ജ്ഞാനേശ്വരി – ആമുഖം വായിക്കുക.
ശ്ലോകം 30
ദേഹീ നിത്യമവധ്യോയം
ദേഹേ സര്‍വ്വസ്യ ഭാരത!
തസ്മാത് സര്‍വ്വാണി ഭൂതാനി
ന ത്വം ശോചിതുമര്‍ഹസി
അര്‍ത്ഥം:
ഹേ ഭാരത! സര്‍വ്വജീവികളുടെയും ദേഹത്തില്‍ വസിക്കുന്ന ഈ ദേഹി (ആത്മാവ്) ഒരു കാലത്തും നശിപ്പിക്കപ്പെടാവുന്നതല്ല. അതുകൊണ്ട് ഒരു ജീവിയെക്കുറിച്ചും നീ ദുഃഖപരവശനാകാന്‍ പാടില്ല.
ഭാഷ്യം:
വിശ്വമൊട്ടാകെ വ്യാപിച്ചിരിക്കുന്നത് ഒരേയൊരു ജീവാത്മാവാണ്. അത് എല്ലാദേഹത്തിലും എല്ലായിടത്തും സ്ഥിതിചെയ്യുന്നു. അത് നാശത്തിന് അതീതമാണ്.അതിന്റെ ഇച്ഛാശക്തികൊണ്ട് എല്ലാം സഹജമായി സംഭവിക്കുന്നു. നീ പിന്നെയെന്തിനാണ് പ്രലപിക്കുന്നതെന്നു പറയൂ. ഇത്രയും പരമമായ സത്യം നിനക്കു ബോദ്ധ്യമാവാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഏത് തരത്തില്‍ നോക്കിയാലും നിന്റെ ദുഃഖം ലജ്ജാകരമാണ്.
ശ്ലോകം 31
സ്വധര്‍മ്മമപി ചാവേക്ഷ്യ
ന വികമ്പിതുമര്‍ഹസി
ധര്‍മ്മ്യാദ്ധി യുദ്ധാത് ശ്രേയോന്യത്
ക്ഷത്രിയസ്യ ന വിദ്യതേ.
അര്‍ത്ഥം:
ഇനിയും സ്വധര്‍മ്മത്തെ മുന്‍നിര്‍ത്തി നോക്കിയാലും നീ ശോകാതുരനാകാന്‍ പാടില്ല. എന്തുകൊണ്ടെന്നാല്‍ ക്ഷത്രിയന് യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊരു മാര്‍ഗ്ഗമില്ല.
ഭാഷ്യം:
ഇത്രയുമായിട്ടും നീ എന്തുകൊണ്ട് കാര്യങ്ങള്‍ അവധാനപൂര്‍വ്വം ചിന്തിക്കുന്നില്ല? നീ നിന്റെ ധര്‍മ്മത്തെക്കുറിച്ച് നിശ്ശേഷം മറന്നു പോയെന്നു തോന്നുന്നു. അത് മാത്രമേ നിന്നെ രക്ഷിക്കുകയുള്ളൂ. കൗരവര്‍ക്കോ നിനക്കോ ഇപ്പൊഴത്തെക്കാള്‍ കൂടുതലായി എന്തെങ്കിലും ദുരന്തം സംഭവിച്ചുവെന്നിരിക്കട്ടെ. അല്ലെങ്കില്‍ പെട്ടെന്ന് ലോകാവസാനമായെന്നുതന്നെ വരട്ടെ. എന്നിരുന്നാലും നിന്റെ ധാര്‍മികമായ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍നിന്ന് നീ ഒഴിഞ്ഞുമാറാന്‍ പാടില്ല. ഏറ്റവും പ്രാധാന്യമുള്ള ഈ സന്ദര്‍ഭത്തില്‍ നിന്റെ മനസ്സ് കാരുണ്യത്തിന് കീഴ്പ്പെടുത്തിയാല്‍ നീ രക്ഷപ്പെട്ടുവെന്ന് വിചാരിക്കുന്നുണ്ടോ? അര്‍ജ്ജുനാ, ഈ യുദ്ധസമയത്ത് നിന്റെ ഹൃദയം ദയകൊണ്ട് ആര്‍ദ്രമാകുന്നത് അസ്ഥാനത്തിലാണ്.
പശുവിന്റെ പാല്‍ നല്ലൊരു ആഹാരസാധനമാണ്. എന്നാല്‍ ശ്വാസകോശരോഗം ബാധിച്ച ഒരാള്‍ക്ക് അത് നല്‍കിയാല്‍ വിഷത്തിന്റെ ദോഷഫലമാണ് ഉണ്ടാകുന്നത്. അങ്ങനെ തെറ്റായ നടപടി തെറ്റായ സന്ദര്‍ഭത്തില്‍ എടുത്താല്‍ അത് ഒരുവനെ നാശത്തിലേക്ക് നയിക്കും. യാതൊരു കാരണവുമില്ലാതെ നീ എന്തിനാണ് ആകുലപ്പെടുന്നത്?
നീ നിന്റെ ക്ഷത്രിയധര്‍മ്മത്തെ ആചരിച്ചാല്‍ നിന്നെ ആരും കുറ്റപ്പെടുത്തുകയില്ല. നേരെയുള്ള വഴിയില്‍കൂടി നടന്നാല്‍ അപകടം സംഭവിക്കുകയില്ല. വെളിച്ചമുള്ളിടത്ത് നടന്നാല്‍ കുഴിയില്‍ വീഴുകയില്ല. അതുപോലെ, ഒരുവന്‍ തന്റെ സ്വധര്‍മ്മത്തെ പാലിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും അനായാസേന നിറവേറും. അതുകൊണ്ട് ഞാന്‍ പറയുന്നു; ക്ഷത്രിയനായ നിന്റെ ശത്രുക്കളെ നിഷ്ക്കരുണം നേരിടണം. ഇതില്‍ കൂടുതല്‍ ഞാന്‍ പറയേണ്ടതുണ്ടോ? ഇതു സ്വയം അറിയത്തക്കതല്ലേ?
ശ്ലോകം 32
യദൃഛയാ ചോപപന്നം
സ്വര്‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ത്ഥ,
ലഭന്തേ യുദ്ധമീദൃശം.
അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ള യുദ്ധം ദൈവഗത്യാ വന്നു ചേര്‍ന്നതാണ്. ഇത് സ്വര്‍ഗ്ഗത്തിലേക്ക് തുറന്നുവെച്ചിരിക്കുന്ന വാതിലാണ്. ഇത് അനുഗ്രഹീതരായ ക്ഷത്രിയന്മാര്‍ക്കേ ലഭിക്കൂ.
ഭാഷ്യം:
അര്‍ജ്ജുനാ, ഈ യുദ്ധം നിന്റെ ഭാഗ്യംകൊണ്ട് വന്നുചേര്‍ന്നതാണ്. ധര്‍മ്മാനുസാരിയായ കൃത്യാകൃത്യങ്ങളുടെ ഒരു കലവറ നിന്റെ മുന്നില്‍ തുറന്നു കിട്ടിയിരിക്കുകയാണ്. ഇതിനെ യുദ്ധമെന്ന് എന്തിനു വിളിക്കുന്നു? നിന്റെ പൗരുഷത്തിന്റെ പ്രഭാവംകൊണ്ട് സ്വര്‍ഗ്ഗം അതിന്റെ വാതില്‍ തുറന്ന് യുദ്ധരൂപേണ നിന്റെ മുന്നില്‍ അവതരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ നിന്റെ ഖ്യാതിയെപ്പറ്റിയും പ്രഭാവത്തെപ്പറ്റിയും ലോകം പ്രശംസിക്കുന്നതുകേട്ട് യശസ്സ് അദമ്യമായ അനുരാഗാവേശത്തോടെ നിന്നെ പതിയായി സ്വീകരിക്കാന്‍ വന്നിരിക്കുകയാണ്. ഒരു വഴിയാത്രക്കാരന് ഭാഗ്യവശാല്‍ വിലപിടിപ്പുള്ള ഒരു രത്നം വഴിയില്‍നിന്ന് കിട്ടുന്നതുപോലെയോ, കോട്ടുവായിടാന്‍ വായ് തുറന്നപ്പോള്‍ അമൃതബിന്ദുക്കള്‍ വായില്‍ വീഴാന്‍ ഇടയാകുന്നതുപോലെയോ ഈ യുദ്ധം നിനക്കു ലഭിച്ചിരിക്കുന്ന ഒരു അസുലഭസന്ദര്‍ഭമാണ്.
ശ്ലോകം 33
അഥ ചേത് ത്വമിമം ധര്‍മ്മ്യം
സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍ത്തിം ച
ഹിത്വാ പാപമവാപ്സ്യസി.
അര്‍ത്ഥം:
ധര്‍മ്മാധിഷ്ടിതമായഈ യുദ്ധം നീ ചെയ്യുന്നില്ലെങ്കില്‍ അതിന്റെ ഫലമായി നിനക്കു സ്വധര്‍മ്മവും കീര്‍ത്തിയും വെടിഞ്ഞ് പാപം തന്നെ സമ്പാതിക്കേണ്ടിവരും.
ഭാഷ്യം:
ബുദ്ധിചാപല്യംകൊണ്ട് ശോകനിമഗ്നനായി ഈ യുദ്ധത്തെ ഉപേക്ഷിച്ചാല്‍ നീ തന്നെ നിനക്കു നാശത്തെ വിളിച്ചുവരുത്തും.ഈ യുദ്ധത്തില്‍ നീ ആയുധം ഉപേക്ഷിച്ചാല്‍ നിന്റെ പിതാമഹന്മാര്‍ നേടിയിട്ടുള്ള സത്കീര്‍ത്തിയില്‍ നീ കളങ്കം ചാര്‍ത്തുകയും നിനക്ക് ഇപ്പോഴുള്ള യശസ്സ് നീ നഷ്ടപ്പെടുത്തുകയും ലോകാപവാദത്തിനു പാത്രീഭൂതനാവുകയും ചെയ്യും. അപ്പോള്‍ മാനിശുകങ്ങലായ എല്ലാ ദൌര്‍ബല്യങ്ങളും നിന്നെ പൊതിയും. ഭര്‍ത്തൃപരിത്യക്തയായ ഒരു സ്ത്രീയെ എല്ലാവരും നിണ്ടിക്കുന്നതുപോലെ നീയും എല്ലാവരുടെയും പരിഹാസപാത്രമാകും. ധാര്‍മ്മികമായ ചുമതലകളില്‍നിന്ന് നീ ഒഴിഞ്ഞുമാറിയാല്‍, യുദ്ധഭൂമിയില്‍ കിടക്കുന്ന ശവശരീരത്തെ നാലുഭാഗത്തുനിന്നും കഴുകന്മാര്‍ കൊത്തിവിഴുങ്ങുന്നതുപോലെ, മഹാപാതകങ്ങള്‍ നിന്നെ വാരിവിഴുങ്ങിക്കളയും.
ശ്ലോകം 34
അകീര്‍ത്തിം ചാപി ഭൂതാനി
കഥയിഷ്യന്തി തേവ്യയാം
സംഭാവിതസ്യ ചാകീര്‍ത്തിഃ
മരണാദതിരിച്യതേ.
അര്‍ത്ഥം:
എന്നുതന്നെയുമല്ല, സകല ജീവികളും നിന്നെപ്പറ്റി ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞുപരത്താനിടവരും. ഒരിക്കല്‍ ബഹുമാന്യനായി കരുതപ്പെട്ടിരുന്ന ഒരാള്‍ക്ക് ദുഷ്കീര്ര്‍ത്തി മരണത്തെക്കാള്‍ കഷ്ടതരമാണ്.
ഭാഷ്യം:
അതുകൊണ്ട്, നിന്റെ കര്‍ത്തവ്യത്തെ നീ പാടെ ഉപേക്ഷിച്ചാല്‍ അത് പാപകരമായ പ്രവൃത്തിയായിരിക്കും. ഇതില്‍ നിന്നുണ്ടാകുന്ന മാനഹാനി കല്പാന്തംവരെ മായാതെ നില്ക്കും. വിവേകിയായ ഒരാള്‍ കീര്‍ത്തി നിലനില്‍കുന്നതുവരെ മാത്രമേ ജീവിക്കാവൂ. അങ്ങനെയാണെങ്കില്‍ നീ എങ്ങനെ ഈ യുദ്ധത്തില്‍നിന്ന് പിന്മാറുമെന്ന് പറയൂ. അശേഷം വൈരമില്ലാതെ അനുകമ്പനിറഞ്ഞ ഹൃദയത്തോടെ നിശ്ചയമായും നീ ഇവിടെനിന്നു പോയെന്നുവരാം. എന്നാല്‍ കൌരവര്‍ അത് ഒരിക്കലും വിശ്വസിക്കുകയില്ല. അവര്‍ നിന്റെ ചുറ്റുപാടും നിന്ന് നിന്റെമേല്‍ ബാണങ്ങള്‍ വര്‍ഷിക്കും. അപ്പോള്‍ നിന്റെ കരുണാപൂരിതമായ ഹൃദയം നിന്റെ രക്ഷയ്ക്ക് എത്തുകയില്ല. എങ്ങനെയെങ്കിലും നീ അവിടെനിന്നു ജീവനുംകൊണ്ട് രക്ഷപ്പെട്ടുവെന്നുതന്നെ വെയ്ക്കുക. എന്നാലും പിന്നീടുള്ള നിന്റെ ജീവിതം, അല്ലയോ പാര്‍ത്ഥ!, മരണത്തെക്കാള്‍ കഷ്ടതരമാണ്.
ശ്ലോകം 35
ഭയാദ്‍രണാദുപരതം
മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ
ഭൂത്വാ യാസ്യസി ലാഘവം.
അര്‍ത്ഥം:
നീ ഭയം നിമിത്തം യുദ്ധത്തില്‍നിന്ന് പിന്‍വലിഞ്ഞതാണെന്ന് മഹാരഥന്മാര്‍ വിചാരിക്കും. ആര്‍ക്കൊക്കെ നീ ബഹുമാന്യനായിരുന്നുവോ അവര്‍ക്കൊക്കെ നീ നിസ്സാരനായിത്തീരും.
ഭാഷ്യം:
നീ മറ്റൊരു കാര്യം പരിഗണിച്ചിട്ടില്ല. യുദ്ധം ചെയ്യാനുള്ള ആവേശത്തോടെയാണ് നീ ഇവിടെ വന്നത്. എന്നിട്ടിപ്പോള്‍ യുദ്ധക്കളത്തില്‍നിന്ന് കാരുണ്യംകാട്ടി നീ മടങ്ങിപ്പോയാല്‍ ദുഷ്ചരിതരായ നിന്റെ ശത്രുക്കള്‍ നിന്റെ ഉദ്ദേശശുദ്ധിയെ അഭിനന്ദിക്കുമെന്ന് നീ കരുതുന്നുണ്ടോ?
ശ്ലോകം 36
അവാച്യവാദാംശ്ച ബഹൂന്‍
വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമര്‍ത്ഥ്യം
തതോ ദുഃഖതരം നു കിം?
അര്‍ത്ഥം:
നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ത്ഥ്യത്തെ പുച്ഛിച്ചുതള്ളിക്കൊണ്ട് പറയാന്‍ പാടില്ലാത്ത പല വാക്കുകളും പറയും. അതിനേക്കാള്‍ ദുഃഖകരമായിട്ടുള്ളത് എന്താണ്?
ഭാഷ്യം:
അവര്‍ ഉദ്ഘോഷിക്കും: “അര്‍ജ്ജുനന്‍ ഭയപ്പെട്ടു ഓടിപ്പോയി” എന്ന്. ഇപ്രകാരം ഒരപവാദം ഉണ്ടാകുന്നത് നിന്റെ പേരിനും പെരുമയ്ക്കും യോജിച്ചതാണോ? വളരെയേറെ പ്രയത്നിച്ചു ജീവന്‍പോലും അടിയറവെച്ചാണ് ആളുകള്‍ കീര്‍ത്തി സമ്പാദിക്കുന്നത്. എന്നാല്‍ നീയാകട്ടെ, കാര്യമായ പ്രയത്നമില്ലാതെ അനായാസേനയാണ് അന്യൂനവും ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്നതുമായ ഖ്യാതി നേടുന്നത്. മൂന്നുലോകങ്ങളും വൈശിഷ്ട്യമാര്‍ന്ന നിന്റെ പ്രഭാവത്തെ ഗുണാന്വിതമാണെന്ന് ഗണിക്കുന്നു.
വിവിധ രാജ്യങ്ങളിലെ രാജാക്കന്മാര്‍ നിന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചു പാടുന്നു. അതുകേട്ട് മൃത്യുദേവന്‍പോലും അമ്പരക്കുന്നു. ഗംഗാജലംപോലെ അവികലവും പരിശുദ്ധവുമായ നിന്റെ പ്രകീര്‍ത്തി ലോകത്തുള്ള ധൈര്യശാലികള്‍ക്ക് പ്രചോദനം പകരുന്നു. അസാധാരണമായ നിന്റെ വീരപരാക്രമങ്ങള്‍ കേട്ടു മരണത്തില്‍നിന്നു രക്ഷപ്പെടുമെന്നുള്ള ആശ കൗരവര്‍ക്കു നശിച്ചിരിക്കുന്നു. സിംഹഗര്‍ജ്ജനം കേള്‍ക്കുമ്പോള്‍ ആനകള്‍ക്ക് മരണഭീതുയുണ്ടാകുന്നതുപോലെ നീ കൗരവരുടെ മനസ്സില്‍ മൃത്യുഭയം ജനിപ്പിച്ചിരിക്കുന്നു. മേഘനാദംകേട്ട് മലകള്‍ വിറയ്ക്കുന്നതുപോലെ, പരുന്ത് പന്നഗങ്ങള്‍ക്ക് ഭീഷണിയാകുന്നതുപോലെ, കൗരവര്‍ നിന്നെ ഭയപ്പെടുന്നു. നീ യുദ്ധം ചെയ്യാതിരുന്നാല്‍ അവരുടെ മുന്നില്‍ നിസ്സാരനാകും.
നിന്നെ രക്ഷപ്പെടാന്‍ അവര്‍ അനുവദിക്കുമെന്നു കരുതേണ്ട. അവര്‍ നിന്നെ തടവുകാരനാക്കി എല്ലാവിധത്തിലും അപമാനിക്കും. നിന്റെ ഹൃദയം പിളര്‍ക്കത്തക്കവണ്ണം നിന്റെ മുഖത്തുനോക്കി അസഭ്യവര്‍ഷം ചൊരിയും. അതിന് ഇടയാക്കാതെ ധൈര്യമായി അവരെ നേരിട്ട് ഈ ലോകം നേടി ആനന്ദിക്കുകയല്ലേ വേണ്ടത്?
ശ്ലോകം 37
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ
യുദ്ധായ കൃതനിശ്ചയഃ
അര്‍ത്ഥം:
അല്ലയോ കുന്തീപുത്ര! നീ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കും. ജയിക്കുകയാണെങ്കിലോ രാജ്യത്തെ അനുഭവിക്കും. അതുകൊണ്ട് രണ്ടായാലും യുദ്ധം ചെയ്യാനുറച്ചുകൊണ്ട് എഴുന്നേല്‍ക്കുക.
ഭാഷ്യം:
യുദ്ധം ചെയ്യുമ്പോള്‍ നീ മരണപ്പെട്ടാല്‍ അനായാസേന നിനക്ക് അമരത്വം ലഭിക്കും. അതുകൊണ്ട് ഇതേപ്പറ്റി കൂടുതലായൊന്നും ആലോചിക്കേണ്ട. എഴുന്നേല്‍ക്കുക. വില്ല് കയ്യിലെടുത്തു ധീരമായി യുദ്ധം ചെയ്യുക. കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നവന്റെ എല്ലാ പാപങ്ങളും അറ്റുപോകുന്നു. പിന്നെ എങ്ങനെയാണ് നിന്റെ മനസ്സില്‍ പാപഭയം കയറിക്കൂടിയത്? വള്ളത്തില്‍ കയറി നദികടക്കുന്നവന്‍ എങ്ങനെയാണ് മുങ്ങിച്ചാകുന്നതെന്ന് പറയൂ. വിഷം കലര്‍ന്ന അമൃത് കുടിക്കുന്നവന്‍ നിശ്ചയമായും മരിക്കും. അതുപോലെ, ലാഭേച്ഛയോടുകൂടി കര്‍മ്മം ചെയ്‌താല്‍ പാപം ചെയ്യുന്നതിന് ഇടയാകും. അതുകൊണ്ട് അല്ലയോ പാര്‍ത്ഥ! ഒരു കര്‍ത്തവ്യമെന്ന നിലയില്‍ മാത്രം നിസ്വാര്‍ത്ഥമായും ധീരമായും യുദ്ധം ചെയ്‌താല്‍ അത് പാപകരമല്ല.
ശ്ലോകം 38
സുഖദുഃഖേ സമേ കൃത്വാ
ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ
നൈവം പാപമവാപ്സ്യസി.
അര്‍ത്ഥം:
സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും ജയാപജയങ്ങളെയും തുല്യനിലയില്‍ കണ്ടുകൊണ്ട്, ആ മനോഭാവം നിലനിര്‍ത്തി, നീ യുദ്ധത്തിനായി ഒരുങ്ങുക. എങ്കില്‍ നീ പാപഫലത്തെ അനുഭവിക്കുകയില്ല.
ഭാഷ്യം:
സൗഭാഗ്യം വരുമ്പോള്‍ ആഹ്ലാദിക്കുകയോ ദുരന്തത്തില്‍ ദുഖിക്കുകയോ ചെയ്യരുത്. പരിണതഫലത്തിന്റെ ലാഭനഷ്ടങ്ങള്‍ മനസ്സില്‍ കണക്കുകൂട്ടരുത്. വിജയമാണോ മരണമാണോ ഉണ്ടാകാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി ആലോചിക്കരുത്. കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ എന്തുതന്നെ സംഭവിച്ചാലും അത് ക്ഷമയോടെ സഹിക്കണം. ഈവിധം ചിന്തിക്കുന്നതിനുള്ള മനോധൈര്യം ഉണ്ടായാല്‍ പാപഫലം ഉണ്ടാവുകയില്ല. അതുകൊണ്ട് യാതൊരു ചിന്താകുലതയും ഉത്കണ്ഠയും കൂടാതെ യുദ്ധം ചെയ്യാന്‍ തയാറാവുക.