താരോപദേശം – കിഷ്കിന്ദാകാണ്ഡം (64)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

താരോപദേശം

“എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്ങ്‌മ‍ാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍.
ഇല്ല ജനനം മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നില്‍ക്കയുമില്ല നടക്കയുമില്ല കേള്‍
ദു:ഖവിഷയവുമല്ലതു കേവലം
സ്‌ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സര്‍വഗന്‍ ജീവനേകന്‍ പരനദ്വയ-
നവ്യയനാകാശതുല്യനലേപകന്‍
ശുദ്ധമായ്‌ നിത്യമായ്‌ ജ്ഞാനാത്മകമായ
തത്വമോര്‍ത്തെന്തു ദുഃഖത്തിനു കാരണം?”
രാമവാക്യാമൃതം കേട്ടോരു താരയും
രാമനോടാശു ചോദിച്ചിതു പിന്നെയും:
“നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമായതും
സച്ചിദാത്മ നിത്യനായതു ജീവനും
ദുഃഖസുഖാദി സംബന്ധമാര്‍ക്കെന്നുളള-
തൊക്കെയരുള്‍ചെയ്കവേണം ദയാനിധേ!”
എന്നതു കേട്ടരുള്‍ചെയ്‌തു രഘുവരന്‍:
“ധന്യേ രഹസ്യമായുളളതു കേള്‍ക്ക നീ.
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ്‌വരും
അത്രനാളേക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം.
ഓര്‍ക്കില്‍ മിത്ഥ്യാഭൂതമായ സംസാരവും
പാര്‍ക്ക താനേ വിനിവര്‍ത്തിക്കയല്ലെടോ!
നാനാവിഷയങ്ങളെദ്ധ്യായമാനന‍ാം
മാനവനെങ്ങനെയെന്നതും കേള്‍ക്ക നീ.
മിത്ഥ്യാഗമം നിജ സ്വപ്‌നേ യഥാ തഥാ
സത്യമായുളളതു കേട്ടാലുമെങ്കിലോ
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹംകൃതിക്കാശു തല്‍ക്കാര്യമായ്‌
സംസാരമുണ്ടാമപാര്‍ത്ഥകമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തല്‍ലകൃതബന്ധം ഭവിക്കുന്നു
രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം
ശുദ്ധസ്ഫടികവും തദ്വര്‍ണ്ണമായ്‌വരും
വസ്‌തുതയാ പാര്‍ക്കിലില്ല തദ്രഞ്ജനാ
ചിത്തേ നിരൂപിച്ചു കാണ്‍ക നീ! സൂക്ഷമമായ്‌.
ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ-
ലെത്തുമാത്മാവിനു സംസാരവും ബലാല്‍
ആത്മസ്വലിംഗമായോരു മനസ്സിനെ
താല്‍പര്യമോടു പരിഗ്രഹിച്ചിട്ടല്ലോ
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ-
സ്സത്വാദികള‍ാം ഗുണങ്ങളാല്‍ ബദ്ധനായ്‌
സേവിക്കയാലവശത്വം കലര്‍ന്നതു
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു
ആദൗ മനോഗുണാന്‍ സൃഷ്ട്വാ തതസ്തദാ
വേദം വിധിക്കും ബഹുവിധകര്‍മ്മങ്ങള്‍
ശുക്ലരക്താസിതഭ്ഗതികളാ-
യ്മിക്കതും തത്സമാനപ്രഭാവങ്ങളായ്‌
ഇങ്ങനെ കര്‍മ്മവശേന ജീവന്‍ ബലാ-
ലെങ്ങുമാഭൂതപ്ലവം ഭ്രമിച്ചീടുന്നു
പിന്നെസ്സമസ്തസംഹാരകാലേ ജീവ-
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു
തിഷ്‌ഠത്യഭിനിവേശത്താല്‍ പുനരഥ
സൃഷ്ടികാലേ പൂര്‍വവാസനയാ സമം
ജായതേ ഭൂയോ ഘടീയന്ത്രവല്‍സദാ
മായാബലത്താലതാര്‍ക്കൊഴിമെടോ
യാതൊരിക്കല്‍ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു,
മത്ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്മതി മദ്വിഷയാ ദൃഢം
ശ്രദ്ധയുമുണ്ട‍ാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ
സല്‍ഗുരുനാഥ പ്രസാദേന മാനസേ
മുഖ്യവാക്യാര്‍ത്ഥവിജ്ഞാമുണ്ടായ്‌വരും
ദേഹേന്ദ്രിയ മനഃപ്രാണാദികളില്‍ നി-
ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു
സത്യമാനന്ദമേകം പരമദ്വയം
നിത്യം നിരുപമം നിഷ്‌കളങ്കം നിര്‍ഗ്ഗുണം
ഇത്ഥമറിയുമ്പോള്‍ മുക്തനാമപ്പൊഴേ
സത്യം മയോദിതം സത്യം മയോദിതം
യാതൊരുത്തന്‍ വിചാരിക്കുന്നതിങ്ങനെ
ചേതസി സംസാരദുഃഖമവനില്ല.
നീയും മയാ പ്രോക്തമോര്‍ത്തു വിശുദ്ധയാ-
യ്മായാവിമോഹം കളക മനോഹരേ!
കര്‍മ്മബന്ധത്തിങ്കല്‍ നിന്നുടന്‍ വേര്‍പെട്ടു
നിര്‍മ്മല ബ്രഹ്‌മണിതന്നെ ലയിക്ക നീ
ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക
ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു
രൂപവുമേവം നിനക്കു കാട്ടിത്തന്നു
താപമിനിക്കളഞ്ഞാലുമശേഷം നീ
മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊള്‍കയും
ചെയ്താല്‍ നിനക്കു മോക്ഷം വരും നിര്‍ണ്ണയം
കൈതവമല്ല പറഞ്ഞതു കേവലം”
ശ്രീരാമവാക്യമാനന്ദേന കേട്ടോരു
താരയും വിസ്മയം പൂണ്ടു വണങ്ങിനാള്‍
മോഹമകന്നു തെളിഞ്ഞിതു ചിത്തവും
ദേഹാഭിമാനജദുഃഖവും പോക്കിനാള്‍
ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ-
യാത്മബോധേന ജീവന്മുക്തയായിനാള്‍
മോക്ഷപ്രദനായ രാഘവന്‍തന്നോടു
കാല്‍ക്ഷണം സംഗമമാത്രേണ താരയും
ഭക്തി മുഴുത്തിട്ടനാദിബന്ധം തീര്‍ന്നു
മുക്തയായാളൊരു നാരിയെന്നാകിലും
വൃഗ്രമെല്ലാമകലെപ്പോയ്തെളിഞ്ഞിതു
സുഗ്രീവനുമിവ കേട്ടോരനന്തരം
അജ്ഞാനമെല്ലാമകന്നു സൗഖ്യം പൂണ്ടു
വിജ്ഞാനമോടതി സ്വസ്ഥനായാന്‍ തുലോം.

Close