യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 146 [ഭാഗം 4. സ്ഥിതി പ്രകരണം]

ഇത്യസ്തന്തോ ന സദ്ദൃഷ്ടേര്‍ അസദ്ദൃഷ്ടേശ്ച വാ ക്വചിത്
അസ്യാസ്ത്വാഭ്യുദിതം ബുദ്ധം നാബുദ്ധം പ്രതി വാനഘ (2/3/15)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ, പ്രളയസമയത്ത് പരബ്രഹ്മത്തില്‍ വിശ്വം ഒരു വിത്തായി നിലകൊണ്ടിരുന്നുവെങ്കില്‍ പ്രളയാവസാനം വീണ്ടും വിശ്വമായി പ്രത്യക്ഷപ്പെടാന്‍ മറ്റൊരു സഹ-കാരണം കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു. വിശ്വമുണ്ടാവാന്‍ അപ്രകാരമുള്ളൊരു സഹ-കാരണം ഉണ്ടായിരുന്നില്ല എന്നു പറയുന്നത് വന്ധ്യയുടെ പുത്രി എന്നു പറയും പോലെയുള്ള അസംബന്ധമത്രേ. അതുകൊണ്ട് അടിസ്ഥാനകാരണം എന്നത് പരബ്രഹ്മത്തിന്റെ സഹജ സ്വഭാവമാണെന്നറിയുക. പ്രളയശേഷവും ഈ വിശ്വസൃഷ്ടിയില്‍ അതപ്രകാരം തുടരുന്നു. പരബ്രഹ്മവും വിശ്വവും തമ്മില്‍ കാര്യ-കാരണ ബന്ധമില്ല. ചിദാകാശത്തില്‍, അനന്താവബോധത്തില്‍, അനേക കോടി വിശ്വങ്ങള്‍ ഉള്ളത് തിളക്കമുള്ള പൊടിപടലങ്ങള്‍ പോലെയാണ്‌. ഒരിരുട്ടുമുറിയില്‍ മേല്‍ക്കൂരയിലെ ദ്വാരത്തിലൂടെ വരുന്ന സൂര്യരശ്മിയില്‍ പൊടിപടലങ്ങള്‍ തിളക്കമാര്‍ന്നു കാണുന്നു. എന്നാല്‍ പുറത്ത് സൂര്യപ്രകാശത്തില്‍ അവ ദൃശ്യമല്ല എന്നതുപോലെ പരമമായ അദ്വൈതബോധത്തില്‍ വിശ്വം കാണപ്പെടുന്നില്ല. ഒരാളുടെ സ്വഭാവം അയാളില്‍ നിന്നു വിഭിന്നമല്ലാത്തതുപോലെ വിശ്വം അനന്താവബോധത്തില്‍ നിന്നു വിഭിന്നമല്ല.

പ്രളയാനന്തരം വിശ്വസൃഷ്ടിക്കായി ഒരു സൃഷ്ടാവുണ്ടായി. അത് സ്മരണ – ഓര്‍മ്മയാണ്‌. ആ സ്മരണയിലുണ്ടായ ചിന്തകളാണ്‌ കാണപ്പെടുന്ന ഈ ലോകത്തിനു കാരണം. അതോ, ‘ആകാശത്തിലെ അപ്പം’ എന്ന പോലെയുള്ള ഒരു അയാഥാര്‍ത്ഥ്യം മാത്രം. ഈ ചിന്തകളുടലെടുത്ത സ്മരണയ്ക്ക് ശരിയായ അടിത്തറയൊന്നുമില്ല. കാരണം കഴിഞ്ഞ ലോകചക്രത്തിലെ ബ്രഹ്മാദിദേവതകള്‍ എല്ലാം മുക്തിപദം പൂകിയതാണല്ലോ. സ്മരണ ഉള്‍ക്കൊണ്ടു നില്‍ക്കാന്‍ ആരുമില്ലാത്തപ്പോള്‍ അതിനെങ്ങിനെ അസ്തിത്വം സാദ്ധ്യമാവും? ബോധത്തിലുയരുന്ന, പൂര്‍വ്വാനുഭവസംബന്ധിയായോ അല്ലാതെയോ ഉള്ള സ്മരണ വിശ്വമായി കാണപ്പെടുന്നു. അങ്ങിനെ അനന്താവബോധത്തില്‍ പൊടുന്നനേ കാണപ്പെടുന്ന ലോകം യാദൃശ്ചികമായ സൃഷ്ടിയാണ്‌.

ഇങ്ങിനെയുള്ള പ്രത്യക്ഷലോകം വിശ്വപുരുഷന്‍ എന്നപേരില്‍ ഒരു ദിവ്യരൂപം ധരിച്ചു. ചെറിയൊരണുവില്‍ മൂന്നുലോകങ്ങള്‍, അവയുടെ ഘടകങ്ങളായ കാലം, ദൂരം, കര്‍മ്മം, പദാര്‍ത്ഥങ്ങള്‍, പകല്‍, രാത്രി എന്നിവകളോടെ കാണപ്പെടുന്നു. ആ അണുവിനുള്ളില്‍ത്തന്നെ അനേകം അണുക്കളുണ്ട്; അനേകം ലോകദൃശ്യങ്ങളും. ഒരു വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്‍പ്പത്തിന്റെ കയ്യിലൊരു ശില്‍പ്പം; ആ ശില്‍പ്പത്തിന്റെ കയ്യിലും ഒരു ശില്‍പ്പമുണ്ട്. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത വെണ്ണക്കല്‍ ശില്‍പ്പങ്ങളുടെ അനന്തമായ കാഴ്ച്ചപോലെയാണീ ജഗത്ത്.

അതിനാല്‍ രാമ, പ്രബുദ്ധനായവന്റെയും അജ്ഞാനിയുടേയും കണ്ണില്‍ നിന്നും ദൃശ്യങ്ങള്‍ മായുകയില്ല. ജ്ഞാനിക്ക് ഇതെല്ലാം എപ്പോഴും ബ്രഹ്മം മാത്രം. അജ്ഞാനിക്ക് ഇതെപ്പോഴും ലോകം മാത്രം. തികഞ്ഞ ശൂന്യതയില്‍ കാണുന്നതിനെ ‘ദൂരം’ എന്നും അനന്താവബോധത്തില്‍ കാണുന്നതിനെ ‘സൃഷ്ടി’ യെന്നും വിവക്ഷിക്കപ്പെടുന്നു. സൃഷ്ടി എന്നത് വെറുമൊരു വാക്കു മാത്രം – അതിനനുയോജ്യമായ സത്യസ്ഥിതി ഇല്ലതന്നെ.