ജാനശ്രുതിയുടെ വംശപരമ്പരയില്‍പ്പെട്ട പൗത്രായണന്‍ ലോകര്‍ക്കിടയില്‍ വേഗം ആരാധ്യനായിത്തീര്‍ന്നു. ജാനശ്രുതി എന്നും ജനങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചുപോന്നു.
പ്രാണികള്‍ക്ക് ആഹാരം അത്യാവശ്യ ഘടകമാണെന്ന് ജാനശ്രുതിയ്ക്കറിയാം ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്റെ ശക്തിയിലാണ് പ്രാണികള്‍ ജീവിക്കുന്നത്. ആഹാരമില്ലാതെ വന്നാല്‍ എല്ലാം നശിച്ചുപോകും. പ്രാണികള്‍ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാതെ വന്നാല്‍ മഹാകഷ്ടം തന്നെ. പട്ടിണി കിടക്കേണ്ടി വരുന്നതിനേക്കാള്‍ കഷ്ടം മനുഷ്യര്‍ക്ക് മറ്റൊന്നില്ല. അതുകൊണ്ട് വിശന്നുപൊരിയുന്നവന് ഒരു നേരത്തെയെങ്കിലും ആഹാരം കഴിക്കാന്‍ കൊടുക്കാനായാല്‍ അതൊരു നല്ല കാര്യമാണെന്ന് ജാനശ്രുതിയ്ക്കു തോന്നി. അന്നദാനം മഹാപുണ്യമാണ്. പവിത്രമാണ്.
രാജാവായ തനിക്ക് സമ്പത്ത് കുമിഞ്ഞു കൂടിയിട്ട് എന്തുകാര്യം? ധനം അന്നദാനത്തിനായി വിനിയോഗിക്കുന്നത് നല്ലതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അന്നദാനം നടത്തുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ദേവാലയങ്ങളിലും വഴിയമ്പലങ്ങളിലും അന്നദാനം ആരംഭിക്കണം. അന്നദാനം നല്‍കുന്ന ശീലം തന്റെ പ്രജകളിലും വളര്‍ന്നു വരണം. ആഹാരം ആരും രഹസ്യമായിട്ട് വച്ചനുഭവിക്കരുത്.
ഇങ്ങനെ അന്നദാനത്തിന്റെ മഹത്വത്തെ അറിയുന്നവനായ ജാനശ്രുതി ധാരാളം ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് അനേകം പേര്‍ക്ക് ദാനം ചെയ്തു. വളരെ ശ്രദ്ധയോടുകൂടിയാണ് ഇക്കാര്യം നിര്‍വ്വഹിച്ചുപോന്നത്. താന്‍ കൊടുക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ എല്ലായിടത്തും ജനങ്ങള്‍ ഭക്ഷിക്കട്ടെ എന്നു കരുതി ധാരാളം വഴിയമ്പലങ്ങള്‍ ഉണ്ടാക്കി. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ സദ്യതന്നെ ജനങ്ങള്‍ക്കു നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞു. ജാനശ്രുതിയുടെ പേരും പെരുമായും അന്യനാടുകളില്‍കൂടി കേള്‍വികേട്ടു.
അന്നദാനത്തിന്റെ പുണ്യഫലമായി ജാനശ്രുതിയ്ക്ക് പല സിദ്ധികളും കൈവന്നു. പണ്ഡിതന്മാരും മഹാജ്ഞാനികളും അദ്ദേഹത്തെത്തേടി കൊട്ടാരത്തിലെത്തി. അതിഥികളെല്ലാം ആദരവോടെ സ്വീകരിക്കപ്പെട്ടു. ശാസ്ത്രചര്‍ച്ചകളും വിദ്വത് സംവാദങ്ങളും മുടങ്ങാതെ നടന്നു.
അങ്ങനെയിരിക്കെ ഒരു ദിനം പൂനിലാവു പരന്നൊഴുകുന്ന മനോഹരമായ ഒരു രാത്രിയില്‍ ഒരു കൂട്ടം ഹംസങ്ങള്‍ ജാനശ്രുതിയുടെ കൊട്ടാരത്തിന്റെ സമീപത്തു കൂടി പറന്നു പോകാനിടയായി. അക്കൂട്ടത്തില്‍ ഒരു ഹംസം കൊട്ടാരത്തിന്റെ മുകളിലൂടെ പറന്നുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ മറ്റൊരു ഹംസം അതിനെ വിലക്കാന്‍ ശ്രമിച്ചു. ജാനശ്രുതി രാജാവിനോടുള്ള ബഹുമാനസൂചകമായി കൊട്ടാരത്തിനു മുകളിലൂടെ പക്ഷികള്‍ പറക്കുകയില്ലായിരുന്നു.
“ഹോ, ഹോ ഭല്ലാക്ഷ, ഭല്ലാക്ഷ നീ വഴിമാറി പറന്നു പോകുക. പൗത്രായണനായ ജാനശ്രുതി മഹാരാജാവിന്റെ കൊട്ടാരമാണ് താഴെ കാണുന്നത്. നമ്മുടെ ചിറകടികള്‍ അതിനു മുകളിലൂടെ പാടില്ല.”
അതുകേട്ട് സഹസഞ്ചാരിയായ ഹംസം ആകാശത്ത് ചിറകുകള്‍ ഇളക്കിയിളക്കി നിന്നു. എന്നിട്ട് തന്നെ ഉപദേശിച്ച ഹംസത്തോട് പറഞ്ഞു:
“നാം പക്ഷിവര്‍ഗ്ഗത്തില്‍ ഉള്‍പ്പട്ടതാണ്. ആകാശം ആരുടേയും സ്വന്തമല്ല. ഹംസങ്ങള്‍ക്ക് ആകാശത്തിലൂടെ എവിടെയും പറന്നു പോകാം.”
“ഹേ ഭല്ലാക്ഷ, നീ ഭൂമിയിലേയ്ക്കു നോക്കുക. പുണ്യവാനായ ജാനശ്രുതിയുടെ തേജസ്സുകൊണ്ട് കൊട്ടാരമാകെ പകല്‍പോലെ ശോഭിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ കാന്തിയും ശക്തിയും അതിനുണ്ട്. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ആ തേജസ്സ് ശക്തമായി വ്യാപിച്ചു കിടക്കുകയാണ്. നീ പറന്ന് ആ പ്രഭാവലത്തില്‍ അകപ്പെടരുത്. നീ അതിനെ സ്പര്‍ശിച്ചാല്‍ അതു നിന്നെ ദഹിപ്പിച്ചുകളയും! അതിനാല്‍ വഴിമാറി പറന്നു പോകുക.”
“ഓ, നീ വെറുതെ ഭയപ്പെടുത്തരുത്. ഈ ജാനശ്രുതി വണ്ടിക്കാരനായ രൈക്വന് സമനാണോ? തീര്‍ച്ചയായും അല്ല. ഇവനേക്കാള്‍ സിദ്ധിയും ജ്ഞാനവും തേജസ്സും രൈക്വനുണ്ട്.” ഭല്ലാക്ഷനെന്ന ഹംസം നിസ്സാരമായി പറഞ്ഞു.
“വണ്ടിക്കാരനായ രൈക്വനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിവില്ല. അവന്‍ ഏതു തരക്കാരനാണ് ?”
“ഈ ജാനശ്രുതി വെറും സാധാരണക്കാരനാണ്. വണ്ടിക്കാരന്‍ രൈക്വനാകട്ടെ മഹാമനസ്ക്കനാണ്. ഇവരെ പരസ്പരം താരതമ്യപ്പെടുത്താനാകുകയില്ല. അങ്ങനെ ചെയ്യുന്നത് രൈക്വനെ ആക്ഷേപിയ്ക്കലാണ്. നീ ചൂതുകളി കണ്ടിട്ടില്ലേ ? ചൂതുകളിയില്‍ കൃതന്‍ എന്നു പേരോടുകൂടിയ പകിട മുഖേന ജയിക്കുന്നവന് അതില്‍ കുറഞ്ഞ തരത്തിലുള്ള എല്ലാ പകിടകളും കിട്ടിയതായി കരുതുന്നില്ലേ. അതുപോലെ പ്രജകള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ എല്ലാം രൈക്വനു കിട്ടുന്നു. അതു പോലെ രൈക്വന് അറിവുള്ള കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും സിദ്ധിക്കുന്നു. ഞാന്‍ പറഞ്ഞ വണ്ടിക്കാരന്‍ രൈക്വന്‍ ഇപ്രകാരമുള്ളവനാണ്. രൈക്വന്റെ അറിവിനാണ് പ്രാധാന്യം. അതു കൊണ്ട് ധൈര്യമായിട്ട് നീ എന്നോടൊപ്പം പറന്നു വന്നാലും. ഭയം വേണ്ട.”
“ശരി.” എന്ന് മറ്റേ ഹംസം സമ്മതിച്ചു. അവര്‍ ജാനശ്രുതിയുടെ കൊട്ടാരത്തിനുമുകളിലൂടെ സംസാരിച്ചുകൊണ്ട് പറന്നു പോയി.
ഉണര്‍ന്നു കിടക്കുകയായിരുന്ന ജാനശ്രുതിരാജാവ് ഹംസങ്ങളുടെ ഈ സംഭാഷണം കേട്ടു. ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വനെന്ന് ജിജ്ഞാസയുണ്ടായി. ആയാള്‍ ഇത്രയും വലിയ ഒരു മഹാനെങ്കില്‍ ഉടനെ കണ്ടെത്തണമെന്ന് നിശ്ചയിച്ചു. പക്ഷേ എവിടെച്ചെന്ന് അന്വേഷിക്കും ? രൈക്യനെന്ന പേരുകൂടി മുമ്പ് കേട്ടു പരിചയമില്ല.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ രാജാവ് ദ്വാരപാലകനെ വിളിച്ചു. ദ്വാരപാലകന്‍ രാജസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ രാജാവിനെ വാഴ്ത്തിസ്തുതിച്ചു. സുപ്രഭാതം പാടി. അതുകേട്ട് രാജാവ് ദ്വാരപാലകനേയും സ്തുതിപാഠകരേയും വിലക്കി. അദ്ദേഹം ദ്വാരപാലകനോട് ആരാഞ്ഞു:
“എടാ, നീ എന്തിനാണ് വണ്ടിക്കാരനായ രൈക്വന്റെ ഗുണഗണങ്ങള്‍ ആലപിച്ച് എന്നെ സ്തുതിക്കുന്നത് ? വണ്ടിക്കാരനായ രൈക്വനോട് എന്നെ എന്തിനാണ് സാദൃശ്യപ്പെടുത്തുന്നത് ?”
രാജാവിന്റെ ചോദ്യം കേട്ട് ദ്വാരപാലകന്‍ അന്ധാളിച്ചു പോയി. ജാനശ്രുതി മഹാരാജാവിനെക്കാള്‍ മഹാത്മാവായി ഒരാളെ അയാള്‍ക്കു ചിന്തിക്കാന്‍ കൂടി പ്രയാസമായിരുന്നു.
രാജാവ് തുടര്‍ന്നു: “പേരും പെരുമയും സിദ്ധിയും ജ്ഞാനവുമൊക്കെ അവനാണ് ഉള്ളത്. ആകാശത്തുകൂടി പറന്നു പോകുന്ന പക്ഷികള്‍ കൂടി അവനെ സ്തുതിക്കുന്നു. നാം അവനു മുമ്പില്‍ ആരുമല്ല!”
“പ്രഭോ! അവിടുന്ന് എന്താണ് ഈ വിധം സംസാരിക്കുന്നത് ?”
“ഇന്നലെ രാത്രി കുറെ ഹംസങ്ങള്‍ നമ്മുടെ ഈ കൊട്ടാരത്തിന്റെ മുകളിലൂടെ എന്നെ ആക്ഷേപിച്ചുകൊണ്ട് പറന്നുപോയി. അവന്‍ മഹത്വം കണ്ടത് വണ്ടിക്കാരന്‍ രൈക്വനിലാണ്.”
“സ്വാമിന്‍ , ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വന്‍ ? അവന്‍ എങ്ങനെയുള്ളവനാണ് ? അവന്റെ അടയാളങ്ങള്‍ എന്തെങ്കിലും കല്പിച്ചരുളുമോ?”
രാജാവ് പറഞ്ഞു: “കൃതം എന്ന പകിട കിട്ടുന്നവന്‍ ചൂതുകളി ജയിക്കും. അപ്പേള്‍ അവന് മറ്റു പകിടകളും കിട്ടിയതായി കണക്കാക്കുന്നു. അതുപോലെ പ്രജകള്‍ ചെയ്യുന്ന എല്ലാ സത്കര്‍മ്മങ്ങളുടേയും ഫലം രൈക്വന് അറിയാവുന്നത് മറ്റാര്‍ക്കങ്കിലും അറിയാമെങ്കില്‍ അവര്‍ക്കും അത്രയും ഫലം ലഭിക്കുന്നു. ഇപ്രകാരമുള്ളവനാണ് ആ രൈക്വന്‍ .”
ചൂതുകളിയില്‍ ഉപയോഗിക്കുന്ന നാല് ഭാഗങ്ങളുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പകിടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് എഴുതിയിട്ടുള്ള പകിടയ്ക്ക് ‘കലി’ എന്നു പേരു പറയും. രണ്ട് എന്നതിന് ‘ദ്വാപാരം’ എന്നും മൂന്ന് എന്നതിന് ‘ത്രേതാ’ എന്നും നാലിന് ‘കൃതം’ എന്നും പേരുകള്‍ വിളിക്കും.
“ആ വണ്ടിക്കാരന്‍ രൈക്വനെ ഉടനെതന്നെ കണ്ടെത്തണം. നമുക്ക് ഉടനെ അവനെ കാണണം.” – രാജാവ് ആജ്ഞാപിച്ചു.
“ഉത്തരവുപോലെ.” ദ്വാരപാലകന്‍ രൈക്വനെ തേടി പുറപ്പെട്ടു. ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ജനിച്ച ആ ദ്വാരപാലകന്‍ നല്ലൊരു തേരാളി കൂടി ആയിരുന്നു. രാജ്യത്തുള്ള എല്ലാ വണ്ടിക്കാരെക്കുറിച്ചും ദ്വാരപാലകന്‍ അന്വേഷണം നടത്തി. തേരാളികള്‍ , കുതിരക്കാര്‍ , ആനക്കാര്‍ , വള്ളക്കാര്‍ , തുടങ്ങി പലതരം വാഹനങ്ങള്‍ ഒടിക്കുന്നവരെ ദ്വാരപാലകന്‍ കണ്ടെത്തി. പക്ഷേ അവര്‍ക്കിടയിലെങ്ങും രൈക്വന്‍ എന്നൊരാള്‍ ഉണ്ടായിരുന്നില്ല. വളരെ അന്വേഷിച്ചിട്ടും രൈക്യനെ കണ്ടെത്താനാകാതെ വിഷണ്ണനായി ദ്വാരപാലകന്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തി. അയാള്‍ രാജാവിനെക്കണ്ട് പറഞ്ഞു:
“സ്വാമിന്‍ , എനിക്ക് വണ്ടിക്കാര്‍ക്കിടയില്‍ രൈക്വനെ കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരുവനെ എങ്ങും കാണുന്നില്ല.”
“എടോ, താന്‍ രൈക്വനെ എവിടെയാണ് അന്വേഷിച്ചത് ? അവന്‍ വെറുമൊരു വണ്ടിക്കാരനെന്ന് കരുതിയോ? ബ്രഹ്മജ്ഞാനികളുടെ ഇടയില്‍പ്പോയി രൈക്വനെ അന്വേഷിക്കുക.”
അതുകേട്ട് ദ്വാരപാലകന്‍ വീണ്ടും പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട് അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞ വേഷം ധരിച്ച് ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കുപുണ്ട അയാള്‍ ശരീരം ശക്തിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തു ചെന്നിട്ട് വിളിച്ചു ചോദിച്ചു:
“ഭഗവാന്‍ , അങ്ങുതന്നയാണോ വണ്ടിക്കാരനായ രൈക്വന്‍ ?”
ചോദ്യം കേട്ട് അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട് എന്തുവേണമെന്ന് കണ്ണുകൊണ്ട് ആംഗ്യഭാഷയില്‍ ചോദിച്ചു:
“ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക.” ദ്വാരപാലകന്‍ കല്പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞുകൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴി വന്ന ചിലരോടായി അന്വേഷിച്ചിട്ട് അത് വണ്ടിക്കാരനായ രൈക്വനാണെന്ന് ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു.
രൈക്വനെ നേരില്‍ ചെന്നു കാണുവാന്‍തന്നെ ജാനശ്രുതിനിശ്ചയിച്ചു ദ്വാരപാലകനില്‍നിന്ന് മനസ്സിലാക്കിയ രൈക്വന്റെ ഭൗതിക അവസ്ഥയില്‍ നിന്ന് അയാളെ രക്ഷിക്കമെന്ന് രാജാവിനു തോന്നി. അറുന്നൂറ് നല്ലയിനം പശുക്കള്‍ , കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ് രൈക്വന്റെ അടുത്തേയ്ക്ക് പുറപ്പെട്ടു. രൈക്വനെ നേരില്‍ കണ്ട് ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി.
വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന് ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികംഉന്നതമാണ്. അറിവില്‍ , രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന് ഹംസങ്ങള്‍ പറഞ്ഞത് രാജാവ് വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു.
“അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടു വന്നിരിക്കുകയാണ്. ദയവായി ഇതെല്ലാം അങ്ങ് സ്വീകരിച്ച് സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനശ്രുതി പൗത്രായണന്‍ ഗുരുവായി വരിക്കുന്നു. അങ്ങ് ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക് ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!”
ജാനശ്രുതിയുടെ അഭ്യര്‍ത്ഥനകേട്ട് രൈക്വന് ദേഷ്യം വന്നു. അവന്‍ വണ്ടിക്കിടയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി വന്നു. അലസമായി ചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടി മീശയും ശക്തിയില്‍ ഇളക്കിയിട്ട് രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി.
“എടാ ശൂദ്രാ!” രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട് രൈക്വന്‍ അലറി. രാജാവും പരിവര്‍ത്തനങ്ങളും ഞെട്ടി വിറച്ച് പിന്നോട്ട് ഒരു ചുവട് മാറി നിന്നു.
“നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക് ആവശ്യമില്ല. ഇതെല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ.”
രാജാവ് എന്തെങ്കിലും പറയുന്നതിനുമുമ്പ് രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക് തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത് പുതച്ചു കിടന്നു.
മറ്റു ഗത്യന്തരമില്ലാതെ രാജാവ് കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നുനിന്ന് ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന് രാജാവ് വിചാരിച്ച് വിഷമിച്ചു.
തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന് ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിര പശുക്കള്‍ , ഒരു മാല, പെണ്‍കോവര്‍കഴുതകളെ പൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട് രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന് ഇളവെയില്‍ കായുകയ്യായിരുന്നു.
ജനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു.
“അല്ലയോ രൈക്വാ, ആയിരം പശുക്കളും മാലയും, ഈ രഥവും നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ് ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചുകൊണ്ട് അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ് ഉപാസിക്കുന്നത് ഏതൊരു ദേവതയെ ആണെന്ന് എനിക്ക് ഉപദേശിച്ചു തന്നാലും.”
ഇതുകേട്ട് രൈക്വന്‍ എഴുന്നേറ്റ് ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍ , മല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറേനേരം അവളെ നോക്കി നിന്നു.വിദ്യാദാനത്തിന് അവള്‍ ഉത്തമയെന്ന് രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ് പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന് സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്ക് വിളിച്ചു.
“ഹേ ശൂദ്ര, നീ പശുക്കളേയും മറ്റും കൊണ്ടുവന്നത് ഉത്തമം ആയി. നല്ലത്. ഞാന്‍ എല്ലാത്തിനേയും സ്വീകരിക്കുന്നു. ഈ കന്യക വിദ്യാദാനത്തിന് ഉത്തമയാണ്. ഇവര്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്.”
രാജാവ് സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍ , പുന്തോട്ടങ്ങള്‍ , കൃഷിസ്ഥലങ്ങള്‍ , മാളികകള്‍ , കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ച് അവള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം ‘രൈക്വപര്‍ണ്ണം’ എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു.
രൈക്വന് യഥേഷ്ടം തപസ്സ് അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ‘മഹാവൃക്ഷ’ ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമ ത്തെയും രൈക്വനു നല്‍കി.
രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്പിച്ചപിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചു. താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി.
ഉപദേശത്തിന് കാലമായെന്ന് തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു.
“പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക് ഇപ്പോഴില്ല. രജസ്തമോഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക് അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും.”
ശുഭദിനത്തില്‍ ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട് അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു.
“സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ് അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത് ആത്മാവാണ്. ഇതിന് ദേവന്മാരുടെ കൂട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്. അധിദൈവത ദര്‍ശനത്തില്‍ വായുവാണ് സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ് ഉള്ളത്. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത് കണ്ടിടേടില്ലോ? തീ അണയുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത് വായുവിന്റെ പ്രത്യേകതയാണ്.
ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗ്ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ദ്രിയങ്ങളെല്ലാം പ്രാണനെയാണ് പ്രാപിക്കുന്നത്. എല്ലാം പ്രാണനെ ആശ്രയിച്ച് നില്‍ക്കുന്നു. കണ്ണും കാതും മനസ്സും എല്ലാം പ്രാണനെ പ്രാപിക്കുന്നു. പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്.
വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന് സ്ഥൂലത്തിലും മറ്റേത് സൂക്ഷ്മത്തിലുമാണ്. ഈ പ്രാണനെയാണ് ഉപാസിക്കേണ്ടത്.”
പ്രാണനെ ഉപാസിക്കുന്നത് എങ്ങനെയെന്ന് ഒരെക്വന്‍ , ജനശ്രുതിയ്ക്ക് ഉപദേശിച്ചു കൊടുത്തു. അതനുസരിച്ച് മുഖ്യതത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക് സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുവാനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു.
ഓം തത് സത്
അവലംബം – ഛാന്ദോഗ്യോപനിഷത്ത്