ശ്രീ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ സമാഹരിച്ച് കേരളം സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സൗജന്യ വിതരണത്തിനായി പ്രസിദ്ധീകരിച്ചതാണ് ‘കേരളക്കരയിലൂടെ ഗാന്ധിജി’ എന്ന ഈ പുസ്തകം.
അഞ്ചു പ്രാവശ്യമാണ് ഗാന്ധിജി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവയുള്‍പ്പെട്ട കേരളം സന്ദര്‍ശിച്ചത്. 1920 ഓഗസ്റ്റ് 18 നാണ് ഗാന്ധിജി ആദ്യമായി കേരളക്കരയില്‍ എത്തുന്നത്. ആദ്യ സന്ദര്‍ശനം കോഴിക്കോടായിരുന്നു.ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയ കാലത്തു ‘ഖിലാഫത്ത്’ സമരത്തിനു പിന്തുണ നല്‍കാനുള്ള പ്രചരണത്തിനാണ് ഗാന്ധിജി ആദ്യമായി കോഴിക്കോട്ടെത്തിയത്.
ഹിന്ദുമതത്തിന്റെ തീരാകളങ്കമായിരുന്ന അയിത്തത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചാണ് 1925 മാര്‍ച്ച് 8 നു ഗാന്ധി രണ്ടാമതും കേരളത്തില്‍ എത്തിയത്. 12 ദിവസം നീണ്ടുനിന്ന ഈ പര്യടനത്തില്‍ ശ്രീനാരായണഗുരു, തിരുവിതാംകൂര്‍ റീജന്റ് മഹാറാണി സേതുലക്ഷ്മീഭായി, ബാലനായ രാജാവ് ശ്രീ ചിത്തിരതിരുനാള്‍, അമ്മമഹാറാണി തുടങ്ങിയവരെ സന്ദര്‍ശിച്ച ശേഷം മാര്‍ച്ച് 19 നു പാലക്കാട് വഴി മടങ്ങിപ്പോയി.
1927 ഒക്ടോബര്‍ 9നു നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജി കൊല്ലം, ആലപ്പുഴ, കൊച്ചി, ഒല്ലൂര്‍, പാലക്കാട്, തളിപ്പറമ്പ് വഴി കോഴിക്കോട്ടെത്തി അവിടെ നിന്നും ഒക്ടോബര്‍ 25നു തിരിച്ചുപോയി.
ഹരിജനഫണ്ട് പിരിക്കാനായി 1934 ജനുവരി 10നു കേരളത്തിലെത്തി കണ്ണൂര്‍ മുതല്‍ കന്യാകുമാരി വരെ സന്ദര്‍ശിച്ചു ജനുവരി 22നു തിരിച്ചുപോയി.
തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് എല്ലാ ക്ഷേത്രങ്ങളും സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തുകൊണ്ട് 1936 നവംബര്‍ 12നു ക്ഷേത്രപ്രവേശനവിളംബരം ചെയ്തു. ഇതേത്തുടര്‍ന്ന് 1937 ജനുവരി 12മുതല്‍ 21വരെ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ഗാന്ധിജി ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം, വെങ്ങാനൂരില്‍ ശ്രീ അയ്യന്‍കാളിയുമായി കൂടിക്കാഴ്ച, ശിവഗിരി മഠത്തില്‍ സമ്മേളനം, കന്യാകുമാരി സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം ജനുവരി 21നു മടങ്ങിപ്പോയി. ഇതായിരുന്നു അഞ്ചാമത്തെയും അവസാനത്തേതുമായ കേരളസന്ദര്‍ശനം.
കൂടുതല്‍ വായനയ്ക്ക് കേരളക്കരയിലൂടെ ഗാന്ധിജി PDF ഡൗണ്‍ലോഡ് ചെയ്യൂ.