രാജീവ് ഇരിങ്ങാലക്കുട
1892 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 27 വരെയയായിരുന്നുവല്ലോ വിവേകാനന്ദസ്വാമികളുടെ കേരളയാത്ര. അതിനുമുമ്പുതന്നെ അയ്യാ വൈകുണ്ഠനാഥര്‍(1809-1851), തൈക്കാട്ട് അയ്യാസ്വാമികള്‍(1814-1909), ചട്ടമ്പിസ്വാമികള്‍(1854-1924), ശ്രീനാരായണഗുരുദേവന്‍(1856-1928), ബ്രഹ്മാനന്ദ ശിവയോഗി(1852-1929) തുടങ്ങിയ മഹാത്മാക്കളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. 1888-ല്‍ സുപ്രസിദ്ധമായ അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠ ശ്രീനാരായണഗുരുദേവനാല്‍ നടന്നുകഴിഞ്ഞു. വിശ്വാസ സ്വാതന്ത്യ്രത്തിനും അഭിപ്രായ സ്വാതന്ത്യ്രത്തിനും വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നടന്നതും തുടര്‍ന്ന് കേരളത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിച്ചതുമായിരുന്നു ഈ നിശ്ശബ്ദ വിപ്ളവം. അതിനെതുടര്‍ന്നാണ് 1903-ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം ആരംഭിക്കുന്നത്. ഭാരതത്തില്‍ നവോത്ഥാനം നടപ്പിലാകണമെങ്കില്‍ ആദ്ധ്യാത്മികതയുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണമെന്ന വിവേകാനന്ദാദര്‍ശം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് ഡോ. പല്പു (1863-1950) ശ്രീനാരായണഗുരുദേവനെ അദ്ധ്യക്ഷനാക്കി എസ്.എന്‍.ഡി.പി. യോഗത്തിനു രൂപംകൊടുത്തത്.
ഡോ. പല്പുവും കുമാരനാശാനും വിവേകാനന്ദസ്വാമികളുടെ ആരാധകരായിരുന്നു. ദേശാഭിമാനി ടി. കെ. മാധവന്‍ എഴുതുന്നു, ‘ഈഴവഗസറ്റ് അല്ലെങ്കില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ “വിവേകോദയം” സ്വാമി വിവേകാനന്ദന്റെ നാമധേയത്തില്‍ തുടങ്ങിയതാണ്. അത് അച്ചടിക്കുന്ന പ്രസ്സിന് ‘ആനന്ദപ്രസ്സ്’ എന്നും പേര് നല്കപ്പെട്ടു. വിവേകോദയം മാസികയില്‍ത്തന്നെ ‘Saying of Swami Vivekananda’ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു.’ വിവേകോദയം മാസികയിലൂടെ വിവേകാനന്ദവാണികള്‍ മലയാളത്തിലാകെ മുഴങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഭാരതമെമ്പാടും അലയടിച്ചുയര്‍ന്ന നവോത്ഥാനത്തിന്റെ അനുരണനങ്ങള്‍ അങ്ങനെ കേരളത്തിലേക്കും വ്യാപിച്ചു. ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാര്‍ക്ക് ചട്ടമ്പിസ്വാമി-ശ്രീനാരായണഗുരുദേവനുമായി പ്രത്യക്ഷമായിട്ടില്ലെങ്കിലും പരോക്ഷമായൊരു ആത്മീയബന്ധം നിലനിന്നിരുന്നു. ആ ബന്ധത്തിന്റെ പ്രധാനകണ്ണി ശ്രീരാമകൃഷ്ണ-വിവേകാനന്ദ സന്ദേശപ്രചാരകനായി കേരളത്തിലെത്തിയ നിര്‍മ്മലാനന്ദസ്വാമികളായിരുന്നു.
തുളസീചരണ്‍ദത്ത് (1863-1938) എന്നായിരുന്നു നിര്‍മ്മലാനന്ദസ്വാമികളുടെ പൂര്‍വ്വാശ്രമ നാമധേയം. 1863 ഡിസംബര്‍ 23ന് അദ്ദേഹം കൊല്‍ക്കത്തയില്‍ ജനിച്ചു. ശ്രീരാമകൃഷ്ണപരമഹംസരുടെ ഗൃഹസ്ഥശിഷ്യനായ ബല്‍റാം ബോസിന്റെ ഗൃഹത്തില്‍വെച്ച് തുളസി 1881-ല്‍ ആദ്യമായി തന്റെ ഗുരുനാഥനെ ദര്‍ശിച്ചു. പരമഹംസരുടെ മഹാസമാധിക്കുശേഷം വരാഹനഗരമഠത്തിലെ അന്തേവാസിയായി കഴിയുമ്പോള്‍ 1886 ഡിസംബര്‍ 24ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. 1897 മെയ് 1ന് ശ്രീരാമകൃഷ്ണമഠം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 1901-ല്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അസിസ്റന്റ് സെക്രട്ടറിയായി നിര്‍മ്മലാനന്ദസ്വാമികളെ തെരഞ്ഞെടുത്തു. 1902 ജൂലായ് 4ന് വിവേകാനന്ദസ്വാമികള്‍ മഹാസമാധിയാകുമ്പോള്‍ ഹിമാലയത്തിലായിരുന്നു തുളസി മഹാരാജ്. 1903 മുതല്‍ 1906 വരെ വേദാന്തസന്ദേശം പ്രചരിപ്പിക്കുന്നതിനായി അമേരിക്കയില്‍ കഴിഞ്ഞു. 1906-ല്‍ ഭാരതത്തിലേക്ക് മടങ്ങിയെത്തിയ സ്വാമികള്‍ ആസ്സാം, ഈസ്റ് ബംഗാള്‍, കാശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തനനിരതനായി. തുടര്‍ന്ന് ബാംഗ്ളൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അദ്ധ്യക്ഷനായി 1909-ല്‍ നിയുക്തനായി. 1911 ഫെബ്രുവരി 15നാണ് സ്വാമികള്‍ ആദ്യമായി കേരളത്തിലെത്തുന്നത്. ഹരിപ്പാടുള്ള വേദാന്തസംഘത്തിന്റെ ശ്രീരാമകൃഷ്ണജയന്തി ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ സ്വാമിജി എറണാകുളം റെയില്‍വെ ടെര്‍മിനസില്‍ ട്രെയിനിറങ്ങി. ഹരിപ്പാട്ടേക്കുള്ള യാത്രയ്ക്കിടയില്‍ ആലപ്പുഴ സനാതനധര്‍മ്മസമാജം ഒരുക്കിയ ഒരു സത്സംഗത്തില്‍ പങ്കെടുത്തു. തത്ഫലമായി അന്നുതന്നെ അവിടെ ഒരു ശ്രീരാമകൃഷ്ണഭക്തസംഘം രൂപീകൃതമായി. 1911 ഫെബ്രുവരി 17ന് ഹരിപ്പാട്ട് ശ്രീരാമകൃഷ്ണജയന്തി മഹോത്സവത്തില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തിയതിന്റെ അന്നുതന്നെ അവിടെയൊരു ശ്രീരാമകൃഷ്ണാശ്രമം ആരംഭിക്കാന്‍ ഭക്തജനങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നുള്ള 27 വര്‍ഷത്തിനുള്ളില്‍ (1911-38) കേരളത്തില്‍ 17 ശ്രീരാമകൃഷ്ണാശ്രമങ്ങളും 32 സന്ന്യാസിശിഷ്യന്മാരേയും സ്വാമികള്‍ സൃഷ്ടിച്ചു. സ്വാമികളുടെ പ്രവര്‍ത്തനഫലമായി ഇക്കാലയളവിനുള്ളില്‍ കേരളത്തിന്റെ പലഭാഗത്തും ശ്രീരാമകൃഷ്ണ-വിവേകാനന്ദ ഭക്തന്മാരായ അഭ്യസ്തവിദ്യരുടെ എണ്ണം വളരെ കൂടുതലായിരുന്നു. 1935-ല്‍ ബാംഗ്ളൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും തിരുവനന്തപുരത്തെ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ജീവിതാവസാനകാലം (1936-38) കഴിഞ്ഞത് ഒറ്റപ്പാലത്തെ ശ്രീരാമകൃഷ്ണ-നിരഞ്ജനാശ്രമത്തിലായിരുന്നു. സ്വാമികള്‍ 1938 ഏപ്രില്‍ 26ന് മഹാസമാധി പ്രാപിച്ചു. നിളാനദീതീരത്തുള്ള നിര്‍മ്മലാനന്ദസ്വാമികളുടെ സമാധി മണ്ഡപത്തില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു, “നവയുഗ വേദാന്തസന്ദേശത്തിലൂടെ കേരളീയരെ പ്രബുദ്ധരാക്കിത്തീര്‍ത്ത യുഗാവതാരപുരുഷന്റെ അന്ത:രംഗപാര്‍ഷദനും യുഗാചാര്യന്റെ സോദരസന്ന്യാസിയുമായ നിര്‍മ്മലാനന്ദസ്വാമികള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.”
വിവേകാനന്ദസ്വാമികളുടെ കേരളസന്ദര്‍ശനം (1892) കഴിഞ്ഞ് 44 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് 1936 നവംബര്‍ 12ന് (1112 തുലാം 27) തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചത്. മലബാറില്‍ 1938 ഡിസംബര്‍ 13നാണ് ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടത്. കൊച്ചിയില്‍ പിന്നേയും പത്ത് വര്‍ഷങ്ങള്‍ എടുത്തു. ഭാരതം സ്വതന്ത്രമായതിനുശേഷം 1947 ഡിസംബര്‍ 20നാണ് കൊച്ചിയില്‍ ക്ഷേത്രപ്രവേശനം അനുവദിച്ചത്. ക്ഷേത്രപ്രവേശനവിളംബരത്തിനു മുന്‍പുതന്നെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ നാനാജാതി-മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. കൂടാതെ ശ്രീരാമകൃഷ്ണ ശ്രീകോവിലുകളില്‍ അവര്‍ണ്ണരെ പൂജാരികളായും പരിചാരകന്മാരായും നിയോഗിച്ചിരുന്നു. നിര്‍മ്മലാനന്ദസ്വാമികളുടെ ധീരതയും ഉല്പതിഷ്ണുത്വവും ആയിരുന്നു, തികച്ചും സാഹസികമായ തീരുമാനമെടുക്കാനുണ്ടായ പ്രധാനകാരണം. 1931-ലെ ഇന്ത്യയിലെ സെന്‍സസിനെക്കുറിച്ച് തിരുവിതാംകൂര്‍ സ്റേറ്റ് ഗവണ്മെന്റ് പ്രസിദ്ധപ്പെടുത്തിയ അറിയിപ്പില്‍ ഇങ്ങനെ പറയുന്നു, “1911-ല്‍ തുടങ്ങിയ രാമകൃഷ്ണാശ്രമം ഒരു ആദ്ധ്യാത്മികപ്രസ്ഥാനം ആയിരുന്നു. എങ്കിലും അത് സാമൂഹികമായ പലമാറ്റങ്ങള്‍ക്കും കാരണമായി. ആശ്രമങ്ങളില്‍ ജാതി നോക്കാത്തതിനാല്‍ എല്ലാ ജാതിയിലുള്ളവരും ഒരു കുടുംബാംഗങ്ങളെപ്പോലെ ഒന്നിച്ചു ജീവിക്കുന്നു; ആഘോഷാവസരങ്ങളില്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു; സന്ദര്‍ഭം വരുമ്പോഴൊക്കെ ആതുരസേവനവും ആശ്രമവാസികള്‍ ഏറ്റെടുത്തിരുന്നു. നിര്‍ധനരേയും നിസ്സഹായരേയും സേവിക്കുന്നത് ഒരു ആരാധന എന്നപോലെയാണ് അവര്‍ കരുതിയത്”. മാനസപൂജയോടൊപ്പം മാനുഷപൂജയും സന്ന്യാസാദര്‍ശമാണെന്ന് സ്വജീവിതത്തിലൂടെ ആചരിച്ച് പ്രചരിപ്പിച്ച നിര്‍മ്മലാനന്ദസ്വാമികളാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലുണ്ടായ വിവേകാനന്ദതരംഗത്തിന്റെ സാരഥി. ‘യതിവര്‍ജ്ജിത പ്രദേശമായി’ അറിയപ്പെട്ട കേരളത്തില്‍ വിവേകാനന്ദസ്വാമികളാല്‍ വിഭാവനം ചെയ്ത സന്ന്യാസിമാരും ആശ്രമങ്ങളും സൃഷ്ടിച്ച നിര്‍മ്മലാനന്ദസ്വാമികളെ ‘യതിശാര്‍ദ്ദൂലന്‍’ എന്നാണ് മഹാകവി കുമാരനാശാന്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ പ്രാരംഭകാലചരിത്രം നിര്‍മ്മലാനന്ദസ്വാമികളുടെ ജീവിതത്തിന്റെ അന്ത്യകാലചരിത്രം കൂടിയാകുന്നു.
വിവേകാനന്ദസ്വാമികളുടെ കേരളയാത്രയെന്നപോലെ നിര്‍മലാനന്ദസ്വാമികള്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ചരിത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായും വസ്തുനിഷ്ഠമായും ഇനിയും രേഖപ്പെടുത്താനിരിക്കുന്നു. ബംഗാളിയായ നിര്‍മ്മലാനന്ദസ്വാമികള്‍ 1915-ല്‍ മലയാളത്തില്‍ ആരംഭിച്ച പ്രബുദ്ധകേരളം മാസികയില്‍, അദ്ദേഹം മണ്‍മറഞ്ഞ് 59 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി, “നിര്‍മ്മലാനന്ദസ്വാമികള്‍ തന്റെ ശിഷ്യന്മാരെയും ഭക്തന്മാരെയും ചേര്‍ത്ത് രാമകൃഷ്ണമിഷനില്‍ നിന്ന് വേറിട്ടുനിന്നുകൊണ്ട് ദാക്ഷിണാത്യ രാമകൃഷ്ണമണ്ഡലം എന്നപേരില്‍ ഒരു പുതിയ പ്രസ്ഥാനം സ്ഥാപിക്കുവാന്‍ ശ്രമിച്ചതോടെ കേരളത്തിലെ രാമകൃഷ്ണപ്രസ്ഥാനത്തിന്റെ വളര്‍ച്ച മന്ദഗതിയിലാവുകയും അദ്ദേഹത്തിന്റെ തന്നെ ശിഷ്യന്മാരില്‍ ഒരു വിഭാഗം അദ്ദേഹത്തില്‍നിന്നും വേര്‍പെട്ട് രാമകൃഷ്ണമിഷനില്‍ തന്നെ തുടരുകയും ചെയ്തു” (പ്രബുദ്ധകേരളം, 1997 ഡിസംബര്‍). എന്നാല്‍ സത്യത്തില്‍ നിന്നും ഏറെ അകലെയാണ് ഈ നവീനഭാഷ്യം. നിര്‍മ്മലാനന്ദസ്വാമികളുടെ സമാധിക്കുശേഷമാണ് ദാക്ഷിണാത്യ ശ്രീരാമകൃഷ്ണ-നിര്‍മ്മലാനന്ദ മണ്ഡലം ആരംഭിച്ചത്. മണ്ഡലത്തിന്റെ പ്രഥമസമ്മേളനം ഒറ്റപ്പാലത്തെ ശ്രീരാമകൃഷ്ണ-നിരഞ്ജനാശ്രമത്തില്‍ വെച്ച് 1938 മെയ് മാസത്തില്‍ (കൊ.വ. 1113 ഇടവം 30, 31 തിയ്യതികളില്‍) ആണ് നടന്നതെന്നതിന് സാക്ഷ്യം പ്രബുദ്ധകേരളം തന്നെയാണ്. സ്വാമികള്‍ സമാധിയായ ശ്രീരാമകൃഷ്ണ-നിരഞ്ജനാശ്രമത്തില്‍ അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം സ്ഥാപിച്ച് ഒരു ക്ഷേത്രനിര്‍മ്മാണത്തിനായി ശിഷ്യരും ആരാധകരും തയ്യാറായി. ബേലൂരിലുള്ള ശ്രീരാമകൃഷ്ണമഠത്തിന്റെ കേന്ദ്രനേതൃത്വം ആ ശ്രമത്തെ എതിര്‍ത്തുവെന്ന് പ്രചരിപ്പിക്കുന്നതും സത്യവിരുദ്ധമാണ്. മൈലാപ്പൂര്‍ ശ്രീരാമകൃഷ്ണമഠത്തിലെ ശാശ്വതാനന്ദസ്വാമികളാണ് 1939 ഡിസംബര്‍ 25ന് നിര്‍മ്മലാനന്ദക്ഷേത്രം ഉദ്ഘാടനം ചെയ്തത്. നിര്‍മ്മലാനന്ദസ്വാമികളുടെ വത്സലശിഷ്യനായിരുന്ന സുഖാനന്ദസ്വാമികള്‍ ഗുരുവിന്റെ ആദേശപ്രകാരം ചുരുങ്ങിയ ചില ഇടവേളകള്‍ ഒഴിച്ചാല്‍ 1924 മുതല്‍ 1938 വരെ ഒറ്റപ്പാലം നിരഞ്ജനാശ്രമത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നു. സ്വാമികളുടെ സമാധിക്കുശേഷം സുഖാനന്ദസ്വാമികള്‍ ഇവിടം ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം നിരഞ്ജനാശ്രമത്തിന്റെ ചുമതലയേറ്റെടുത്ത മറ്റൊരു നിര്‍മ്മലാനന്ദശിഷ്യനായ വിശദാനന്ദസ്വാമികളുടെ നേതൃത്വത്തിലാണ് നിര്‍മ്മലാനന്ദക്ഷേത്രം നിര്‍മ്മിച്ചത്.
തുടര്‍ന്ന് നിര്‍മ്മലാനന്ദസ്വാമികളുടെ ജീവചരിത്രം, വിശദാനന്ദസ്വാമികളുടെ പ്രധാനപത്രാധിപത്യത്തില്‍ കീഴില്‍ 1943 മെയ് 1ന് പ്രകാശനം ചെയ്തു. ‘Swami Nirmalananda : His Life and Teachings‘ എന്ന പേരില്‍ പ്രസിദ്ധീകൃതമായ ഈ പുസ്തകവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് കേരളത്തില്‍ ഇതിനോടകം ശക്തമായിത്തീര്‍ന്ന ശ്രീരാമകൃഷ്ണപ്രസ്ഥാനത്തെ വിഭജിച്ച് തളര്‍ത്തിയതിന് പ്രധാനകാരണം. ഇതേ തലക്കെട്ടില്‍ മറ്റൊരാള്‍ എഴുതിയ പുസ്തകം ഔദ്യോഗികഭാഷ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെങ്കിലും അതും പരാജയപ്പെട്ടു. നിര്‍മ്മലാനന്ദസ്വാമികളുടെ കേരളാഗമനത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ പുനഃപ്രസിദ്ധീകരിച്ച വിശദാനന്ദസ്വാമികളുടെ പുസ്തകത്തിന് പുതിയ പേരാണ് നല്കിയിരിക്കുന്നത്, ‘Swami Nirmalananda : The Unique Apostle of Sri. Ramakrishna’. ശ്രീരാമകൃഷ്ണപരമഹംസരുടെ ‘അതുല്യശിഷ്യ’നായാണ് നിര്‍മ്മലാനന്ദമണ്ഡലം അദ്ദേഹത്തെ കാണുന്നതെങ്കിലും ഔദ്യോഗികസമീപനം ഇങ്ങനെയാകുന്നു, “Two forces of disruption, arising from within the order – one in Culcutta, the other in Bangalore – rocked the organisation severally; but in both cases, happily truth prevailed(the first in 1929, the other in 1935) and the disrupters had to quit” (Swami Budhananda, The Ramakrishna Movement, p.81)
നിര്‍മ്മലാനന്ദസ്വാമികള്‍ ബാംഗ്ളൂര്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷനായിരിക്കെ ആരംഭിച്ച പ്രശ്നങ്ങള്‍ അദ്ദേഹം സമാധിയായി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആളിക്കത്തി. അതിന്റെ പരിണിതഫലമോ? കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ ചരിത്രം സത്യസന്ധമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഉയരുന്നു. നിര്‍മ്മലാനന്ദസ്വാമികളെ ശ്രീരാമകൃഷ്ണപരമഹംസരുടെ അന്തഃരംഗശിഷ്യന്മാരുടെ പട്ടികയില്‍നിന്നും ഒഴിവാക്കിയതാണ് എല്ലാ പ്രശ്നങ്ങളുടെയും പ്രധാനകാരണം എന്ന് ചിലര്‍ വാദിക്കുന്നു. അവര്‍ 1938-ല്‍ നിളാനദിക്കരയില്‍ നിര്‍മ്മലാനന്ദസ്വാമികളെ സമാധിയിരുത്തിയ സ്ഥലം 2000-ാമാണ്ടു വരെ ഏറെക്കാലം ആരോരും ശ്രദ്ധിക്കാതെ അന്യാധീനപ്പെട്ട് കിടന്നിരുന്നു.
വിവേകാനന്ദസ്വാമികളുടെയും നിര്‍മ്മലാനന്ദസ്വാമികളുടെയും 150-ാം ജന്മവാര്‍ഷികം 2013-ലാണ്. നിര്‍മ്മലാനന്ദസ്വാമികളുടെ ജീവിതവും ജീവിതകൃത്യവും നിഷ്പക്ഷമായി പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും, അദ്ദേഹം കറകളഞ്ഞ, കരുത്തുറ്റ ശ്രീരാമകൃഷ്ണസന്ദേശപ്രചാരകനായിരുന്നുവെന്ന വാസ്തവം. വിവേകാനന്ദസ്വാമികളും ശ്രീരാമകൃഷ്ണമഠസ്ഥാപനത്തിലൂടെ ഉദ്ദേശിച്ചതും അതുതന്നെ.
ലേഖകന്‍: രാജീവ് ഇരിങ്ങാലക്കുട, 9446152044
നിര്‍മ്മലാനന്ദസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥമായ ശ്രീനിര്‍മ്മലാനന്ദചരിതം ഡൗണ്‍ലോഡ് ചെയ്യൂ.