യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 151 [ഭാഗം 4. സ്ഥിതി പ്രകരണം]
നനു വിജ്ഞാതസംസാരഗതയോ വയമാപദാം
സംപദാം ചൈവ ഗച്ഛാമോ ഹര്‍ഷമര്‍ഷവശം വിഭോ (4/11/13)

വസിഷ്ഠന്‍ തുടര്‍ന്നു: യമന്റെ (കാലം) പ്രചോദനത്താല്‍ ഭൃഗുമഹര്‍ഷി ജ്ഞാനദൃഷ്ടിയില്‍ക്കൂടി തന്റെ മകന്റെ പ്രയാണം കണ്ടു. ക്ഷണനേരത്തില്‍ ശുക്രന്റെ പരകായപ്രവേശങ്ങളുടെ മുഴുവന്‍ കഥയും മനസ്സിലാക്കി. വിസ്മയചകിതനായ മഹര്‍ഷി തന്റെ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് തിരികെ വന്നു. മകനോടുള്ള എല്ലാ ആസക്തിയും ഉപേക്ഷിച്ച് ഭൃഗുമഹര്‍ഷി പറഞ്ഞു: ഭഗവന്‍, അങ്ങ് ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ അറിയുന്നവനാണ്‌. ഞങ്ങളോ അല്‍പ്പജ്ഞാനികള്‍. ഇക്കാണപ്പെടുന്ന ലോകം അവാസ്തവമെങ്കിലും സത്യമാണെന്നു തോന്നുകയാണ്‌. വീരനായകന്മാര്‍ പോലും മോഹത്തിനടിമയാകുന്നു. അങ്ങേയ്ക്കുള്ളില്‍ത്തന്നെ ഇതെല്ലാം നിലകൊള്ളുന്നു. മനസ്സിന്റെ ഭാവനകള്‍കൊണ്ടുണ്ടാക്കിയ മായാരൂപങ്ങളുടെ യാഥര്‍ത്ഥ്യം അങ്ങേയ്ക്കറിയാം.

എന്റെ പുത്രന്‍ മരിച്ചിട്ടില്ല. എന്നാല്‍ അങ്ങിനെ വിചാരിച്ച് എന്റെ മനസ്സ് കലുഷിതമായി. കാലമാവുന്നതിനു മുന്‍പ് അവനെ കൊണ്ടുപോയതാണെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. “ഭഗവന്‍, ഭൂമിയിലെ സംഭവവികാസങ്ങളുടെ ഗതിവിഗതികള്‍ നമുക്കറിയാമെങ്കിലും ഭാഗ്യനിര്‍ഭാഗ്യങ്ങളെന്നു നാം കരുതുന്നവയുടെ വരുതിയില്‍പ്പെട്ട് നാം സന്തോഷിക്കുകയും ദു:ഖിക്കുകയും ചെയ്യുന്നു.” ഈ ലോകത്ത് ക്രോധം മൂലം ആളുകള്‍ ചെയ്യരുതാത്ത കര്‍മ്മങ്ങള്‍ ചെയ്യുന്നു. പ്രശാന്തമനസ്സ് മനുഷ്യനെ ഉചിതകര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ലോകാനുഭവം എന്ന മായ ഉള്ളിടത്തോളം കര്‍മ്മങ്ങളെ ഉചിതം, അനുചിതം എന്നിങ്ങനെ തിരിക്കുന്നതിന്‌ പ്രസക്തിയുണ്ട്. അങ്ങയുടെ സഹജകര്‍മ്മം ജീവികളുടെ മരണത്തിലേയ്ക്കു നയിക്കുന്നു. അത് നമ്മുടെ മനസ്സിനെ ക്ഷോഭിപ്പിക്കുന്നത് തികച്ചും അനുചിതം തന്നെ. അങ്ങയുടെ കൃപയാല്‍ ഞാന്‍ മകനെ വീണ്ടും കണ്ടു. മനസ്സുതന്നെയാണ്‌ ശരീരമെന്നും ഈ മനസ്സാണ്‌ പ്രപഞ്ചദര്‍ശനത്തിനു ഹേതുവെന്നും ഞാനറിയുന്നു.

കാലന്‍ പറഞ്ഞു: വളരെ ശരിയാണ്‌ മുനേ. മനസ്സുതന്നെയാണ്‌ ശരീരം. കുശവന്‍ മണ്‍പാത്രമുണ്ടാക്കുന്നതുപോലെ മനസ്സാണ്‌ ശരീരത്തെ കേവലം ചിന്തകള്‍ കൊണ്ട് മാത്രം ‘സൃഷ്ടിക്കുന്നത്’. വെറും ഇച്ഛാശക്തികൊണ്ട് പുതിയ ശരീരങ്ങളെ നിര്‍മ്മിക്കുകയും ഉള്ളവയെ നശിപ്പിക്കുകയും ചെയ്യുന്നത് മനസ്സാണ്‌. മനസ്സിലാണ്‌ മായക്കാഴ്ച്ചകളും, വിഭ്രാന്തികളും യുക്തിരാഹിത്യവും മൂലം ആകാശക്കോട്ടകളുയരുന്നത്. അങ്ങിനെയാണ്‌ ശരീരത്തെ ഉള്ളില്‍ പ്രകടമാക്കുന്നത്. എന്നാല്‍ അജ്ഞാനി ഭൗതീകശരീരത്തെ മനസ്സില്‍നിന്നും വിഭിന്നമായ മറ്റൊരു രൂപമായിക്കാണുന്നു. ജാഗ്രത്-സ്വപ്ന-സുഷുപ്തികള്‍ എന്ന ത്രിലോകങ്ങള്‍ മനസ്സിന്റെ പ്രഭാവങ്ങളുടെ ഒരാവിഷ്ക്കാരം മാത്രം. ഇത് യാഥാര്‍ത്ഥ്യമെന്നോ അല്ലെന്നോ പറയാന്‍ വയ്യ. മനസ്സ് പല പല ഭാവങ്ങളില്‍ ആമഗ്നമായിരിക്കുമ്പോള്‍ കാണുന്നതും വൈവിദ്ധ്യം തന്നെ.