യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 138 [ഭാഗം 3. ഉത്പത്തി പ്രകരണം]
ബീജജാഗ്രത്തഥാ ജാഗ്രന്‍ മഹജാഗ്രത് തഥൈവ ച
ജാഗ്രത്സ്വപ്നസ്തഥാ സ്വപ്ന: സ്വപ്നജാഗ്രത്സുഷുപ്തകം
ഇതി സപ്തവിധോ മോഹ: പുനരേവ പരസ്പരം (3/117/12)
വസിഷ്ഠന്‍ തുടര്‍ന്നു: ലവണ രാജാവിന്റെ കൊട്ടാരത്തില്‍ ആ ജാലവിദ്യക്കാരന്‍ വന്നപ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ. സഭയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷനായ അയാള്‍ ആരാണെന്നറിയാന്‍ സഭാവാസികള്‍ക്ക് ആകാംക്ഷയായി. അയാള്‍ ഒരു ദേവദൂതനാണെന്ന് എന്റെ ദിവ്യദൃഷ്ടിയാല്‍ ഞാനറിഞ്ഞു . ഉന്നതമായ യാഗകര്‍മ്മങ്ങള്‍ ചെയുന്നവരെ പരീക്ഷിക്കാനായി അവര്‍ക്കു പലതരത്തിലും ഉപദ്രവം നല്കുക ഇന്ദ്രന്റെ പതിവാണ്. ലവണരാജാവ് മാനസികമായി യാഗമനുഷ്ഠിക്കുകയായിരുന്നല്ലോ. അദ്ദേഹത്തില്‍ മോഹവിഭ്രാന്തിയുണ്ടായത് ഇങ്ങിനെയാണ്. യാഗകര്‍മ്മങ്ങള്‍ നടത്തിയതും മനസ്സ്; ദുരിതം സഹിച്ചതും മനസ്സ്. ഇതേ മനസ്സ് നിര്‍മ്മലമാവുമ്പോള്‍ അതുണ്ടാക്കിയ ദ്വന്ദഭാവവും നാനാത്വവും സ്വയം അപ്രത്യക്ഷമാവും. രാമാ, ചാക്രികമായി നടക്കുന്ന സൃഷ്ടിസര്‍ഗ്ഗത്തെപ്പറ്റി, അതായത് കഴിഞ്ഞ വിശ്വപ്രളയശേഷം ഉള്ള കാര്യങ്ങളെപ്പറ്റി, ഞാന്‍ പറഞ്ഞുകഴിഞ്ഞു. ‘ഞാന്‍’, ‘എന്റേത്’ എന്നീ തെറ്റിധാരണകള്‍ ഒരുവനില്‍ അങ്കുരിക്കുന്നതെങ്ങിനെയെന്നും പറഞ്ഞു. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ആരൊരുവന്‍ ക്രമമായി യോഗമാര്‍ഗ്ഗത്തിലെ എഴു പടികള്‍താണ്ടി പരിപൂര്‍ണ്ണതയിലെത്തുന്നുവോ അവന് മുക്തിയായി.
രാമന്‍ ചോദിച്ചു : ഭഗവന്‍, ഏതാണീ ഏഴുപടികള്‍?
വസിഷ്ഠന്‍ പറഞ്ഞു: രാമ, അജ്ഞാനത്തില്‍ താഴോട്ട് ഏഴും; വിജ്ഞാനത്തില്‍ മുകളിലേയ്ക്ക് ഏഴും പടികളാണുള്ളത്. അതെപ്പറ്റി ഞാനിനി പറയാം. മനസ്സ് ആത്മജ്ഞാനത്തില്‍ ദൃഢീകൃതമായാല്‍ മോക്ഷമായി. എന്നാല്‍ അതിലുണ്ടാവുന്ന ക്ഷോഭം അഹംകാരത്തിനും ബന്ധനത്തിനും കാരണമാവുന്നു. ആത്മജ്ഞാനാവസ്ഥയില്‍ മനസ്സ് ക്ഷോഭങ്ങളൊഴിഞ്ഞ് പ്രശാന്തമാണ്. മനസ്സില്‍ മന്ദതയോ അസ്വസ്ഥതയോ, അഹംകാരമോ നാനാത്വധാരണകളോ അപ്പോഴില്ല. “ആത്മജ്ഞാനത്തെ മൂടിമറയ്ക്കുന്ന മോഹവിഭ്രാന്തികള്‍ ഏഴുതരമാണ്. ബീജാവസ്ഥയിലിരിക്കുന്ന ജാഗ്രത്ത്, ജാഗ്രതാവസ്ഥ, മഹാ ജാഗ്രത്ത്, ജാഗ്രത്തായ സ്വപ്നാവസ്ഥ, സ്വപ്നാവസ്ഥ, സ്വപ്നാവസ്ഥയിലുള്ള ജാഗ്രത്ത്, സുഷുപ്തി എന്നിവയാണവ.”
നിര്‍മ്മലബോധത്തില്‍ മനസ്സും ജീവനും നാമമാത്രമായി ഉള്ളപ്പോള്‍, അതിന് ബീജാവസ്ഥയിലുള്ള ജാഗ്രത്ത് എന്നു പറയും. ‘ഞാന്‍’.‘എന്റെ’ തുടങ്ങിയ ധാരണകള്‍ ഉണരുമ്പോള്‍ അത് ജാഗ്രതാവസ്ഥയായി. ഈ ധാരണകള്‍ പൂര്‍വ്വജന്മങ്ങളിലെ ഓര്‍മ്മകളുമായിച്ചേര്‍ന്ന് പ്രബലമാവുമ്പോള്‍ അത് മഹാജാഗ്രത്തായി. മനസ്സ് പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുമ്പോള്‍ സ്വന്തം ഭാവനകളാലും മോഹങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ് ജാഗ്രത്തായ സ്വപ്നാവസ്ഥ. ഉറക്കത്തിലെ അനുഭവങ്ങളെന്ന തെറ്റിദ്ധാരണ- ഇനിയും യാഥാര്‍ത്ഥ്യമാവാത്ത അനുഭവങ്ങള്‍- സ്വപ്നാവസ്ഥയാണ്. സ്വപ്നത്തില്‍ പൂര്‍വ്വാനുഭവങ്ങള്‍ അനുഭവവേദ്യമാകുന്ന അവസ്ഥയാണ് സ്വപ്നാവസ്ഥയിലെ ജാഗത്ത്. ഇതെല്ലാം പരിപൂര്‍ണ്ണമായ മാന്ദ്യത്തിനു വഴിമാറിക്കൊടുക്കുമ്പോള്‍ സുഷുപ്തിയായി. ഈ ഏഴു പടികള്‍ക്കുള്ളില്‍ അനേകം ഉപവിഭാഗങ്ങളുണ്ട്.