യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 147 [ഭാഗം 4. സ്ഥിതി പ്രകരണം]

മന: സര്‍വ്വമിദം രാമ, തസ്മിന്നന്തശ്ചികിത്സിതേ
ചികിത്സിതോ വൈ സകലോ ജഗജ്ജാലാമയോ ഭവേത് (4/4/5)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ, ഈ ദുര്‍ഘടമായ സംസാരസാഗരത്തെ കടക്കാന്‍ ഇന്ദ്രിയങ്ങളെ വിജയകരമായി നിയന്ത്രിക്കുക എന്നൊരു മാര്‍ഗ്ഗം മാത്രമേയുള്ളു. മറ്റൊരു പ്രയത്നംകൊണ്ടും പ്രയോജനമില്ല. ശാസ്ത്രപഠനങ്ങളിലൂടെയും മഹര്‍ഷിമാരുമായുള്ള സത്സംഗം വഴിയും ജ്ഞാനമാര്‍ജ്ജിച്ച് ഇന്ദ്രിയങ്ങളെ തന്റെ വരുതിയില്‍ നിര്‍ത്തിയവന്‌ കാണപ്പെടുന്ന വസ്തുക്കള്‍ – ദൃശ്യപ്രപഞ്ചം- മിഥ്യയാണെന്ന ധാരണ ദൃഢീകരിക്കുന്നു. “രാമ, ഇതെല്ലാം മനസ്സു മാത്രമാണ്‌. ഈ മനസ്സ് ശമിച്ചാല്‍ ദൃശ്യപ്രപഞ്ചമെന്ന ഈ മായക്കാഴ്ച്ചയും ശമിക്കും.“

മനസ്സാണ്‌ ശരീരത്തെ ചിന്തിച്ചുണ്ടാക്കുന്നത്. മനസ്സു പ്രവര്‍ത്തിക്കാത്ത ഒരിടവും ആരും കണ്ടിട്ടില്ല. അതിനാല്‍ വിഷയവസ്തുക്കളെക്കുറിച്ചുള്ള തെറ്റിദ്ധാരണയെന്ന മാനസികരോഗം മാറാനുള്ള ചികില്‍സയാണ് എറ്റവും ഉത്തമമായ ചികില്‍സ. മനസ്സ് മോഹവിഭ്രാന്തിയുണ്ടാക്കുന്നു; ജനന മരണാദി ആശയങ്ങളുണ്ടാക്കുന്നു. മാത്രമല്ല, സ്വയം ചിന്തിച്ചുണ്ടാക്കിയ ബന്ധനങ്ങളില്‍പ്പെട്ടുഴന്ന് അവസാനം മുക്തിയും പ്രാപിക്കുന്നു.

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഇത്ര മഹത്തായ ലോകം മനസ്സിലെങ്ങിനെ നിലകൊള്ളുന്നു? ദയവായി വിശദീകരിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: അത് ആ ബ്രാഹ്മണകുമാരന്മാര്‍ ഉണ്ടാക്കിയ വിശ്വങ്ങള്‍ പോലെയാണ്‌. ലവണരാജാവിന്റെ മായകാഴ്ച്ചകള്‍ പോലെയാണ്‌. മറ്റൊരുദാഹരണംകൂടിയുണ്ട്. അത് ശുക്രമുനിയുടെ കഥയാണ്‌. ഞാനത് വിശദമാക്കാം.

പണ്ട് ഭൃഗുമഹര്‍ഷി മലമുകളില്‍ തീവ്രമായ ഒരു തപസ്സിലേര്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ശുക്രന്‍ അന്ന് ചെറുപ്പം. അച്ഛന്‍ ധ്യാനനിമഗ്നനായിരുന്നപ്പോള്‍ മകന്‍ അദ്ദേഹത്തിനുവേണ്ട ശുശ്രൂഷകള്‍ ചെയ്തുവന്നു. യുവാവായ ശുക്രന്‍ ഒരുദിവസം ആകാശചാരിയായ ഒരപ്സരസ്സിനെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അവളോടുള്ള ആശയാല്‍ അസ്വസ്ഥമായി. അപസരസ്സിന്റെ മനസ്സിലും അപ്രകാരമൊരു വികാരം തേജസ്വിയായ മുനികുമാരനെക്കണ്ടപ്പോഴുണ്ടായി. അവളോടുണ്ടായ ഉള്‍ക്കടമായ ആശയാല്‍ ശുക്രന്‍ കണ്ണടച്ച് ധ്യാനിച്ച് അവളെ പിന്തുടര്‍ന്ന് സ്വര്‍ഗ്ഗത്തിലെത്തി. അവിടെ സ്വര്‍ഗ്ഗവാസികളായ ദേവഗന്ധര്‍വ്വാദികളെ അദ്ദേഹം കണ്ടു. സ്വര്‍ഗ്ഗത്തിലെ ആനകളെയും കുതിരകളെയും കണ്ടു. ബ്രഹ്മാവിനെയും പ്രപഞ്ചത്തെ ഭരിക്കുന്ന മറ്റ് ദേവതമാരെയും അദ്ദേഹമവിടെക്കണ്ടു. സിദ്ധന്മാരെക്കണ്ടു. സ്വര്‍ഗീയസംഗീതമാസ്വദിച്ചു. സ്വര്‍ഗ്ഗത്തിലെ നന്ദനോദ്യാനങ്ങള്‍ കണ്ടു. അവസാനം സ്വര്‍ഗ്ഗാധിപനായ ഇന്ദ്രനെയും കണ്ടു. അനേകം അതിസുന്ദരികളായ അപ്സരസ്സുകളാല്‍ പരിലാളിതനായി അദ്ദേഹം ഉന്നതമായൊരു സിംഹാസനത്തിലിരിക്കുന്നു. ശുക്രന്‍ ഇന്ദ്രനെ അഭിവാദ്യം ചെയ്തു. ഇന്ദ്രന്‍ സിംഹാസനത്തില്‍ നിന്നെണീറ്റ് മുനികുമാരനെ ഉപചാരപൂര്‍വ്വം സീകരിച്ച് കുറച്ചധികം നാളുകള്‍ സ്വര്‍ഗ്ഗത്തിലെ അഥിതിയായി താമസിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. ശുക്രന്‍ ക്ഷണം സ്വീകരിച്ചു.