യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 145 [ഭാഗം 4. സ്ഥിതി പ്രകരണം]

ഭാഗം 4. സ്ഥിതി പ്രകരണം ആരംഭം

സാകാരവടധാനാദാവങ്കുരാ: സന്തി യുക്തിമത്
നാകാരേ തന്മഹാകാരം ജഗദസ്തി ത്യയുക്തികം (33)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ, ലോകസൃഷ്ടിയുടെ പുറകിലുള്ള സത്യം ഞാന്‍ വെളിപ്പെടുത്തിയല്ലോ. ഇനി ഞാന്‍ ഈ സൃഷ്ടികളുടെയും പ്രത്യക്ഷമായ ഈ ലോകത്തിന്റെയും സ്ഥിതി പരിപാലനം എങ്ങിനെയാണു നടക്കുന്നതെന്ന് നിനക്കു പറഞ്ഞു തരാം. ലോകമെന്ന ഈ മായക്കാഴ്ച്ച ഉള്ളിടത്തോളം കാലം മാത്രമേ ഈ ലോകം ‘അറിയപ്പെടുന്ന’ ഒരു വസ്തുവായി നിലനില്‍ക്കുന്നുള്ളു. സ്വപ്നദൃശ്യത്തിന്റെ പോലെയുള്ള സത്യാവസ്ഥയാണിതിനുള്ളത്. കാരണം ഒന്നുമില്ലായ്മയില്‍നിന്നും യാതൊരുപകരണങ്ങളും കൂടാതെ, സൃഷ്ടാവായി ആരുമില്ലാതെ, ‘ഉണ്ടായതാണ്‌’ ഈ ലോകം. അതായത് ദിവാസ്വപ്നം പോലെ അയാഥാര്‍ത്ഥമാണിത്. മഴവില്ലുപോലെ, ശൂന്യതയില്‍ വരച്ച ചിത്രപടമാണത്. പരന്നു വികസിച്ച മൂടല്‍ മഞ്ഞുപോലെ പിടിക്കാന്‍ ചെന്നാല്‍ ഒന്നുമവശേഷിക്കാത്ത ഒന്നാണത്. ചിലചിന്തകന്മാര്‍ ലോകത്തെ ജഢമെന്നു കരുതുന്നു. ചിലര്‍ ശൂന്യമെന്നും മറ്റുചിലര്‍ അണുക്കളുടെ സംഘാതമാണിതെന്നും പറയുന്നു.

രാമന്‍ ചോദിച്ചു: വിശ്വം ബീജാവസ്ഥയില്‍ പരമപുരുഷനില്‍ നിലകൊള്ളുന്നു എന്നും അടുത്തയുഗാരംഭത്തില്‍ പ്രകടമാവുന്നു എന്നും പറയപ്പെടുന്നു. ഇതെങ്ങിനെയാണ്‌? ഈ വിശ്വാസം വച്ചുപുലര്‍ത്തുന്നവരെ പ്രബുദ്ധരെന്നാണോ അജ്ഞാനികളെന്നാണോ കരുതേണ്ടത്?

വസിഷ്ഠന്‍ തുടര്‍ന്നു: ഈ കാണപ്പെട്ട വിശ്വം പ്രളയശേഷം ബീജാവസ്ഥയില്‍ നിലകൊള്ളൂന്നു എന്നു പറയുന്നവര്‍ ഈ വിശ്വം സത്യമാണെന്ന് ഉറച്ച വിശ്വാസമുള്ളവരാണ്‌. അത് ശുദ്ധമായ അജ്ഞാനമാണ്‌ രാമാ. ഈ വികലദര്‍ശനം ഗുരുവും ശിഷ്യനും മോഹവലയത്തിലാണെനുള്ളതിന്‌ തെളിവാണ്‌. ഒരു മരത്തിന്റെ വിത്തില്‍ സൂക്ഷ്മമായുള്ളത് ഭാവിയിലുണ്ടാകാന്‍ പോവുന്ന മരമാണ്‌. ആ സാദ്ധ്യതമാത്രമാണ്. വിത്ത്, മുള, ചെടി, മരം, ഒക്കെ ‘അറിവിന്റെ’ തലത്തിലുള്ള പദാര്‍ത്ഥങ്ങളാണ്‌. മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ‘അറിയാന്‍’ കഴിയുന്ന വിഷയവസ്തുക്കളാണവ.

എന്നാല്‍ മനസ്സേന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയുന്നതിനതീതമായുള്ളവ എങ്ങിനെയാണ്‌ ലോകങ്ങള്‍ക്ക് ബീജമാവുന്നത്? ആകാശത്തേക്കാള്‍ സൂക്ഷ്മമായതിന്റെ അകത്ത് വിശ്വത്തിന്റെ ബീജമെങ്ങിനെ നിലകൊള്ളൂം? കാര്യങ്ങളങ്ങിനെയിരിക്കുമ്പോള്‍ പരമപുരുഷനില്‍ നിന്ന് വിശ്വത്തിന്റെ ബീജം എങ്ങിനെ ആവിര്‍ഭവിക്കാനാണ്‌? ശൂന്യതയില്‍ എന്തിനാണ്‌ നിലനില്‍ക്കാന്‍ കഴിയുക? അഥവാ ശൂന്യതയില്‍ വിശ്വമെന്നൊരു വസ്തു ഉണ്ടെങ്കില്‍ അതെന്തുകൊണ്ട് കാണപ്പെടുന്നില്ല? ഒരു പാത്രത്തിനുള്ളിലെ ശൂന്യസ്ഥലത്ത് ഒരു മരമുണ്ടാവുന്നതെങ്ങിനെ? രണ്ടു വിരുദ്ധ വസ്തുക്കള്‍ (വിശ്വവും ബ്രഹ്മവും) ഒന്നിച്ചു നിലനില്‍ക്കുന്നതെങ്ങിനെ? സൂര്യനുള്ളപ്പോള്‍ ഇരുട്ടിനു നിലനില്‍ക്കാനാവുമോ? മരം വിത്തില്‍ നിലകൊള്ളുന്നു എന്നുപറയുന്നതില്‍ തെറ്റില്ല. കാരണം അവയ്ക്കു രണ്ടിനും നിയതമായ രൂപങ്ങളുണ്ട്. എന്നാല്‍ രൂപബദ്ധമല്ലാത്ത ബ്രഹ്മത്തില്‍ വിശ്വബീജം നിലകൊള്ളുന്നുവെന്നു പറയുന്നത് യുക്തിയല്ല. അതിനാല്‍ ബ്രഹ്മവും വിശ്വവും തമ്മില്‍ ‘കാര്യ-കാരണബന്ധം’ ഉണ്ടെന്നു പറയുന്നത് മൂഢത്വമാണ്‌. സത്യത്തില്‍ ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നുള്ളു. പ്രത്യക്ഷമായി, പ്രകടമായി കാണപ്പെടുന്ന ലോകവും ബ്രഹ്മം തന്നെയാണ്.