ഉപനിഷത്ത് കഥകള്‍

ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് (പ്രത്യക്ഷമാകുന്നതിനുമുമ്പ്) ഏകമാത്രനായ പരമാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (“ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്. നാന്യത് കിംചനമിഷത്. സ ഈക്ഷത ലോകാന്നുസൃജാ ഇതി.”)

പരമാത്മാവ് മാത്രം. മറ്റൊന്നുമില്ല. ഏതെങ്കിലും തത്ത്വത്തിലുള്ള രൂപമോ ഭാവമോ പരമാത്മാവിനില്ല. അഖണ്ഡ ചിദ്ഘനമാണത്.

ആ പരമാത്മാവ് സൃഷ്ടിക്കുമുമ്പ് ഈ പ്രപഞ്ചം മുഴുവന്‍ ഒന്നായി വ്യാപിച്ചിരിക്കുകയായിരുന്നു. വ്യാപാരമുള്ളതായോ ഇല്ലാത്തതായോ വേറൊന്നും ഉണ്ടായിരുന്നില്ല.

ആ ആത്മാവ് വിചാരിച്ചു: “ഞാന്‍ വിഭിന്നലോകങ്ങളെ സൃഷ്ടിക്കട്ടെയോ.” ഈ വിധം ചിന്തിച്ചതിനുശേഷം ആത്മാവ് ലോകസൃഷ്ടിയ്ക്കു തന്നെ ആഗ്രഹിച്ചു. എന്നിട്ട് സൃഷ്ടിയാരംഭിച്ചു.

അംഭസ്സ് (ദ്യുലോകത്തേയും അതിനു മുകളിലുള്ള ലോകത്തേയും) മരീചി (അന്തരീക്ഷം) മര്‍ത്ത്യലോകം, ജലം (ഭൂമിയ്ക്കു താഴെയുള്ള ലോകങ്ങള്‍) എന്നീ ലോകങ്ങളെ സൃഷ്ടിച്ചു. സ്വര്‍ഗ്ഗലോകത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ലോകങ്ങളാണ് മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവ. ഈ ലോകങ്ങള്‍ക്ക് ആധാരമായത് ദ്യുലോകമാണ്. ഈ അഞ്ചു ലോകങ്ങളേയും ചേര്‍ത്ത് അംഭസ്സ് എന്നു പറയുന്നു. ഇതിനു താഴെയാണ് അന്തരീക്ഷലോകം. ഇതു തന്നെയാണ് ഭുവര്‍ലോകം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നീ പ്രകാശഗോളങ്ങളോടും കിരണങ്ങളോടും കൂടിയതാണ് അന്തരീക്ഷലോകം. മരീചി എന്ന പേരിനാല്‍ ഈ ലോകം വിശേഷിച്ചറിയുന്നു. അതിനു താഴെയാണ് മര്‍ത്ത്യലോകമെന്നറിയപ്പെടുന്ന പൃഥ്വിലോകം. പൃഥ്വിക്കും താഴെയുള്ള പാതാളാദിലോകങ്ങള്‍ക്ക് ആപഃ എന്നു പറയുന്നു. ഇങ്ങനെ സര്‍വ്വലോകങ്ങളേയും പരമാത്മാവ് തന്റെ ഇച്ഛകൊണ്ടു മാത്രം സൃഷ്ടിച്ചു.

ഇപ്രകാരം ലോകങ്ങളെയെല്ലാം സൃഷ്ടിച്ചതിനുശേഷം പരമാത്മാവ് വീണ്ടും വിചാരിച്ചു.

“ലോകങ്ങളെല്ലാം സൃഷ്ടിച്ചു. ഈ ലോകങ്ങളെ സംരക്ഷിക്കുന്ന ലോകപാലകന്മാരേയും മറ്റും സൃഷ്ടിക്കണം.” ഇങ്ങനെ ചിന്തിച്ചിട്ട് ആത്മാവ്, ജലം തുടങ്ങിയ സൂക്ഷ്മഭൂതങ്ങളില്‍ നിന്ന് ഹിരണ്യഗര്‍ഭരൂപിയായ പുരുഷനെ സമുദ്ധരിച്ചു. ആ പുരുഷനെ സര്‍വാംഗയുക്തനാക്കി. മൂര്‍ത്തരൂപവും നല്കി.

ഹിരണ്യഗര്‍ഭനെന്ന പുരുഷനുണ്ടായി! പക്ഷേ അംഗോപാംഗങ്ങള്‍ വ്യക്തമല്ല. പുതിയതായി ജനിച്ച ഹിരണ്യഗര്‍ഭനെന്ന പുരുഷന്റെ അംഗോപാംഗങ്ങളെ ഇനി വ്യക്തമാക്കേണ്ടതുണ്ട്. അതിന് എന്തു ചെയ്യണം?

പരമാത്മാവ് സങ്കല്പതപം ആരംഭിച്ചു. തപസ്സിന്റെ ഫലം ഹിരണ്യഗര്‍ഭനില്‍ മാറ്റങ്ങളുണ്ടാക്കി. ഹിരണ്യഗര്‍ഭ പുരുഷന്റെ ശരീരത്തില്‍നിന്ന് ആദ്യമായി മുട്ടയുടെ ആകൃതിയില്‍ മുഖം പൊട്ടിപ്പിളര്‍ന്നുണ്ടായി. വീണ്ടും മുഖത്ത് ചില മാറ്റങ്ങള്‍ സംഭവിച്ചു. മുഖം പൊട്ടിവിരിഞ്ഞു. മുഖത്ത് വാഗിന്ദ്രിയവും വാഗിന്ദ്രിയത്തില്‍ നിന്ന് അഗ്നിയും ഉണ്ടായി. പിന്നീട് നാസികയും നാസികയില്‍ രണ്ടു ദ്വാരങ്ങളും പ്രത്യക്ഷമായി. ആ ദ്വാരങ്ങളില്‍ക്കൂടി പ്രാണനും പ്രാണനില്‍ നിന്ന് വായുവും പ്രകടമായി. അതിനുശേഷം നേത്രങ്ങളുടെ രണ്ട് രൂപങ്ങളും അവയില്‍ നിന്ന് നേത്രേന്ദ്രിയങ്ങളും ഉണ്ടായി. നേത്രേന്ദ്രിയത്തില്‍ നിന്ന് സൂര്യന്‍ ജനിച്ചു. തുടര്‍ന്ന് രണ്ടു കര്‍ണ്ണച്ചിദ്രങ്ങള്‍ പ്രകടമായി. അവയില്‍ നിന്ന് ശ്രോത്രേന്ദ്രിയം ഉണ്ടായി. ശ്രോത്രേന്ദ്രിയത്തില്‍ നിന്ന് ദിക്കുകള്‍ ഉത്ഭവിച്ചു. അതിനുശേഷം ചര്‍മ്മം പ്രകടമായി. ചര്‍മ്മത്തില്‍നിന്ന് രോമവും, ഔഷധികളും വൃക്ഷങ്ങളും ഉണ്ടായി. അടുത്തതായി ഉണ്ടായത് ഹൃദയമാണ്. ഹൃദയത്തെത്തുടര്‍ന്ന് മനസ്സും മനസ്സില്‍ നിന്ന് ചന്ദ്രനും ഉണ്ടായി. അനന്തരം നാഭി പ്രത്യക്ഷമായി. നാഭിയില്‍നിന്ന് അപാനവായുവും അപാനവായുവില്‍നിന്ന് മൃത്യുവും ഉണ്ടായി. ലിംഗത്തില്‍ നിന്ന് ജലവും രേതസ്സില്‍ നിന്ന് ജലവും ഉണ്ടായി.

ഈവിധം പരമാത്മാവിനാല്‍ ഒരുവട്ടം സൃഷ്ടി കഴിഞ്ഞു. സൃഷ്ടിക്കപ്പെട്ട ഇന്ദ്രിയങ്ങളുടെ അധിഷ്ഠാനങ്ങളായ അഗ്നി, വായു, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ഈ സംസാരസമുദ്രത്തില്‍ വന്നു വീണു.

അപ്പോള്‍ പരമാത്മാവ് ആ ദേവന്മാരെ വിശപ്പും ദാഹവുമുള്ളവരാക്കിത്തീര്‍ത്തു. അതോടെ ദേവന്മാര്‍ വല്ലാതായി. വിശപ്പും ദാഹവും കൊണ്ട് അവര്‍ അലഞ്ഞു. എവിടെ വസിക്കും? എന്തു ഭക്ഷിക്കും? എങ്ങനെ ഈ സംസാരത്തില്‍ നിലനില്ക്കും? ഇങ്ങനെ ഒട്ടെറെ വൈഷമ്യങ്ങളെ അവര്‍ അഭിമുഖീകരിച്ചു. ഒടുവില്‍ ദേവന്മാര്‍ പരമാത്മാവിനെ തന്നെ ശരണം പ്രാപിച്ചിട്ട് പറഞ്ഞു:

“പ്രഭോ, അങ്ങ് ഞങ്ങളെ സൃഷ്ടിച്ചു. വിശപ്പും ദാഹവുമുള്ളവരാക്കിത്തീര്‍ത്തു. ഞങ്ങള്‍ക്ക് വിശക്കുന്നു. ദാഹം സഹിക്കവയ്യ. പക്ഷേ ഞങ്ങള്‍ എന്തു ഭക്ഷിക്കും? എന്തു കുടിക്കും? എവിടെ വസിക്കും? ഒന്നിനും മാര്‍ഗ്ഗമില്ല. അതിനാല്‍ ഞങ്ങള്‍ക്ക് ആഹാരത്തെ എടുക്കാന്‍ വേണ്ട വ്യവസ്ഥകള്‍ ചെയ്തു തന്നാലും.”

ദേവന്മാരുടെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെട്ടു. എല്ലാവര്‍ക്കും വസിക്കുവാന്‍ പൊതുവായി എന്തു സൃഷ്ടിക്കണമെന്ന് പരമാത്മാവ് ആലോചിച്ചു. എന്നിട്ട് സൃഷ്ടികര്‍ത്താവ് ഒരുപശുവിന്റെ ശരീരം നിര്‍മ്മിച്ചിട്ട് അവരെ കാണിച്ചു കൊടുത്തു. പശുവിന്റെ ശരീരം കണ്ടിട്ട് ദേവന്മാര്‍ തൃപ്തരായില്ല. അതൃപ്തി സൃഷ്ടികര്‍ത്താവിനോടുതന്നെ പ്രകടിപ്പിച്ചു.

“പ്രഭോ, ഈ പശുവിന്റെ ശരീരം എല്ലാവര്‍ക്കും കൂടി അപര്യാപ്തമാണ്. മാത്രമല്ല ഇത് ഞങ്ങള്‍ക്കു വേണ്ടത്ര തൃപ്തിനല്കുന്നുമില്ല. അങ്ങ് മറ്റെന്നിനെ സൃഷ്ടിച്ചു തന്നാല്‍ ഞങ്ങള്‍ ആ ശരീരത്തില്‍ വസിക്കാം.”

അപേക്ഷകേട്ട് പരമാത്മാവ് ഒരു കുതിരയുടെ ശരീരം നിര്‍മ്മിച്ച് കാണിച്ചു കൊടുത്തു. ദേവന്മാര്‍ അതും തങ്ങള്‍ക്ക് പര്യാപ്തമല്ലെന്നു പറഞ്ഞു.

“ഭഗവാന്‍, അങ്ങ് ഒരിക്കല്‍ക്കൂടി മറ്റൊരുശരീരം ഞങ്ങള്‍ക്കു വസിക്കാന്‍ ഉചിതമായി സൃഷ്ടിച്ചാലും!”

“ഇന്ദ്രിയദേവന്മാരേ, ഈ രണ്ടു ശരീരത്തിലും നിങ്ങള്‍ക്ക് വസിക്കാനാവശ്യമായ എല്ലാ അവയവങ്ങളുമുണ്ട്. എന്നിട്ടും നിങ്ങള്‍ തൃപ്തരല്ലെന്നറിയുന്നതില്‍ വിസ്മയമുണ്ട്. ശരി. എങ്കില്‍ നിങ്ങള്‍ക്കുവേണ്ടി മറ്റൊരു ആകൃതിയില്‍ ഒരു ശരീരം നിര്‍മ്മിച്ചു തരാം. അതില്‍ നിങ്ങള്‍ ആകൃഷ്ടരാകും.” എന്നിട്ട് പരമാത്മാവ് പുരുഷശരീരം സൃഷ്ടിച്ചു. പുരുഷശരീരത്തെ അവരെ കാണിച്ചുകൊട്ത്തിട്ട് പരമാത്മാവി ചോദച്ചു.

“ഈ ശരീരത്തില്‍ നിങ്ങള്‍ക്ക് വസിക്കാനാകുകയില്ലേ?”

പുരുഷശരീരം കണ്ട് ദേവന്മാര്‍ ആകൃഷ്ടരായി. എല്ലാവര്‍ക്കും സന്തോഷമായി. ആ ശരീരത്തിലെ വിവിധഭാഗങ്ങളില്‍ അവരവര്‍ക്കു യോജിച്ച ഭാഗങ്ങളെ അവര്‍ കണ്ടെത്തി.

“പ്രഭോ, ഈ ശരീരം ഞങ്ങള്‍ക്ക് വളരെ തൃപ്തികരമാണ്. ഇത് ഞങ്ങള്‍ക്ക് ഏറ്റവും സുന്ദരവും ഉപരിചിതവുമായ നിവാസസ്ഥാനം തന്നെയാണ്. ഈ ശരീരത്തിലിരുന്നാല്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായ ആസ്വാദ്യത ലഭിക്കും. ഞങ്ങള്‍ക്കിത് ഇഷ്ടപ്പെട്ടു. അങ്ങയുടെ ഏറ്റവും സുന്ദരവും ശ്രേഷ്ടവുമായ സൃഷ്ടി തന്നെയാണ് ഈ മനുഷ്യശരീരം എന്നതില്‍ സംശയമില്ല. ഈ വിധമൊരു സൃഷ്ടി നടത്തിയ അവിടുത്തേയ്ക്ക് പ്രണാമങ്ങള്‍.”

“ഈ മനുഷ്യശരീരം നിങ്ങള്‍ക്കെല്ലാം പര്യാപ്തമെന്ന് അറിഞ്ഞതില്‍ നല്ലത്. എങ്കില്‍ ഇനി നിങ്ങള്‍ക്ക് ഈ മനുഷ്യശരീരത്തില്‍ പ്രവേശിക്കാം. ഓരോരുത്തര്‍ക്കും ഇഷ്ടവും യോഗ്യവുമായ സ്ഥാപനങ്ങളില്‍ പ്രവേശിച്ചു കെള്ളുവിന്‍. അവിടവിടെ വസിക്കാം. അവരവര്‍ക്ക് യോഗ്യമായ സ്ഥാപനത്തെ വശത്താക്കി വയ്ക്കുകയുമാകാം.”

പരമാത്മാവിന്റെ ആജ്ഞയനുസരിച്ച് ഇന്ദ്രിയദേവന്മാര്‍ വേഗം മനുഷ്യശരീരത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങി.

അഗ്നിദേവന്‍ വാഗിന്ദ്രിയത്തിന്റെ രൂപം ധരിച്ച് പുരുഷശരീരത്തിന്റെ വക‍്ത്രത്തില്‍ പ്രവേശിച്ചു. എന്നിട്ട് നാവിനെ തനിക്കാശ്രയമാക്കി.

വായുദേവന്‍ നാസികാരന്ധ്രങ്ങളില്‍ക്കൂടി പുരുഷശരീരത്തില്‍ പ്രവേശിച്ചു പ്രാണന്റെ രൂപമെടുത്ത് സ്ഥിതിചെയ്തു. സൂര്യദേവന്‍ നേത്രേന്ദ്രിയമായി കണ്ണുകളില്‍ പ്രവേശിച്ചു. ദിക്കകള്‍ ശ്രോത്രേന്ദ്രിയമായി ചെവികള്‍ക്കുള്ളില്‍ കടന്നുകൂടി. ഔഷധികളും വനസ്പതികളും രോമങ്ങളായി ആ ശരീരത്തിന്റെ ചര്‍മ്മത്തിലാകെ പ്രവേശിച്ചു നിറഞ്ഞു. ചന്ദ്രന്‍ മനസ്സിന്റെ രൂപം ധരിച്ച് ഹൃദയത്തിലിടം കണ്ടെത്തി. മൃത്യുദേവന്‍ അപാനരൂപം ധരിച്ച് നാഭിയില്‍ പ്രവേശിച്ചു. ജലം രേതസ്സായി ലിംഗത്തിലും സ്ഥാനം നേടി.

ഉചിതമായ ഒരു വാസസ്ഥാനം ലഭിക്കാതെ വിശപ്പും ദാഹവും അവശേഷിച്ചു. അവര്‍ വിഷണ്ണരായി. ഈ മനുഷ്യശരീരത്തിന്റെ ഏതുഭാഗത്ത് കയറിക്കൂടണം എന്നവര്‍ക്ക് എത്രയാലോചിച്ചിട്ടും നിശ്ചയമുണ്ടായില്ല. ഒടുവില്‍ അവര്‍ പരമാത്മാവിനെത്തന്നെ ആശ്രയിച്ചു.

“ഭഗവന്‍, ഞങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കും വസിക്കുവാനുള്ള സ്ഥാനം നിശ്ചയിച്ച് അങ്ങ് ഞങ്ങളേയും ഈ പുരുഷശരീരത്തില്‍ പ്രവേശിപ്പിക്കണം.”

അതുകേട്ട് പരമാത്മാവ് പറഞ്ഞു:

“നിങ്ങള്‍ വിശപ്പും ദാഹവുമാണ്. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രത്യേകമായി ഒരു വാസസ്ഥാനം ആവശ്യമില്ല. ശരീരത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്നിട്ട് ഈ ദേവന്മാരുടെയെല്ലാം സ്ഥാപനങ്ങളില്‍ പങ്കുകൊള്ളുക.”

പരമാത്മവിന്റെ നിര്‍ദ്ദേശമനുസരിച്ച് വിശപ്പും ദാഹവും ശരീരത്തില്‍ പ്രവേശിച്ചു. അതോടെ ആ ഭാഗം ഭംഗിയായി. വീണ്ടും പരമാത്മാവ് തുടങ്ങി.

“ലോകങ്ങളും ലോകപാലകന്മാരും സൃഷ്ടിക്കപ്പെട്ടു. അവരോടൊപ്പം വിശപ്പും ദാഹവും എവിടെയുമുണ്ട്. ഇനി ഇവര്‍ക്ക് ജീവിക്കണം. അതിന് അന്നം വേണമല്ലേ. അതു കൊണ്ട് ഇനി അന്നത്തെ സൃഷ്ടിക്കാം.”

പരാത്മാവ് ആഹാരത്തെ സൃഷ്ടിക്കാന്‍ നിശ്ചയിച്ചു. ജലത്തെ തപിപ്പിക്കാന്‍ തുടങ്ങി. സ്വസകല്പത്താല്‍ അവയില്‍ ബഹുവിധ പ്രക്രിയകള്‍ നടന്നു. സൂക്ഷ്മഭൂതകാലമായിരുന്ന പഞ്ചഭൂതങ്ങള്‍ പരമാത്മാവിനാല്‍ തപിക്കപ്പെട്ടു തുടങ്ങി. അങ്ങനെ സൂക്ഷ്മമഹാഭൂതങ്ങളില്‍ നിന്ന് അവയുടെ സ്ഥൂല രൂപം പ്രത്യക്ഷമായി. ഇതു തന്നെ ‘അന്നം’എന്നു പരമാത്മാവ് നിശ്ചയിച്ചു.

“ഇന്ദ്രിയദേവന്മാരേ, നിങ്ങളോടൊപ്പം വിശപ്പും ദാഹവും കൂടിയിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അന്നം വേണം. ഇതാ നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട അന്നം ഇതിനെ യഥാശക്തി സ്വീകരിക്കുക.” പരമാത്മാവ് ഇന്ദ്രിയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതുകേട്ട് ഇന്ദ്രിയങ്ങള്‍ക്ക് ആശ്വാസവും സന്തോഷവുമായി. അവര്‍ ‘ശരി’ എന്നു പറഞ്ഞു കൊണ്ട് അന്നത്തെ സ്വീകരിക്കാന്‍ തയ്യാറായി. അപ്പോള്‍ ആ അന്നം ബഹിര്‍മുഖമായിട്ട് അവരില്‍ നിന്ന് ഓടാന്‍ തുടങ്ങി. അപ്പോള്‍ മനുഷ്യരൂപത്തില്‍ ഉത്പന്നമായ ജീവാത്മാവ് ആ അന്നത്തെ പല വിധത്തില്‍ ഗ്രഹിക്കാന്‍ ആഗ്രഹിച്ചു കൊണ്ട് ശ്രമമാരംഭിച്ചു.

ജീവാത്മാവായ പുരുഷന്‍ ആദ്യം വാക്കിനെ ആശ്രയിച്ചു. വാക്കു മുഖേന ആ അന്നത്തെ ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. ആ പുരുഷന് വാക്കു മുഖേന അന്നത്തെ ഗ്രഹിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും മനുഷ്യന് അന്നത്തെ വാക്കു മുഖേന സ്വീകരിച്ച് വിശപ്പും ദാഹവും അടക്കാന്‍ കഴിയുമായിരുന്നു. അതായത് അന്നതിന്റെ പേരു പറഞ്ഞാല്‍ മാത്രം വയറുനിറയുകയും വിശപ്പും ദാഹവും ശമിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ വാക്ക് പരാജയപ്പെട്ടു.

അപ്പോള്‍ ആ പുരുഷന്‍ പ്രാണന്‍ മുഖേന ഘ്രാണേന്ദ്രിയത്താല്‍ അന്നത്തെ ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അന്നം ഓടിക്കളഞ്ഞു. അഗ്രഹം സാധിച്ചില്ല. അന്നത്തെ ഗ്രഹിക്കുവാന്‍ ഘ്രാണേന്ദ്രിയത്തിലൂടെ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മനുഷ്യര്‍ക്ക് ആഹാരത്തിന്റെ മണം കൊണ്ടു മാത്രം വിശപ്പും ദാഹവും ശമിപ്പിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ സാധിച്ചില്ല.

വാക്കുകൊണ്ടും മൂക്കുകൊണ്ടും അന്നത്തെ വശത്താക്കാന്‍ കഴിയാതെ വന്നപ്പോള്‍ പുരുഷന്‍ കണ്ണുകളെ ആശ്രയിച്ചു. ഓടിനടക്കുന്ന അന്നത്തെ കണ്ണുകള്‍ കൊണ്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. വളരെ വേഗമേറിയതായിരുന്നു കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍. പക്ഷേ അന്നത്തെ ഗ്രഹിക്കുവാന്‍ കണ്ണുകള്‍ മുഖേന പുരുഷന് സാധിച്ചില്ല. ആ ശ്രമം വിജയിച്ചിരുന്നു വെങ്കില്‍ ഇന്ന് മനുഷ്യര്‍ക്ക് ആഹാരത്തെ കാണുന്നതുകൊണ്ടു തന്നെ വിശപ്പും ദാഹവും മാറി തൃപ്തി വരുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല.

അനന്തരം പുരുഷന്‍ അന്നത്തെ ചെവികള്‍ മുഖേന ഗ്രഹിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ചെവികളാലും അന്നത്തെ ഗ്രഹിക്കുവാന്‍ സാദ്ധ്യമായില്ല. അന്നത്തെ കര്‍ണ്ണങ്ങളിലൂടെ ഗ്രഹിക്കുവാന്‍ പുരുഷന് കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായിട്ടും മനുഷ്യന് അതൊരു വലിയ അനുഗ്രഹമാകുമായിരുന്നു. അന്നത്തിന്റെ നാമശ്രവണമാത്രയില്‍ തന്നെ മനുഷ്യന് വിശപ്പ് ശമിക്കുമായിരുന്നു.

കര്‍ണ്ണങ്ങളിലൂടെയും അന്നത്തെ ഗ്രഹിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ പുരുഷന്‍ ചര്‍മ്മത്തെ സമീപിച്ചു. ശരീരത്തിന്റെ ബാഹ്യമാകെ നിറഞ്ഞിരിക്കുന്ന ചര്‍മ്മത്തെ ഉപയോഗിച്ച് ഗ്രഹിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ പരിശ്രമം ഫലവത്തായില്ല. അന്നത്തെ ചര്‍മ്മം മുഖേന ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായിട്ടും മനുഷ്യര്‍ ആഹാരത്തിന്റെ സ്പര്‍ശനം കൊണ്ടുമാത്രം തൃപ്തരാകുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല.

ഇനി എന്തുവേണമെന്ന് വിചാരിച്ച പുരുഷന്‍ ആഹാരത്തെ മനസ്സുകൊണ്ട് ആഗ്രഹിച്ചു. എന്നാല്‍ മനസ്സുകൊണ്ട് പുരുഷന് അന്നത്തെ ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ആഹാരത്തെക്കുറിച്ച് ചിന്തിക്കുക മാത്രം ചെയ്താല്‍ വിശപ്പും ദാഹവും ശമിക്കുമായിരുന്നു.

അപ്പോള്‍ പുരുഷന് ഒരാശയം തോന്നി. പുരുഷന്‍ തന്റെ ശിശ്നം കൊണ്ട് അന്നത്തെ ഗ്രഹിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അന്നത്തെ ശിശ്നം മുഖേനയും ഗ്രഹിക്കുവാന്‍ പുരുഷനായില്ല. സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മനുഷ്യന് അന്നത്തെ ത്യജിച്ചാല്‍ മാത്രം തൃപ്തി ലഭിക്കുമായിരുന്നു.

ഒടുവില്‍ പുരുഷന്‍ അന്നത്തെ വായില്‍ക്കൂടി അപാനവായു മുഖേന ഗ്രഹിക്കുവാന്‍ ആഗ്രഹിച്ചു. അതിനുള്ള ശ്രമം നടന്നു. അതോടെ അന്നത്തിന്റെ ഓട്ടം നിലച്ചു. മറ്റിന്ദ്രിയങ്ങള്‍ നോക്കിനില്‍ക്കവേ അന്നം കീഴടങ്ങി. പുരുഷന്‍ അന്നത്തെ ഗ്രഹിച്ചു. അപാനവായുവിലൂടെ ജീവനായ പുരുഷന്‍ ആഹാരത്തെ സ്വീകരിച്ചു. അങ്ങനെ അന്നം കൊണ്ട് ജീവനെ രക്ഷിക്കുന്ന പ്രസിദ്ധനായ വായു എന്ന സ്ഥാനം അപാനവായുവിനായി. പുരുഷന് ആശ്വാസമായി.

പരമാത്മാവ് എല്ലാവര്‍ക്കും ആഹാരം പ്രദാനം ചെയ്തു. മനുഷ്യശരീരധാരിയായ പുരുഷന്‍ ആ ആഹാരത്തെ വേണ്ട വിധം ഗ്രഹിക്കുവാന്‍ പഠിച്ചു.

ലോകങ്ങള്‍, ലോകപാലകന്മാര്‍ ഇന്ദ്രിയങ്ങള്‍, ആഹാരം ഇവയെല്ലാം സൃഷ്ടിച്ച് കഴിഞ്ഞപ്പോള്‍ പരമാത്മാവ് വീണ്ടും ചിന്തിച്ചു.

“ഈ പുരുഷന്‍ എന്നെക്കൂടാതെ എങ്ങനെ ജീവിച്ചിരിക്കും? ജീവിച്ചിരിക്കുമോ? അതോ നശിച്ചു പോകുമോ? ഒന്നു പരീക്ഷിക്കുന്നത് ഉചിതമാണോ?”

പരമാത്മാവ് ചിന്തിച്ചു ചില നിഗമനങ്ങലിലെത്തി.

“ഞാന്‍ സൃഷ്ടിച്ചുവെങ്കിലും, എന്റെ സഹകരണം കൂടാതെ ഈ പുരുഷന്‍ വാണി മുഖേന സംസാരിക്കുവാനുള്ള വിദ്യ അഭ്യസിച്ചു. മൂക്കുകൊണ്ട് ഗന്ധമറിയുന്നു. പ്രാണങ്ങളാല്‍ ശ്വാസോച്ഛ്വാസപ്രക്രിയ വശമാക്കി. നേത്രങ്ങളാല്‍ കണ്ടു. ചെവികളാല്‍ കേട്ടു. ചര്‍മ്മംകൊണ്ട് സ്പര്‍ശിച്ചു. മനസ്സു കൊണ്ട് മനനം ചെയ്തു. അപാനവായുകൊണ്ട് അന്നത്തെ ഗ്രഹിച്ചു. ജനനേന്ദ്രിയത്തിലൂടെ മൂത്രം, വീര്യം എന്നിവ പുറപ്പെടുവിക്കാനും പഠിച്ചു. ആ സ്ഥിതിക്ക് ഇനി എന്റെ ആവശ്യം എന്താണ്? എന്റ പ്രയോജനം ഈ പുരുഷന് എന്തിനാണ്?” – ഇങ്ങനെ ചിന്തിച്ചതിനുശേഷം പരമാത്മാവ് നിശ്ചയിച്ചു.

ഞാന്‍ ഇനി ഈ മനുഷ്യശരീരത്തില്‍ പ്രവേശിച്ചു നോക്കാം. ഏതു മാര്‍ഗ്ഗത്തിലൂടെയാണ് താന്‍ പ്രവേശിക്കേണ്ടത്?

വളരെയാലോചിച്ചിട്ട് പരമാത്മാവ് മനുഷ്യശരീരത്തിന്റെ മൂര്‍ദ്ധാവിനെ സമീപിച്ചു. ശിരസ്സിലെ ബ്രഹ്മരന്ധ്രം ഭേദിച്ചു കൊണ്ട് അതില്‍ക്കൂടി മനുഷ്യശരീരത്തില്‍ പ്രവേശിച്ചു. അതോടെ മനുഷ്യശരീരം സജീവമായി.

ആ പുരുഷന്‍ ഈ ഭൗതികജഗത്തിന്റെ വിചിത്രസൃഷ്ടിയെ അത്യാശ്ചര്യപൂര്‍വ്വം നാലുഭാഗത്തു നിന്നും നോക്കി. എന്നിട്ട് സ്വയം പലതും ചിന്തിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“ഈ ജഗത്ത് വളരെ വിചിത്രമായിരിക്കുന്നു! ഇതിന്റെ സ്രഷ്ടാവ് ആരാണ്? ഞാനല്ലാതെ മറ്റാരെയും ഞാന്‍ കാണുന്നില്ല ഞാനാകട്ടെ ഈ ജഗത്തിന്റെ സ്രഷ്ടാവല്ല. ഇത് എന്റെ സൃഷ്ടിയല്ലതന്നെ. ഇതിന് ഏതെങ്കിലും ഒരു കര്‍ത്താവ് തീര്‍ച്ചയായിട്ടും ഉണ്ടായിരിക്കണം. അതാരാണ്?”ഇങ്ങനെ ഏറെനേരം ചിന്തിച്ച പുരുഷന്‍ സ്വഹൃദയത്തില്‍ അന്തര്യാമിയായി വിരാചിക്കുന്ന പരമാത്മാവിനെ കണ്ടറിഞ്ഞു. സര്‍വ്വജഗത്തിലും വ്യാപിച്ചിരിക്കുന്ന ആ പരമാത്മാവാണ് എല്ലാത്തിന്റേയും കര്‍ത്താവെന്നും അത് തന്റെ ഹൃദയത്തില്‍ തന്നെ വസിക്കുന്നവനാണെന്നും പുരുഷന്‍ തിരിച്ചറിഞ്ഞു. ആ അറിവില്‍ അവന്‍ ആനന്ദഭരിതനായി, അത്യാഹ്ലാദത്തോടെ പറഞ്ഞു:

“ആശ്ചര്യം തന്നെ! ഞാന്‍ പരബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചത് ഭാഗ്യം തന്നെ!!” ഇങ്ങനെ ആ പുരുഷന്‍ തന്റെ സ്രഷ്ടാവായ പരമാത്മാവിനെ മനുഷ്യശരീരത്തില്‍ സാക്ഷാത്ക്കരിച്ചു. അതോടെ ആ പുരുഷന്‍ നിത്യാനന്ദം അനുഭവിക്കാനിടയായി.

ഓം തത് സത്

അവലംബം – ഐതരയോപനിഷത്ത്