യോഗം അല്ലെങ്കില്‍ യോഗശാസ്ത്രം എന്താണെന്നുള്ളത്‌ മറ്റുള്ളവര്‍ക്ക്‌ ബോധ്യമാവുന്ന രീതിയില്‍ വിവരിക്കുക അത്ര എളുപ്പമല്ല. മാനവരാശിക്കുള്ള പ്രാചീന ഭാരതത്തിന്റെ സംഭാവനയാണ്‌ യോഗശാസ്ത്രം.

വേദം, ഉപനിഷത്ത്‌, പുരാണം, ഇതിഹാസം ഇവയിലെല്ല‍ാം യോഗശാസ്ത്രത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. ഓരോ ഗ്രന്ഥത്തിലും ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ ഒറ്റ നോട്ടത്തില്‍ വ്യത്യസ്തമായി തോന്നാമെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ ഒന്നുതന്നെയാണെന്ന്‌ മനസ്സിലാകും.

“യോഗസ്ഥ: കുരുകര്‍മ്മാണി സംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധസിദ്ധ്യോ:സമോഭൂത്വം സമത്വം യോഗ ഉച്യതേ.” (ഭഗവദ്ഗീത 2/48)

അല്ലയോ അര്‍ജ്ജുനാ, ബ്രഹ്മനിഷ്ഠനായി ജയത്തിലും പരാജയത്തിലും ചിത്തത്തെ സമനിലയില്‍നിര്‍ത്തി ഫലാസക്തിവെടിഞ്ഞ്‌ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കൂ, മനസ്സിന്റെ സമനിലയാണ്‌ ആത്മനിഷ്ഠ അഥവാ യോഗം.

വിപരീതഭാവങ്ങള്‍ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകാറുണ്ട്‌. രാഗം, ദ്വേഷം, സുഖം, ദുഃഖം, മാനം, അപമാനം, നിന്ദ, സ്തുതി ഇതുപോലുള്ള ദ്വന്ദഭാവങ്ങള്‍ മനസ്സിനെ എല്ലാ സമയവും മദിക്കുന്നതാണ്‌. ഒരിക്കലും ഇണപിരിയാത്ത ഇരട്ടകളാണ്‌ ദ്വന്ദ്വങ്ങള്‍. മനസ്സ്‌ ദ്വന്ദങ്ങള്‍ക്ക്‌ അതീതമായിരിക്കുന്നതാണ്‌ സമാധി അല്ലെങ്കില്‍ യോഗം. വിഷയങ്ങളില്‍ മുഴുകിയ മനസ്സിനെ ആത്മാവിലേക്ക്‌ തിരിക്കുന്നതാണ്‌ യോഗാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്‌.

അഷ്ട‍ാംഗ യോഗത്തിന്റെ ഉപജ്ഞാതാവായ പതഞ്ജലി മഹര്‍ഷിയാണ്‌ ഏറ്റവും ലളിതവും സരളവുമായ രീതിയില്‍ യോഗശാസ്ത്രത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌. “യോഗ: ചിത്തവൃത്തിനിരോധ:“എന്നാണ്‌ അദ്ദേഹം പറഞ്ഞിട്ടുള്ളത്‌. ചിത്തത്തിന്റെ വൃത്തികളെ(ചിന്തകളെ)അനുഗുണമായി നിയന്ത്രിക്കുക എന്നതാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിത്തം നാനാവൃത്തികള്‍ കൈക്കൊള്ളുന്നതിനെ തടയുക എന്നതുതന്നെയാണിത്‌. സ്വതവേ ചഞ്ചലമായ മനസ്സിനെ കൂടുതല്‍ ചഞ്ചലമാക്കുന്നത്‌ പഞ്ചേന്ദ്രിയങ്ങളാണ്‌. പഞ്ചേന്ദ്രിയ നിഗ്രഹത്തിലൂടെ മാത്രമേ മനസ്സിനെ ശാസ്ത്രീയമായി നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ്‌ പതഞ്ജലി മഹര്‍ഷി പ്രത്യാഹാരമെന്ന മാര്‍ഗത്തിന്‌ അഷ്ട‍ാംഗയോഗത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌.

യോഗാഭ്യാസം പരിണാമത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു എന്നാണ്‌ മഹര്‍ഷി അരവിന്ദന്‍ വെളിപ്പെടുത്തുന്നത്‌. ജന്മജന്മാന്തരങ്ങളായി, മൃഗത്വത്തില്‍നിന്ന്‌ ദൈവികത്വത്തിലേക്കുള്ള, പ്രയാണത്തിന്റെ വേഗതകൂട്ടി പരമാവധി നേരത്തെ ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ യോഗമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഒരുവന്‌ സാധിക്കുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. ഒരു വ്യക്തിയില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളുടെ പൂര്‍ണവികാസം അവന്റെ ശാരീരിക, മാനസിക, ബൗദ്ധിക, ആത്മീയ, പ്രാണീയ, വൈകാരിക തലങ്ങളുടെ സമഗ്രവും ശാസ്ത്രീയവുമായ സമന്വയത്തിലൂടെയാണ്‌ നേടാന്‍ കഴിയുക.

മേല്‍ സമന്വയം തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ യോഗം കൊണ്ടുദ്ദേശിക്കുന്നതും. അതില്‍നിന്നുണ്ടാകുന്ന ആനന്ദമാണ്‌ യഥാര്‍ത്ഥത്തില്‍ യോഗശാസ്ത്രത്തിലൂടെ നേടാന്‍ കഴിയുന്ന ഒരുവന്റെ ആത്യന്തികമായ ജീവിതലക്ഷ്യവും. മനുഷ്യന്‍ പ്രകൃതിയുമായി സമരസപ്പെട്ട്‌ അതില്‍ ലയിച്ചു ചേരുന്നതിനെയുമാണ്‌ യോഗം കൊണ്ടര്‍ത്ഥമാക്കുന്നത്‌. അതാണ്‌ ശരിയായ അല്ലെങ്കില്‍ ശാസ്ത്രീയമായ ജീവിതരീതി. ഇന്ന്‌ ഇത്‌ ആധുനിക മനുഷ്യന്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതുതന്നെയാണ്‌ അവന്റെ നിലവിലുള്ള പ്രശ്നങ്ങളുടെ ശാശ്വതമായ പരിഹാരമാര്‍ഗവും.

[ഈ ലേഖനം ജന്മഭൂമി പത്രത്തില്‍ നിന്നും എടുത്തതാണ്. ലേഖകന്‍: ശ്രീ ജി.ദേവന്‍, പ്രിന്‍സിപ്പാള്‍, സരസ്വതി വിദ്യാനികേതന്‍, എളമക്കര]