലന്‍ ചോദിച്ചു.

ശിഷ്യന്റെ മറുപടിയില്‍ നിന്ന് സത്യകാമന് ഉത്തരം ലഭിച്ചു.

“അഗ്നി! താന്‍ ഇവിടെയില്ലെങ്കില്‍ പിന്നെ ഉപദേശിക്കുവാന്‍ അഗ്നിക്കാണ് കഴിയുന്നത്!”

സത്യകാമഋഷി സ്വന്തം ബാല്യകാലങ്ങളെക്കുറിച്ച് ഓര്‍ത്തു പോയി. ഗൗതമമുനിയുടെ ആശ്രമത്തില്‍ പഠിച്ചതും അക്കാലത്ത് അഗ്നി തനിക്ക് നേരിട്ട് ഉപദേശം നല്കിയതുമൊക്കെ സ്മരിച്ചു.

മഹര്‍ഷിക്കു സന്തോഷമായി.

അദ്ദേഹത്തിന് ശിഷ്യന്റെ യോഗ്യതയില്‍ തൃപ്തിയും മതിപ്പും ഉണ്ടായി. ആത്മസാക്ഷാത്കാരം നേടുന്നതിനുള്ള മാര്‍ഗ്ഗവും അദ്ദേഹം ഉപകോസലന് ഉപദേശിച്ചുകൊടുത്തു.

സത്യകാമഋഷിയില്‍ നിന്ന് ബ്രഹ്മവിദ്യ പൂര്‍ണ്ണമായും അഭ്യസിച്ച ഉപകോസലന്‍ ബ്രഹ്മജ്ഞാനിയായിത്തീര്‍ന്നു.

ഓം തത് സത്
അവലംബം – ഛാന്ദോഗ്യോപനിഷത്ത്