ജ്ഞാനേശ്വരി – ആമുഖം വായിക്കുക.

ശ്ലോകം 20
ന ജായതേ മ്രിയതേ വാ കദാചിത്‌
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യ ശാശ്വതോയം പുരാണഃ
ന ഹന്യതേ ഹന്യമാനേ ശരീരേ.

അര്‍ത്ഥം:
ഇവന്‍ (ആത്മാവ്) ഒരിക്കലും ജനിക്കുന്നില്ല; മരിക്കുന്നുമില്ല; ഉണ്ടായിട്ട് പിന്നെ ഇല്ലാതാകുന്നുമില്ല. ജനനരഹിതനും നിത്യനും ശാശ്വതനും ശരീരങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പേതന്നെ ഉള്ളവനുമായ ഈ ആത്മാവ് ശരീരം നശിപ്പിക്കപ്പെടുമ്പോള്‍ നശിപ്പിക്കപ്പെടുന്നില്ല.

ശ്ലോകം 21
വേദാവിനാശിനം നിത്യം
യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ത്ഥ,
കം ഘാതയതി ഹന്തി കം.

അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, ഏതൊരാള്‍ ഒരു കേടുപാടും വരാത്തവനും നിത്യനും ജനിക്കാത്തവനും ഒരു കുറവും വരാത്തവനുമായ ഈ ആത്മാവിനെ അറിയുന്നുവോ, ആ പുരുഷന്‍ എങ്ങനെ, ആരെ, കൊല്ലിക്കാനാണ്? ആരെ കൊല്ലാനാണ്?

ഭാഷ്യം:
സ്വപ്നത്തില്‍ ന‍ാം കാണുന്നത് യാതര്‍ത്ഥ്യമാണെന്ന് ഉറക്കത്തില്‍ നമുക്കു തോന്നുന്നു. എന്നാല്‍ ഉണരുമ്പോള്‍ ഉറക്കത്തില്‍ കണ്ട യാതൊന്നുംതന്നെ ന‍ാം കാണുന്നില്ല. അതുപോലെ അബദ്ധധാരണയുടേയും മിഥ്യാബോധത്തിന്റെയും ഫലമായി ന‍ാം അനാവശ്യമായി അന്ധാളിക്കുകയാണ്. ഒരായുധംകൊണ്ട് നിഴലിനെ പ്രഹരിച്ചാല്‍ ശരീരത്തിന് പരിക്കേല്‍ക്കുമോ? വെള്ളം നിറച്ച ഒരു മണ്‍കുടം ഉടച്ചാല്‍ അതില്‍ പ്രതിഫലിച്ചിരുന്ന സൂര്യനെ പ്രതിബിംബം അപ്രത്യക്ഷമാകുന്നതല്ലാതെ, സൂര്യനെ നശിപ്പിക്കാന്‍ കഴിയുമോ? ഇപ്രകാരം ശരീരത്തെ നശിപ്പിച്ചാലും ആത്മാവ് നശിക്കുന്നില്ല. അതുകൊണ്ട്, അല്ലയോ പാര്‍ത്ഥാ, നീ വെറും ആകാരം കണ്ടു ഭ്രമിക്കരുത്.

ശ്ലോകം 22
വാസ‍ാംസി ജീര്‍ണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ

അര്‍ത്ഥം:
മനുഷ്യന്‍ എപ്രകാരമാണോ കീറിമുറിഞ്ഞ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്‌ പുതിയ വസ്ത്രങ്ങള്‍ മാറുന്നത്, അതുപോലെ ആത്മാവ് ഉപയോഗശൂന്യങ്ങളായ ദേഹങ്ങളെ ഉപേക്ഷിച്ച് മറ്റു പുതിയ ശരീരങ്ങളെ സ്വീകരിക്കുന്നു.

ശ്ലോകം 23
നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുതഃ

അര്‍ത്ഥം:
ജനനമില്ലാത്തതും നിത്യവും അത്യന്തം പരിശുദ്ധവും യാതൊരു കാലഹരണമില്ലാത്തതുമായ ഈ ആത്മാവ്, മാരകായുധങ്ങള്‍ കൊണ്ടുള്ള നാശത്തിന് അതീതമാണ്. പ്രളയജലപ്രവാഹത്തിനുപോലും ഇതിനെ നനയ്ക്കുവാന്‍ കഴിയുകയില്ല. അഗ്നി ഇതിനെ ദഹിപ്പിക്കുകയോ വായു ഇതിനെ ഉണക്കിക്കളയുകയോ ചെയ്യുന്നില്ല.

ശ്ലോകം 24
അഛേദ്യോയമദാഹ്യോയം
അക്ലേദ്യോശോഷ്യ ഏവച
നിത്യഃ സര്‍വഗതഃ സ്ഥാണുഃ
അചലോയം സനാതനഃ

അര്‍ത്ഥം:
ഈ ആത്മാവ് മുറിക്കപ്പെടാവുന്നവനല്ല, ദഹിക്കപ്പെടാവുന്നവനുമല്ല, നനയ്ക്കപ്പെടാവുന്നവനുമല്ല, ഉണക്കപ്പെടാവുന്നവനുമല്ല. നിത്യനും സര്‍വ്വവ്യാപിയും സ്ഥിരസ്വഭാവനും അചഞ്ചലനും അനാദിയുമാണിവന്‍.

ശ്ലോകം 25
അവ്യക്തോയമചിന്ത്യോയം
അവികാര്യോയമുച്യതേ
തസ്മാദേവം വിദിത്വൈനം
നാനുശോചിതുമര്‍ഹസി.

അര്‍ത്ഥം:
ഈ ആത്മാവ് കാണപ്പെടത്തക്കവനല്ല; ചിന്തിക്കപ്പെടത്തക്കവനല്ല; ഭേദപ്പെടത്തക്കവനുമല്ല എന്നു പറയപ്പെടുന്നു. ആയതുകൊണ്ട് ഇപ്രകാരം ആത്മാവിനെ അറിഞ്ഞിട്ട് നിനക്ക് വ്യസനിപ്പാന്‍ അവകാശമില്ല.

ഭാഷ്യം:
ഈ ആത്മാവ് ഇന്ദ്രിയങ്ങള്‍കൊണ്ട് കണ്ടെത്താവുന്നവണ്ണം വ്യക്തമായ രൂപത്തോടുകൂടിയവനല്ല. എന്നാല്‍ എല്ലാ രൂപങ്ങളിലും അവന്‍ വസിക്കുന്നു. ഇതു മനസ്സുകൊണ്ട് ചിന്തിച്ചറിയാവുന്നതുമല്ല. ആദിയില്ലാത്ത ഈ ആത്മാവ് രൂപഭേദങ്ങളൊന്നുമില്ലാതെ എന്നും ഒരുപോലെ വര്‍ത്തിക്കുന്നവനാനെന്നു പറയപ്പെടുന്നു. ഇത് ത്രിഗുണരഹിതമാണ്. ഈ പുരുഷോത്തമന്‍ എല്ലാ സീമകള്‍ക്കും അപ്പുറത്താണ്. എങ്കിലും എല്ലാവരുടെയും ആന്തരികമായ നിയന്ത്രണം നടത്തുകയും ചെയ്യുന്നു. അര്‍ജ്ജുനാ, നീ ആത്മാവിനെ ഇപ്രകാരം ധരിച്ചു കഴിഞ്ഞാല്‍ നിന്റെ ദുഃഖം അവസാനിക്കും.

ശ്ലോകം 26
അഥ ചൈനം നിത്യജാതം
നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ
നൈനം ശോചിതുമര്‍ഹസി.

അര്‍ത്ഥം:
അല്ലയോ മഹാബാഹോ, ഈ ആത്മാവ് എപ്പോഴും ജനിക്കുന്നവനും മരിക്കുന്നവനുമാണെന്നു നീ വിചാരിക്കുന്നുവെങ്കില്‍പോലും നിനക്കു വ്യസനിപ്പാന്‍ അവകാശമില്ല.

ഭാഷ്യം:
ആത്മാവിനെ നശിപ്പിക്കാന്‍ കഴിയുന്നതല്ലെന്ന് വിശ്വസിക്കാതെ, അതിനെ നശിപ്പിക്കാന്‍ കഴിയുമെന്നുതന്നെ നീ കരുതുന്നുവെന്നിരിക്കട്ടെ. എങ്കിലും നീ ദുഖിക്കേണ്ട ആവശ്യമില്ല. ഉത്ഭവം, നിരന്തരത്വം, അവസാനം എന്നിവ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയുടെ സ്ഥായിയായ പ്രക്രിയയയാണ്‌. ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന ഗംഗാനദി നിരന്തരമായി സമതലങ്ങളില്‍ക്കൂടി ഒഴുകി സമുദ്രത്തില്‍ അവസാനിക്കുന്നു. അപ്പോഴും അതിന്റെ ഉത്ഭവസ്ഥാനത്ത്‌ പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കും. ഇതുപോലെ, ഉത്ഭവം, നിരന്തരത്വം, സമാപ്തി എന്നിങ്ങനെയുള്ള മൂന്നു അവസ്ഥകളും എല്ലാ ജീവജാലങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാകുന്നു. ഈ വ്യവസ്ഥിതി അനാദികാലംമുതല്‍ക്കേ നിലനില്‍ക്കുന്നതാണ്. അതോര്‍ത്തു നീ സങ്കടപ്പെട്ടിട്ടു കാര്യമൊന്നുമില്ല. ഈ ആലോചനാരീതി നിനക്കു സ്വീകാര്യമായി തോന്നുന്നില്ലെങ്കില്‍ എല്ലാ ജീവജാലങ്ങളും ജനനത്തിനും മരണത്തിനും വിധേയരാകുമെന്നുള്ളത് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സംഗതിയാണെന്ന് നീ അറിഞ്ഞാലും. അപ്പോഴും നീ ഖേദിക്കേണ്ട കാര്യമൊന്നുമില്ല.

ശ്ലോകം 27
ജാതസ്യ ഹി ധ്രുവോ മൃത്യുഃ
ധ്രുവ ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേര്‍ത്ഥേ
ന ത്വം ശോചിതുമര്‍ഹസി.

അര്‍ത്ഥം:
എന്തെന്നാല്‍ ജനിച്ചവന് മരണം നിശ്ചയമാണ്. മരിച്ചവന് ജനനം തീര്‍ച്ചയാണ്. അതുകൊണ്ട് അപരിഹാര്യമായ ഒരു കാര്യത്തില്‍ നീ ദുഖിക്കാന്‍ പാടില്ല.

ഭാഷ്യം:
ജനിച്ചത്‌ അപ്രത്യക്ഷമാകുന്നു. അപ്രത്യക്ഷമായത് വീണ്ടും ദൃശ്യമാകുന്നു. അങ്ങനെ കാലചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. സൂര്യോദയവും അസ്തമയവും നിത്യേന നിര്‍വിഘ്നം നടക്കുന്നതുപോലെ ജനനവും മരണവും ലോകത്ത് അസന്നിഗ്ദ്ധമായി നിലവിലിരിക്കുന്ന സംഗതിയാണ്. മൂന്നുലോകങ്ങളും കല്പാന്തത്തില്‍ നശിക്കുന്നു. അതുകൊണ്ട് ഉദ്ഭവവും സമാപ്തിയും എവിടെയും ഒഴിച്ച് കൂടാവുന്നതല്ല. ഇതു നീ സ്വീകരിക്കുന്നെങ്കില്‍ നീ എന്തിന് സങ്കടപ്പെടുന്നു? ധനുര്‍ദ്ധരാ, ഇതെല്ല‍ാം അറിവുള്ള നീ എന്തുകൊണ്ടാണ് അജ്ഞത പ്രകടിപ്പിക്കുന്നത്? ഏത് വീക്ഷണം സ്വീകരിച്ചാലും വിലപിക്കാന്‍ തക്ക കാരണമൊന്നുമില്ലെന്ന് നിനക്കും ബോധ്യമാകും.

ശ്ലോകം 28
അവ്യക്താദീനി ഭൂതാനി
വ്യക്തമധ്യാനി ഭാരത
അവ്യക്തനിധനാന്യേവ
തത്ര കാ പരിദേവനാ?

അര്‍ത്ഥം:
ശരീരങ്ങള്‍ മായയില്‍ നിന്നുണ്ടാകുന്നു. ആദിയില്‍ അവ അവ്യക്തങ്ങളാകുന്നു. ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള മദ്ധ്യാവസ്ഥയില്‍ അവ വ്യക്തീഭവിക്കുന്നു (കാണപ്പെടുന്നു). അവസാനം അവ്യക്തങ്ങളായിത്തന്നെ ഭവിക്കുന്നു. ഈ കാര്യത്തില്‍ എന്താണ് വ്യസനിപ്പാനുള്ളത്?

ഭാഷ്യം:
എല്ലാ ജീവജാലങ്ങള്‍ക്കും ജനനത്തിനുമുമ്പ് രൂപമില്ല. ജനിച്ചതിനുശേഷം മാത്രമെ അതിന് രൂപം ലഭിക്കുന്നുള്ളൂ. അതുപോലെ, അവ മരിക്കുമ്പോഴും ആദ്യത്തെ അവ്യക്താവസ്ഥയിലേക്കുതന്നെ മടങ്ങിപ്പോകുന്നു. ഉറങ്ങിക്കിടക്കുന്നവന്‍ സ്വപ്നം കാണുമ്പോള്‍ അത് യാഥാര്‍ത്ഥ്യമായി തോന്നുന്നത് കേവലം മിഥ്യാബോധം കൊണ്ട് മാത്രമാണ്.

അതുപോലെ ജനനത്തിനും മരണത്തിനും ഇടയ്ക്ക് കാണുന്ന ശാരീരികരൂപം അവന്റെ ആത്മാവിന്റെ അധീനത്തിലുള്ളതാണെന്നു തോന്നുന്നത് അവന്റെ വിഭ്രാന്തികൊണ്ട് മാത്രമാണ്. കാറ്റിന്റെ സ്പര്‍ശം എല്‍ക്കുമ്പോള്‍ ജലം തിരമാലയുടെ രൂപത്തില്‍ കാണുന്നു. സ്വര്‍ണ്ണം സ്വര്‍ണ്ണപ്പണിക്കാരന്റെ ഇച്ഛയ്ക്കൊപ്പം ആഭരണങ്ങളായി രൂപാന്തരപ്പെടുന്നു. ആകാശം കാര്‍മേഘങ്ങളാല്‍ ആവരണംചെയ്യപ്പെടുന്നതുപോലെ, യാഥാര്‍ത്ഥ്യത്തിന്മേല്‍ മായകൊണ്ട് അധ്യാസനം ചെയ്യപ്പെട്ട ഒന്നാണ് ഈ ലോകം. ഇല്ലാത്ത ഒന്നിനെ ചൊല്ലി നീ ദുഖിക്കുന്നത് എന്തിന്? നിത്യവും അഭിജ്ഞവുമായ ആത്മാവിനെപ്പറ്റിമാത്രം ചിന്തിക്കുക. ഭക്തന്മാര്‍ അവരുടെ ചിത്തം അതില്‍ കേന്ദ്രീകരിച്ച് മായാമോഹത്തില്‍നിന്നും മോചിതരാകുന്നു. സത്യാന്വേഷകര്‍ പരമപദത്തിലെത്തുന്നതിനുവേണ്ടി അകാമരായി ലോകസുഖങ്ങളുപേക്ഷിച്ച് വനങ്ങളില്‍ അഭയം തേടുന്നു. യോഗികള്‍ ബ്രഹ്മചര്യാനുഷ്ഠാനത്തോടെ ഏകാഗ്രമായി പരമപദം പ്രാപിക്കുന്നതിനായി കൊടിയ തപസ്സ് ചെയ്യുന്നു.

ശ്ലോകം 29
ആശ്ചര്യവത്‌ പശ്യതി കശ്ചിദേനം
ആശ്ചര്യവദ്‍വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്‌.

അര്‍ത്ഥം:
ഒരു ജീവനെ (ആത്മാവിനെ) ഒരത്ഭുതവസ്തുവിനെപ്പോലെ കാണുന്നു. മറ്റൊരുവന്‍ ജീവനെ ഒരത്ഭുതവസ്തുവിനെപ്പോലെ വിവരിക്കുന്നു. വേറൊരാള്‍ ജീവനെ ആശ്ചര്യവസ്തുവിനെപ്പോലെ കേള്‍ക്കുന്നു. എന്നാല്‍, ഈ പറയപ്പെട്ടവരില്‍ ഇവനെപ്പറ്റി വേണ്ടവണ്ണം അറിയുന്നവര്‍ ആരുംതന്നെയില്ല.

ഭാഷ്യം:
ചിലര്‍ ഭൗതികങ്ങളായ ഭോഗങ്ങളെല്ല‍ാം വെടിഞ്ഞു ആത്മസാക്ഷാത്കാരം നേടി ശാന്തി കൈവരിക്കുന്നു. മറ്റു ചിലര്‍ ആത്മാവിന് സ്തുതിഗീതങ്ങള്‍പാടി നിസ്സംഗരായി മാറി അതില്‍ത്തന്നെ നിത്യവും ലീനരായി കഴിയുന്നു. മൂന്നാമതൊരു കൂട്ടര്‍ ആത്മാവിനെപ്പറ്റി കേട്ടറിഞ്ഞു തൃപ്തരായി ദേഹബുദ്ധി നശിച്ചു അലൗകികമായ അനുഭൂതിയില്‍കൂടി അതുമായി സാത്മ്യം പ്രാപിക്കുന്നു. സമുദ്രത്തിലേക്ക് ഒഴുകിയിറങ്ങുന്ന നദികള്‍ സമുദ്രവുമായി ഒന്നുചേരാന്‍ കഴിയാതെ ഒരിക്കലും തിരിച്ചൊഴുകാറില്ല. അതുപോലെ യോഗികളുടെ മനസ്സ് ആത്മാവുമായി ഒന്നുചേരുമ്പോള്‍ ഏകമായി ഭവിക്കുകയും അവരുടെ ആത്മീയപ്രഭാവംകൊണ്ട് അവര്‍ക്ക് പുനര്‍ജന്മത്തില്‍ നിന്നു മോചനം ലഭിക്കുകയും ചെയ്യുന്നു.