രാജീവ്‌ ഇരിങ്ങാലക്കുട

ഭാരതീയ സംസ്കാരത്തിന്‍റെ സനാതനസ്വരമാണ് 1893 സെപ്റ്റംബര്‍ 11ന് ലോകത്തിനു മുമ്പില്‍ മുഴങ്ങിയത്. ഒരു യഥാര്‍ത്ഥ സന്ന്യാസിയുടെ പാവന വചനസുധയില്‍ പടിഞ്ഞാറിനെപ്പോലെ പിന്നീട് കിഴക്കും മന്ത്രമുഗ്ദ്ധമായിത്തീര്‍ന്നു.

കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്‍റെ നാനൂറാം വാര്‍ഷികം അമേരിക്ക ആഘോഷിക്കുകയായിരുന്നു. അതിന്‍റെ ഭാഗമായി ഒരു മതമഹാസമ്മേളനം ചിക്കാഗോയില്‍ സംഘടിക്കപ്പെട്ടു. ഏഴായിരത്തോളം വരുന്ന മഹാസദസ്സ്. ലോകത്തിലെ പ്രസിദ്ധരായ വാഗ്മികളെല്ലാം വേദിയില്‍. സ്വാമി വിവേകാനന്ദന്‍റെ പ്രഥമ പ്രഭാഷണം. മൂന്നു മിനിറ്റ്‌ മാത്രം നീണ്ട ആ പ്രസംഗത്തിന്‍റെ സംബോധനതന്നെ സദസ്സിനെ ഇളക്കിമറിച്ചു. അദ്വൈതചിന്തയുടെ ആശയവിശാലത ആ സദസ്സാകെ ഏറ്റുവാങ്ങി, പില്‍ക്കാലങ്ങളില്‍ ലോകം മുഴുവനും. അടിമഭാരതത്തെ സംബന്ധിച്ച് സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രഭാഷണം സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ പ്രാരംഭമായിരുന്നു.

ചിക്കാഗോ പ്രസംഗത്തിലൂടെ സ്വാമിജി വിശ്വവിശ്രുതനായിത്തീര്‍ന്നു. ലോകപ്രശസ്ത ശ്രീനാരായണ ദാര്‍ശികനായ നടരാജഗുരു തന്‍റെ ആത്മകഥയില്‍ എഴുതി, “മനുഷ്യന്‍ മനുഷ്യനെ അഭിമുഖീകരിക്കുന്നത് മനസാക്ഷിവച്ചുകൊണ്ടാണ്, അഥവാ അറിവിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു രാത്രികൊണ്ട് വിവേകാന്ദസ്വാമി വെളിവും ഹൃദയവിശാലതയുമുള്ള കോടിക്കണക്കിനാളുകളുടെ പ്രിയപ്പെട്ട വക്താവായി മാറി. കീര്‍ത്തി തന്നെ അങ്ങനെ ഒരു ഉന്നത മാനുഷികമൂല്യമായി തീര്‍ന്നു.” മാനവൈക്യത്തിന്‍റേയും വിശ്വസാഹോദര്യത്തിന്‍റേയും സന്ദേശം ഉദ്ഘോഷിക്കുന്ന ആ പ്രഭാഷണത്തിന്‍റെ നിത്യസ്മരണയ്ക്കായി സെപ്റ്റംബര്‍ 11 വിശ്വസാഹോദര്യദിനം (Universal Brotherhood Day) ആയി ആചരിച്ചുവരുന്നു.

1893 സെപ്റ്റംബര്‍11 സംവാദത്തിന്‍റെ ഒരു നവയുഗമാണ് സൃഷ്ടിച്ചതെങ്കില്‍ 2001 സെപ്റ്റംബര്‍ 11 സംഘട്ടനത്തിന്‍റെ ആസുരികയുഗമാണ് മലര്‍ക്കെ തുറന്നത്. മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്‍റേയും ജനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്‍റേയും ശാന്തിമന്ത്രമാണ് 1893 സെപ്റ്റംബര്‍ 11 ന് മുഴങ്ങിയതെങ്കില്‍ വര്‍ഗ്ഗീയവാദത്തിന്‍റേയും വിധ്വംസകപ്രവര്‍ത്തനങ്ങളുടേയും സ്ഫോടനമാണ് 2001 സെപ്റ്റംബര്‍ 11ന് ഉയര്‍ന്നത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ന്ന ദിനം. ചിക്കാഗോ മതമഹാസമ്മേളനത്തിനുശേഷം നൂറ്റെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകം എവിടെ ​എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമാക്കിയ ദുര്‍ദിനം.

സര്‍വ്വധര്‍മ്മസമഭാവന

സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രഭാഷണത്തില്‍ പ്രതിഫലിക്കുന്നത് സര്‍വ്വധര്‍മ്മസമഭാവനയുടെ സന്ദേശമാണ്. അനശ്വരതയിലേക്കും അന്തിമ സ്വാതന്ത്ര്യത്തിലേക്കുമുള്ള കവാടമായാണ് സ്വാമിജി മതത്തെ വിഭാവനം ചെയ്തത്. എന്നാല്‍ മതമൗലികവാദികളോ മതനിഷേധികളോ ആയിത്തീരുവാനുള്ള ലാഘവബുദ്ധിയാണ് ലോകത്തെവിടെയും ഇന്ന് പ്രകടമാകുന്നത്. സ്വന്തം മതത്തിലുള്ള അഭിമാനത്തോടൊപ്പം മറ്റ് മതങ്ങളോടുള്ള ആദരവും വളര്‍ത്തിയെടുക്കുന്നതില്‍ സമകാലീന ലോകം പരാജയപ്പെടുന്നു. മതസംഘര്‍ഷങ്ങള്‍ക്ക് മതമൗലികവാദമോ മതനിഷേധമോ ഒരു പ്രശ്ന പരിഹാരമല്ല. സര്‍വ്വ ധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് അതിനുള്ള പരിഹാരമാര്‍ഗ്ഗം. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ അത്തരമൊരു വിശ്വസാഹോദര്യം വേദാന്തം വിഭാവനം ചെയ്തിട്ടുണ്ട്. വേദാന്തത്തിന്‍റെ വിജയവൈജയന്തിയാണ് മതമഹാസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പുനഃസ്ഥാപിച്ചത്.

മതസമന്വയമാണ് മതസംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാരം. ഈ സന്ദേശത്തിന്‍റെ പ്രചാരകനായിരുന്നു സ്വാമി വിവേകാനന്ദന്‍. ‘ഹിന്ദുവിന്‍റെ ആദ്ധ്യാത്മികതയും ബൗദ്ധന്‍റെ ഭൂതദയയും മുസ്ലീമിന്‍റെ സാഹോദര്യവും കൃസ്ത്യാനിയുടെ കര്‍മ്മകുശലതയും ” സമന്വയിച്ച് സാര്‍വ്വജനനീയ മതത്തിന്‍റെ പ്രയോക്താവായിരുന്നു സ്വാമി വിവേകാനന്ദന്‍. ചിക്കാഗോയില്‍ വച്ചുനടന്ന മതമഹാസമ്മേളനത്തിന്‍റെ 119-‍ാം വാര്‍ഷിക വേളയില്‍, സ്വാമി വിവേകാനന്ദന്‍റെ 150-‍ാം ജന്മശതാബ്ദി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍, സാഹോദര്യത്തിന്‍റെ സംസ്കാരം ഉള്‍ക്കൊണ്ട് ലോകത്തിന് മാതൃകയാകുവാനാണ് കേരളം തയ്യാറാകേണ്ടത്.

സ്വാമി വിവേകാനന്ദനും കേരളവും

മതമഹാസമ്മേളനത്തിലൂടെ സ്വാമി വിവേകാനന്ദന്‍ പ്രോജ്ജലമാക്കിയ സന്ദേശം ഭാരതത്തിന്‍റെ ഇതരഭാഗങ്ങളിലെന്നപോലെ കേരളത്തിലും പ്രതിധ്വനിച്ചു. ആ സമ്മേളനത്തില്‍വെച്ച് സ്വാമി വിവേകാനന്ദന്‍ കേരളത്തെ പരോക്ഷമായി പരാമര്‍ശിക്കുകയണ്ടായി. അദ്ദേഹം പറഞ്ഞു, “റോമന്‍ മര്‍ദ്ദനംമൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തുതരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രായേല്‍ വര്‍ഗ്ഗത്തിന്‍റെ അതി പവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായുണ്ടന്നു നിങ്ങളോടു പറയാന്‍ എനിക്കഭിമാനമുണ്ട്.” നിര്‍ഭാഗ്യകരമെന്നു പറയട്ടെ , സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ കേരളത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടതുമാത്രം ഇന്നത്തെ കേരളത്തിലെ കൊച്ചുകുട്ടികള്‍പോലും ഓര്‍ത്തുവെച്ചിരിക്കുന്നു.

തന്‍റെ പരിവ്രാജക യാത്രക്കിടയില്‍ കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ക്രാന്തദര്‍ശിയായ ചട്ടമ്പിസ്വാമികള്‍ പിന്നീട് ഇപ്രകാരം അഭിപ്രായപ്പെട്ടുവത്രേ, ” ശങ്കരാചാര്യസ്വാമികളുടെ പ്രശസ്തി ഹിമവല്‍ സേതു പര്യന്തമായിരിക്കേ വിവേകാനന്ദന്‍റേത് സര്‍വ്വലോകവ്യാപകമാണ്. ” വിശ്വ വിശ്രുതനായിത്തീര്‍ന്ന് സ്വാമി വിവേകാനന്ദന്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് ഭാരതത്തില്‍ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുക്കള്‍ അവരെയാണ് വിവേകാന്ദന്‍ പ്രതിനിധാനം ചെയ്യുന്നത് എന്ന് അവകാശപ്പെട്ടപ്പോള്‍ ബ്രഹ്മസമാജക്കാര്‍ അദ്ദേഹം തങ്ങളുടെ ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വാദിച്ചു. സ്വാമി വിവേകാനന്ദന്‍ ഭാരതത്തില്‍ മടങ്ങിയെത്തിയിട്ടും ഈ വിവാദം അവസാനിച്ചില്ല. മതത്തിന്‍റെ പേരിലെന്ന വ്യാജേന പ്രചരിപ്പിക്കപ്പെട്ട ഈ വിവാദം പ്രശസ്തിയുടെ പാരമ്യതയിലെത്തിയ സ്വാമി വിവേകാനന്ദനെ ഭാരതത്തിലെ മതമേധാവികള്‍ എപ്രകാരമാണ് സ്വീകരിച്ചതെന്ന ചിത്രംവ്യക്തമാക്കുന്നു.

ബംഗാളിലെത്തിയ സ്വാമി വിവേകാനന്ദന്‍ തന്‍റെ ഒരു ചിരകാല സുഹൃത്തിന്‍റെ ഭവനം സന്ദര്‍ശിച്ചപ്പോള്‍ അവിടെക്കുറേ സംസ്കൃതപണ്ഡിതന്മാര്‍ സമ്മേളിച്ചിരുന്നതായി കണ്ടു. അവരോട് സ്വാമിജി സംസ്കൃതത്തില്‍തന്നെ സംഭാഷണം ചെയ്തു. സംഭാഷണാന്ത്യത്തില്‍ സംസ്കൃത പണ്ഡിതന്മാര്‍ പറഞ്ഞുവത്രേ, ‘സ്വാമിക്ക് സംസ്കൃത വ്യാകരണത്തില്‍ അത്ര പിടിപാട് പോര, പക്ഷേ തര്‍ക്കിക്കുവാന്‍ നല്ല സാമര്‍ത്ഥ്യമുണ്ട്.’ ഇതേ അനുഭവം സ്വാമിജിക്ക് കേരളത്തിലും ഉണ്ടായിട്ടുണ്ട്. ചട്ടമ്പിസ്വാമികളുമായി സംസ്കൃത സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസരത്തില്‍ അവിടെയൊരു സംസ്കൃത പണ്ഡിതന്‍ എത്തിച്ചേര്‍ന്നു. സ്വാമികള്‍ സംസാരിച്ചതില്‍ ചില വ്യാകരണതെറ്റുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വ്യാകരണത്തിന്‍റെ പിന്നാലെ പോകാറില്ല, വ്യാകരണം എന്‍റെ പിന്നാലെ വരണം.’ എന്നായിരുന്നു സ്വാമികളുടെ പ്രത്യുത്തരം.

വിദേശത്തുനിന്നും ബംഗാളില്‍ മടങ്ങിയെത്തിയ സ്വാമി വിവേകാനന്ദന്‍ ദക്ഷിണേശ്വരത്തെ കാളീക്ഷേത്രം സന്ദര്‍ശിച്ചതിന്‍റെ പേരില്‍ ക്ഷേത്രവും പരിസരവും ശുദ്ധീരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. സപ്തസമുദ്രങ്ങള്‍ക്കപ്പുറത്തേക്ക് പോയതും മ്ലേച്ഛന്മാരുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചതുമെല്ലാം അദ്ദേഹത്തിന്‍റെ കുറ്റങ്ങളായിത്തീര്‍ന്നു. കേരള സന്ദര്‍ശനവേളയില്‍ കൊടുങ്ങല്ലൂരിലെ ദേവീക്ഷേത്ര ദര്‍ശനം സ്വാമി വിവേകാനന്ദന് നിഷേധിക്കപ്പെട്ടുവെന്നതും ചരിത്രമാണല്ലോ. മതമഹാസമ്മേളനത്തിനുശേഷം വിശ്വവിജയിയായ സ്വാമി വിവേകാനന്ദന്‍ വിദേശപര്യടനം നടത്തി. തുടര്‍ന്ന് കൊളംബോ മുതല്‍ അല്‍മോറ വരെ നടത്തിയ പ്രഭാഷണങ്ങള്‍ ബംഗാളിലും കേരളത്തിലും മാത്രമല്ല ഭാരതമെമ്പാടും നിറഞ്ഞുനിന്ന ജാതീകൃതമായ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേയുള്ള കാഹളമായിരുന്നു. ഭാരതത്തിലെന്നല്ല ലോകമെമ്പാടും സ്ഥിതിഗതികള്‍ അക്കാലത്ത് ഏറെക്കുറെ സമാനമായിരുന്നു. പ്രഥമ സന്ദര്‍ശനവേളയില്‍ അമേരിക്ക സ്വാമി വിവേകാനന്ദനെ ആകര്‍ഷിച്ചുവെന്നും എന്നാല്‍ രണ്ടാമത് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് മാറ്റം സംഭവിച്ചുവെന്നും റോമന്‍ റോളണ്ട് എഴുതിയ വിവേകാനന്ദന്‍റെ ജീവചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ മാതൃഭൂമിയായി തോന്നിയ അമേരിക്ക യഥാര്‍ത്ഥത്തില്‍ മുതലാളിത്വത്തിന്‍റെ സ്വാര്‍ത്ഥതയിലാണ് അഭിരമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ശരീരപ്രയത്നംകൊണ്ട് ജീവിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് സ്നേഹാര്‍ദ്രമായ സഹാനുഭൂതിയോടെ അദ്ദേഹം ഉത്കണ്ഠപ്പെട്ടു. അങ്ങനെ സ്വരാജ്യസ്നേഹിയായ ആ സന്യാസിശ്രേഷ്ഠന്‍ സര്‍വ്വരാജ്യചൂഷിതരുടെയും ജേഷ്ഠസഹോദരനായി അനുഭവപ്പെട്ടു.

വിവേകാനന്ദ ദര്‍ശനവും കേരള നവോത്ഥാനവും

കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഭാരതീയ നവോത്ഥാനത്തിന് നാന്ദി കുറിച്ചത് ശ്രീരാമകൃഷ്ണ – വിവേകാനന്ദന്മാരുടെ ആവിര്‍ഭാവത്തോടെയാണ്. സ്വാമി വിവേകാനന്ദന്‍റെ വിശ്വവിജയം ഭാരതത്തെ ഉദ്ബുദ്ധമാക്കി. അതിന്‍റെ അലയൊലി കേരളത്തേയും ഉണര്‍ത്തി. വിവേകാനന്ദസ്വാമികളെക്കൂടാതെ അദ്ദേഹത്തിന്‍റെ സഹോദര സന്ന്യാസിമാരായ രാമകൃഷ്ണാനന്ദസ്വാമി (1904), ബ്രഹ്മാനന്ദസ്വാമി (1916) തുടങ്ങിയവരുടെ സന്ദര്‍ശനവും സംസ്സര്‍ഗ്ഗവും ആണ് കേരളത്തെ മുഖ്യമായും സ്വാധീനിച്ചത്. നിര്‍മ്മലാനന്ദസ്വാമികള്‍ നിരവധി രാമകൃഷ്ണാശ്രമങ്ങള്‍ സ്ഥാപിച്ച് ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്‍റെ അടിത്തറപാകി. ഈ പ്രസ്ഥാനം കേരളത്തിന്‍റെ ആദ്ധ്യാത്മികവും സാംസ്കാരികവുമായ രംഗങ്ങളില്‍ നിശബ്ദങ്ങളെങ്കിലും അമൂല്യങ്ങളായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഒരുകാലത്ത് ബംഗാള്‍ കഴിഞ്ഞാല്‍ കേരളത്തിലായിരുന്നു ഏറ്റവുംകൂടുതല്‍ ആശ്രമങ്ങള്‍. ഏറ്റവുംകൂടുതല്‍ സന്ന്യാസിമാരും കേരളത്തില്‍ നിന്നായിരുന്നു. പിന്നീട് കുറേക്കാലം കേരളത്തിലെ പ്രസ്ഥാനത്തിന് മാതൃസ്ഥാപനവുമായി ചില അഭിപ്രായഭേദങ്ങള്‍മൂലം അതിന്‍റെ പുരോഗതിക്ക് മങ്ങലേല്‍ക്കുകയുണ്ടായി.

ക്ഷേത്രപ്രവേശന വിളംബരത്തോട് അനുബന്ധിച്ച് മഹാകവി വള്ളത്തോള്‍പാടി,

‘ഹേ,സ്വാമി വിവേകാനന്ദന്‍ തത്ര ഭവാന്‍ കണ്ട
ഉന്മത്ത കേരളമിതാ ഉദ്ബുദ്ധ കേരളമാകുന്നു.’

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 75-‍ാം വാര്‍ഷികം കൊണ്ടാടുകയാണല്ലോ ഈ വര്‍ഷം. ശ്രീരാമകൃഷ്ണമഠത്തിന്‍റെ പതിമൂന്നാമത്തെ പരമാദ്ധ്യക്ഷനും രണ്ടാം വിവേകാനന്ദനെന്നും അറിയപ്പെടുന്ന രംഗനാഥസ്വാമികളുടെ സുചിന്തിതമായ അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. “1950-ല്‍ രൂപംകൊണ്ട ഭരണഘടനയുടെ ആമുഖത്തില്‍ ഭാരതത്തിന്‍റെ ആദ്ധ്യാത്മിക സംസ്കാരത്തിന്‍റെയും ശ്രുതികളുടെയും മനുഷ്യസ്വാതന്ത്ര്യത്തിലൂന്നിയ അനശ്വര സ്വാധീനം വ്യക്തമായി കാണാം . … … … സ്വാതന്ത്ര്യലബ്ദിക്കുമുമ്പുതന്നെ പൂര്‍വ്വസ്മൃതികളിലുള്ള ആശയങ്ങള്‍ക്ക് വിരുദ്ധമായി ജാതിവ്യത്യാസമില്ലാതെ എല്ലാ ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയുണ്ടായി.” (മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍ ഭാഗം രണ്ട്, പുറം191) ആരാധനാസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ബഹുജനങ്ങളുടെ ആഗ്രഹസാഫല്യം സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ആധുനിക കേരളത്തില്‍ സമാരംഭം കുറിച്ചത് രണ്ടുസംഭവങ്ങളോടെയാണ്. ശ്രീനാരായണഗുരുദേവന്‍ 1888 -ല്‍ അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയും 1892-ന്‍റെ അന്ത്യത്തിലുണ്ടായ സ്വാമി വിവേകാനന്ദന്‍റെ കേരള സന്ദര്‍ശനവുമായിരുന്നു ഈ രണ്ട് സംഭവങ്ങള്‍. ആദ്യത്തേത് പ്രത്യക്ഷവും രണ്ടാമത്തേത് പരോക്ഷവുമായ സ്വാധീന ഫലങ്ങള്‍ കേരളസമൂഹത്തിലുണ്ടാക്കി. വിവേകാനന്ദദര്‍ശനത്തെ പ്രായോഗികമാക്കുന്ന ആത്മീയപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങള്‍ സമകാലീനകേരളം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മതത്തിനെ ശാസ്ത്രത്തോടും ഭൗതികതയെ ആത്മീയതയോടും ഭക്തിയെ യുക്തിയോടും അദ്ദേഹം സമന്വയിപ്പിച്ചു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലം കുറച്ചതോടൊപ്പം സ്വാമിജി ലോകത്തിന്‍റെ അകവും പുറവും തമ്മിലുള്ള അകലമാണ് കുറയ്ക്കുവാന്‍ ശ്രമിച്ചത്. അതിനായി അന്തരാത്മാവ് വികസിപ്പിക്കുകയെന്ന സന്ദേശമാണ് സ്വാമിജി ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് നല്കിയത്.

ചിക്കാഗോ മതമഹാസമ്മേളനം നടക്കുന്നത് ചരിത്രത്തിന്‍റെ സംഭവബഹുലമായ ഒരു മുഹൂര്‍ത്തത്തിലാണ്. വിശ്വസാഹോദര്യത്തിന്‍റെ സന്ദേശം ഉദ്ഘോഷിക്കപ്പെട്ട ആ പ്രസംഗത്തിന്‍റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. മതമഹാസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ ചെയ്ത പ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്,”ഈ സമ്മേളനത്തിന്‍റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്തു മുഴങ്ങിയ മണി എല്ലാത്തരം മതഭ്രാന്തിന്‍റേയും വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഢനങ്ങളുടേയും ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ ദൗര്‍മനസ്യങ്ങളുടേയും മരണമണിയായിരിക്കട്ടെ എന്നു ഞാന്‍ അകമഴിഞ്ഞ് ആശംസിക്കുന്നു.” ഭാരതീയസംസ്കാരത്തിന്‍റെ ചിരന്തന ചിന്താസാരമാണ് സ്വാമിജി വിശ്വത്തിനു മുമ്പാകെ സമര്‍പ്പിച്ചത്. വിശ്വതോമുഖനായ വിവേകാനന്ദസ്വാമികള്‍ വിശ്വ സാഹോദര്യത്തിന്‍റെ നിത്യസുഗന്ധത്തെ പ്രസരിപ്പിച്ച പ്രഭാഷണം നടത്തിയതുകൊണ്ടുമാത്രമാണ് 1893 -ലെ മതമഹാസമ്മേളനം ഇന്നും സ്മരിക്കപ്പെടുന്നത്.

ലേഖകന്‍: ശ്രീരാമകൃഷ്ണപ്രസ്ഥാനങ്ങളെക്കുറിച്ചും സന്യാസിവര്യന്മാരെക്കുറിച്ചും ഗവേഷണപഠനങ്ങള്‍ നടത്തി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് ഈ ലേഖനകര്‍ത്താവായ ശ്രീ. രാജീവ്‌ ഇരിങ്ങാലക്കുട. മൊബൈല്‍ നമ്പര്‍: 09446152044