ജ്ഞാനേശ്വരി – ആമുഖം വായിക്കുക.

ശ്ലോകം 1
സഞ്ജയ ഉവാച:
തം തഥാ കൃപയാവിഷ്ടം
അശ്രുപൂര്‍ണ്ണാകുലേക്ഷണം
വിഷീദന്തമിദം വാക്യം
ഉവാച മധുസൂദനഃ

അര്‍ത്ഥം:
അപ്രകാരം കൃപയാല്‍ ആവിഷ്ടനായി അശ്രുക്കള്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനായി വിഷാദിച്ചുകൊണ്ടിരുന്ന അര്‍ജ്ജുനനോട് ശ്രീകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു:

ഭാഷ്യം:
സഞ്ജയന്‍ ധൃതരാഷ്ട്രനോട് പറഞ്ഞു:
മഹാരാജാവേ, കേള്‍ക്കുക. സന്താപവിവശനായ പാര്‍ത്ഥന്‍ കണ്ണുനീര്‍ വാര്‍ക്കുവാന്‍ തുടങ്ങി. തന്റെ മുന്നില്‍ കണ്ട ബന്ധുക്കളോട് അത്യധികമായ കാരുണ്യം അവനു തോന്നി. ഉപ്പ് വെള്ളത്തില്‍ അലിയുന്നതുപോലെയോ, കാറ്റ് കാര്‍മേഘങ്ങളെ ശിഥിലമാക്കുന്നതുപോലെയോ, അര്‍ജ്ജുനന്റെ ധീരമായ മാനസം ആര്‍ദ്രമായി. ചെളിയില്‍ പുതഞ്ഞ ഒരു അരയന്നത്തെപ്പോലെ അവന്‍ പീഡിതനായി കാണപ്പെട്ടു. അസഹ്യമായ വിഷാദം പാണ്ഡുപുത്രനെ പാടുപെടുത്തുന്നത് കണ്ടപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു:

ശ്ലോകം 2
ശ്രീ ഭഗവാനുവാച:
കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യം
അകീര്‍ത്തികരമര്‍ജ്ജുന!

അര്‍ത്ഥം:
ഹേ അര്‍ജ്ജുന, ഈ ദുര്‍ഘടകാലത്തില്‍ ശ്രേഷ്ഠന്മാര്‍ക്ക് യുക്തമല്ലാത്തതും സ്വര്‍ഗ്ഗപ്രാപ്തിക്കുതകാത്തതും ചീത്തപ്പേരുണ്ടാക്കുന്നതുമായ ഈ മൌഢ്യം നിനക്ക് എവിടെനിന്നു വന്നു ചേര്‍ന്നു?

ഭാഷ്യം:
ശ്രീ ഭഗവാന്‍ പറഞ്ഞു:
അര്‍ജ്ജുനാ, ഈ സന്ദര്‍ഭത്തില്‍ ഇതുപോലെയുള്ള ഒരു പെരുമാറ്റം നിനക്ക് ചേരുന്നതാണോ? നീ ആരെന്നും എന്താണ് ചെയ്യേണ്ടതെന്നും ആലോചിക്കുക. നിനക്ക് എന്തുപറ്റി? ഇവിടെ നിനക്ക് എന്തിനെങ്കിലും കുറവുണ്ടോ? നീ എന്തിനാണ് സന്തപിക്കുന്നത്? നീ ഒരിക്കലും ന്യായരഹിതമായ ഒരു കാര്യം ചെയ്തിട്ടില്ല. ഒരിക്കലും നിനക്ക് ധൈര്യം നഷ്ടപ്പെട്ടിട്ടില്ല. നിന്റെ പേരു കേട്ടാല്‍ത്തന്നെ പരാജയം ഓടിയകലും. നീ ധീരതയുടെ ആസ്ഥാനമാണ്. ക്ഷത്രിയന്മാരില്‍ പാര്‍ത്ഥിവനാണ്.

മൂന്നു ലോകങ്ങളും നിന്റെ പരാക്രമത്തെഭക്തിയോടെ വീക്ഷിക്കുന്നു. നീ ഹരനെ കീഴടക്കി. നിവാതകവചന്മാരെ കൊന്നൊടുക്കി. ഗന്ധര്‍വന്മാര്‍ നിന്റെ പ്രഭാവത്തെ പാടിപ്പുകഴ്ത്തുന്നു. അല്ലയോ പാര്‍ത്ഥാ, നിന്റെ കറകളഞ്ഞ ഓജസ്സ് ലോകത്തെ നിസ്തേജമാക്കുന്നു. ഇന്നു പൗരുഷം വെടിഞ്ഞ് വിഷാദത്തോടെ നീ നമ്രശിരസ്കനായിരിക്കുന്നത് വിചിത്രമായി തോന്നുന്നു.

കാരുണ്യം കാരണം നീ എത്രത്തോളം നിന്ദ്യനും നിസ്സഹായനുമായിത്തീര്‍ന്നുവെന്നു അറിയുന്നുണ്ടോ? അന്ധകാരം എന്നെങ്കിലും അരുണനെ ഗ്രസിച്ചിട്ടുണ്ടോ? കാര്‍മേഘങ്ങള്‍ കാറ്റിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? അമൃത്‌ മരിക്കാനിടയാവുമോ? അഗ്നി വിറകിനു ഇരയാകുമോ? ഉപ്പ് ജലത്തെ അലിയിക്കുമോ? തവള എന്നെങ്കിലും പാമ്പിനെ വിഴുങ്ങിയിട്ടുണ്ടോ? കുറുനരി സിംഹത്തിനോട് പോരാടുമോ? ഇപ്രകാരമുള്ള ആയുക്താഭാസങ്ങളായ കാര്യങ്ങള്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?

എന്നാല്‍ അതെല്ല‍ാം സംഭാവ്യമാണെന്ന് ഇന്നു നീ തെളിയിച്ചിരിക്കുന്നു. അതുകൊണ്ട്, അര്‍ജ്ജുനാ, നിന്റെ ഹൃദയത്തില്‍ നുരഞ്ഞു പൊന്തിയിരിക്കുന്ന ഗര്‍ഹ്യമായ ഈ ചിന്തകളെ ചീന്തിയെറിയൂ. ധൈര്യവാനായിരിക്കൂ. ഉണര്‍ന്നു പ്രവര്‍ത്തിക്കൂ. മൂഢത്വം വെടിയൂ. എഴുന്നേറ്റു വില്ല് കയ്യിലെടുക്കൂ. യുദ്ധക്കളത്തില്‍ ദയയ്ക്ക് എന്ത് പ്രസക്തിയാനുള്ളതെന്നു ചിന്തിക്കൂ. അത് ഇതുവരെ നീ നേടിയിട്ടുള്ള പ്രശസ്തിയെ നശിപ്പിക്കും. നിന്റെ മോക്ഷപ്രാപ്തിക്കു തടസ്സവുമായിരിക്കും.

ശ്ലോകം 3
ക്ലൈബ്യം മാസ്മ ഗമഃ പാര്‍ത്ഥ!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബ്ബല്യം
ത്യക്തോത്തിഷ്ഠഃ പരന്തപ

അര്‍ത്ഥം:
ഓ, പാര്‍ത്ഥാ, നപുംസകത്വത്തിനു വഴങ്ങരുത്. ഇതു നിനക്ക് തീരെ യോജിച്ചതല്ല. ശത്രുക്കളെ തപിപ്പിക്കുന്ന അല്ലയോ അര്‍ജ്ജുന, മനസ്സിന്റെ നിസ്സാരമായ ഈ ബലഹീനതയെ ദൂരെ വലിച്ചെറിഞ്ഞ്‌ യുദ്ധം ചെയാനായി എഴുന്നേല്‍ക്കൂ.

ഭാഷ്യം:
അതുകൊണ്ട് അര്‍ജ്ജുനാ, ഈ വിലപനം നിര്‍ത്തൂ. വിഷാദം അവസാനിപ്പിച്ചു ധീരത കൈവരിക്കൂ. അല്ലെങ്കില്‍ നീ നേടിയതെല്ല‍ാം പാഴാകും. നിന്റെ നന്മയ്ക്ക് വേണ്ടതെന്താണെന്നെങ്കിലും ചിന്തിക്കുക. യുദ്ധവേളയില്‍ ഹൃദയ ദൗര്‍ബല്യം ഒരിക്കലും പ്രയോജനം ചെയ്യുകയില്ല. ഈ യുദ്ധക്കളത്തില്‍വെച്ചാണോ ഇവരൊക്കെ നിന്റെ ബന്ധുക്കളായത്? ഇതു മുമ്പുതന്നെ നിനക്ക് അറിവുള്ളതല്ലേ? പിന്നെ ഇപ്പോഴെന്തിനാണ്‌ വെറുതെ ഇങ്ങനെ കോലാഹലമുണ്ടാക്കുന്നത്‌? യുദ്ധം നിനക്ക് ഒരു പുതുമയാണോ? വൈരം നിങ്ങളില്‍ നേരത്തെതന്നെ ഉണ്ടായിരുന്നതല്ലേ?

പിന്നെ ഇപ്രകാരം ഒരു കനിവ് ഇപ്പോള്‍ പൊന്തിവന്നത് എങ്ങനെയെന്നു മനസ്സിലാകുന്നില്ല. നിന്റെ വിഭ്രാന്തി തുടര്‍ന്നാല്‍ നിന്റെ ഇപ്പോഴത്തെ കീര്‍ത്തി അപ്രത്യക്ഷമാവുകയും മേലില്‍ മോക്ഷപ്രാപ്തിമൂലം ഉണ്ടാകുന്ന ആനന്ദം നഷ്ടമാകുകയും ചെയ്യും. അങ്ങനെ ഇഹത്തിലും പരത്തിലും ഒരുപോലെ നിനക്ക് നഷ്ടം സംഭവിക്കും. ഹൃദയ ദൗര്‍ബല്യം കൊണ്ടു ഒരു വിധത്തിലുമുള്ള നന്മ ഉണ്ടാവുകയില്ല. പ്രത്യുത, അത് ഒരു യോദ്ധാവിനു യുദ്ധത്തില്‍ ദുഷ്കീര്‍ത്തി ഉണ്ടാക്കുകയം ചെയ്യും.

ഇപ്രകാരം പലവിധത്തില്‍ ഭഗവാന്‍ അര്‍ജ്ജുനനെ ഉപദേശിച്ചു. അപ്പോള്‍ പാണ്ഡുപുത്രന്‍ പറഞ്ഞതു എന്താണെന്ന് കേള്‍ക്കുക.

ശ്ലോകം 4
അര്‍ജ്ജുന ഉവാച:
കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന!
ഇഷുഭിഃ പ്രതിയോല്‍സ്യാമി
പൂജാര്‍ഹാവരിസൂദന.

അര്‍ത്ഥം:
അല്ലയോ ശത്രുനാശനനായ മധുസൂദനാ, പൂജിക്കപ്പെദേണ്ടവരായ ഭീഷ്മരേയും ദ്രോണരേയുംയുദ്ധത്തില്‍ ബാണങ്ങളെയ്ത് ഞാന്‍ എങ്ങനെയാണ് നേരിടുന്നത്‌?

ഭാഷ്യം:
പ്രഭോ, അങ്ങ് എന്തിനാണ് ഇത്രയൊക്കെ പറയുന്നത്? ഈ യുദ്ധത്തെപ്പറ്റി ചിന്തിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഇതൊരു യുദ്ധമല്ല. നമ്മുടെ ഗുരുക്കന്മാരെ പരസ്യമായി വധിക്കുന്ന ഒരു കുറ്റകൃത്യമാണ്. മാതാപിതാക്കന്മാരെ സേവിക്കുകയും ആരാധിക്കുകയും അവര്‍ക്ക് ആനന്ദം നല്‍കുകയും ചെയ്തിട്ട് അവരെ നമ്മുടെ കൈകളാല്‍ത്തന്നെ എങ്ങനെയാണ് വധിക്കുന്നത്?

മഹാത്മാക്കളെ വന്ദിക്കണം. അവരെ പൂജിക്കണം. എങ്ങനെയാണ് അവരെ അധിക്ഷേപിക്കുന്നത്? അതുപോലെ, ഇവരെല്ല‍ാം നമ്മുടെ ജ്യേഷ്ഠഭ്രാതാക്കളാണ് . കുലഗുരുക്കന്മാരാണ്. ഇവരെയെല്ല‍ാം ന‍ാം ബഹുമാനിക്കണം. പ്രത്യേകിച്ചും ഭീഷ്മരോടും ദ്രോണരോടും എനിക്ക് അളവറ്റ കടപ്പാടുണ്ട്. സ്വപ്നത്തില്‍പ്പോലും ശത്രുത തോന്നാന്‍ പാടില്ലാത്ത അവരെ എങ്ങനെയാണ് യുദ്ധത്തില്‍ ഞാന്‍ നശിപ്പിക്കുന്നത്? ഛേ! എന്നെ ആയോധനം അഭ്യസിപ്പിച്ച അതേ ഗുരുവിനെത്തന്നെ ഞാന്‍ കൊല്ലണമെന്നോ? അങ്ങനെയാണോ ഞാന്‍ എന്റെ ഗുരുവായ ദ്രോണരോടുള്ള കടം വീട്ടേണ്ടത്‌? എല്ലാ അനുഗ്രഹങ്ങളും ആശംസകളും നല്‍കിയവരോട് ഞാന്‍ ഭസ്മാസുരനെപ്പോലെ വിശ്വാസവഞ്ചന കാണിക്കുന്നത് ശരിയാണോ?

ശ്ലോകം 5
ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ
ഹത്വാര്‍ത്ഥകാമ‍ാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ദ്ധാന്‍

അര്‍ത്ഥം:
മഹാനുഭാവന്മാരായ ഗുരുക്കന്മാരെ കൊല്ലാതെ ഈ ലോകത്തില്‍ ഭിക്ഷാന്നമെങ്കിലും ഭുജിച്ചു കഴിയുന്നതാണ് ശ്രേയസ്കരം. എന്തെന്നാല്‍, ഗുരുക്കന്മാരെ കൊന്നിട്ട് ഇവിടെവച്ച് രക്തം പുരണ്ട അര്‍ത്ഥകാമങ്ങളാകുന്ന ഭോഗങ്ങള്‍തന്നെ ഞാന്‍ ഭുജിക്കേണ്ടിവരും.

ഭാഷ്യം:
സാഗരം അഗാധവും അക്ഷുബ്ധവുമാണെന്ന് ന‍ാം പറയുന്നു. പക്ഷെ, അത് സാഗരത്തിന്റെ ബാഹ്യാവസ്ഥ കണ്ട് നമുക്കുണ്ടാകുന്ന തോന്നല്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അംബുധി പ്രക്ഷുബ്ധമാണ്. എന്നാല്‍ ദ്രോണന്റെ മനസ് ഒരിക്കലും കോപകലുഷിതമാവുകയില്ല. അനന്തമായ ആകാശം അളക്കാന്‍ കഴിഞ്ഞേക്ക‍ാം. പക്ഷെ, ആഴമളക്കാന്‍ കഴിയാത്തവണ്ണം അഗാധമാണ് ദ്രോണന്റെ ഹൃദയം. അമൃതിന് ദുസ്വാദുണ്ടായെന്നുവര‍ാം. എന്നാല്‍ എത്ത്രത്തോളം പ്രകോപിപ്പിച്ചാലും ദ്രോണന്‍ സമചിത്തത കൈവെടിയുകയില്ല. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഏറ്റവും ദൃഢമായിട്ടുള്ളതാണ്. എന്നാല്‍ ദ്രോണന്റെ ഹൃദയത്തില്‍ മാതാവിന്റെ വാത്സല്യവും സ്നേത്തിന്റെ മൂര്‍ത്തീഭാവവും നമുക്കു കാണ‍ാം. അദ്ദേഹം അലിവിന്റെ ഉറവിടവും സര്‍വ്വനന്മകളുടെയും വിളഭൂമിയും അനന്തമായ അറിവിന്റെ അംഭോനിധിയുമാണ്‌. അദ്ദേഹം മഹായശസ്വിയാണെന്ന് മാത്രമല്ല, ഞങ്ങളോട് പരമകാരുണികനുമാണ്. അദ്ദേഹത്തെ കൊല്ലണമെന്ന് ആലോചിക്കുന്നത് എങ്ങനെയാണ്?

പ്രഭോ, രാജ്യം ഉപേക്ഷിച്ചു വനാന്തരങ്ങളിലുള്ള ഗുഹകളില്‍ പോയി പാര്‍ക്കുന്നതാണ് ഭേദം. ഈ മഹാനുഭാവന്‍മാരുടെ ഹൃദയം കൂര്‍ത്തുമൂര്‍ത്ത ശരങ്ങള്‍ കൊണ്ട് പിളര്‍ന്ന് അതില്‍നിന്നൊഴുകിവരുന്ന രക്തത്തില്‍ മുക്കിയെടുക്കുന്ന സുഖാനുഭവം എങ്ങനെയാണ് ആസ്വാദ്യകരമാകുന്നത്? ഇപ്രകാരമുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കാന്‍ എന്റെ മനസ്സിന് കഴിയുന്നില്ല.

അര്‍ജ്ജുനന്റെ വാദമുഖങ്ങളൊന്നും ഭഗവാന് ഇഷ്ട്ടപ്പെട്ടില്ല. ഇതു മനസ്സിലാക്കിയ പാര്‍ത്ഥന്‍ ഭയത്തോടെ ചോദിച്ചു:
ഭഗവാനെ അങ്ങ് എന്താണ് എന്റെ വാക്കുകള്‍ ഒട്ടും ശ്രദ്ധിക്കാത്തത്?

ശ്ലോകം 6
ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേവസ്ഥിതാഃ പ്രമുഖേ ധാര്‍ത്തരാഷ്ട്രാഃ

അര്‍ത്ഥം:
ഞങ്ങള്‍ കൗരവന്മാരെ ജയിക്കുന്നതാണോ അതോ കൗരവര്‍ ഞങ്ങളെ ജയിക്കുന്നതാണോ നല്ലതെന്നുള്ള കാര്യം എനിക്കറിഞ്ഞുകൂടാ. ഏതൊരു കൂട്ടരെ വധിച്ചാല്‍ പിന്നെ ജീവിച്ചിരിക്കാന്‍ ആഗ്രഹമില്ലയോ ആ ധാര്‍ത്തരാഷ്ട്രന്മാര്‍തന്നെ മുന്നില്‍ യുദ്ധത്തിനായി ഒരുങ്ങിനില്ക്കുന്നു.

ഭാഷ്യം:
എന്റെ മനസ്സിലുണ്ടായിരുന്നത് ഞാന്‍ തുറന്നു പറഞ്ഞു. ഞങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് അങ്ങേയ്ക്കു മാത്രമേ അറിവുള്ളൂ. ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ യുദ്ധം ചെയ്യാന്‍ തയ്യാറായി ഞങ്ങളുടെ മുന്നില്‍ നില്ക്കുന്നു. ഒന്നുകില്‍ ഞങ്ങള്‍ അവരെ യുദ്ധത്തില്‍ കൊല്ലണം. അല്ലെങ്കില്‍ യുദ്ധം ഉപേക്ഷിച്ചു ഞങ്ങള്‍ പിന്‍വാങ്ങണം. ഈ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഇതില്‍ ഏതാണ് ഞങ്ങള്‍ സ്വീകരിക്കേണ്ടത്?

ശ്ലോകം 7
കാര്‍പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വ‍ാം ധര്‍മ്മസമ്മൂഢ ചേതാഃ
യത് ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്നേഹം ശാധി മ‍ാം ത്വ‍ാം പ്രപന്നം

അര്‍ത്ഥം:
എന്റെ സ്വഭാവം അജ്ഞാനദോഷംകൊണ്ട് മങ്ങിപ്പോയിരിക്കുന്നു. തന്നിമിത്തം ധര്‍മ്മം എന്തെന്ന് എന്റെ മനസ്സിന് അറിയാന്‍ കഴിയുന്നില്ല. എനിക്ക് ശ്രേയസ്സിനുള്ള മാര്‍ഗ്ഗം എന്താണെന്ന് പറഞ്ഞു തന്നാലും. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്, ശരണാഗതനായ എന്നെ ഉപദേശിച്ചാലും.

ഭാഷ്യം:
എന്റെ മനസ്സിന്റെ വിഭ്രാന്തികൊണ്ട് എനിക്ക് വേണ്ടതെന്താണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ചുറ്റും ഇരുട്ട് വ്യാപിക്കുമ്പോള്‍ അടുത്തിരിക്കുന്ന വസ്തുപോലും കാണുന്നതിനുള്ള കാഴ്ച കണ്ണിനു നഷ്ടപ്പെടുന്നു. എന്റെ സ്ഥിതി ഇപ്പോള്‍ അതുപോലെയാണ്. അതുകൊണ്ട്, അല്ലയോ കൃഷ്ണാ, ഞങ്ങളുടെ ഗുരുവും പിതാവും ഭ്രാതാവും സുഹൃത്തും ഇഷ്ടദേവനും ഞങ്ങളുടെ എല്ലാറ്റിലും എല്ലാമും ആയ അങ്ങ്, ഞങ്ങള്‍ക്ക് ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്ന് പറഞ്ഞു തന്നാലും.

ആപത്തുകാലങ്ങളിലെല്ല‍ാം ഞങ്ങളെ കാത്തുരക്ഷിച്ചത്‌ അങ്ങാണല്ലോ. മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു ശിശുവിന്റെ ജീവന്‍ എങ്ങനെ നിലനില്‍ക്കും? അല്ലയോ ദേവാ, അങ്ങ് മാത്രമാണ് ഞങ്ങളുടെ അവലംബം. ഞാന്‍ പറഞ്ഞതൊന്നും അങ്ങേയ്ക്കു സ്വീകാര്യമായിട്ടില്ലെങ്കില്‍, അല്ലയോ പുരുഷോത്തമാ, എനിക്ക് ശ്രേയസ്കരമായിട്ടുള്ളതും ധര്‍മ്മത്തിന് വിപരീതമല്ലാത്തതുമായത് എന്താണെന്ന് ഉടന്‍തന്നെ എനിക്ക് പറഞ്ഞു തന്നാലും.

ശ്ലോകം 8
ന ഹി പ്രപശ്യാമി മമാപനുദ്യാത്
യച്ഛോകമുച്ഛോഷണമിന്ദ്രിയാണ‍ാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം

അര്‍ത്ഥം:
ഭൂമണ്ഡലത്തില്‍ എതിരാളികളോന്നും ഇല്ലാത്തതും, ഐശ്വര്യസമൃദ്ധമായ രാജ്യമോ, സ്വര്‍ഗാധിപത്യം തന്നെയുമോ കിട്ടിയാല്‍പോലും ഇന്ദ്രിയങ്ങളെ ഉണക്കി വരട്ടുന്ന എന്റെ ദുഃഖം ഇല്ലാതാക്കുന്നതുമായ ഒന്നിനെയും ഞാന്‍ കാണുന്നില്ല.

ഭാഷ്യം:
എന്റെ മുന്നില്‍ കാണുന്ന ബന്ധുജനങ്ങളുടെ നാശത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ മനസ്സിനുണ്ടാകുന്ന വിഷാദം അങ്ങയുടെ ഉപദേശം കൊണ്ടല്ലാതെ മാറുകയില്ല. ഭൂമണ്ഡലം ഒട്ടാകെ ലഭിച്ചതുകൊണ്ടോ ഇന്ദ്രപ്പട്ടം നേടിയതുകൊണ്ടോ എന്റെ മാനസിക വിഭ്രാന്തി ഇല്ലാതാവുകയില്ല. പൂര്‍ണ്ണമായി വറുത്ത ഒരു കുരു എത്ത്രത്തോളം ഫലഭൂയിഷ്ഠമായ മണ്ണില്‍ നട്ട് വെള്ളം ഒഴിച്ചാലും അത് മുളയ്ക്കുകയില്ല. അമരത്വം നല്കുന്ന അമൃത്‌ നല്‍കിയെങ്കിലല്ലാതെ മറ്റൊരു ഔഷധം കൊണ്ടും ആസന്നമരണനായ ഒരുവന്‍ രക്ഷപ്പെടുകയില്ല. എന്റെ സ്ഥിതിയും അതുപോലെയാണ്. രാജകീയമായ സ്വര്‍ഗ്ഗാനുഭോഗങ്ങളോ സമ്പല്‍സമൃദ്ധിയോ എന്റെ മനസ്സിനെ ആഹ്ലാദിപ്പിക്കുകയില്ല. അങ്ങയുടെ കാരുണ്യമേറിയ പ്രേമവായ്പ്പ് ഒന്നുമാത്രമാണ് എന്റെ ഏക അവലംബം.

താല്‍ക്കാലികമായിട്ടെങ്കിലും മതിഭ്രമത്തില്‍ നിന്നും മോചിതനായവനെപ്പോലെ ധനുര്‍ദ്ധരന്‍ ഇപ്രകാരം കൃഷ്ണനോട് പറഞ്ഞെങ്കിലും അടുത്ത നിമിഷത്തില്‍ത്തന്നെ അവന്‍ വീണ്ടും വ്യാമോഹത്തിന്റെ ചുഴിയില്‍ വീണു.

ശ്ലോകം 9
സഞ്ജയ ഉവാച:
ഏവമുക്ത്വാ ഹൃഷീകേശം
ഗുഡാകേശഃ പരന്തപഃ
ന യോത്സ്യ ഇതി ഗോവിന്ദം
ഉക്ത്വാ തൂഷ്ണീം ബഭൂവ ഹ!

അര്‍ത്ഥം:
ശത്രു നാശകനായ അര്‍ജ്ജുനന്‍ ഹൃഷി കേശനായ കൃഷ്ണനോട് ഇപ്രകാരം പറഞ്ഞിട്ട് പ്രഖ്യാപിച്ചു: ഞാന്‍ യുദ്ധം ചെയ്യുകയില്ല.. പാര്‍ത്താന്‍ മൌനം അവലംബിച്ച് ഇരിപ്പായി.

ഭാഷ്യം:
സഞ്ജയന്‍ പറഞ്ഞു: ധൃതരാഷ്ട്രരാജാവേ! അര്‍ജ്ജുനന്‍ പറഞ്ഞതു കേട്ടില്ലേ: “ഭഗവാനേ, എന്നെ ഇനിയും നിര്‍ബ്ബന്ധിക്കരുത്, ഞാന്‍ യുദ്ധം ചെയ്യുകയില്ല. അങ്ങനെ തീരുമാനിച്ചു കഴിഞ്ഞു.” അര്‍ജ്ജുനന്‍ മൌനിയായി. ഈ സ്ഥിതിയില്‍ അര്‍ജ്ജുനനെ കണ്ടപ്പോള്‍ ഭഗവാന്‍ അമ്പരന്നുപോയി.

ശ്ലോകം 10
തമുവാച ഹൃഷീകേശഃ
പ്രഹസന്നിവ ഭാരത!
സേനയോരുഭയോര്‍മ്മദ്ധ്യേ
വിഷീദന്തമിദം വചഃ

അര്‍ത്ഥം:
അല്ലയോ ധൃതരാഷ്ട്രരാജാവേ! ഇരുസേനകളുടെയും നടുവില്‍ വിഷാദിച്ചുകൊണ്ടിരിക്കുന്ന അര്‍ജ്ജുനനോട് ശ്രീകൃഷ്ണന്‍ പുഞ്ചിരിച്ചു കൊണ്ടെന്നോണം ഇങ്ങനെ പറഞ്ഞു.

ഭാഷ്യം:
ഭഗവാന്‍ സ്വയം പറഞ്ഞു: “എന്താണ് ഇവന്റെ മനസ്സിലിരിപ്പ്?എന്തുകൊണ്ടാണ് ഇവന്‍ ആയുക്തമായി സംസാരിക്കുന്നത്? യഥാര്‍ത്ഥ സംഗതി ധരിപ്പിച്ചു എങ്ങനെയാണ് ഇവന്റെ നഷ്ട്ടപ്പെട്ട ധൈര്യം വീണ്ടെടുക്കുന്നത്?”

ഒരു മന്ത്രവാദി ഒരുവനിലുണ്ടാകുന്ന പിശാചുബാധയ്ക്ക് ഒഴിവു നിര്‍ണ്ണയിക്കുന്നതുപോലെ, ഒരു വൈദ്യന്‍ മാറാത്ത രോഗത്തിന് അവസാനത്തെ പ്രതിവിധിയായി ഒറ്റമൂലി പ്രയോഗിക്കുന്നതുപോലെ, അര്‍ജ്ജുനനു നേരിട്ടിരിക്കുന്ന അപചയത്തില്‍ നിന്ന് എങ്ങനെയാണ് അവനെ രക്ഷിക്കേണ്ടതെന്ന് കൃഷ്ണന്‍ ആലോചിച്ചു. അര്‍ജ്ജുനന്റെ വിഭ്രാന്തിക്കുണ്ടായിയിട്ടുള്ള കാരണങ്ങള്‍ ദിവ്യദൃഷ്ട്യാ മനസ്സിലാക്കിയ ഭഗവാന്‍ ബാഹ്യമായി കോപം പ്രകടിപ്പിച്ചുകൊണ്ടാണ് പറഞ്ഞു തുടങ്ങിയത്.

എന്നാല്‍ ഒരമ്മ തന്റെ കുഞ്ഞിനെ ശാസിക്കുമ്പോഴും മനസ്സില്‍ വാത്സല്യം നിറഞ്ഞു നില്ക്കുന്നതുപോലെ കൃഷ്ണന്റെ ഹൃദയവും അന്‍പുകൊണ്ട് ആര്‍ദ്രമായിരുന്നു. കയ്പു നിറഞ്ഞതാണെങ്കിലും രോഗത്തെ ഭേദപ്പെടുത്തുന്ന അമൃത്‌ ഉള്‍ക്കൊള്ളുന്ന ദിവ്യൗഷധം പോലെയായിരുന്നു അദ്ദേഹത്തിന്റെ പരുഷമായ വാക്കുകള്‍. പ്രകടമായി ഉദാസീനഭാവത്തിലായിരുന്നെങ്കിലും സ്നേഹം നിറഞ്ഞ ഹൃദയത്തോടെ ഹൃഷികേശന്‍ പറഞ്ഞു തുടങ്ങി.