യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 155 [ഭാഗം 4. സ്ഥിതി പ്രകരണം]
ജ്ഞാനസ്യ ച ദേഹസ്യ യാവദ്ദേഹമയം ക്രമ:
ലോകവദ്വ്യവഹാരോയം സക്ത്യാസക്ത്യാധവാ സദാ (4/15/35)
വസിഷ്ഠന്‍ തുടര്‍ന്നു: ഭൃഗുപുത്രനായ ശുക്രന്റെ ജീര്‍ണ്ണിച്ചുവരണ്ട ദേഹമിരിക്കുന്നയിടത്ത് അവരെത്തി. അതുകണ്ട് ശുക്രന്‍ വിലപിച്ചു: ദേവകന്യകകളും അപ്സരസ്സുകളും പുകഴ്ത്തി ബഹുമാനിച്ചിരുന്ന ദേഹമിതാ കൃമികീടങ്ങളുടെ വാസസ്ഥലമായിരിക്കുന്നു. ചന്ദനം പൂശിയിരുന്ന ദേഹമിപ്പോള്‍ പൊടിമൂടിയിരിക്കുന്നു. ശരീരമേ! നീയിപ്പോള്‍ ശവമെന്നാണറിയപ്പെടുന്നത്. ഭയാനകമാണെനിക്ക് ഈ കാഴ്ച്ച. വന്യമൃഗങ്ങള്‍ക്കുപോലും ഭയം ജനിപ്പിക്കുന്നു ഈ ദൃശ്യം. എല്ലാ ഇന്ദ്രിയചോദനകളും ഒഴിഞ്ഞ് ആശയങ്ങളുടേയും ചിന്തകളുടേയും കെട്ടുപാടുകള്‍ തീണ്ടാതെ ഈ ശരീരം സര്‍വ്വതന്ത്രസ്വതന്ത്രമായിരിക്കുന്നു. മനസ്സെന്ന പിശാചില്‍ നിന്നു മുക്തമായി പ്രകൃതിദുരിതങ്ങള്‍പോലും ബാധിക്കാത്ത അവസ്ഥയിലാണത്. മനസ്സെന്ന കുരങ്ങന്റെ വികൃതികളെല്ലാം ഒഴിഞ്ഞ് ശരീരമെന്ന ഈ മരം വേരോടെ കടപുഴകിയിരിക്കുന്നു. ഇവിടെയീ ഘോരവിപിനത്തില്‍ ദു:ഖവിമുക്തമായ ഈ ശരീരം കാണാനിടയായത് എന്റെ സൗഭാഗ്യമത്രേ.
രാമന്‍ ചോദിച്ചു: മഹാത്മന്‍, ശുക്രന്‍ എണ്ണമറ്റ ജന്മങ്ങളിലൂടെ കടന്നുപോയി എന്നു പറഞ്ഞല്ലോ. പിന്നെയെന്താണ് ഭൃഗുപുത്രന്റെ രൂപത്തിലുള്ള ഈ ശരീരദര്‍ശനമാത്രയില്‍ അതിന്റെ നിയോഗങ്ങളെപ്പറ്റി വിലപിച്ചത്?
വസിഷ്ഠന്‍ പറഞ്ഞു: അതിനു കാരണം, മറ്റു ജന്മങ്ങളും ശരീരങ്ങളുമെല്ലാം ശുക്രന്റെ മനോവിഭ്രാന്തിമാത്രമായിരുന്നു. ഭൃഗുപുത്രനായ ശുക്രനുണ്ടായ വിഭ്രാന്തികള്‍. കഴിഞ്ഞയുഗാവസാനത്തില്‍ അനന്താവബോധത്തിന്റെ ഇച്ഛപ്രകാരം ജീവാത്മാവ് ഭക്ഷണരൂപത്തില്‍ ഭൃഗുമുനിയില്‍ പ്രവേശിച്ചതാണ് ശുക്രനെന്ന പുത്രനായി ജന്മമെടുത്തത്. ആ ജന്മത്തിലാണ് അദ്ദേഹം ബ്രാഹ്മണകുമാരനനുയോജ്യമായ യാഗകര്‍മ്മാദികള്‍ ചെയ്തത്. പിന്നെന്തുകൊണ്ടാണ് ഇപ്പോള്‍ വാസുദേവനായിരിക്കുന്ന ശുക്രന്‍ ആ ദേഹം കണ്ട് ദു:ഖിച്ചത്? “ഒരുവന്‍ ജ്ഞാനിയാണെങ്കിലും അജ്ഞാനിയാണെങ്കിലും ശരീരത്തിന്റെ ധര്‍മ്മം, പ്രകൃതിനിയമം, തെറ്റാതെ മുറപോലെ നടക്കും. ശരീരമെടുത്ത വ്യക്തിത്വം ലോകോചിതമായി, സക്തിയോടെയോ അനാസക്തിയോടെയോ ലോകത്തില്‍ വര്‍ത്തിക്കും.” രണ്ടും തമ്മിലുള്ള വ്യത്യാസം മനോനിലയെ ആശ്രയിച്ചിരിക്കുന്നു. ജ്ഞാനിക്ക് അനുഭവങ്ങള്‍ മുക്തിപ്രദായകമാണ്. അജ്ഞാനിക്കോ, അവ ബന്ധഹേതുവുമാണ്.
ശരീരമുണ്ടോ, വേദന വേദനാജനകവും, സുഖാനുഭവം സുഖദായകവുമാണ്. ജ്ഞാനിക്ക് രണ്ടിലും ആസക്തിയില്ല. ദു:ഖത്തില്‍ വിലപിച്ചും സുഖത്തില്‍ സന്തോഷിച്ചും ജ്ഞാനി ഒരജ്ഞാനിയേപ്പോലെ പെരുമാറിയാലും അയാളുടെ പ്രബോധാവസ്ഥയില്‍ മാറ്റമില്ല. ആരൊരാളുടെ ഇന്ദ്രിയങ്ങള്‍ സ്വതന്ത്രം, എന്നാല്‍ കര്‍മ്മേന്ദ്രിയങ്ങള്‍ നിയന്ത്രണാധീനം ആണെങ്കില്‍ അയാള്‍ മുക്തനത്രേ. എന്നാല്‍ ആരൊരാളുടെ ഇന്ദ്രിയങ്ങള്‍ നിയന്ത്രിതമെങ്കിലും കര്‍മ്മേന്ദ്രിയങ്ങള്‍ നിയന്ത്രണമില്ലാത്തതാണെങ്കില്‍ അയാള്‍ ബന്ധനത്തിലാണ്.
ജ്ഞാനിക്ക് സമൂഹത്തില്‍നിന്ന് ഒന്നും നേടുവാനില്ലെങ്കിലും അയാളുടെ പെരുമാറ്റം ഉചിതമായിരിക്കും. രാമ: നീ സ്വയം നിര്‍മ്മലമായ അനന്താവബോധമാണെന്ന അറിവിന്റെ നിറവില്‍ എല്ലാ ആസക്തികളും ഉപേക്ഷിക്കൂ. എന്നിട്ട് ചെയ്യേണ്ടതെല്ലാം ഭംഗിയായി ചെയ്തുതീര്‍ക്കൂ.