ശ്രീരാമന്റെ വിരഹതാപം
രാമനും പവര്‍തമൂര്‍ദ്ധനി ദുഃഖിച്ചു
ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ
താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാന്‍:
“പാപമയ്യോ! മമ! കാണ്‍ക! കുമാര! നീ
ജാനകീദേവി മരിച്ചിതോ കുത്രചില്‍
മാനസതാപേന ജീവിച്ചിരിക്കയോ?
നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ.
കശ്ചില്‍ പുരുഷനെന്നോടു സംപ്രിതനായ്
ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകില്‍
കേവലമെത്രയുമിഷ്ടനവന്‍ മമ.
എങ്ങാനുമുണ്ടിരിക്കുന്നതെന്നാകില്‍ ഞാ-
നിങ്ങു ബലാല്‍ കൊണ്ടുപോരുവന്‍ നിര്‍ണ്ണയം.
ജനാകീദേവിയെക്കട്ട കള്ളന്‍തന്നെ
മാനസകോപേന നഷ്ടമാക്കീടുവന്‍.
വംശവും കൂടെയൊടുക്കുന്നതുണ്ടൊരു
സംശയമേതുമിതിനില്ല നിര്‍ണ്ണയം.
എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന
നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ!
ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം
ചന്ദനുമാദിത്യനെപ്പോലെയായിതു.
ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു
മന്ദമന്ദം തലോടിത്തലോടിത്തദാ
വന്നാ തടവീടുകെന്നെയും സാദരം
നിന്നുടെ ഗോത്രജയല്ലോ ജനകജ.
സുഗ്രീവനും ദയാഹീനനത്രേ തുലോം
ദുഃഖിതനാമെന്നെയും മറന്നാനല്ലോ
നിഷ്കണ്ടകം രാജ്യമാശു ലഭിച്ചവന്‍
മൈക്കണ്ണിമാരോടുകൂടി ദിവാനിശം
മദ്യപാനാസക്തചിത്തനാം കാമുകന്‍
വ്യക്തം കൃതഘ്‌നനത്രേ സുമിത്രാത്മജ!
വന്നു ശരല്‍ക്കാലമെന്നതുകണ്ടവന്‍
വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ!
അന്വേഷണംചെയ്തു സീതാധിവാവു-
മിന്നേടമെന്നറിഞ്ഞീടുവാനായവന്‍.
പൂര്‍വ്വോപകാരിയാമെന്നെ മറക്കയാല്‍
പൂര്‍വ്വനവന്‍ കൃതഘ്‌നന്മാരില്‍ നിര്‍ണ്ണയം
ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന
ദുഷ്ടരില്‍ മുമ്പുണ്ടു സുഗ്രീവനോര്‍ക്ക നീ.
കിഷ്കിന്ധയോടും ബന്ധുക്കളോടും കൂടെ
മര്‍ക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവന്‍
അഗ്രജമാര്‍ഗ്ഗം ഗമിക്കേണമിന്നിനി-
സ്സുഗ്രീവനുമതിനില്ലൊരു സംശയം”.
ഇത്ഥമരുള്‍ചെയ്ത രാഘവനോടതി-
ക്രുദ്ധനായോരു സൗമിത്രി ചൊല്ലീടിനാന്‍:
“വദ്ധ്യനായോരു സുഗ്രീവനെസ്സത്വരം
ഹത്വാ വിടകൊള്‍വനദ്യ തവാന്തികം
ആജ്ഞാപയാശു മാ”മെന്നു പറഞ്ഞിതു
പ്രാജ്ഞനായോരു സുമിത്രാതനയനും
ആദായ ചാപതൂണീരഖഡ്ഗങ്ങളും
ക്രോധേന ഗന്തുമഭ്യുദ്യതം സോദരം
കണ്ടു രഘുപതി ചൊല്ലിനാന്‍ പിന്നെയു-
“മുണ്ടൊന്നു നിന്നോടിനിയും പറയുന്നു
ഹന്തവ്യനല്ല സുഗ്രീവന്‍ മമ സഖി
കിന്തു ഭയപ്പെടുതീടുകെന്നേ വരൂ.
‘ബാലിയെപ്പോലെ നിനക്കും വിരവോടു
കാലപുറത്തിന്നു പോകാമറിക നീ’
ഇത്ഥമവനോടു ചെന്നു ചൊന്നാലതി-
നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ
വേഗേന വന്നാലതിന്നനുരൂപമാ-
മാകൂതമോര്‍ത്തു കര്‍ത്തവ്യമനന്തരം”.