സുഗ്രീവരാജ്യാഭിഷേകം
സുഗ്രീവനോടരുള്‍ചെയ്താനനന്തര-
“മഗ്രജപുത്രനാമംഗദന്‍തന്നെയും
മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ-
പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ”
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു-
മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍.
സൗമ്യയായുള്ളോരു താരയും പുത്രനും
ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും
പൗരജനങ്ങളുമായ് നൃപേന്ദ്രോചിതം
ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും
ശാസ്‌ത്രോക്തമാര്‍ഗ്ഗേണ കര്‍മ്മം കഴിച്ചഥ
സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ
മന്ത്രികളോടും പ്രണമ്യ പാദാംബുജ-
മന്തര്‍മ്മുദാ പറഞ്ഞാന്‍ കപിപുംഗവന്‍:
“രാജ്യത്തെ രക്ഷിച്ചുകൊള്‍കവേണമിനി
പൂജ്യനാകും നിന്തിരുവടി സാദരം.
ദാസനായുള്ളോരടിയനിനിത്തവ-
ശാസനയും പരിപാലിച്ചു സന്തതം
ദേവദേവേശ! തേ പാദപത്മദ്വയം
സേവിച്ചുകൊള്ളുവാന്‍ ലക്ഷമണനെപ്പോലെ”
സുഗ്രീവവാക്കുകളിത്തരം കേട്ടാട-
നഗ്രേ ചിരിച്ചരുള്‍ചെതു രഘൂത്തമന്‍:
“നീ തന്നെ ഞാനതിനില്ലൊരു സംശയം
പ്രീതനായ്‌പോയാലുമാശു മമാജ്ഞയാ
രാജ്യാധിപത്യം നിനക്കു തന്നേനിനി-
പ്പൂജ്യനായ്ചെന്നഭിഷേകം കഴിക്ക നീ
നൂനമൊരു നഗരം പുകയുമില്ല
ഞാനോ പതിന്നാലു സംവത്സരത്തോളം.
സൗമിത്രി ചെയ്യുമഭിഷേകമാദരാല്‍
സാമര്‍ത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ
യൗവരാജ്യാര്‍ത്ഥമഭിഷേചയ പ്രഭോ!
സര്‍വമധീനം നിനക്കു രാജ്യം സഖേ!
ബാലിയെപ്പോലെ പരിപാലനം ചെയ്തു
ബാലനേയും പരിപാലിച്ചുകൊള്‍ക നീ
അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-
നദ്യപ്രഭൃതി ചാതുര്‍മ്മാസ്യമാകുലാല്‍
പിന്നെ വരിഷം കഴിഞ്ഞാലനന്തര-
മന്വേഷണാര്‍ത്ഥം പ്രയത്നങ്ങള്‍ ചെയ്ക നീ
തന്വംഗിതാനിരിപ്പേടമറിഞ്ഞു വ-
ന്നെന്നോടു ചൊല്‍കയും വേണം മമ സഖേ!
അത്രനാളും പുരത്തിങ്കല്‍ വസിക്ക നീ
നിത്യസുഖത്തൊടും ദാരാത്മജൈസ്സമം
രാഘവന്‍തന്നോടനുജ്ഞയും കൈക്കൊണ്ടു
വേഗേന സൗമിത്രിയോടു സുഗ്രീവനും
ചെന്നു പുരിപുക്കഭിഷേകവും ചെയ്തു
വന്നിതു രാമാന്തികേ സുമിത്രാത്മജന്‍
സോദരനോടും പ്രവര്‍ഷണാഖ്യേ ഗിരൗ
സാദരം ചെന്നു കരേറീ രഘൂത്തമന്‍.
ഉന്നതമൂര്‍ദ്ധ്വശിഖരം പ്രവേശിച്ചു
നിന്നനേരമൊരു ഗഹ്വരം കാണായി.
സ്ഫാടികദീപ്തി കലര്‍ന്നു വിളങ്ങിന
ഹാടകദേശം മണിപ്രവരോജ്ജ്വലം
വാതവരിഷഹിമാതപവാരണം
പാദപവൃന്ദഫലമൂലസഞ്ചിതം
തത്രൈവ വാസായ രോചയാമാസ സൗ-
മിത്രിണാ ശ്രീരാമഭദ്രന്‍ മനോഹരന്‍
സിദ്ധയോഗീന്ദ്രാദി ഭക്തജനം തദാ
മര്‍ത്ത്യവേഷം പൂണ്ട നാരായണന്‍തന്നെ
പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം.
പക്ഷിദ്ധ്വജനെബ്ഭജിച്ചു തുടങ്ങിനാര്‍.
സ്ഥാവരജംഗമജാതികളേവരും
ദേവനെക്കണ്ടു സുഖിച്ചു മരുവിനാര്‍.
രാഘവന്‍ തത്ര സമാധിവിരതനാ-
യേകാന്തദേശേ മരുവും ദശാന്തരേ
ഏകദാ വന്ദിച്ചു സൗമിത്രി സസ്‌പൃഹം
രാഘവനോടു ചോദിച്ചരുളീടിനാന്‍:
“കേള്‍ക്കയിലാഗ്രഹം പാരം ക്രിയാമാര്‍ഗ്ഗ-
മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ!
വര്‍ണ്ണാശ്രമികള്‍ക്കു മോക്ഷദംപോലതു
വര്‍ണ്ണിച്ചരുള്‍ചെയ്കവേണം ദയാനിധേ!
നാരദവ്യാസവിരിഞ്ചാദികള്‍ സദാ
നാരായണപൂജകൊണ്ടു സാധിക്കുന്നു
നിത്യം പുരുഷാര്‍ത്ഥമെന്നു യോഗീന്ദ്രന്മാര്‍
ഭക്ത്യാ പറയുന്നിതെന്നു കേള്‍പ്പുണ്ടു ഞാന്‍.
ഭക്തനായ് ദാസനായുള്ളോരടിയനു
മുക്തിപ്രദമുപദേശിച്ചരുളേണം
ലോകൈകനാഥ! ഭവാനരുള്‍ചെയ്കിലോ
ലോകോപകാരകമാകയുമുണ്ടല്ലോ.
ലക്ഷ്മണനേവമുണര്‍ത്തിച്ച നേരത്തു
തല്‍ക്ഷണേ ശ്രീരാമദേവനരുള്‍ചെയ്തു: