അഷ്ട‍ാംഗയോഗത്തിലെ ആദ്യത്തേതും വളരെ പ്രധാനപ്പെട്ടതുമായ അംഗമാണ്‌ യമം. കാലദേശഭാഷകള്‍ക്കതീതമായി, സാര്‍വ്വത്രികമായി അംഗീകരിച്ചിട്ടുള്ളതും അനുഷ്ഠിക്കേണ്ടതുമായ ധാര്‍മികമൂല്യങ്ങളാണ്‌ യമങ്ങള്‍. മനുഷ്യരാശിയുടെ വളര്‍ച്ചയും നിലനില്‍പും ഇവയുടെ നിലനില്‍പിനെ ആശ്രയിച്ചിരുക്കുന്നു. യമങ്ങള്‍ അഞ്ചാണ്‌. അവ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്‌.

അഹിംസ
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വര്‍ജ്ജിക്കേണ്ടവയില്‍ പ്രധാനപ്പെട്ടത്‌ ഹിംസയാണ്‌. ആന്തരികവും ബാഹ്യവുമായ ഹിംസ ഒരു പോലെ പാപമാണ്‌. ചിന്തകൊണ്ടും പ്രവൃത്തി കൊണ്ടും ഹിംസ പാടില്ല, തെറ്റാണ്‌. അത്‌ ഒരുവന്റെ ആന്തരിക ശുദ്ധിയേയും ശക്തിയേയും ക്ഷയിപ്പിക്കുന്നു. ജീവിതത്തില്‍ അഹിംസ പാലിക്കുന്ന വ്യക്തിയുടെ ധൈര്യവും ആത്മവിശ്വാസവും പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നു. ആയതിനാല്‍ യോഗ അഭ്യസിക്കുന്ന ഒരാള്‍ അഹിംസ അവശ്യം ആചരിക്കേണ്ടതാകുന്നു.

സത്യം
അസത്യം വര്‍ജ്ജിക്കണമെന്ന്‌ യോഗ പ്രത്യേകം നിഷ്കര്‍ഷിക്കുന്നു. നുണ പറയുമ്പോള്‍ കുറ്റബോധവും ഭയവും ഒരുവനില്‍ ഉടലെടുക്കുന്നു. ഒരു നുണയെ രക്ഷിക്കാന്‍ ധാരാളം നുണകള്‍ വീണ്ടും പറയേണ്ടിവരുന്നു. വ്യക്തി വികാസത്തെ ഇല്ലാതാക്കി അവന്റെ വളര്‍ച്ച മുരടിപ്പിക്കുന്നു. സത്യം പറഞ്ഞില്ലെങ്കിലും അസത്യം പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ അപ്രിയസത്യങ്ങളും ഒഴിവാക്കണമെന്ന്‌ ഭഗവത്ഗീതയിലും പരമാര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. സത്യം ആചരിക്കുമ്പോള്‍ ഭയം മാറി ആന്തരികശക്തി വര്‍ദ്ധിക്കുന്നു.

അസ്തേയം
അസ്തേയമെന്നാല്‍ മോഷടിക്കാതിരിക്കലാണ്‌. അറിഞ്ഞോ അറിയാതയോ മോഷ്ടിക്കാത്ത ആളുകള്‍ ഉണ്ടാകാനിടയില്ല. ബാല്യകാലത്തെങ്കിലും ഇതിന്‌ അടിമപ്പെടാത്തവര്‍ വിരളമായിരിക്കും. പിന്നീടും വളര്‍ച്ചയിലെ പല ഘട്ടങ്ങളിലും മോഷണം പലരെയും പിന്തുടര്‍ന്നു കാണുന്നുണ്ട്‌. ഇത്തരം ചിന്തകള്‍ വ്യക്തിയുടെ മുഖത്തെപ്പോലും മോശമായി സ്വാധീനിക്കുന്നു. അതുകൊണ്ടാണ്‌ ചിലരെ കാണുമ്പോള്‍ കള്ളലക്ഷണമുണ്ടെന്ന്‌ നമ്മള്‍ പറയുന്നത്‌. ചിന്തയും പ്രവൃത്തിയും തെറ്റായ ഈ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ വ്യക്തിക്കുമാത്രമല്ല സമൂഹത്തിനും അത്‌ ദോഷമായി മാറുന്നു. അതിനാല്‍ വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ശുദ്ധിക്ക്‌ മോഷ്ടിക്കാതിരിക്കല്‍ അനിവാര്യമാണ്‌.

ബ്രഹ്മചര്യം
നാലാശ്രമങ്ങളില്‍ ആദ്യത്തെ ആശ്രമമാണ്‌ (ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) ഉപനയനം കഴിഞ്ഞ്‌ ഗൃഹസ്ഥാശ്രമം തുടങ്ങുന്നതിനു മുമ്പുള്ള കാലം. വിഷയാദികളില്‍ ലയിക്കാതെ മനസ്സിനെ ബ്രഹ്മത്തില്‍ നിലനിര്‍ത്തുന്നത്‌. വിവാഹം ചെയ്യാത്ത അവസ്ഥ എന്നും പറയ‍ാം. ത്രിവിധകരണങ്ങളിലുള്ള ചാരിത്രശുദ്ധിയാണ്‌ ബ്രഹ്മചര്യമെന്നും ചിലര്‍ പറയുന്നു. എങ്കിലും എല്ലാ അവിവാഹിതരും ബ്രഹ്മചാരികളാകണമെന്നില്ല. അതുപോലെ എല്ലാ വിവാഹിതരും അബ്രഹ്മചാരികളുമല്ല. പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടെന്നു പറയുന്ന ഭഗവാന്‍ കൃഷ്ണനെയാണ്‌ ഏറ്റവും വലിയ യോഗിയായി ആദരിക്കുന്നത്‌. വിവാഹം കഴിക്കാത്ത അവസ്ഥ എന്നതിലുപരി വിഷയാദികള്‍ക്കടിമപ്പെടാതെ സമചിത്തതയോടുകൂടി ജീവിക്കാന്‍ കഴിയുന്ന അവസ്ഥയെയാണ്‌ യോഗശാസ്ത്രം ബ്രഹ്മചര്യമെന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

അപരിഗ്രഹം
മറ്റുള്ളവരില്‍ നിന്ന്‌ യാതൊന്നും സ്വീകരിക്കാതിരിക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടേതൊന്നും ആഗ്രഹിക്കാതിരിക്കലാണ്‌ അപരിഗ്രഹം. ആഗ്രഹങ്ങള്‍ മനുഷ്യസഹജമാണ്‌. അത്‌ നൈസര്‍ഗ്ഗികമായി ഒരു വ്യക്തിയിലുണ്ടാകുന്നതാണ്‌. പക്ഷേ ആ ആഗ്രഹമുണ്ടാകുന്നത്‌ മറ്റുള്ളവര്‍ക്കുള്ളത്‌ കണ്ടുകൊണ്ടാണെങ്കില്‍ അത്‌ തെറ്റും വര്‍ജ്ജിക്കേണ്ടതുമാണ്‌. ഒരിക്കലും മറ്റുള്ളവരുടെ സമ്പത്തും, സൗകര്യങ്ങളും നമ്മുടെ സുഖവും സമാധാനവും ഇല്ലാതാക്കുന്നതാവരുത്‌. അന്യന്റേത്‌ തനിക്ക്‌ ലഭിക്കണമെന്ന ആഗ്രഹം നിര്‍ബന്ധമായും ഉപേക്ഷിക്കേണ്ടതാണ്‌. ജീവിതത്തില്‍ അപരിഗ്രഹം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാശയും ദുഃഖവും തദ്വാര നാശവും സുനിശ്ചിതമാണ്‌.

മേല്‍ പറഞ്ഞ അഞ്ച്‌ യമങ്ങളും പാലിച്ചുകഴിയുമ്പോള്‍ അഷ്ട‍ാംഗയോഗത്തിലെ ആദ്യത്തെ പടി കയറിക്കഴിഞ്ഞുവെന്നു മനസ്സിലാക്ക‍ാം.

[ഈ ലേഖനം ജന്മഭൂമി പത്രത്തില്‍ നിന്നും എടുത്തതാണ്. ലേഖകന്‍: ശ്രീ ജി.ദേവന്‍, പ്രിന്‍സിപ്പാള്‍, സരസ്വതി വിദ്യാനികേതന്‍, എളമക്കര]