ഉപനിഷത്ത് കഥകള്‍

ആശ്രമത്തിനു സമീപത്തുകൂടി ശാന്തമായൊഴുകുന്ന നദിയുടെ തീരത്ത്‌, എകാന്തമായൊരിടം. കരയില്‍നിന്ന് വെള്ളത്തിലേക്ക് നീണ്ടുകിടക്കുന്ന വലിയ പാറയുടെ പുറത്ത് ശലവാന്റെ പുത്രനായ ശിലകന്‍ വിദൂരതയിലേക്ക് കണ്ണുംനട്ട് ഇരുന്നു. അവന്റെ മനസ്സുനിറയെ ചിന്തകള്‍ ചേക്കേറിക്കളിയ്ക്കുകയായിരുന്നു.

ആശ്രമത്തിലെ പതിവ് കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രപഠനവും കഴിഞ്ഞ് നേരം കിട്ടുമ്പോഴൊക്കെ ഈ പാറയുടെ പുറത്ത്‌ വന്നിരിക്കും. അവിടെ വന്നിരുന്നാല്‍ വിശാലമായ ഭൂപ്രദേശം കാണാം. നിരന്നൊഴുകുന്ന നദി വളരെ ദൂരം വരെ പോകും. നദീതീരത്ത്‌ വരുന്ന പലതരം മൃഗങ്ങള്‍, പക്ഷികള്‍, വനവാസികള്‍ തുടങ്ങിയവകളൊക്കെ കണ്ണിനു കാഴ്ചയാകും. അന്നന്ന് ആശ്രമത്തില്‍ പഠിപ്പിക്കുന്നത് മനഃപാഠമാക്കാനും മനനം ചെയ്യാനും കൂടി പറ്റിയ ഒരിടമാണത്. വെയിലാറിത്തുടങ്ങുമ്പോള്‍ അവിടെ നിന്നെഴുന്നെല്‍ക്കുന്നതാണ് പതിവ്. പിന്നെ കുളിക്കാനും സന്ധ്യാവന്ദനാദികള്‍ക്കുമുള്ള നേരമായി.

“ഓം നമഃ” ആരോ പിന്നില്‍ നിന്ന് വിളിക്കുന്നതുകേട്ട് ശിലകന്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു. തിരിഞ്ഞുനോക്കി. ചികിതായനന്റെ പുത്രനായ ദാല്ഭ്യനും ജീവലന്റെ പുത്രനായ പ്രവാഹണനും നദീതീരത്ത് നില്‍ക്കുന്നതു കണ്ടു.

“ഞങ്ങള്‍ക്ക് അവിടേയ്ക്കു വരാമല്ലോ?” പ്രവാഹന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.

“തീര്‍ച്ചയായും വരാം മെതിയടികള്‍ താഴെ വയ്ക്കുമല്ലോ.” ശിലകന്‍ എഴുന്നേറ്റുനിന്ന് തന്റെ മിത്രങ്ങളെ സ്വാഗതം ചെയ്തു.

മൂന്നുപേരും ആശ്രമവാസികളാണ്. നന്നായിട്ട് വേദശാസ്ത്രാദികള്‍ അഭ്യസിച്ചിട്ടുണ്ട്. ഗുരുപദേശവും വേണ്ടത്ര കിട്ടിയിട്ടുണ്ട്. ഉദ്ഗീഥവിദ്യയില്‍ ഇവര്‍ക്കുള്ള സാമര്‍ത്ഥ്യം ധാരാളം യാഗശാലകളില്‍ തെളിയിക്കപ്പെട്ടതാണ്. യാഗവേദിയില്‍ ഉദ്ഗാതാക്കളായിരുന്ന് സാമമാന്ത്രങ്ങളെ ഗാനം ചെയ്യുവാനുള്ള ഇവരുടെ കഴിവ് പണ്ഡിതന്‍മാരെക്കൂടി വിസ്മയഭരിതരാക്കിയിട്ടുണ്ട്. ഉദ്ഗീഥ വിദ്യാകുലന്‍മാരാണ് മൂവരും.

ദാല്ഭ്യനും പ്രവാഹണനും പാറയുടെ മുകളിലേയ്ക്ക് കയറി വന്നു.

“മുമ്പൊക്കെ ഞാനും ഇവിടെ വന്നിരുന്ന് ധ്യാനിക്കാറുണ്ടായിരുന്നു.” പ്രവാഹണന്‍ പാറയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു. തുടര്‍ന്നു: “ഇപ്പോള്‍ സമയക്കുറവുകൊണ്ട് എല്ലാം ആശ്രമത്തില്‍ തന്നെയാക്കി.”

ശിലകന്‍ വെറുതെ ഒന്നു പുഞ്ചിക്കുക മാത്രം ചെയ്തു.

“ശിലകാ, നിങ്ങളുടെ ഉദ്ഗീഥഗാനത്തിന്റെ പ്രയോഗസാമര്‍ത്ഥ്യവും വശ്യതയും ഈ മനോഹരസ്ഥലത്ത് ഇരുന്നു കൊണ്ടുള്ള സാധനയുടെ ഫലം തന്നെ! സംശയമില്ല. ഈ പാറക്കെട്ടില്‍ നദീജലം തട്ടി ഉയരുന്ന സ്വരസംഗീതം ഇതാ എന്റെ മനസ്സില്‍ വേദമന്ത്രങ്ങളെ ഉണര്‍ത്തുന്നു! ഹായ് ! സ്വര്‍ഗ്ഗാനുഭൂതി ! നാമം, ജലമര്‍മ്മരങ്ങളോട് സമന്വയിക്കുന്നുവോ? പ്രാണനില്‍ അനുഭൂതികള്‍ ഉയരുന്നുവോ?” ദാല്ഭ്യന്‍ നന്നായി സംസാരിച്ചു തുടങ്ങി.

“ദാല്ഭ്യാ, നിങ്ങള്‍ ഒരു പ്രാപഞ്ചികനെപ്പോലെ വാക്കുകളുടേ തേന്‍മഴ ചൊരിയുകയാണ്. ഞാനാകട്ടെ ഈ സ്ഥലത്തെ സാധനയ്ക്കുവേണ്ടി മാത്രം തെരഞ്ഞെടുത്തതാണ്.” ശിലകന്‍ പറഞ്ഞു.

“താങ്കളുടെ ഏകാന്തതയെയോ സാധനയെയോ തടസ്സപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. സത്യത്തില്‍ ഇവിടെ ഞങ്ങള്‍ ഇപ്പോള്‍ വന്നത് ബ്രഹ്മവിദ്യയിലെ ചില സംശയങ്ങളെക്കുറിച്ച് വിചാരം ചെയ്യാനാണ്.” പ്രവാഹണന്‍ ശാന്തനായി, എന്നാല്‍ ഗൗരവപൂര്‍വ്വം പറഞ്ഞു.

“ഉത്തമം. നമ്മള്‍ ഉദ്ഗീഥകുശലന്മാരണല്ലോ. ശരി. നമുക്ക് ഉദ്ഗീഥ വിഷയത്തെപ്പറ്റി സംസാരിക്കാം.” ശിലകന്‍ ഒരു നിര്‍ദ്ദേശം വച്ചു.

“ഉദ്ഗീഥവിദ്യയെപ്പറ്റി ചിലത് കൂടുതലായി നിന്നില്‍ നിന്ന് അറിയാനുണ്ട്. ചില സംശയങ്ങള്‍ എത്ര വിചാരിച്ചിട്ടും നശിക്കുന്നില്ല. ഇത്രയും പറ്റിയ ഒരവസരം നമുക്ക് മൂന്നുപേര്‍ക്കും മുമ്പൊരിക്കലും ഒത്തു കിട്ടിയിട്ടുമില്ല. എന്ന് നമുക്ക് വിശദമായി സംസാരിക്കാം.” ദാല്ഭ്യന്‍ പറഞ്ഞു.

“അപ്രകാരം ആകട്ടെ” എന്ന് പറഞ്ഞുകൊണ്ട് ശിലകന്‍ അവര്‍ക്കരുകില്‍ ഇരുന്നു. മൂവരും കുറേനേരം മൗനമായിട്ടിരുന്നു. അധ്യയനത്തിനുമുമ്പ് അനുഷ്ഠിക്കാറുള്ള ശാസ്ത്രാചരണം നടത്തി. ആചമിച്ച് അംഗന്യാസവും കരന്യാസവും ചെയ്തു. ഗുരുസ്മരണയും വേദസ്തുതിയും നടത്തി.

വീണ്ടും കുറേനേരം അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പിന്നെ കുറേനേരം മൂവരും മൗനമായിട്ടിരുന്നു. ആ മൗനത്തെ ഭഞ്ജിച്ചത് പ്രവാഹണന്റെ അപേക്ഷയാണ്.

“അറിവില്‍ ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ വളരെ ചെറിയവനാണ്. അതുകൊണ്ട് പുജ്യപാദരായ നിങ്ങള്‍ രണ്ടുപേരും ആദ്യം സംസാരിക്കണം. ബ്രഹ്മജ്ഞാനികളായ നിങ്ങള്‍ പറഞ്ഞത് ഞാന്‍ കേട്ടുകൊണ്ടിരിക്കാം.” പ്രവാഹണന്‍ ഒന്നു കൈകള്‍ കൂപ്പിയിട്ട് കാതോര്‍ത്തിരുന്നു.

“എങ്കില്‍ നിങ്ങള്‍ ആരംഭിക്കണം” ദാല്ഭ്യന്‍ , ശിലകനോട് പറഞ്ഞു.

“ആകട്ടെ. ഞാന്‍ നിങ്ങളോട് ചിലത് ചോദിക്കട്ടെ?” ശിലകന്‍ ആരാഞ്ഞു.

“ചോദിച്ചുകൊള്ളുക.” ദാല്ഭ്യന്‍ ചോദ്യത്തെ നേരിടാന്‍ തയ്യാറായി.

“നാം ഉദ്ഗാതാക്കളായി സാമം ഗീതം ചെയ്യാറുള്ളവരാണല്ലോ. എങ്കില്‍ ഈ സാമത്തിന്റെ ഗതി എന്തിനെ ആശ്രയിച്ചാണ് ?”

“സ്വരം!” – ദാല്ഭ്യന്‍ ഉടനെ മറുപടി കൊടുത്തു.

“സ്വരത്തിന്റെ ആശ്രയം എന്താണ് ?”

“പ്രാണന്‍ .”

“പ്രാണന്റെ ആശ്രയം എന്താണ് ?”

“അന്നം.”

“അന്നത്തിന്റെ ആശ്രയം എന്താണ് ?”

“ജലം.”

“ജലത്തിന്റെ ആശ്രയം എന്താണ് ?

“ജലത്തിന്റെ ആശ്രയം സ്വര്‍ഗ്ഗലോകമാണ്. അവിടെ നിന്നാണല്ലോ മഴ പെയ്യുന്നത് !”

“ആ സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം എന്താണ് ?”

“സ്വര്‍ഗ്ഗത്തിനപ്പുറത്തേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം ഉദ്ഗീഥത്തെ ഗാനം ചെയ്ത് നാം സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ്. സ്വര്‍ഗ്ഗത്തിനപ്പുറത്തേക്ക് ഉദീഗീഥമന്ത്രത്തെ ആര്‍ക്കും നയിക്കാനാവില്ല. അതിനാല്‍ നമുക്ക് സാമത്തെ സ്വര്‍ഗ്ഗലോകത്ത് നിര്‍ത്താം. സാമവേദമെന്നാല്‍ സ്വര്‍ഗ്ഗലോകത്തെ അറിയുകയാകുന്നു. സാമം, സ്വര്‍ഗ്ഗത്തെ സ്തുതിക്കുന്നതാണ്. സ്വര്‍ഗ്ഗീയമാണ് സാമം. യഥാര്‍ത്ഥത്തില്‍ സാമം, സ്വര്‍ഗ്ഗലോകമാകുന്നു.” ദാല്ഭ്യന്‍ ഇങ്ങനെ വിസ്തരിച്ച് ഒരു മറുപടി നല്‍കി. അതുകേട്ട് തല വിലങ്ങനെയാട്ടി ശിലകന്‍ പ്രഷേധിച്ചു.

“ദാല്ഭ്യാ, നിനക്ക് തെറ്റി. നീ പ്രയോഗിക്കുന്ന സാമവേദം നിശ്ചയമായും നിനക്ക് ഉറച്ചിട്ടില്ല. അതിന്റെ പൊരുള്‍ മനസ്സിലായിട്ടുമില്ലെന്ന് വ്യക്തം. നിന്റെ വശമുള്ള സമാവേദം ആത്മാവില്‍ പ്രതിഷ്ഠിതവുമില്ല. നിനക്ക് സത്യത്തില്‍ സാമത്തില്‍ അറിവില്ലെന്ന് തോന്നുന്നു. ഈ സമയത്ത് സാമവേദ ജ്ഞാനനായ, നിന്റെ ഭൂമിയില്‍ പതിക്കട്ടെ, എന്നെങ്ങാനും പറഞ്ഞാല്‍ നിശ്ചയമായും നിന്റെ തല ഭൂമിയില്‍ വീണതുതന്നെ.”

ശിലകന്‍ ഇങ്ങനെ കര്‍ശനമായി പറഞ്ഞപ്പോള്‍ ദാല്ഭ്യന് വിഷമം തോന്നി.

തനിക്ക് കൂടുതല്‍ അറിവുണ്ടാകണം എന്ന വിചാരത്തോടെ ദാല്ഭ്യന്‍ വിനയപൂര്‍വ്വം പറഞ്ഞു.

“ഞാന്‍ ഒരു കാര്യം അങ്ങയില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നു.”

“എന്താണ് ” – ശിലകന്‍ ചോദിച്ചു.

“സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രിതത്തെക്കുറിച്ച് എനിക്കറിവില്ല. സത്യത്തില്‍ സ്വര്‍ഗ്ഗലോകത്തിന്റെ ഗതി എന്താണ് ?”

“പറയാം. പറയുന്നത് വിചാരം ചെയ്യണം. ഈ ലോകമാണ് സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം. ഈ ലോകത്തു ചെയ്യുന്ന പ്രവൃത്തികളെ ആശ്രയിച്ചാണ് സ്വര്‍ഗ്ഗാദിലോകങ്ങള്‍ ലഭിക്കുക എന്നറിയുക”

“എങ്കില്‍ ഈ ലോകത്തിന്റെ ആശ്രയം എവിടെയാണ് ?”

“പ്രതിഷ്ഠാഭൂതമായ ഈ ലോകത്തെ അതിക്രമിച്ച് സാമത്തെ മറ്റെങ്ങും കൊണ്ടുപോകരുത്. നമുക്ക് പ്രതിഷ്ഠാഭൂതമായ ഈ ലോകത്തു തന്നെ സാമത്തെ പ്രതിഷ്ഠിക്കാം. എന്തെന്നാല്‍ സാമം പ്രതിഷ്ഠാരൂപത്തിലാണല്ലോ സ്തുതിക്കപ്പെടുന്നത് .”

അതുവരെ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രവാഹണന്‍ കര്‍ശനമായി പറഞ്ഞു.

“ശിലകാ, നീ സാമത്തെക്കുറിച്ച് ഇപ്പോള്‍ ഇവിടെ പറഞ്ഞത് ശരിയല്ല. ഈ സമയത്ത് ആരെങ്കിലും ഇതു കേട്ടിട്ട് നിന്റെ തല താഴെ വീഴട്ടെ എന്നു പറയുകയാണെങ്കില്‍ അത് സംഭവിക്കും.”

പ്രവാഹണന്റെ താക്കീത് ശിലകനെ അസ്വസ്ഥമാക്കി. അദ്ദേഹം കൂടുതല്‍ അറിയാന്‍ അഗ്രഹിച്ചു .

“ഞാന്‍ ഇക്കാര്യത്തില്‍ അങ്ങയില്‍ നിന്നും സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.”

“അറിഞ്ഞുകൊള്ളുക” എന്ന് പ്രവാഹണന്‍ സമ്മതിച്ചു.

“ഈ ലോകത്തിന്റെ ഗതി (ആശ്രയം) എന്താണെന്ന് എനിക്കറിയണം.”

“ആകാശമാണ് ഈ ലോകത്തിന് ആശ്രയം. ​എന്തെന്നാല്‍ ഈ സമസ്തഭൂതങ്ങളും ആകാശത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒടുവില്‍ ഇവയെല്ലാം ആകാശത്തില്‍ തന്നെയാണ് ലയിക്കുന്നതും. ആകാശമാണ് എല്ലാത്തിലും വെച്ച് വലുത്. അതുകൊണ്ട് എല്ലാത്തിനും ആശ്രയമായിരിക്കുന്നത് ആകാശമാണ്. എല്ലാവരും ആകാശത്തെ ആശ്രയിക്കുന്നു.”

“ആകാശവും ഉദ്ഗീഥവും തമ്മില്‍ എന്തു ബന്ധമാണുള്ളത് ?

“രണ്ടും ഒന്നുതന്നെയാന്ന് ജ്ഞാനികള്‍ക്ക് ബോധ്യമാകും. ആകാശം കൊണ്ടറിയപ്പെടുന്നത് ഉദ്ഗീഥമാണ്.”

“ആകാശവും ഉദ്ഗീഥവും ഒന്നെന്ന് എങ്ങനെ പറയാനാകും?”

“യാഗങ്ങളില്‍ ഗീതം ചെയ്യപ്പെടുന്ന ഉദ്ഗീഥം ഓങ്കാരമാണ്. അതായത് പരബ്രഹ്മം. സമസ്ത ഭൂതങ്ങളും ആ ആത്മാവില്‍ നിന്നുണ്ടാകുന്നു. അന്ത്യത്തില്‍ അതില്‍തന്നെ വിലയം പ്രാപിക്കുന്നു. പരമോത്കൃഷ്ടവും അനന്തവുമാണ് ഓങ്കാരം അതുതന്നെ ഉദ്ഗീഥം. പരമാത്മഭൂതമായ ആകാശവും അതു തന്നെ. ആകാശതത്ത്വത്തില്‍ നിന്നാണ് വാക്കുണ്ടായിരിക്കുന്നത്. വാക്കു തന്നെ ഗീഥം. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുന്നതാണ്. ശബ്ദം ആകാശത്തില്‍ നിന്നുണ്ടാകുന്നതും ആകാശത്തില്‍ വിലയം പ്രാപിക്കുന്നതുമാകുന്നു. ആകാശം അനന്തവും പരമോത്കൃഷ്ടവുമാകുന്നു. ഇപ്രകാരം ഉദ്ഗീഥത്തെ ശരിയായിട്ടറിഞ്ഞ് ഉപാസിക്കുന്നവന്റെ ജീവിതം ധന്യമായിത്തീരുന്നു. അവന്‍ ഉത്തരോത്തരം ഉത്കൃഷ്ടങ്ങളെ ജയിക്കുന്നു.”

പ്രവാഹണനില്‍ നിന്ന് ഉദ്ഗീഥം ഗാനം ചെയ്യുന്നതിന്റെ തത്ത്വമറിഞ്ഞ ശിലകനും ദാല്ഭ്യനും വിസ്മിതരായി. പ്രാവാഹണന്റെ അറിവിനെ അവര്‍ പ്രശംസിച്ചു. മുതിര്‍ന്നവരും പരിചയസമ്പന്നരുമെന്ന നിലയില്‍ ശിലകനും ദാല്ഭ്യനും ഈ വിധം ഒരറിവ് പ്രവാഹണനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രവാഹണന്‍ ഒരു ദൃഷ്ടാന്തം കൂടി പറഞ്ഞു കേള്‍പ്പിച്ചു.

“മുമ്പു ശുനകപുത്രനായ അതിധന്വാവ് ഈ ഉദ്ഗീഥത്തെ ഉദരശാണ്ഢല്യനുവോണ്ടി ഉപദേശിച്ചു കൊടുത്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. നിന്റെ വംശം ഈ ഉദ്ഗീഥത്തെപ്പറ്റി യഥാവിധി അറിയുന്നിടത്തോളം കാലം ഈ ലോകത്ത് അവരുടെ ജീവിതം ഉത്തരോത്തരം ഉത്കൃഷ്ടമായിക്കൊണ്ടിരിക്കും. അതു പോലെ പരലോകത്തും അവന് സര്‍വ്വോത്കൃഷ്ടമായ അനുഭവമുണ്ടാകും. ഈ ലോകത്തെ മനസ്സിലാക്കി ഉപാസിക്കുന്നവന്റെ ജീവിതം ഈ ലോകത്തും പരലോകത്തും സര്‍വോത്കൃഷ്ടമായ സ്ഥാനത്തെ പ്രാപിക്കും. അതിനാല്‍ നമുക്കും ഇനി അങ്ങനെ ചെയ്യാം.”

“പ്രവാഹണാ, നിന്റെ അപാരജ്ഞാനത്തിനുമുമ്പില്‍ നമസ്ക്കാരം. എല്ലാമറിയുന്ന നീ വിനയാന്വിതനായി മാറിയിരുന്നുകൊണ്ട് ഞങ്ങളുടെ വാക്കുകള്‍ കേട്ടു. പിന്നെ ഞങ്ങളെ ഉപദേശിച്ചു. ഈ അറിവ് ഞങ്ങള്‍ക്ക് പ്രചോദകമാണ്. നിനക്കു മംഗളം ഭവിക്കട്ടെ.” പ്രവാഹണനെ സുഹൃത്തുക്കള്‍ വന്ദിച്ചു.

“അങ്ങനെതന്നെ നിങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ.” പ്രവാഹണന്‍ സന്തുഷ്ടനായി.

പരന്നൊഴുകുന്ന നദിയുടെ ഓളങ്ങള്‍ക്കിടയിലേയ്ക്ക് സൂര്യന്‍ ഊളിയിട്ടിറങ്ങാന്‍ നേരമായി. അവര്‍ മൂന്നുപേരും പരസ്പരം നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു. സ്നാനാദികള്‍ക്കും നിത്യാനുഷ്ഠാനത്തിനും സമയമായതിനാല്‍ പാറപ്പുറത്തു നിന്നിറങ്ങി. ആശ്രമത്തിലേയ്ക്കു യാത്രയായി.

ഓം തത് സത്
അവലംബം – ഛാന്ദോഗ്യോപനിഷത്ത്